ആ അടി കൊടുക്കേണ്ടത് ബോഡി ഷെയിമിംഗിന്റെ ഉസ്താദുകളായ മലയാളികളുടെ കരണത്ത്
ഒരാളുടെ ശരീരപ്രകൃതി, വേഷം, ഭാഷ, വൈകല്യങ്ങള്‍, നിറം, ഉന്തിയ പല്ല്, മുഖം, തലമുടി, നടപ്പ്, ഇരിപ്പ്, വണ്ണം എന്നുവേണ്ട സകലതും മറ്റൊരാള്‍ക്ക് പരിഹാസ ഹേതുവാണ്. മറ്റു മനുഷ്യരുടെ ഇത്തരം പ്രത്യേകതകളെ കളിയാക്കി ചിരിക്കുക എന്നതാണ് മലയാളികളുടെ ഏറ്റവും വലിയ ഹോബിയും. ഇത്തരത്തില്‍ അപരനെ കളിയാക്കി പൊട്ടിച്ചിരിപ്പിക്കുന്ന ഫലിതങ്ങള്‍ കൊണ്ടു നിറഞ്ഞതാണ് കോമഡി ഷോകള്‍ എന്ന പേരില്‍ നടത്തുന്ന ആഭാസത്തരങ്ങള്‍. സിനിമകളും അങ്ങനെ തന്നെ.
മലയാളികള്‍ക്കെന്നും ചില സ്ഥിരം പരിഹാസ കഥാപാത്രങ്ങളുണ്ട്. ബിന്ദുപണിക്കരുടെയും പൊന്നമ്മയുടെയും ശരീരഭാരം, ധര്‍മ്മജന്‍, ഇന്ദ്രന്‍സ്, മോളി കണ്ണമ്മാലി തുടങ്ങിയവരുടെ ശരീരം, അങ്ങനെയങ്ങനെ പോകുന്നു അവ. ശാരീരിക വൈകല്യങ്ങള്‍ ഉള്ളവരെ പൊട്ടനെന്നും ചട്ടനെന്നും ഞൊണ്ടുകാലനെന്നും മന്ദബുദ്ധിയെന്നും വിളിച്ചധിക്ഷേപിക്കല്‍, തുടങ്ങിയവയും ബോഡി ഷെയിമിംഗിന്റെ ഭാഗമായി വരും.
ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത്തരം കളിയാക്കലുകള്‍ നേരിടേണ്ടി വന്നിട്ടില്ലാത്ത ആരെങ്കിലുമുണ്ടാകുമോ....?? ഇന്ത്യയുടെ ക്ഷുഭിത യൗവനമായ അമിതാഭ് ബച്ചന്‍ പോലും ഈ കളിയാക്കലുകള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്. കരിയറിന്റെ ആദ്യഘട്ടത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം ഇത്തരം കളിയാക്കലുകളെ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അവരുടെ അനുഭവങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍പ്പിന്നെ ശാരീരിക മാനസിക വൈകല്യങ്ങളോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഉള്ളവരോട് ഈ ലോകം എങ്ങനെ പെരുമാറുമെന്ന് ചന്തിക്കാവുന്നതേയുള്ളു. അതിക്രൂരമാണത്.... സഹിക്കാനാവാത്തതും.

മറ്റുള്ളവരുടെ ക്രൂര പരിഹാസങ്ങള്‍ നേരിടാനുള്ള ശേഷിയില്ലാതെ ജീവിതമനസാനിപ്പിച്ച എത്രയോ മനുഷ്യജീവനുകള്‍ ഉള്ള നാടാണ് ഈ മലയാളക്കര.....
എന്നിട്ടും മലയാളികള്‍ തിളച്ചു തുള്ളുകയാണ്. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട വില്‍ സ്മിത്തിന്റെ ഭാര്യയെ കളിയാക്കിയ ഓസ്‌കാര്‍ വേദിയിലെ അവതാരകനായ കൊമേഡിയന്‍ ക്രിസ് റോക്കിനെതിരെ ഇങ്ങു കേരളത്തിലും പ്രതിഷേധം ആര്‍ത്തിരമ്പുകയാണ്. മാനുഷിക മൂല്യങ്ങള്‍ കൈവെടിഞ്ഞ മാധ്യമ പ്രവര്‍ത്തനായിട്ടാണ് കേരളക്കര ക്രിസ് റോക്കിന്റെ പ്രവൃത്തിയെ വിലയിരുത്തുന്നത്.
വകതിരിവില്ലാതെ വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് ഇടിച്ചു കയറിയും രോഗബാധിതരെപ്പോലും യാതൊരു ദയാദാക്ഷിണ്യവും ഇല്ലാതെ അടച്ചാക്ഷേപിച്ചും ഇവിടെ കുലുങ്ങിച്ചിരിക്കാനുള്ള തമാശകളൊരുക്കുന്നു.
ക്രിസ് റോക്കിനെതിരെ രോക്ഷം കൊള്ളുന്ന മലയാളികളൊന്നു കണ്ണുതുറന്ന് നിങ്ങള്‍ കുലുങ്ങിച്ചിരിക്കുന്ന ടെലിവിഷന്‍ പരിപാടികളിലേക്ക് ഇനിയുമൊന്നു കണ്ണോടിക്കണം. ബോഡി ഷെയിമിംഗ് നടത്താതെ ശുദ്ധ ഹാസ്യം വിതറുന്ന എത്ര പരിപാടികളുണ്ടിവിടെ. ഏതു സിനിമയുണ്ടിവിടെ...?? അതെല്ലാം തമാശല്ലേ, അതിനെ ആ രീതിയില്‍ എടുത്താല്‍ പോരെ, അപ്പോള്‍ പ്രശ്‌നമില്ലല്ലോ എന്ന് എത്രയോ തവണ കേട്ടിരിക്കുന്നു.....
ഈ അഭിപ്രായ പ്രകടനങ്ങളെല്ലാം നടത്തിയവരാണല്ലോ ക്രിസ് റോക്കിനെതിരെ പടവാളെടുക്കുന്നതെന്നോര്‍ക്കുമ്പോള്‍ എന്തൊരു ചാരിതാര്‍ത്ഥ്യം....
.................................................
tags: Christopher Julius Rock, Chris Rock, Will Smith, Will Smith’s Oscars Slap,
അഭിപ്രായങ്ങളൊന്നുമില്ല