Headlines

വിജയ് ബാബു പീഡനക്കേസ്: മറനീക്കി ഈ പെണ്‍കുട്ടിയെങ്കിലുമൊന്നു പൊരുതിയെങ്കില്‍…!

പേരില്ലാതെ, രൂപമില്ലാതെ ഇരയെന്ന പേരില്‍ എത്രകാലം പോരാടാനാണ് സ്ത്രീവര്‍ഗ്ഗം തീരുമാനിച്ചിരിക്കുന്നത്…?? തന്റെ അനുവാദമില്ലാതെ, ബലപ്രയോഗത്തിലൂടെ ലൈംഗികതയില്‍ ഏര്‍പ്പെട്ട ഒരു പുരുഷനില്‍ നിന്നും നീതിയും ന്യായവും സ്ത്രീ പ്രതീക്ഷിക്കുന്നത് എന്തിനാണ്…?? നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗത്തിനു കേസു കൊടുത്ത യുവതിയും തിരശീലയ്്ക്കു പിന്നില്‍ നിന്നും പോരാടാനുള്ള തീരുമാനത്തിലാണ്.

മലയാളി മനസാക്ഷിയെ മരവിപ്പിച്ചൊരു പീഡനമായിരുന്നു സൂര്യനെല്ലി പെണ്‍കുട്ടിയുടേത്. കേവലം 16 വയസ് മാത്രമുണ്ടായിരുന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് 42 പേര്‍ ചേര്‍ന്ന് 40 ദിവസം പീഡിപ്പിക്കുകയായിരുന്നു. 1996 ജനുവരി 16 നായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. അന്നുമുതലിന്നോളം ആ പെണ്‍കുട്ടി അറിയപ്പെടുന്നത് സൂര്യനെല്ലി പെണ്‍കുട്ടി എന്നു തന്നെയാണ്.

അതിനു ശേഷം എത്രയോ ബലാത്സംഗങ്ങള്‍…. പിറന്നു വീണ കുഞ്ഞുങ്ങള്‍ വരെ ബലാത്സംഗം ചെയ്യപ്പെട്ടു. പക്ഷേ, അവരെല്ലാം പോരാടിയത് തിരശീലയ്ക്കു പിന്നില്‍ നിന്നുകൊണ്ടായിരുന്നു. തങ്ങളെന്തോ വലിയ തെറ്റു ചെയ്തപോലെ, തല തുണികൊണ്ടു മറച്ച്, പേരും രൂപവുമില്ലാതെ…..

ബലാത്സംഗം ഒരു മാനസിക രോഗമല്ല, മറിച്ച് അതൊരു കൊടിയ കുറ്റകൃത്യമാണ്. ചില ബലാത്സംഗികള്‍ മാനസിക രോഗികള്‍ തന്നെയാണ്. പക്ഷേ, അക്കാരണത്താല്‍ ഒരാളും ആരെയും ബലാത്സംഗം ചെയ്യുകയില്ല. പുരുഷന്റെ ലൈംഗിക ദാഹത്തെ ശമിപ്പിക്കാനുണ്ടായ വെറുമൊരു വസ്തു മാത്രമാണ് സ്ത്രീയെന്നു കരുതുന്ന പുരുഷന്മാരാണ് സ്ത്രീകളെ ബലപ്രയോഗത്തിലൂടെ ഭോഗിക്കുന്നത്. ലൈംഗികതയില്‍ ഏര്‍പ്പെടാന്‍ തങ്ങള്‍ക്കു താല്‍പര്യമില്ലെന്ന് ഒരു സ്ത്രീ വ്യക്തമാക്കിയാലും അത് അംഗീകരിച്ചു കൊടുക്കാന്‍ ഇത്തരം പുരുഷന്മാര്‍ തയ്യാറാവില്ല. അവള്‍ക്കു യഥാര്‍ത്ഥത്തില്‍ താല്‍പര്യമുണ്ടെന്നും അവള്‍ കള്ളം പറയുകയാണെന്നും പുരുഷന്‍ വിശ്വസിക്കുന്നു.

സ്ത്രീകളോടു പ്രതികാരം ചെയ്യാനുള്ള ഏറ്റവും തീഷ്ണമായ മാര്‍ഗ്ഗമായിട്ടാണ് പലരും ബലാത്സംഗത്തെ കാണുന്നത്. ബലാത്സംഗികളുടെ ഈ അഹങ്കാരത്തിന് കരുത്തും ബലവും നല്‍കുന്നതാണ് ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളില്‍ നിന്നുള്ള നടപടികള്‍. സൂര്യനെല്ലി പെണ്‍കുട്ടി കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടതിനു ശേഷം 25 ലേറെ വര്‍ഷങ്ങള്‍ കടന്നുപോയി. പക്ഷേ, പൊതുസമൂഹത്തില്‍ വരാനോ സാധാരണ ജീവിതം നയിക്കാനോ അവളിതുവരെയും തയ്യാറായിട്ടില്ല.



ബലാത്സംഗം ചെയ്യപ്പെടുക എന്നത് ശാരീരികവും മാനസികവുമായ കൊടിയ വേദനയാണ് ഒരു സ്ത്രീയ്ക്കു കൊടുക്കുന്നത്. പക്ഷേ, അതിനേക്കാള്‍ ഉപരിയായി അത് അപമാനകരമെന്നു സ്ത്രീകള്‍ കരുതുന്നത് ബലാത്സംഗികള്‍ക്ക് എന്നെന്നും പ്രോത്സാഹനം നല്‍കുന്നു. അവളിനി മേലില്‍ പുറംലോകം കാണില്ലെന്നും സാധാരണ ജീവിതം ജീവിക്കില്ലെന്നും അവളുടെ ജീവിതം തുലയ്ക്കാന്‍ തനിക്കു ശേഷിയുണ്ടെന്നും ബലാത്സംഗികള്‍ കരുതുന്നു. ബലാത്സംഗം ചെയ്യപ്പെട്ടവള്‍ പേരുപോലും വെളിപ്പെടുത്താതെ തിരശീലയ്ക്കു പിന്നില്‍ നിന്നു പോരാടുമ്പോള്‍ ബലാത്സംഗികള്‍ സത്യത്തില്‍ അതിയായി ആനന്ദിക്കുകയാണ് ചെയ്യുന്നത്.

തനിക്കെതിരെ പരാതികൊടുത്ത പെണ്ണിന്റെ പേരു വെളിപ്പെടുത്തിയാല്‍ അതവള്‍ക്കു കൊടിയ മാനക്കേടാണെന്നും വിലപ്പെട്ടതെന്തോ അവള്‍ക്കു നഷ്ടപ്പെട്ടുപോകുമെന്നുമുള്ള ചിന്തയില്‍ നിന്നു തന്നെയാണ് വിജയ് ബാബുവും ആ വെളിപ്പെടുത്തല്‍ നടത്തിയത്. ഇത്തരം നികൃഷ്ട പുരുഷബോധത്തെയാണ് ഒരു സ്ത്രീ ആദ്യം തകര്‍ക്കേണ്ടത്. സ്ത്രീയെ ലൈംഗികമായി ആക്രമിച്ചും അശ്ലീലം പറഞ്ഞും ബലാത്സംഗം ചെയ്തും അവളെ ഒതുക്കാമെന്ന പുരുഷാധികാരബോധത്തിന്റെ അഹങ്കാരം തകര്‍ക്കപ്പെടണം. മനുഷ്യനെതിരെ ചെയ്യാവുന്ന ഏറ്റവും വലിയൊരു ക്രിമിനല്‍കുറ്റമാണ് ബലാത്സംഗമെന്നും അതു ചെയ്തവനാണ് തലയിലൂടെ തുണിയിട്ട് സമൂഹമധ്യത്തില്‍ നില്‍ക്കേണ്ടതെന്നും ആദ്യം മനസിലാക്കേണ്ടതും മുന്നോട്ടു വരേണ്ടതും പെണ്ണു തന്നെയാണ്. തിരശീലയ്ക്കു പിന്നില്‍ നിന്നുകൊണ്ട് പേരും രൂപവുമില്ലാതെ നടത്തുന്ന പോരാട്ടങ്ങളൊന്നും ബലാത്സംഗങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ പര്യാപ്തമല്ല.


താന്‍ കടന്നുപോയ കൊടിയ വേദനകളുടെ നിമിഷങ്ങള്‍ ഇനിയൊരു പെണ്ണും അനുഭവിക്കാതിരിക്കാന്‍ ബലാത്സംഗത്തെ എതിര്‍ക്കുന്ന ഓരോരുത്തര്‍ക്കും പങ്കുണ്ട്. സെക്‌സിനെ എതിര്‍ത്ത തന്റെ വയറ്റില്‍ വിജയ് ബാബു ചവിട്ടിയെന്നും മുഖത്തു കാര്‍ക്കിച്ചു തുപ്പിയെന്നും നടി തന്റെ പരാതിയില്‍ പറയുന്നുണ്ട്. ഇത്രയും ക്രൂരതകള്‍ ഒരു വ്യക്തിയില്‍ നിന്നും സഹിക്കേണ്ടി വന്നിട്ടും ആ മനുഷ്യന്റെ മനസിലെവിടെയെങ്കിലും തന്നോടു സ്‌നേഹമുണ്ടെന്ന് അവള്‍ പ്രതീക്ഷിച്ചിട്ടുണ്ടാവും. ഈ ക്രൂരതകളത്രയും ഒരു മാസക്കാലമവള്‍ സഹിച്ചതും ആ പ്രതീക്ഷ കൊണ്ടാവും.

സ്ത്രീ ശരീരത്തെ ബഹുമാനിക്കാത്ത, ആദരപൂര്‍വ്വം പെരുമാറാത്ത ഒരു മനുഷ്യനില്‍ നിന്നും നീതിയോ ന്യായമോ കരുണയോ പ്രതീക്ഷിക്കാന്‍ പാടില്ലെന്ന് സ്ത്രീകള്‍ മനസിലാക്കണം. രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ചു കൊണ്ട് തന്നെ കെണിയില്‍പ്പെടുത്തുകയായിരുന്നുവെന്ന് അവള്‍ പറയുന്നുണ്ട്. ഇത്തരക്കാരെ ഒരു നിമിഷം പോലും പാഴാക്കാതെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക എന്നതാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് വിധേയരാകുന്ന ഓരോ സ്ത്രീയും ചെയ്യേണ്ടത്. ആണഹന്തയ്ക്കു നേരെ ആഞ്ഞടിക്കുമ്പോള്‍ മലപോലെ പ്രതിഷേധങ്ങളുയര്‍ന്നേക്കാം. ഭയക്കാതെ നേരിട്ടേ തീരൂ. അടുത്ത നിമിഷം ആക്രമിക്കപ്പെട്ടേക്കാവുന്ന ഓരോ സ്ത്രീയെയും പെണ്‍കുട്ടിയെയും രക്ഷപ്പെടുത്താന്‍ സമയത്തുള്ള പ്രതികരണം അത്യന്താപേക്ഷിതമാണ്. പ്രതിഷേധങ്ങള്‍ കണ്ടു ഭയന്നു നിന്നാല്‍ ബലാത്സംഗികളെ ഉത്തേജിപ്പിക്കാന്‍ മാത്രമേ അതുപകരിക്കുകയുള്ളു. അതിനാല്‍, തിരശീലയ്ക്കു പിന്നില്‍ നിന്നല്ല, പേരും രൂപവും വെളിപ്പെടുത്തി, മുന്നില്‍ നിന്നു പോരാടണം.

……………………………………………………….
ആര്‍ സൂര്യന്‍


വിജയ് ബാബുവിനെതിരെയുള്ള പോസ്റ്റിന്റെ പൂര്‍ണരൂപം:

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞാന്‍ മലയാള സിനിമയില്‍ ഒരു നടിയായി ജോലി ചെയ്തുവരുന്നു. 13/03/22 – 14/04/2022 യുള്ള കാലയളവില്‍ എനിക്ക്, ഫ്രൈഡേ ഫിലിം ഹൗസ് എന്ന സ്ഥാപനം നടത്തുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവില്‍ നിന്ന് ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള ശാരീരികമായ ഉപദ്രവം നേരിടേണ്ടി വന്നു. മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ എന്ന നിലയില്‍ കുറച്ചു വര്‍ഷങ്ങളായി എനിക്ക് അദ്ദേഹത്തെ അറിയാം, അദ്ദേഹത്തോടൊപ്പം ഒരു സിനിമയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുമുണ്ട്. സിനിമാരംഗത്ത് പുതുമുഖമായ എന്നോട് സൗഹൃദത്തോടെ പെരുമാറുകയും ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുകയും ചെയ്തു കൊണ്ട് അദ്ദേഹം എന്റെ വിശ്വാസം നേടിയെടുത്തു.

എന്റെ വ്യക്തിപരവും തൊഴില്‍പരവുമായ പ്രശ്നങ്ങളില്‍ രക്ഷകനെപ്പോലെ പെരുമാറി, അതിന്റെ മറവില്‍ എന്നെ ലൈംഗികമായി ചൂഷണം ചെയ്തു. രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ചുകൊണ്ട് സ്ത്രീകളെ തന്റെ കെണിയിലേക്ക് വീഴ്ത്തുന്നതായിരുന്നു അയാളുടെ പ്രവര്‍ത്തനരീതി. തുടര്‍ന്നു മദ്യം നല്‍കി, അവശയാക്കി, അതിന്റെ ലഹരിയില്‍ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്യും. എനിക്ക് ബോധമുണ്ടായപ്പോഴെല്ലാം, സെക്‌സില്‍ ഏര്‍പ്പെടാനുള്ള സമ്മതം ഞാന്‍ നിഷേധിച്ചു. പക്ഷേ വിജയ് ബാബുവിനെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്നമായിരുന്നില്ല, എന്റെ പ്രതിഷേധം അവഗണിച്ച് കഴിഞ്ഞ ഒന്നര മാസത്തിനിടെ അയാള്‍ എന്നെ പലതവണ ബലാത്സംഗം ചെയ്തു. Happy Pill പോലുള്ള രാസ ലഹരി വസ്തുക്കള്‍ കഴിക്കാന്‍ എന്നെ നിര്‍ബന്ധിച്ചു, പക്ഷേ ഞാന്‍ അത് നിഷേധിച്ചു.

മദ്യം നല്‍കി എനിക്ക് ബോധത്തോടെ Yes or No ‘ എന്ന് പറയാന്‍ കഴിവില്ലാതിരുന്നപ്പോള്‍ എന്റെ ശരീരത്തെ അയാളുടെ സന്തോഷത്തിനുള്ള ഒരു ഉപകരണമായി ഉപയോഗിച്ചു. ഒരു കാറില്‍ വെച്ച് ഓറല്‍ സെക്‌സിന് എന്നെ നിര്‍ബന്ധിച്ചു. അതുണ്ടാക്കിയ ഷോക്കില്‍ എനിക്ക് സംസാരിക്കാന്‍ പോലും പറ്റാതായി. എന്റെ ജീവിതത്തില്‍ സംഭവിക്കുന്ന, എന്റെ ആത്മാഭിമാനത്തെ തകര്‍ക്കുന്ന ഈ സംഭവങ്ങളെ കുറിച്ച് സംസാരിക്കാനോ പ്രതികരിക്കാനോ കഴിയാതെ ഒരു ഞെട്ടലിലായിരുന്നു ഞാന്‍. അയാളില്‍നിന്ന് ഞാന്‍ ഓടിപ്പോകാന്‍ ശ്രമിക്കുമ്പോഴെല്ലാം, വിവാഹ വാഗ്ദാനങ്ങളുമായി അയാള്‍ എന്റെ പിന്നാലെ വരും. അവനില്‍ നിന്ന് ഞാന്‍ അനുഭവിച്ച ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് നിരവധി സാക്ഷികളുണ്ട്. ഞങ്ങള്‍ കണ്ടുമുട്ടുമ്പോഴെല്ലാം അദ്ദേഹം തന്റെ വരാനിരിക്കുന്ന സിനിമകളില്‍ എനിക്ക് കഥാപാത്രങ്ങള്‍ വാഗ്ദാനം ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ എന്റെ സൗഹൃദം ഇത്തരം ലക്ഷ്യം മുന്നോട്ടുവെച്ച്‌കൊണ്ടായിരുന്നില്ല.

ചലച്ചിത്രമേഖലയില്‍ അയാള്‍ക്കുള്ള സ്വാധീനവും അധികാരവും കാരണം ഞാന്‍ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു, മറ്റുള്ളവരോട് സംസാരിക്കാന്‍ ഭയപ്പെട്ടിരുന്നു. എന്നെ ഉപയോഗിക്കാനുള്ള ഒരു കെണിയായിരുന്നു അത്. എന്റെ കരിയറും സിനിമകളും പോലും അദ്ദേഹം നിയന്ത്രിച്ചു. ഒരു ദിവസം സെക്സ് നിരസിച്ചതിന്, ഞാന്‍ ആര്‍ത്തവത്തിലായിരുന്നപ്പോള്‍ അയാള്‍ എന്റെ വയറ്റില്‍ ബലമായി ചവിട്ടി. എന്റെ മുഖത്ത് കഫം തുപ്പുകയും എന്റെ ഇഷ്ടത്തിന് വിരുദ്ധമായി എന്നെ സെക്‌സിനായി നിര്‍ബന്ധിക്കുകയും ചെയ്തു. എന്റെ ശാരീരിക ആരോഗ്യത്തെ പോലും പരിഗണിച്ചില്ല.

ഈ കാലമത്രയും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയാത്തത്ര ആഘാതത്തിലായിരുന്നു ഞാന്‍. എന്നാല്‍ ഇന്ന് ഞാന്‍, ബലാത്സംഗത്തിന് ഇരയായി എന്നു മനസ്സിലാക്കുന്നു. അയാള്‍ എനിക്ക് രാക്ഷസനെപ്പോലെയായിരുന്നു. സിനിമാരംഗത്തുള്ള അദ്ദേഹത്തിന്റെ സ്വാധീനം കാരണം അതേക്കുറിച്ച് സംസാരിക്കാന്‍ പേടിച്ച്, ഭയത്തോടെ ഞാന്‍ ഉള്ളില്‍ കരയുകയായിരുന്നു. എന്റെ ഒരു നഗ്‌നവിഡിയോ റെക്കോര്‍ഡ് ചെയ്യുകയും അത് ലീക്ക് ചെയ്ത് എന്റെ സിനിമാ ജീവിതം തകര്‍ക്കുമെന്നു വിജയ ബാബു ഭീഷണിപ്പെടുത്തി; എന്റെ ജീവന്‍ അപായപ്പെടുത്തുമെന്നും.

വിജയ് ബാബുവിന്റെ കെണിയില്‍ അകപ്പെട്ട ആദ്യത്തെ പെണ്‍കുട്ടി ഞാനല്ല. വേറെയും നിരവധി സ്ത്രീകള്‍ ഉണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. അവര്‍ പേടിച്ച് പുറത്ത് വരുന്നില്ല എന്നു മാത്രം. ഇനി ഞാന്‍ വായ മൂടിവയ്ക്കുന്നില്ല. എനിക്ക് ഇനി ഈ വേദന സഹിക്കാനാവില്ല. വിജയ് ബാബുവിലൂടെ ഞാന്‍ നേരിട്ട ലൈംഗികവും ശാരീരികവുമായ ആക്രമണങ്ങള്‍ക്ക് എനിക്ക് നീതി ലഭിക്കുമെന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്നു. ഞാന്‍ നിയമപരമായിത്തന്നെ മുന്നോട്ട് നീങ്ങുന്നു. ജീവിതത്തില്‍, പ്രത്യേകിച്ച് സിനിമാരംഗത്ത് ഇനി ആരും ഇത്തരം വേദനയിലൂടെയും ശാരീരിക ആഘാതത്തിലൂടെയും കടന്നുപോകരുത്. അയാളില്‍ നിന്ന് ഈ അനുഭവം ഉണ്ടായിട്ടുള്ളതും നിശബ്ദരായിരിക്കുന്നതുമായ എല്ലാ സ്ത്രീകളോടും ഞാന്‍ സംസാരിക്കാന്‍ ആവശ്യപ്പെടുന്നു, കാരണം നമുക്ക് ഒരുമിച്ച് മറ്റൊരു പെണ്‍കുട്ടിയെ ചൂഷണം ചെയ്യുന്നത് തടയാം.

N.B: സോഷ്യല്‍ മീഡിയയില്‍ എന്നെ അപമാനിക്കുകയോ വ്യക്തിപരമായി ആക്രമിക്കുകയോ അല്ലെങ്കില്‍ എന്റെ പ്രതിച്ഛായയും വ്യക്തിത്വവും നശിപ്പിക്കാന്‍ ശ്രമിക്കുന്നതോ ആയവര്‍ക്കെതിരെ ഞാന്‍ കര്‍ശനമായ നിയമനടപടി സ്വീകരിക്കും.

വിജയ്ബാബു ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് നടി പരാതിയുമായി കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. എറണാകുളം സൗത്ത് പൊലീസ് വിജയ്ബാബുവിനെതിരെ കേസെടുത്തു. ഇതിനു പിന്നാലെ വിജയ്ബാബു നടിക്കെതിരെ ഫെയ്‌സ്ബുക് ലൈവില്‍വന്ന് വിശദീകരണം നല്‍കിയിരുന്നു. താന്‍ തെറ്റു ചെയ്തിട്ടില്ലെന്നും അതുകൊണ്ട് പേടിയില്ലെന്നും പറഞ്ഞ വിജയ് ബാബു പെണ്‍കുട്ടിയുടെ പേരും വെളിപ്പെടുത്തിയിരുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു