Headlines

പേരറിവാളന്‍ സാക്ഷി; ഇന്ത്യയില്‍ നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരല്ല


ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ


ഇന്ത്യന്‍ ഭരണഘടന ഇന്നാട്ടിലെ ഓരോ വ്യക്തിക്കും – കൊച്ചു കുട്ടി മുതല്‍ മുതിര്‍ന്നവര്‍ക്കു വരെ – നല്‍കുന്നതാണ് തുല്യ നീതിയും തുല്യതയും സ്വാതന്ത്ര്യവും സാഹോദര്യവും. We, The People of India എന്നു തുടങ്ങുന്ന ഇന്ത്യയുടെ ഭരണഘടനയില്‍ സാമൂഹികമോ സാമ്പത്തികമോ രാഷ്ട്രീയമോ ആയ യാതൊരു പരിഗണനയുമില്ലാതെ ഓരോ ഇന്ത്യന്‍ പൗരനും തുല്യനീതി പ്രധാനം ചെയ്യുന്നു. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14 പ്രകാരം നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണ്. ഇതിനോടനുബന്ധമായി പറയുന്ന കാര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്. ഒരുവന്റെ മതമോ ജാതിയോ വര്‍ഗ്ഗമോ ലിംഗമോ ജനിച്ച സ്ഥലമോ പരിഗണിക്കാതെ ഇന്ത്യയിലെ എല്ലാ മനുഷ്യര്‍ക്കും തുല്യനീതിയും തുല്യനിയമവും ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം നല്‍കുന്നു.

ഇന്ത്യന്‍ ഭരണഘടനയെ വിശുദ്ധ ഗ്രന്ഥം പോലെ ഓരോ ഇന്ത്യക്കാരും പഠിക്കുകയും പാലിക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്യേണ്ടതാണ്. പക്ഷേ, അധികാരവും ഹുങ്കും മതാധിപത്യവും ബാധിച്ച ഇന്ത്യക്കാര്‍ക്ക് സ്വന്തം ഭരണഘടനയും നിയമങ്ങളും പണം കൊടുത്തു വാങ്ങാവുന്ന ഒന്നു മാത്രമാണ്.

നേരായ രീതിയില്‍ ഒരന്വേഷണം നടത്തിയിരുന്നെങ്കില്‍ കേസില്‍ പെടുക പോലും ചെയ്യാതെ രക്ഷപ്പെട്ടു പോകുമായിരുന്ന പേരറിവാളനെന്ന 19 കാരനെ 31 വര്‍ഷം തടവറയില്‍ പാര്‍പ്പിച്ച് ആ മനുഷ്യന്റെ യൗവ്വനവും ഭാവിയും തുലച്ച് രോഗിയായി തിരിച്ചയച്ചതും ഇതേനീതി നിയമങ്ങള്‍ തന്നെ.


നമുക്കു പരിചയമുള്ള ഏതെങ്കിലുമൊരു മനുഷ്യന്‍ എന്തെങ്കിലും സാധനം വാങ്ങി വരുമോ എന്നു ചോദിച്ചാല്‍ ചെയ്തു കൊടുക്കുന്നവരാണ് നമ്മില്‍ പലരും. അതൊരു പരസ്പര സഹായമാണ്. എന്തിനാണ് ഇതെന്ന ചോദ്യം പോലുമില്ലാതെ ആ സഹായം ചെയ്തു കൊടുക്കുകയും ചെയ്യും. അങ്ങനെ ചെയ്തൊരു സഹായമാണ് പേരറിവാളനെ 31 വര്‍ഷം ജയിലിലടച്ചത്. ജയില്‍ മോചിതനായിട്ടും കോണ്‍ഗ്രസിന്റെ വൈരമിപ്പോഴും തീരുന്നില്ല. തീവ്രവാദിയെന്നു മുദ്രകുത്തി, നേരായ രീതിയില്‍ അന്വേഷണം പോലും നടത്താതെ ആ മനുഷ്യന്റെ ഭാവി തന്നെ എരിച്ചു കളയുകയായിരുന്നു ഇന്ത്യയിലെ നിയമം.

രാജീവ് ഗാന്ധിയെ വധിക്കാനായി ഉപയോഗിച്ച ബെല്‍റ്റ് ബോംബിന്റെ നിര്‍മ്മാണത്തിനായി 9 വാട്ടിന്റെ രണ്ടു ബാറ്ററികള്‍ വാങ്ങി നല്‍കി എന്നതായിരുന്നു പേരറിവാളന്റെ പേരിലുള്ള കുറ്റം. കേസിലെ മുഖ്യ ആസൂത്രകനായ ശിവരശന് ബോംബു നിര്‍മ്മിക്കാനായി ബാറ്ററികള്‍ നല്‍കിയെന്നാണ് സി ബി ഐ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയത്. തടവറയില്‍ നീതിക്കു വേണ്ടി പേരറിവാളനും പുറത്ത് അമ്മ അര്‍പ്പുതമ്മാളും നീതിക്കു വേണ്ടി പോരാടി. ഒടുവില്‍ നീണ്ട 31 വര്‍ഷത്തെ പോരാട്ടത്തിനും യാതനകള്‍ക്കുമൊടുവിലാണ് പേരറിവാളന്‍ സ്വതന്ത്ര വായു ശ്വസിക്കുന്നത്.

ബാറ്ററി വാങ്ങി നല്‍കിയത് താനാണെന്നും പക്ഷേ, അത് എന്തിനാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ പേരറിവാളന്‍ വ്യക്തമാക്കിയിരുന്നു. പക്ഷേ, കേസന്വേഷിച്ച സി ബി ഐ പോലും ഇക്കാര്യം വ്യക്തമാക്കിയില്ല. ഒടുവില്‍, 2017 ലാണ് ത്യാഗരാജന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. പേരറിവാളന്‍ ശിക്ഷിക്കപ്പെട്ട് 22 വര്‍ഷത്തിനു ശേഷമാണ് ത്യാഗരാജന്‍ ഈ സത്യം വെളിപ്പെടുത്തുന്നത്. പക്ഷേ, ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടക്കേണ്ടി വന്നത് 31 വര്‍ഷമാണ്.

നിയമം എല്ലാവര്‍ക്കും തുല്യമാണെങ്കില്‍ അധികാര സമ്പന്ന വര്‍ഗ്ഗം രക്ഷപ്പെടുന്നത് എങ്ങനെ??

ഇന്ത്യയില്‍ ഒരു ക്രിമിനല്‍ കുറ്റം പോലുമില്ലാത്ത ഭരണകര്‍ത്താക്കളും രാഷ്ട്രീയ നേതാക്കളും വളരെ ചുരുക്കമാണുള്ളത്. അതിക്രൂരമായ കൂട്ടക്കൊലകള്‍ നടത്തിയവര്‍ പോലും ഇന്ത്യയില്‍ അധികാരത്തിലുണ്ട്. മനുഷ്യരെ പച്ചയോടെ ചുട്ടുകൊന്നവര്‍ മുതല്‍ പണത്തിനും അധികാരത്തിനും വേണ്ടി മനസാക്ഷി മരവിക്കുന്ന കുറ്റകൃത്യങ്ങള്‍ ചെയ്തുകൂട്ടിയിട്ടുള്ള നിരവധി നേതാക്കള്‍. പക്ഷേ, അവരിലൊരാള്‍ക്കെതിരെ പോലും ശരിയായ രീതിയില്‍ അന്വേഷണം നടത്താനോ ശിക്ഷ നേടിക്കൊടുക്കാനോ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഒരു രാഷ്ട്രീയ നേതാവു പോലും ഇതുവരെയും നേരായ രീതിയില്‍ ശിക്ഷിക്കപ്പെട്ടിട്ടുമില്ല.

ഗുജറാത്ത് കൂട്ടക്കൊലയില്‍ നരേന്ദ്രമോഡിയുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്താന്‍ പോലും ഇവിടെ ഒരു നിയമവും തയ്യാറായിട്ടില്ല. ഇനി ഏതെങ്കിലുമൊരു അന്വേഷണം നടന്നാല്‍ പോലും മോഡിക്കു ശിക്ഷയും കിട്ടാന്‍ പോകുന്നില്ല. പട്ടിണിപ്പാവങ്ങളെ ഭരണ നേതൃത്വം കൂട്ടത്തോടെ കൊന്നൊടുക്കിയാല്‍ പോലും ഒരാളും ചോദിക്കാനുണ്ടാകില്ല. പക്ഷേ, ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയോ ഏതെങ്കിലും സംസ്ഥാനത്തിലെ മന്ത്രിമാരോ ലോക്സഭ നിയമസഭ സാമാചികരോ കൊല്ലപ്പെട്ടാല്‍ അന്വേഷണം നടത്താതെ തന്നെ ശിക്ഷ നടപ്പാക്കാനിവിടെ സംവിധാനമുണ്ട്. ആ ശിക്ഷ ജീവിതാന്ത്യം വരെ തുടരാം. ആരും ചോദിക്കില്ല. അതിനെതിരെ ശബ്ദമുയര്‍ത്തില്ല. കാരണം, കൊല്ലപ്പെട്ടവര്‍ ഇന്ത്യയുടെ ഭരണാധികാരികളാണ്. വിലപ്പെട്ടവരാണ്. സംശയത്തിന്റെ നിഴലില്‍ പിടിക്കപ്പെട്ടവരോ. ചോദിക്കാനും പറയാനും ആരുമില്ലാത്തവര്‍. അപ്പോള്‍ പറയൂ, ഇന്ത്യയില്‍ നിയമം എല്ലാവര്‍ക്കും തുല്യമാണോ…??


കേരളത്തിലെ 15-ാമത് നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ത്ഥികളില്‍ 71% പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ട്. ഇവയില്‍ 27% പേരും നേരിടുന്നത് സീരിയസ് ക്രിമിനല്‍ കേസുകളാണ്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ കണ്ടെത്തലാണിത്. ഈ ക്രിമിനലുകളില്‍ 55% പേരും കോടിക്കണക്കിനു സ്വത്തിന്റെ ഉടമകളാണ്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം തുടങ്ങി ജാമ്യം കിട്ടാത്ത വകുപ്പുകള്‍ പ്രകാരമുള്ള കേസുകള്‍ നേരിടുന്നവരാണ് സീരിയസ് ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

2016 ലെ കണക്കനുസരിച്ച് ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള രാഷ്ട്രീയക്കാര്‍ 62% മായിരുന്നു. എന്നാല്‍, 2021 ല്‍ അത് 71 ശതമാനമായി വര്‍ദ്ധിച്ചു. ഈ കേസുകള്‍ യഥാസമയം വിചാരണക്കെടുക്കുവാനോ കുറ്റവാളികള്‍ക്കു ശിക്ഷ നല്‍കാനോ നീതിന്യായ വ്യവസ്ഥയ്ക്കു താല്‍പര്യവുമില്ല. അനന്തമായി നീളുന്ന ലാവ്ലിന്‍ കേസുകള്‍ നല്ലൊരുദാഹരണമാണ്. ഏതു രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ട നേതാവെന്നതല്ല, രാഷ്ട്രീയ നേതാവാണോ കോടതിയും നിയമങ്ങളും അവര്‍ പറയുന്നതാണ്.

നീതിയും നിയമവും കൈയ്യാളിവച്ചിരിക്കുന്ന രാഷ്ട്രീയ ക്രിമിനലുകള്‍ക്ക് നല്ല തിരിച്ചടി കൊടുത്തേ മതിയാകൂ. ജനാധിപത്യരാഷ്ട്രത്തില്‍ പരമാധികാരം ജനങ്ങള്‍ക്കാണെന്ന സത്യം ഒരു പൗരനും വിസ്മരിച്ചു കൂടാ. നാടിനെ നയിക്കാന്‍ വേണ്ടി നമ്മള്‍ തെരഞ്ഞെടുത്തവരല്ല, മറിച്ച് ഇവിടുള്ള സാധാരണ ജനമാണ് സര്‍വ്വാധികാരികളെന്ന സത്യം നമ്മള്‍ മനസിലാക്കിയേ തീരൂ. ജാതിയുടേയും മതത്തിന്റെയും ജന്മത്തിന്റെയും ലിംഗത്തിന്റെയും പേരില്‍ ജനങ്ങളെ തമ്മില്‍തല്ലിച്ച് കലാപമുണ്ടാക്കുന്നവരുടെ ലക്ഷ്യം തകര്‍ത്തെറിയപ്പെടണം. ക്രിമിനലുകള്‍ കൈയ്യാളിവച്ച് തോന്നുംപടി നടപ്പാക്കുന്ന നിയമങ്ങള്‍ തിരിച്ചെടുക്കപ്പെടണം. അല്ലെങ്കില്‍ പേരറിവാളന്മാര്‍ കൂട്ട ജനനം മാത്രമാകും ഫലം.

ഇവിടെയുള്ള ഓരോ മനുഷ്യനും അവകാശപ്പെട്ട മണ്ണാണിത്. രാഷ്ട്രീയ ക്രിമിനലുകള്‍ക്ക് തേര്‍വാഴ്ച നടത്താന്‍ വിട്ടുകൊടുക്കരുതീ മണ്ണ്. അതിന് ആദ്യം വേണ്ട് മതവും ജാതിയും ലിംഗവും പറഞ്ഞു തമ്മില്‍ തല്ലിക്കുന്നവരെ തുരത്തിയോടിക്കുക എന്നതാണ്. ഇന്ത്യയാണു മാതാവെങ്കില്‍ ഓരോ ഇന്ത്യക്കാരും ആ അമ്മയുടെ മക്കളാണ്. ഭരണഘടനയാണ് നമ്മുടെ മതം, വിശുദ്ധ ഗ്രന്ഥവും അതുതന്നെ.

വൈകിയ നീതി അനീതിയെന്നാണ് ഇന്ത്യന്‍ നിയമവ്യവസ്ഥ പറയുന്നത്. അങ്ങനെയെങ്കില്‍ നീതി പോലും നിഷേധിക്കപ്പെട്ട പേരറിവാളനോട് ഇവിടുത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് എന്തു സമാധാനമാണ് പറയാനുള്ളത്…?? ആ മനുഷ്യന്റെ ഭാവിയും ജീവിതവും തുലച്ച ഇന്ത്യയിലെ അന്ധനിയമത്തിന് ആ മനുഷ്യനോടൊരു മാപ്പെങ്കിലും പറയാമായിരുന്നില്ലേ…??

യാതൊരു തെറ്റും ചെയ്യാതെ തന്റെ 31 വര്‍ഷം ജയിലില്‍ ഹോമിച്ചവനാണ് പേരറിവാളന്‍. ഈ കാലയളവത്രയും തന്നോടു കനിവു കാട്ടാത്ത നീതിപീഠത്തോടും ഭരണകൂടത്തോടും പൊരുതുക തന്നെയായിരുന്നു അദ്ദേഹവും അമ്മയും. ഇതുപോലെ, യാതൊരു തെറ്റും ചെയ്യാത്ത എത്രയോ മനുഷ്യരാണ് കാരാഗൃഹത്തിനുള്ളില്‍ ജീവിതം ഹോമിക്കുന്നത്….??

നീതി നിഷേധത്തിന്റെ അങ്ങേയറ്റമാണ് അബ്ദുള്‍ നാസര്‍ മദനിയോട് കേരളം ചെയ്യുന്നതും. ആ മനുഷ്യന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അയാളെ വിചാരണ ചെയ്യാന്‍ കേരളത്തിലെ മാറിമാറി വരുന്ന ഭരണകൂടങ്ങളത്രയും മടിക്കുന്നതെന്തിന്…?? തെറ്റു ചെയ്തവന്‍ വിചാരണ ചെയ്യപ്പെടണം. തെളിയിക്കപ്പെടുന്ന കുറ്റകൃത്യത്തിന്റെ വ്യാപ്തിയനുസരിച്ച് ശിക്ഷിക്കപ്പെടുകയും വേണം. ഇതൊന്നും ചെയ്യാതെ മരിക്കുംവരെ വിചാരണത്തടവുകാരനായി മദനിയെ ഈ ഭരണകൂടത്തിനും നീതിന്യായ വ്യവസ്ഥയ്ക്കും എന്തധികാരമാണുള്ളത്…??

അധികാരമോ പണമോ ആള്‍ബലമോ ഇല്ലാത്ത ഏതൊരു മനുഷ്യനെയും ഒന്നു വിചാരണ പോലും ചെയ്യാതെ ജീവിതകാലമത്രയും തുറുങ്കിലടയ്ക്കാന്‍ സാധിക്കുന്ന ഈ നാട്ടില്‍ എന്തു ജനാധിപത്യമാണുള്ളത്…?? ഏതു ഭരണഘടനയാണിവിടെ മാനിക്കപ്പെടുന്നത്…?? എന്തു നീതിയാണിവിടെ നടപ്പാകുന്നത്…?? മനസാക്ഷി പോലും മരവിക്കുന്ന ഈ നെറികേടിനെതിരെ ഒന്നു പ്രതികരിക്കാനുള്ള നട്ടെല്ലു പോലും ഇല്ലാത്തതിന്റെ പേരില്‍ ലജ്ജ തോന്നുന്നില്ലേ പ്രിയ നാടേ നിനക്ക്…??

……………………………………………………………………………………………………..

Tags: Perarivalan #Deniedjustice #Article14 #IndianConstitution #tainedministers #criminalpoliticvians #corruptIndianpoliticians #RajivegandhiAssasination

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു