വിജയ് ബാബുമാരെ സൃഷ്ടിക്കുന്നത് തന്റേടമില്ലാത്ത സ്ത്രീ സമൂഹം


കേവലം 16 വയസ് മാത്രമുള്ളൊരു പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ ശേഷം അതിന്റെ ഉത്തരവാദിത്തം ആ പെണ്‍കുട്ടിയുടെ പിതാവിന്റെ തലയില്‍ കെട്ടിവച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച ക്രൂരനും നികൃഷ്ടനുമായ ക്രിമിനലാണ് ഫാ റോബിന്‍ വടക്കുംചേരി. ഇയാളെ വിവാഹം കഴിക്കാന്‍ താന്‍ ഒരുക്കമാണെന്നും ശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നും കുറഞ്ഞ പക്ഷം വിവാഹത്തിനു വേണ്ടി ജാമ്യമെങ്കിലും അനുവദിക്കണമെന്നും ആവശ്യപ്പെട്ടത് അച്ചന്റെ ക്രൂരതകള്‍ക്ക് ഇരയായ ആ പെണ്‍കുട്ടി തന്നെയാണ്…! ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ മകള്‍ക്കു പ്രായം 16 അല്ല 18 ആയിരുന്നു എന്ന് തെളിവു സഹിതം കോടതിയില്‍ ഹാജരാക്കിയത് അവളുടെ അമ്മയായിരുന്നു….!! പോക്സോ കേസില്‍ അകപ്പെട്ടാല്‍പ്പിന്നെ നിയമപുസ്തകത്തിലെ ശിക്ഷ കടുത്തതായിരിക്കുമെന്ന് ഉത്തമബോധ്യമുണ്ടായിട്ടും സഭയുടെ മാനം രക്ഷിക്കാന്‍ അച്ചന്റെ ബലാത്സംഗക്കുറ്റം ഏറ്റെടുത്തത് അവളുടെ അച്ഛനായിരുന്നു….!


52 വയസുകാരനായ റോബിനുമായുള്ള കുടുംബജീവിതത്തിനു വേണ്ടി കിണഞ്ഞു പരിശ്രമിച്ചു കാത്തിരിക്കുകയാണ് അവളിപ്പോള്‍. കൊടുംക്രിമിനലായ റോബിനില്‍ നിന്നും അവള്‍ക്കു കിട്ടാനിടയുള്ള ദാമ്പത്യജീവിതം ഏതുതരത്തിലുള്ളതായിരിക്കുമെന്ന് ഏതൊരാള്‍ക്കും ഊഹിക്കാവുന്നതേയുള്ളു. പക്ഷേ, അവള്‍ക്കോ അവളുടെ കുടുംബത്തിനോ അതൊരു പ്രശ്നമേയല്ല. അവളുടെ ഗര്‍ഭകാലവും പ്രസവവും രഹസ്യമാക്കിവച്ച് നിയമലംഘനം നടത്തിയ മാനന്തവാടി രൂപതയിലെ ചില അച്ചന്മാരുടെയും കന്യാസ്ത്രീകളുടെയും സംരക്ഷണയിലാണ് ഇപ്പോള്‍ അവളും കുടുംബവും. ഒരാളുപോലും ഈ പെണ്‍കുട്ടിയെയോ അവളുടെ കുടുംബത്തെയോ കാണാതിരിക്കാനുള്ള എല്ലാ സന്നാഹങ്ങളും അവര്‍ക്കു സംരക്ഷണം നല്‍കുന്നവര്‍ ഒരുക്കിയിട്ടുമുണ്ട്.

വിവാഹം കഴിക്കുമെന്ന ഉറപ്പില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം അതില്‍ നിന്നു പിന്‍മാറാന്‍ പല കാരണങ്ങളും നിരത്തിയേക്കാം. പക്ഷേ, തന്നെ നിഷ്‌കരുണം തള്ളിക്കളഞ്ഞ പുരുഷനെത്തന്നെ വിവാഹം കഴിക്കണമെന്നു വാശിപിടിക്കുന്നത് എന്തിന്…?? പ്രണയത്തില്‍ നിന്നും പിന്മാറിയത് പെണ്ണ് ആണെങ്കില്‍ ആ സാഹചര്യത്തെ പക്വതയോടെ സമീപിക്കുകയും അവളുടെ ഇഷ്ടം അനുവദിക്കുകയും ചെയ്യുകയാണ് വേണ്ടതെന്ന് പുരുഷന് ഉപദേശം കൊടുക്കുന്നവര്‍ സ്ത്രീകളോടിക്കാര്യം പറയാന്‍ മടിക്കുന്നതെന്ത്…?? പ്രണയത്തില്‍ നിന്നും ഇറങ്ങിപ്പോരാന്‍ ഏതു നിമിഷവും പെണ്ണിനു സ്വാതന്ത്ര്യമുണ്ടെങ്കില്‍ അതേ സ്വാതന്ത്ര്യം തന്നെ ആണിനുമുണ്ടായിരിക്കണം. വിവാഹം കഴിക്കുമെന്ന ഉറപ്പിലോ മോഹനവാഗ്ദാനത്തില്‍ വിശ്വസിച്ചോ തൊഴില്‍പരമായ ഉയര്‍ച്ച സ്വപ്നം കണ്ടോ പ്രണയത്തിന്റെ പേരിലോ ലൈംഗികതയില്‍ ഏര്‍പ്പെടുന്ന സ്ത്രീ, പുരുഷന്‍ പിന്മാറുന്ന നിമിഷം ബലാത്സംഗ പരാതികളുമായി മുന്നോട്ടു പോകുന്നത് എത്രയോ അപഹാസ്യമാണ്…. തന്നെ വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോയവനു മുന്നില്‍ തന്റെടത്തോടെ തല ഉയര്‍ത്തിപ്പിടിച്ചു ജീവിച്ചു കാണിക്കേണ്ടതിനു പകരം അവനുമൊത്തൊരു ജീവിതമുണ്ടാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നതെന്തിന്…??

പ്രണയം നിഷേധിക്കുമ്പോഴോ പ്രണയത്തില്‍ നിന്നും പിന്മാറുമ്പോഴോ പെണ്ണിനെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നത് കടുത്ത ക്രിമിനല്‍ക്കുറ്റമാണ്. അവളുമൊത്തുള്ള പ്രണയരംഗങ്ങള്‍ പ്രചരിപ്പിക്കുന്നതും കടുത്ത ശിക്ഷ കിട്ടുന്ന കുറ്റകൃത്യം തന്നെ. ഭാര്യഭര്‍തൃബന്ധത്തില്‍പ്പോലും ബലാത്സംഗങ്ങള്‍ പാടില്ല എന്നതാണ് നിയമം.

എന്നാല്‍, തന്നെ തിരസ്‌കരിച്ചു കടന്നുകളഞ്ഞ പുരുഷന് ഒരു സ്ത്രീയ്ക്കു കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷ എന്താണ്…?? കായികമായി അവരെ നേരിടാനോ അഭിമാനത്തോടെ അവര്‍ക്കു മുന്നില്‍ ജീവിച്ചു കാണിക്കാനോ തയ്യാറല്ലാത്ത സ്ത്രീകള്‍ കള്ളപ്പരാതികളുമായി മുന്നോട്ടു വരുന്ന നിരവധി കാഴ്ചകളുണ്ട്. പുരുഷനും സ്ത്രീയും തമ്മിലുണ്ടാകുന്ന ഏതു കലഹങ്ങളും പുരുഷനെതിരെയുള്ള ലൈംഗിക പീഡനപരാതിയില്‍ കലാശിച്ചേക്കാവുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളത്. തന്റെ ചാരിത്ര്യത്തെക്കുറിച്ച് ഒരു സ്ത്രീ കള്ളം പറയില്ല എന്ന വിശ്വാസത്തിലാണ് ഈ സ്ത്രീപക്ഷ നിയമങ്ങള്‍. പക്ഷേ, അവ പലപ്പോഴും വന്‍തോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്നു.


ജിതേന്ദ്രന്‍ കൊക്കാട് എന്നയാള്‍ ഫേയ്സ്ബുക്കില്‍ താന്‍ ചെറുപ്പകാലത്ത് നേരിടേണ്ടി വന്ന ഒരപമാനത്തിന്റെ നേര്‍ച്ചിത്രം കൂടി ഇവിടെ പറയട്ടെ.

കളിക്കൂട്ടുകാരിയായി സദാകൂടെയുണ്ടായിരുന്നവള്‍ ഒരുനാള്‍ ഗര്‍ഭിണിയായി. ഉത്തരവാദി ജിതേന്ദ്രനാണെന്ന് നാട്ടുകാരും വീട്ടുകാരും കരുതി. ജനരോക്ഷവും മാനക്കേടും ഭയന്ന് ജിതേന്ദ്രനെ ആ നാട്ടില്‍ നിന്നുതന്നെ പറഞ്ഞയക്കാന്‍ അദ്ദേഹത്തിന്റെ ഉറ്റവരും ഉടയവരുമെല്ലാം ശ്രമിച്ചു. ഒടുവില്‍, ഗര്‍ഭത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദിയെ കണ്ടെത്തി, അത് അവളുടെ ബന്ധുതന്നെ ആയിരുന്നു. എല്ലാവരും ചേര്‍ന്ന് അവളെ അവനു വിവാഹം കഴിപ്പിച്ചു നല്‍കി. പിന്നീടുള്ള ജീവിതം അവള്‍ക്കു നരകതുല്യമായിരുന്നു. മദ്യപാനിയായ, കുടുംബം നോക്കാത്ത, കുട്ടികളെ നോക്കാത്ത, പണിയെടുക്കാത്ത ഒരുവനെ തലയില്‍ ചുമക്കേണ്ട ബാധ്യത. കുടുംബം മുന്നോട്ടു കൊണ്ടുപോകാന്‍ അവള്‍ തന്നെ പണിക്കിറങ്ങേണ്ടി വന്നു. ജീവിതത്തില്‍ സുഖമെന്തെന്ന് ഒരിക്കലുമറിയാതെ, ദുരിതപൂര്‍ണ്ണമായ ജീവിതത്തിന്റെ ബാക്കി പത്രമായി അവള്‍. ആ അവസ്ഥയില്‍ ജിതേന്ദ്രന്‍ വീണടുമവളെ കണ്ടു. ജീവിതത്തില്‍ ആദ്യമായി ലൈംഗികത ആസ്വദിച്ചവനുമായി ജീവിതം ജീവിച്ചു തീര്‍ക്കാന്‍ തീരുമാനിച്ചതിന് അവള്‍ക്ക് വിലയായി നല്‍കേണ്ടി വന്നത് അവളുടെ ജീവിതം മാത്രമല്ല, അശാന്തിയുടെ ജീവിത സാഹചര്യത്തിലേക്ക് അവളുടെ മക്കളെയുമവള്‍ തള്ളിവിടുകയായിരുന്നു…!

തന്നോട് അനീതി കാണിച്ചവനെത്തന്നെ ഭര്‍ത്താവായി സ്വീകരിച്ചാല്‍ ആ ജീവിതം ഒരിക്കലും സന്തോഷകരമാകില്ലെന്ന് സമൂഹത്തില്‍ നിരവധി ഉദാഹരണങ്ങളുണ്ട്.

ജീവിതത്തെക്കുറിച്ച് കാഴ്ചപ്പാടുകളില്ലാത്ത പ്രായത്തില്‍ ശരീരം ദുര്‍ബ്ബലമായിപ്പോയ നിമിഷത്തില്‍ ഭ്രാന്തമായൊരു അഭിനിവേശത്തിനടിമപ്പെട്ട് ജീവിതത്തിന്റെ കണക്ക് പിഴച്ചുപോകുന്നവര്‍ നിരവധിയാണ്. ആ ഒരു സാഹചര്യത്തിന് ഉത്തരവാദിയായവന്‍ അവളെ തള്ളിക്കളയുമ്പോള്‍ വീണ്ടും അവന്റെ പിന്നാലെ പോയി ശേഷിച്ച ജീവിതം കൂടി നരകതുല്യമാക്കുന്നത് എന്തിന്…?? ഒരു പുരുഷനില്‍ നിന്നും അതിക്രൂരമായ ബലാത്സംഗം നേരിടേണ്ടി വന്ന ഒരു പെണ്ണ്, വീണ്ടുമവന്‍ വിളിക്കുമ്പോള്‍ ആക്രമിക്കപ്പെടാന്‍ ചെന്നുകൊടുക്കുന്നത് എന്തിന്…?? അവന്‍ ആരാണെന്ന് മനസിലാക്കാന്‍ ഒരു തവണ തന്റെ ശരീരത്തിനു നേരെയുണ്ടായ അതിക്രമം മതിയാവില്ലേ ആ പെണ്ണിന്…?? തന്റെ ശരീരത്തെ ഒരു തരത്തിലും മാനിക്കാതെ ആസുര ലൈംഗികത അഴിച്ചു വിട്ട പുരുഷന്‍ കൊടുക്കുന്ന വിവാഹ ഉറപ്പിന്മേല്‍ വീണ്ടും വീണ്ടും ആക്രമിക്കപ്പെടാന്‍ ആ സ്ത്രീ സ്വയം തീരുമാനിക്കുന്നത് എന്തിന്…??

പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണയ്ക്കെതിരെയുള്ള ലൈംഗിക പീഡന പരാതി നോക്കുക. 2020 ജൂണ്‍ 21 ന് ബലപ്രയോഗത്തിലൂടെ യോനിയിലൂടെയും ഗുദദ്വാരത്തിലൂടെയും അയാള്‍ ലൈംഗികതയില്‍ ഏര്‍പ്പെട്ടുവെന്നും ആര്‍ത്തവം പോലും പരിഗണിക്കാതെയാണിതു ചെയ്തതെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇതേത്തുടര്‍ന്ന്, അതീവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ മൂലം താന്‍ ആശുപത്രിയില്‍ ചികിത്സയിലായിട്ടും അയാള്‍ തിരിഞ്ഞു നോക്കിയില്ലെന്നും പരാതിയിലുണ്ട്. ഈ സംഭവം കഴിഞ്ഞ് മാസങ്ങളോളം പരാതിക്കാരിയുമായി യാതൊരു ബന്ധവുമില്ലാതിരുന്നു. 2020 ഒക്ടോബറില്‍, ക്ഷമാപണവുമായി അയാള്‍ വീണ്ടുമെത്തിയെന്നും കരഞ്ഞു കാലുപിടിച്ചുവെന്നും തുടര്‍ന്ന് പടവെട്ട് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുമായി താന്‍ സഹകരിച്ചുവെന്നും ഇക്കാലയളവില്‍ അതിക്രൂരമായ ലൈംഗിക പീഡനത്തിന് വീണ്ടും വീണ്ടും ഇരയായി എന്നും പരാതിയില്‍ പറയുന്നു.

തങ്ങളുടെ ആഗ്രഹങ്ങള്‍ നടത്തിക്കിട്ടാന്‍ വേണ്ടി ക്രൂരതയുടെ അങ്ങേയറ്റം വരെ സഹിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നാണോ ഈ സ്ത്രീകള്‍ പൊതു സമൂഹത്തോടു പറയുന്നത്..?? പെണ്ണിനെ പിച്ചിച്ചീന്തിയാലും കുഴപ്പമില്ല, കൊടുത്ത വാഗ്ദാനങ്ങള്‍ നിറവേറ്റിയാല്‍ മതിയെന്ന ആണഹന്തയ്ക്കു ബലം നല്‍കാനല്ലേ ഇതുപകരിക്കുകയുള്ളു…?? ബലാത്സംഗം ചെയ്യപ്പെട്ടതു മൂലമുള്ള ശാരീരികവും മാനസികവുമായ ട്രോമ അതിതീവ്രമാണ്. പക്ഷേ, സ്വന്തം ശരീരം ഇത്തരം നരാധമര്‍ക്ക് വീണ്ടും വീണ്ടും പിച്ചിച്ചീന്താനായി എറിഞ്ഞു കൊടുക്കുന്നത് എന്തു തരം ട്രോമ കൊണ്ടാണ്…?? പരാതി കൊടുക്കാനുള്ള മാനസികാവസ്ഥയിലേക്കെത്താന്‍ സമയമെടുക്കുമെന്നതു ശരിതന്നെ. പക്ഷേ, കേസു കൊടുക്കുന്നതിനേക്കാള്‍ മെച്ചം തന്നോടു കൊടിയ ക്രൂരത ചെയ്തവന്റെ വലയില്‍ വീണ്ടും വീണ്ടും വീണു കൊടുക്കുന്നതാണെന്ന് ഇവര്‍ കരുതുന്നതെന്തുകൊണ്ട്…?? ഇത്തരം ക്രൂരതയ്ക്ക് സ്വയമെറിഞ്ഞുകൊടുക്കുന്ന പെണ്‍സമൂഹമിവിടെ ഉള്ളിടത്തോളം കാലം വിജയ് ബാബുമാരും ലിജു കൃഷ്ണമാരും പെരുകിക്കൊണ്ടേയിരിക്കും.



പെണ്ണിന്റെ ശരീരത്തെയോ മനസിനെയോ ബുദ്ധിയെയോ കഴിവിനെയോ മാനിക്കാത്തവരാണ് അവളെ അപമാനിക്കുകയും ബലാത്സംഗം ചെയ്യുകയും കടന്നാക്രമിക്കുകയും ചെയ്യുന്നത്. ഒരു തവണ അപമാനിതയാവുകയോ ആക്രമിക്കപ്പെടുകയോ ചെയ്താല്‍ത്തന്നെ അവന്‍ ഏതു സ്വഭാവക്കാരനാണെന്നു മനസിലാക്കാന്‍ ഏതൊരു സ്ത്രീയ്ക്കും കഴിയും. എന്നിട്ടും മാസങ്ങളും വര്‍ഷങ്ങളും നീണ്ട ബലാത്സംഗങ്ങളും പീഡനങ്ങളും സഹിക്കാന്‍ തീരുമാനിക്കുന്ന സ്ത്രീകള്‍ക്കുള്ള മറുപടി മുന്‍പ് ജോസഫൈന്‍ കൊടുത്തിട്ടുണ്ട്. ‘എന്നാല്‍ നീ അനുഭവിച്ചോ’ എന്ന്.

എന്താണ് ബലാത്സംഗം എന്നത് ഓരോ മനുഷ്യരും മനസിലാക്കണം. അത് ഒരു മനുഷ്യനെതിരെ ചെയ്യാവുന്ന ക്രൂരതയുടെ അങ്ങേയറ്റമാണ്. ഒരിക്കല്‍ ആ ക്രൂരനിമിഷങ്ങളിലൂടെ കടന്നുപോയവര്‍ വീണ്ടും വീണ്ടും അതിന് സ്വയം തയ്യാറാകുന്നത് എന്തുകൊണ്ട്…?? സ്വന്തം ശരീരം പിച്ചിച്ചീന്താനായി കഴുകന്മാര്‍ക്കു വിട്ടെറിഞ്ഞ് ചിലതു നേടിയെടുക്കാമെന്നിവര്‍ കരുതുന്നുവോ…??

എന്താണു ബലാത്സംഗമെന്ന് അറിയാത്തവരല്ല പ്രായപൂര്‍ത്തിയായ ഒരു പെണ്ണും. അതിനാല്‍ത്തന്നെ, താന്‍ അതിക്രൂരമായി ആക്രമിക്കപ്പെടുകയായിരുന്നുവെന്നും ഉപയോഗിക്കപ്പെടുകയായിരുന്നുവെന്നും അറിഞ്ഞപ്പോഴേക്കും വൈകിപ്പോയി എന്ന പ്രസ്ഥാവനകള്‍ അര്‍ത്ഥശൂന്യമാണ്. ബലാത്സംഗമെന്ന കൊടുംകുറ്റകൃത്യത്തിനു തടയിടാന്‍ സമാധാനപൂര്‍ണ്ണമായൊരു ജീവിതം ആഗ്രഹിക്കുന്ന ഓരോ വ്യക്തിക്കും ഉത്തരവാദിത്തമുണ്ട്. അനുവാദത്തോടു കൂടി കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയും ഒരുമിച്ചു ചേര്‍ന്നു നടക്കുകയും ചെയ്യുന്ന സ്നേഹ സൗഹൃദബന്ധങ്ങളുണ്ട്. ഇഷ്ടത്തോടെ ചെയ്യുന്ന ലൈംഗിക ബന്ധങ്ങളുമുണ്ട്. വ്യക്തികള്‍ തമ്മില്‍ അകലുമ്പോള്‍ പങ്കാളിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തുമ്പോള്‍ ഇല്ലാതെയാകുന്നത് ബലാത്സംഗമെന്ന കൊടുംക്രൂരതയുടെ തീവ്രതയാണ്. സ്ത്രീയും പുരുഷനും ഒത്തൊരുമിച്ച് ഈ ജീവിതം ആസ്വദിച്ചു ജീവിച്ചു തീര്‍ക്കാനുള്ള അവസരങ്ങളാണ് അവ ഇല്ലായ്മ ചെയ്യുന്നത്.

ബന്ധം തകരാറിലാകുന്ന നിമിഷം പെണ്ണിന് അതില്‍ നിന്നും പിന്മാറാന്‍ സ്വാതന്ത്ര്യമുള്ളതു പോലെ തന്നെ സ്വാതന്ത്ര്യം പുരുഷനുമുണ്ട്. പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികതയില്‍ ക്രൂരത കാണിക്കുന്ന പുരുഷന്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. പങ്കാളിയെ ലൈംഗികത ചൂഷണം ചെയ്യുന്ന സ്ത്രീകളും ശിക്ഷിക്കപ്പെടണം. പ്രണയം നിഷേധിക്കാനോ പിന്‍മാറാനോ സ്ത്രീയ്ക്ക് ഏതു നിമിഷവും അനുവാദവും സ്വാതന്ത്ര്യവുമുണ്ടെങ്കില്‍ അതേ സ്വാതന്ത്ര്യത്തിന് അര്‍ഹരാണ് പുരുഷന്മാരും. അതിനാല്‍ത്തന്നെ വാഗ്ദാനം നല്‍കിയുള്ള ലൈംഗികതയില്‍ നിന്നും പിന്മാറുന്നത് ബലാത്സംഗമായി കരുതുന്ന നിയമം പൊളിച്ചെഴുതണം. ഫെമിനിസമല്ല, ഇവിടെ വളര്‍ന്നു വരേണ്ടത് ഹുമനിസമാണ്. അതിനാല്‍, തെറ്റു ചെയ്യുന്നത് ആണായാലും പെണ്ണായാലും ശിക്ഷിക്കപ്പെടുക തന്നെ വേണം.

…………………………………………………………………………
ജെസ് വര്‍ക്കി തുരുത്തേല്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു