ഭര്‍ത്താവും വീട്ടുകാരും അവളെ വലിച്ചിഴച്ച് തെരുവിലിട്ടു മര്‍ദ്ധിച്ചു, ഒടുവില്‍...
Thamasoma News Desk
കുടുംബത്തിലെ ഏക വരുമാനം അവളുടെ അച്ഛന്റെ ജോലിയായിരുന്നു. എന്നാല്‍, രോഗം മൂലം ശരീരം തളര്‍ന്ന് അദ്ദേഹം കിടപ്പിലായപ്പോള്‍ സ്വന്തം വീടിന്റെ ഉത്തരവാദിത്വം കൂടി പൂര്‍ണ്ണമായും അവള്‍ ഏറ്റെടുത്തിരുന്നു.
എന്നാല്‍, വിവാഹം കഴിഞ്ഞ ഉടന്‍ അവളെ അവന്‍ മുംബൈയിലേക്കു കൊണ്ടുപോയി. അവിടെച്ചെന്നപ്പോഴാണ് പുറമേ മാന്യനായിരുന്ന ഭര്‍ത്താവിന്റെ യഥാര്‍ത്ഥ മുഖം അവള്‍ക്കു ബോധ്യമായത്. സ്ത്രീധനം കൊടുക്കാത്തതിന്റെ പേരില്‍ അതികഠിനമായി അവളെ മര്‍ദ്ദിച്ചു, പണം വാങ്ങിവരാന്‍ വേണ്ടി പലതവണ അവളെ വീട്ടിലേക്കു പറഞ്ഞയച്ചു.
അവള്‍ക്ക് അപ്പോഴും ജോലിയുണ്ടായിരുന്നു, പക്ഷേ, ആ ശമ്പളമൊന്നും കൈകാര്യം ചെയ്തിരുന്നത് അവളായിരുന്നില്ല. സ്വന്തമായി തെരഞ്ഞെടുത്ത ജീവിതമായതിനാല്‍ മറ്റുള്ളവരുടെ മുന്നില്‍ അവള്‍ സന്തോഷം അഭിനയിച്ചു. മാതാപിതാക്കള്‍ക്ക് കൂടുതല്‍ മാനസിക സമ്മര്‍ദ്ദം നല്‍കാന്‍ അവള്‍ ആഗ്രഹിച്ചില്ല.

പക്ഷേ, സഹനത്തിനും ഒരവസാനമുണ്ട്. അന്നവളെ അവളുടെ ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാപിതാക്കളും കൂടി വീട്ടില്‍ നിന്നും വലിച്ചിഴച്ച് തെരുവില്‍ കൊണ്ടുപോയിട്ടു. പിന്നെ, വലിയൊരു ആള്‍ക്കൂട്ടത്തിനു മുന്നിലിട്ട് അവളെ അതികടിനമായി മര്‍ദ്ദിച്ചു. ഒടുവില്‍ മര്‍ദ്ദിച്ച് തളര്‍ന്ന അവര്‍ പിന്‍വാങ്ങി.
ഈ സംഭവങ്ങള്‍ വീട്ടില്‍ അറിയിക്കാന്‍ അവള്‍ക്കപ്പോഴും ധൈര്യമുണ്ടായില്ല. വിമാനത്തില്‍ ജോലിചെയ്യുന്നൊരു സുഹൃത്ത് അവള്‍ക്കുണ്ടായിരുന്നു. ആ പെണ്‍കുട്ടിയെ വിളിച്ച് അവള്‍ സഹായാഭ്യര്‍ത്ഥന നടത്തി. ആ രാത്രി തന്നെ മുംബൈ വിടാനുള്ള ടിക്കറ്റ് അവള്‍ക്കു കിട്ടി. ഒരു ബാഗില്‍ ഒതുങ്ങാവുന്ന സാധനങ്ങള്‍ മാത്രം കൈയിലെടുത്ത് അവള്‍ അവിടെ നിന്നും എന്നെന്നേക്കുമായി പടിയിറങ്ങി.
മറ്റൊരു ജോലി നേടി, വിവാഹമോചനം നേടി, അവള്‍ ജീവിതത്തിലേക്കു തിരിച്ചു വന്നു....
വിവാഹമോചനം നേടിയവരെ അവളുടെ സമുദായത്തില്‍ പിന്നെയാരും വിവാഹം കഴിക്കില്ല. പക്ഷേ, അവളുടെ ജീവിതത്തിലേക്ക് മറ്റൊരു പുരഷന്‍ വരിക തന്നെ ചെയ്തു. സമൂഹത്തില്‍ നിന്നുള്ള എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് അവള്‍ക്കൊപ്പം അവന്‍ നിന്നു.
ഇന്നവള്‍ സന്തോഷവതിയാണ്. സ്‌നേഹിക്കുന്ന, മനസിലാക്കുന്ന, എല്ലാറ്റിനും കൂടെ നില്‍ക്കുന്ന ഭര്‍ത്താവ്. സ്വന്തമായി വരുമാനവും ജോലിയും. സ്വന്തം കുടുംബത്തെയുമവള്‍ സംരക്ഷിക്കുന്നു. വേദനിപ്പിക്കുന്ന ആ ഭൂതകാലം അവളില്‍ നിന്നും വിട്ടകന്നു.

ജീവിതം പ്രതിസന്ധിയിലായ ഓരോ മനുഷ്യനും ആഗ്രഹിക്കുന്നത് ശക്തമായൊരു പിന്തുണയും കൂടെ നില്‍ക്കുന്ന ഉറ്റവരെയുമാണ്. വിസ്മയയ്ക്ക് അങ്ങനെയൊന്നു കിട്ടിയില്ല. തീവ്രവേദനയുടെ മൂര്‍ദ്ധന്യത്തില്‍ നിന്നു കൊണ്ട് അച്ഛനെ വിളിച്ച വിസ്മയയ്ക്കു ലഭിച്ച മറുപടി അതെല്ലാം എല്ലാ കുടുംബത്തിലും സംഭവിക്കുന്നതല്ലേ, എല്ലാം മാറും എന്നാണ്.
കനപ്പെട്ട സ്ത്രീധനം നല്‍കി അത്യഢംബര പൂര്‍വ്വം ആഘോഷമായി നടത്തിയ വിവാഹം തകര്‍ന്നടിഞ്ഞു പോയെന്ന് നാട്ടുകാര്‍ അറിയുന്നത് ത്രിവിക്രമന്‍ നായര്‍ ഇഷ്ടപ്പെട്ടിരിക്കില്ല. എന്തെല്ലാം സഹിക്കേണ്ടിവന്നാലും മകള്‍ ആ ബന്ധം തുടരുമെന്ന് അയാള്‍ കണക്കു കൂട്ടിയിരിക്കാം. അത്രയേറെ കരഞ്ഞു പറഞ്ഞിട്ടും ചെവി കേള്‍ക്കാത്തവനെപ്പോലെ അയാള്‍ മകള്‍ക്കു മറുപടി നല്‍കിയതും അതുകൊണ്ടാവാം.
ത്രിവിക്രമന്‍നായരുടെ വളര്‍ത്തിയ താടിയും കാറിലെ ഒഴിച്ചിട്ട മുന്‍സീറ്റും ഈ സമൂഹത്തില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്കു തടയിട്ടേക്കാം, പക്ഷേ മനസാക്ഷിയെന്ന ഒന്ന് അയാള്‍ക്കുണ്ടെങ്കില്‍, മകള്‍ക്കു മുന്നില്‍ ബധിരനായിപ്പോയ അയാള്‍ക്ക് സമസമാധാം കിട്ടില്ല, മരണം വരെയും.....
.........................................................................................
#marriage #couple #divorce #abuse #harrassment #dowry #trauma #mumbai #restart #brave #journey #love #couplegoals #humansofbombay
അഭിപ്രായങ്ങളൊന്നുമില്ല