മതരഹിതസമൂഹങ്ങള്‍ വ്യാപകമായ രാജ്യങ്ങളില്‍ ജീവിതം ആഹ്‌ളാദഭരിതം
ഷാജി കിഴക്കേടത്ത്
ഐക്യരാഷ്ട്രസഭ പ്രസിദ്ധീകരിച്ച 2022 ലെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് മതരഹിതരെ സംബന്ധിച്ചിടത്തോളം ഏറെ ആവേശകരമാണ്. മതരഹിതരും നാസ്തികരും വ്യാപകമായ രാജ്യങ്ങളാണ് ഈ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും മുന്നിലുള്ളത്. ഇതില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന രാജ്യമാണ് ഫിന്‍ലന്‍ഡ്. പട്ടികയില്‍ ആദ്യത്തെ പത്തുരാജ്യങ്ങള്‍ മതരഹിതസമൂഹങ്ങള്‍ വ്യാപകമായ രാജ്യങ്ങളാണ്. 146 രാജ്യങ്ങളുള്ള പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 136-ാമത് ആണ്.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന പരിഹാര ശൃംഖലയാണ് 146 രാജ്യങ്ങളില്‍ നടത്തിയ ശാസ്ത്രീയവും സമഗ്രവുമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഹാപ്പിനസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ റിപ്പോര്‍ട്ട് സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ ചില വസ്തുതകള്‍ ആര്‍ക്കും ബോധ്യമാകും.
ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതെങ്ങനെയെന്ന് പരിശോധിക്കാം. രാജ്യങ്ങളിലെ ആളോഹരി ജി.ഡി.പി, ആരോഗ്യകരമായ ആയുര്‍ദൈര്‍ഘ്യം, സാമൂഹികപിന്തുണ, ജീവിത തെരഞ്ഞെടുപ്പുകള്‍ നടത്താനുള്ള സ്വാതന്ത്ര്യം, അഴിമതിയെ കുറിച്ചുള്ള ധാരണകള്‍, ഔദാര്യബോധം എന്നിവ ജീവിത നിലവാരത്തിന്റെ മൂല്യനിര്‍ണയം അളക്കുന്നതിനുള്ള ഏകകങ്ങളാണ്. ജനങ്ങളുടെ വരുമാനം, ജോലി, ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിട സൗകര്യം, പരിസ്ഥിതി സംരക്ഷണം, സാമൂഹികമായ ഇടപ്പെടലുകള്‍, ജീവിതവും ജോലിയുമായുള്ള സംതുലനം, ജീവിതസംതൃപ്തി എന്നിവ താരതമ്യപഠനങ്ങള്‍ക്കു വിധേയമാക്കിയുള്ള സമഗ്രമായ വിശകലനങ്ങളുടെ അടിസ്ഥാനത്തിലാണ് ഹാപ്പിനസ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.
ജനങ്ങളുടെ ജീവിതത്തിന്റെ ഘടനയിലും നിലവാരത്തിലും മതരഹിത സമൂഹങ്ങള്‍, മതസമൂഹങ്ങളില്‍ നിന്നും തികച്ചും വേറിട്ടു നില്‍ക്കുന്നുവെന്ന് ഹാപ്പിനസ് റിപ്പോര്‍ട്ട് തെളിയിക്കുന്നു. മരണാനന്തരസുഖങ്ങള്‍ വാഗ്ദാനം ചെയ്യുന്ന മതങ്ങള്‍ വ്യാപകമായ രാജ്യങ്ങളില്‍ മതങ്ങളുടെ പേരില്‍ സംഘര്‍ഷങ്ങളും ഭീകരാക്രമണങ്ങളും അരക്ഷിതാവസ്ഥയും നിലനില്‍ക്കുമ്പോള്‍, മതരഹിതസമൂഹങ്ങളിലാകട്ടെ ജീവിതം ഈ ഭൂമിയില്‍ തന്നെ ആഹ്‌ളാദകരമായ അനുഭവവും ആഘോഷവുമാക്കി ജനങ്ങള്‍ മുന്നേറുന്നു. പട്ടികയില്‍ 146 മുതലുള്ള അഫ്ഗാനിസ്ഥാന്‍ മതത്തിന്റെ പേരില്‍ വ്യാപകമായ അക്രമങ്ങളും യുദ്ധങ്ങളും കൊണ്ട് ജീവിത നിലവാരസൂചികയില്‍ പിന്നോക്കം പോയ രാജ്യങ്ങളിലൊന്നാണ്.
ലോകത്തുള്ള എല്ലാ അറിവുകളും ഉണ്ടായ പുണ്യഭൂമിയെന്ന് വിശ്വസിക്കുന്ന ഇന്ത്യ 136 മതാണ്. മരണാനന്തരം സുഖജീവിതം സ്‌പോണ്‍സര്‍ ചെയ്യുന്ന മതങ്ങളും ലക്ഷകണക്കിനുള്ള ദേവാലയങ്ങളില്‍ കുടിയിരിക്കുന്ന ദൈവങ്ങളുമുള്ള ഇന്ത്യയില്‍ സാധാരണക്കാരുടെ ജീവിതം ഇന്നും പരമദയനീയവും വിഷമഘട്ടത്തിലുമാണ്.
മതങ്ങള്‍ ഉപേക്ഷിച്ച ജനതയുടെ സന്തോഷകരമായ ജീവിതം കൊണ്ട് ലോകത്തിന്റെ നെറുകയില്‍ മുന്നില്‍ നില്‍ക്കുന്ന സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ നമ്മെ ഏറെ ചിന്തിപ്പിക്കേണ്ടതും പഠനവിഷയമാക്കേണ്ടതുമാണ്. കാലിഫോര്‍ണിയക്കാരനായ ഫില്‍സുക്കര്‍മാന്‍ എന്ന സാമൂഹ്യശാസ്ത്രജ്ഞന്‍ മതരഹിത സമൂഹങ്ങളിലെ മനുഷ്യജീവിതത്തെക്കുറിച്ച് നടത്തിയ പഠനം ശ്രദ്ധേയമാണ്. Religion without god എന്ന സുക്കര്‍മാന്റെ ഗ്രന്ഥം നേരറിവിന്റെ സാക്ഷ്യപത്രമാണ്.
മതത്തിലും ദൈവത്തിലും വിശ്വാസമില്ലാത്ത ജനതയുടെ സന്തോഷകമായ ജീവിതത്തെ സുക്കര്‍മാന്‍ അടയാളപ്പെടുത്തുന്നത് ഭൂമിയില്‍ ജീവിക്കാന്‍ മതത്തിന്റെയോ ദൈവത്തിന്റെയോ ആവശ്യമില്ലെന്നു തന്നെയാണ്.
മതങ്ങളും ദൈവങ്ങളും വാണരുളുന്ന സമൂഹങ്ങളിലല്ല മതേതരവും ശാസ്ത്രീയവുമായ വിദ്യാഭ്യാസവും പൗരന്റെ സര്‍ഗാത്മകമായ കഴിവുകള്‍ക്ക് വളര്‍ന്നു വികസിക്കാനുള്ള സ്വാതന്ത്ര്യവും സമഗ്രമായ വികസനകാഴ്ചപ്പാടുകളും പിന്‍തുടരുന്ന ആധുനിക ജനാധിപത്യ രാജ്യങ്ങളിലാണ് ജനങ്ങള്‍ സന്തോഷത്തോടെ ജീവിതം ആഘോഷമാക്കുന്ന തെന്ന് world Happiness റിപ്പോര്‍ട്ട് നല്‍കുന്ന സന്ദേശം.
.....................................................................
Tag: world happiest country, Lifestyle, Education, Article
ഇന്ത്യയുടെ ഈ അവസ്ത തീർത്തും നിരാശനജനകമാണ്. വിലയിരുത്തേണ്ടത് വളരെ അനുവാര്യമാണ്. എന്നാല് സംസ്ഥാനങ്ങളുടെ വിലയിരുത്തലും നല്ലതായിരിക്കും. ആരോഗ്യ മേഖല, വിദ്യാഭ്യാസ, തോഴിൽ മേഖലകളിൽ കേരളത്തിൻ്റെ നേട്ടത്തിൽ ജനകീയാസൂത്രണം വഹിച്ച വളരെ വലുതാണ്. അതേ രാജ്യത്തിന് തന്നെ ഒരു വളരെ വലിയ മാതൃകയാണ്. ഗ്രാമങ്ങളുടെ സന്തോഷമാണ് സംസ്ഥാനങ്ങളുടെ സന്തോഷവും അത് വഴി രാജ്യത്തിൻ്റെ സന്തോഷത്തിന് വഴികാട്ടില്ലെ!!. എന്തായാലും ഈ കുറിപ്പ് നമ്മുടെ രാജ്യത്തിൻ്റെ അവസ്ഥയെ പുന പരിശോധിക്കപ്പെടും
മറുപടിഇല്ലാതാക്കൂ