ആഡംബരക്കപ്പലില്‍ മുംബൈയിലേക്ക് ഒരു യാത്ര (ഭാഗം-1)
പി കെ സുരേഷിന്റെ യാത്രാ വിവരണം
ആഡംബര കപ്പലിലെ യാത്ര അത്യാഡബംരമാകില്ലേയെന്ന സുഹൃത്തിന്റെ സന്ദേഹത്തിന് അപ്പോള്‍ ഞാന്‍ മറുപടി കൊടുത്തില്ല. കഴിഞ്ഞ ആഗസ്റ്റ് മാസത്തിലേ ആലോചന തുടങ്ങി, പിറ്റെ മാസം യാത്രക്ക് മുന്‍കൂര്‍ പണം കൊടുത്തു സീറ്റുകള്‍ ഉറപ്പ് വരുത്തി. മെയ് നാലാം തീയ്യതി പുറപ്പെട്ട് ഏഴാം തീയ്യതി ബോംബെയില്‍ എത്തുന്ന പോലെയാണ് യാത്ര ഏര്‍പ്പാട് ചെയ്തിരിക്കുന്നത്.
നാലാം തീയ്യതി സമാഗതമായി. ഞാന്‍ മാത്രമല്ല എന്റെ കൂടെയുള്ള ശശി, ഹനീഷ്, സുനില്‍ പിന്നെ ഞങ്ങളുടെ വാമഭാഗങ്ങള്‍ എല്ലാവരും രാവിലെ തന്നെ എഴുന്നേറ്റ വിവരം പരസ്പരം വിളിച്ചറിയച്ചപ്പോഴാണ് യാത്രയുടെ ആഹ്‌ളാദവും ആവേശവും എനിക്ക് മാത്രമല്ലായെന്ന് തിരിച്ചറിഞ്ഞത്. ഭാരിച്ച ഔദ്യോഗിക ഉത്തരവാദിത്വങ്ങളുള്ള സുനിലും നേരത്തെ തന്നെ തയ്യാറായി. നേരത്തെ എത്തിയാല്‍ തിരക്കില്ലാതെ അകത്ത് പ്രവേശിക്കാമെന്ന ടൂര്‍ ഏജന്റിന്റെ ഉപദേശപ്രകാരം ഞങ്ങള്‍ 11 മണിയോടെയെത്തിയങ്കിലും ഇരുന്നൂറില്‍ പരം ആള്‍ക്കാര്‍ ഞങ്ങള്‍ക്ക് മുമ്പേയെത്തിയതില്‍ കൂട്ടത്തില്‍ ഉള്ള ഒരാള്‍ക്ക് ഈര്‍ഷ്യ പ്രകടിപ്പിച്ചപ്പോള്‍ കാര്യമൊന്നുമില്ലെങ്കിലും ഞങ്ങളും ഐക്യദാര്‍ഡ്യും പ്രകടിപ്പിച്ചു. ഏകദേശം 1300 ഓളം യാത്രക്കാരുണ്ടെന്നാണ് കപ്പലിന്റെ ക്രൂ പറഞ്ഞത്. രജിസ്റ്റേഷന്‍ നടപടികള്‍ കഴിഞ്ഞ് ഇമിഗ്രേഷനിലേക്ക് കടന്നപ്പോള്‍ കപ്പലിന്റെ ഭീമാകരതയുടെ ഒരു ചെറിയ ധാരണയുണ്ടായി. ഇമിഗ്രേഷന്‍ നടപടികളും കഴിഞ്ഞ് വാര്‍ഫിലേക്ക് പ്രവേശിച്ചപ്പോള്‍ നമ്മുടെ മുന്നില്‍ തന്റെ വലുപ്പം മുഴുവനും പ്രദര്‍ശിച്ച് ആഡംബര കപ്പല്‍, ഒറ്റനോട്ടത്തില്‍ മുഴുവന്‍ ദൃശ്യവും മനസ്സിലൊപ്പിയെടുക്കാന്‍ കഴിയാത്തതിനാല്‍ നമ്മുടെ മിഴികള്‍ ഒരറ്റത്ത് നിന്ന് കപ്പലിന്റെ മറ്റേ അറ്റത്തേക്ക് ചലിപ്പിച്ചാണ് കപ്പല്‍ മുഴുവന്‍ കണ്ടത്.
അവിടെ നിന്ന് എല്ലാവരുടേയും ഫോട്ടോകള്‍ എടുത്തതിന് ശേഷം ഉള്ളിലേക്ക് പ്രവേശിച്ചു. വിശാലമായ ഇടനാഴികള്‍, പുതിയതെന്ന് തോന്നിപ്പിക്കുന്ന പരവതാനികള്‍. ഞങ്ങള്‍ക്ക് കിട്ടിയ മുറികള്‍ ഒമ്പതാം ഡെക്കിലായിരുന്നു. മുകളിലേക്ക് പോകുവാന്‍ ലിഫ്റ്റ് സൗകര്യവുമുണ്ട്. എല്ലാവരും അവരവരുടെ മുകളില്‍ ചെന്ന് തങ്ങളുടെ പെട്ടികള്‍ വെച്ച് ഉച്ചഭക്ഷണത്തിനായി പോയി. മൂന്ന് നിലകളിലായാണ് ഭക്ഷണശാലകള്‍ ഒരുക്കിയിരിക്കുന്നത്. രണ്ടായിരത്തോളം യാത്രക്കാരെ പേറാന്‍ കഴിവുള്ള ഈ നൗകക്ക് മൂന്ന് നിലയിലായുള്ള ഭക്ഷണശാലകള്‍ മതിയാകുമോ ?
ഭക്ഷണം ഒന്നാം തരമെന്ന് തന്നെ വിശേഷിപ്പിക്കാം. മാത്രവുമല്ല ശശി പറഞ്ഞു, ഭക്ഷണത്തില്‍ അമിതമായി എണ്ണ ഉപയോഗിച്ചിട്ടില്ല. മുപ്പത് വര്‍ഷത്തിലധികം ടാജ് ഹോട്ടലില്‍ ജോലി ചെയ്ത അനുഭവം കണക്കാക്കി ഹോട്ടല്‍ താമസം, ഹോട്ടല്‍ ഭക്ഷണം തുടങ്ങിയതിനെ കുറിച്ചുള്ള ശശിയുടെ അഭിപ്രായത്തെ ഞങ്ങളാരും എതിര്‍ത്തു പറയാറില്ല. ഭക്ഷണം കഴിഞ്ഞ് കപ്പലില്‍ ചുറ്റി തിരിഞ്ഞ് രണ്ടരയോടെ അല്പം വിശ്രമിക്കാന്‍ പിരിഞ്ഞു.
എല്ലാവരുടേയും ഉച്ചമയക്കം കഴിഞ്ഞ് 5 മണിയോടെ ഡക്കിലെത്തി. 5.30 ന് കപ്പലിന്റെ സൈറന്‍ മുഴങ്ങി, പുറപ്പെടാറായെന്ന് അറിയിച്ചു. ഞാന്‍ വേഗം കടലിനഭിമുഖമായി നിലയുറപ്പിച്ചു. എന്നാല്‍ സരിത വന്ന് എതിര്‍വശത്ത് നില്‍ക്കാമെന്ന് പറഞ്ഞു. തീരം അകലുന്നത് കാണാമെന്ന് പറഞ്ഞപ്പോള്‍ ഞങ്ങളെല്ലാവരും അപ്പുറത്ത് പോയി നിന്നു. നമ്മുടെ കപ്പലിന്റെ നൂറിലൊരംശം പോലുമുണ്ടോയെന്ന് സംശയിക്കാവുന്ന ഒരു ടഗ് വന്ന് ഈ ഭീമാകരനെ വലിച്ച് എതിര്‍ വശത്തേക്ക് നയിച്ചു. കപ്പലിനെ പോകാനുള്ള ദിശയിലേക്ക് തിരിച്ച് ടഗ് പോയി. കപ്പലിന്റെ ഏറ്റവും മുമ്പിലുള്ള ഡക്കില്‍ നില്‍ക്കുന്നത് കൊണ്ട് CORDELIA എന്നെഴുതിയ കൊടി ( ചെങ്കൊടിയെന്നാണ് ശീലം കൊണ്ടെഴുതിയത്, പിന്നീട് വെട്ടി) പാറി പറക്കുന്നത് കാണാമായിരുന്നു.
ഉജ്വലമായി ജ്വലിച്ചു നിക്കുന്ന അസ്തമയ സൂര്യനെ സാക്ഷിയാക്കി കപ്പല്‍ പതുക്കെ നീങ്ങി തുടങ്ങി. തീരം പതുക്കെ അകന്ന് തുടങ്ങി. കപ്പല്‍ ഉള്‍ക്കടലിലേക്ക് പ്രവേശിച്ചപ്പോള്‍ പിന്നെ ദൃഷ്ടിഗോചരത്തിന്‍ സാഗരമല്ലാതെ ഒന്നുമില്ല. എതിരെ വരുന്ന കാറ്റിന് ശക്തി കൂടി വന്നു തുടങ്ങി. എങ്കിലും അസ്തമയ സൂര്യന്‍ തന്റെ പ്രോജ്വേലതയോടെ ഞങ്ങള്‍ക്ക് വഴികാട്ടിയായി. സത്യത്തില്‍ ഞങ്ങള്‍ അസ്തമയത്തിന് നേരെ യാത്ര ചെയ്യുന്നത് പോലെയുള്ള ഒരനുഭവമാണ് തോന്നിയത്. ഒരനര്‍വചീനീയ അനുഭൂതിയാണ് എനിക്ക് തോന്നിയത്. ചുറ്റുമുള്ള ആളുകള്‍ ഉറക്കെ സംസാരിക്കുന്നുണ്ടെങ്കിലും അത് ഏതോ വിദൂരത്തെന്നപോലെ, പലരും ഫോണില്‍ ഫോട്ടോ / വിഡിയോയെടക്കുന്നു. ഇതൊന്നും എന്നെ ബാധിക്കുന്നില്ല. ഞനെന്റെ ദൃഷ്ടികള്‍ അസ്തമയ സൂര്യനില്‍ മാത്രം കേന്ദ്രീകരിച്ചു, വേറെ ഏതോ ലോകത്തെത്തിയത് പോലെ മനസ്സ് പ്രശാന്തമായി നില്‍ക്കുകയാണ്. മനസ്സില്‍ ഒരു തേങ്ങലുയര്‍ന്നു, ആനന്ദത്തിന്റെ, ആഹ്‌ളാദത്തിന്റെ. ആ നിമിഷം ശശി എന്റെ തോളില്‍ കൈയമര്‍ത്തി, ജീവിതത്തില്‍ വിഹ്വലതകളൊന്നും ഉണ്ടാവില്ലെന്ന് ഉറപ്പാക്കുന്നത് പോലെ.
അല്ലം കഴിഞ്ഞ് ഞാന്‍ സരിതയെ നോക്കി. അസ്തമയ സൂര്യന്റെ ശോണിമ സരിതയുടെ ഇടത് കവിളില്‍ പതിക്കുന്നുണ്ടായിരുന്നു. ഞാന്‍ നോക്കുന്നതറിഞ്ഞ് സരിത എന്നെ നോക്കി, പുഞ്ചിരിച്ചു. ആ പുഞ്ചിരി ഏറെ ഹൃദ്യമായി തോന്നി. കാണെ കാണെ സൂര്യന്‍ മങ്ങി തുടങ്ങി. സാധാരണ സൂര്യന്‍ ചക്രവാളത്തില്‍ താണുവെന്നാണ് കേട്ടിട്ടുള്ളത്, എന്നാല്‍ യഥാര്‍ത്ഥത്തില്‍ മങ്ങി മങ്ങി ഇല്ലാതാവുകയാണ്. ചുറ്റും ഇരുട്ട് പരന്നു. നമുക്ക് ഇനി പിരിയാമെന്ന് ശശി പറഞ്ഞു. തിരികെ മുറികളിലേക്ക് പോയി ദേഹശുദ്ധി വരുത്തി അത്താഴം കഴിച്ച് ഉറക്കത്തിലേക്കാണ്ടു.
അഭിപ്രായങ്ങളൊന്നുമില്ല