Header Ads

ദിലീപിന്റെ കുടുംബജീവിതത്തെ ലക്ഷ്യമാക്കി പല്ലിശേരി വീണ്ടും രംഗത്ത്

 


നടിയെ ആക്രമിച്ച കേസിന്റെ ആരംഭം മുതല്‍ ദിലീപ്-മഞ്ജു വാര്യര്‍-കാവ്യ മാധവന്‍ എന്നിവരുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ഓരോന്നോരോന്നായി വെളിപ്പെടുത്തുകയായിരുന്നു സിനിമ ലേഖകനായ പല്ലിശേരി. ഇപ്പോഴിതാ, ദിലീപ്-കാവ്യ മാധവന്‍ ബന്ധം തകര്‍ന്നുവെന്നും അവര്‍ വിവാഹ മോചനത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നുമുള്ള സൂചനകളുമായി പല്ലിശേരി വീണ്ടുമെത്തിയിരിക്കുന്നു.


ദിലീപിന് എല്ലാ വിധ പിന്തുണയും നല്‍കി കാവ്യ മാധവന്‍ കൂടെയുള്ളിടത്തോളം മാനസികമായി തകര്‍ക്കാന്‍ കഴിയില്ലെന്ന വിശ്വാസമുള്ളതു കൊണ്ടാവാം പല്ലിശേരി ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്. കാവ്യയും ദിലീപുമായി അടുത്താലും വേര്‍പിരിഞ്ഞാലും മലയാളികള്‍ക്ക് യാതൊന്നും സംഭവിക്കാനില്ല. പക്ഷേ, ദിലീപ് ക്രിമിനലാണെങ്കില്‍, നടിയെ ആക്രമിച്ച കേസില്‍ ദിലീപിനു പങ്കുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം.

മലയാള സിനിമ രംഗത്ത് കിരീടം വയ്ക്കാത്ത രാജാവു തന്നെയാണ് ദിലീപ്. ഏറ്റവും താഴെത്തട്ടില്‍ നിന്നും വന്നെത്തി, ചെറിയ വേഷങ്ങളിലൂടെ സാന്നിധ്യമുറപ്പിച്ച്, മലയാള സിനിമയെത്തന്നെ നിയന്ത്രിക്കുന്ന ചാലകശക്തിയായി ദിലീപ് പിന്നീട് വളര്‍ന്നു. മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം താരചക്രവര്‍ത്തിമാര്‍ തന്നെ. പക്ഷേ, അവര്‍ക്കും മേലെയാണ് ദിലീപ് എന്ന നടന്റെ സാമ്രാജ്യം വളര്‍ന്നിരിക്കുന്നത്. ഈ വളര്‍ച്ചയുടെ വഴികളില്‍ നിരവധിപേരുടെ കണ്ണുനീര്‍ വീണിട്ടുണ്ടാകാം. അവര്‍ക്കെല്ലാം ദിലീപിനോടു പകയുമുണ്ടാകാം. അവസരം കാത്തിരുന്ന മുറിവേറ്റ ശത്രു ആഞ്ഞടിക്കുന്നതുമാകാം ഒരുപക്ഷേ.


നടി ആക്രമിക്കപ്പെട്ട കേസ് ദിലീപ് എന്ന വമ്പന്റെ സ്വാധീനവലയത്തില്‍ അനന്തമായി നീളുന്ന കാഴ്ചയാണിപ്പോള്‍ കാണുന്നത്. അന്വേഷണങ്ങളുടെ അവസാനം നീളുന്നത് മറ്റൊരു വലിയ അന്വേഷണത്തിന്റെ തുടക്കത്തിലേക്കാണ്. അതിനിടയില്‍, ചിലര്‍ നടത്തുന്ന വെളിപ്പെടുത്തലുകള്‍ പുതിയ അന്വേഷണങ്ങള്‍ക്കു വഴിതെളിക്കുന്നു. ഇത്തരമൊരന്തരീക്ഷത്തിലാണ് ദിലീപ്-കാവ്യ മാധവന്‍ ബന്ധത്തില്‍ വിള്ളലുകള്‍ വീണെന്ന വെളിപ്പെടുത്തലുകളുമായി പല്ലിശേരി എത്തുന്നത്.

കാവ്യയ്ക്കെതിരെയുള്ള നിര്‍ണ്ണായക തെളിവുകള്‍ നിരത്തിയത് ദിലീപിന്റെ സഹോദരി ഭര്‍ത്താവാണ്. അതോടെ, കാവ്യ മാധവന്റെ കുടുംബം ദിലീപിനെതിരായി തിരിഞ്ഞുവെന്നാണ് പല്ലിശേരിയുടെ പുതിയ വെളിപ്പെടുത്തല്‍. തങ്ങളുടെ മകളെ ദിലീപിന്റെ കുടുംബം ഒറ്റപ്പെടുത്തിയെന്നും കാവ്യയെ കൂട്ടിക്കൊണ്ടു പോകാന്‍ കാവ്യയുടെ കുടുംബം തീരുമാനിച്ചിരിക്കുകയാണെന്നുമാണ് പല്ലിശേരി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

തങ്ങളുടെ മകളെ ഒറ്റപ്പെടുത്തിയെന്ന ധാരണ കാവ്യയുടെ കുടുംബത്തിന് വല്ലാത്ത പകയാണ് സൃഷ്ട്ടിച്ചിരിക്കുന്നത്. 'മകളെ ഇനിയും ഒറ്റപ്പെടുത്താനോ കുറ്റപ്പെടുത്താനോ ശ്രമിക്കുകയാണെങ്കില്‍ ഒരുത്തനെയും ഞങ്ങള്‍ വെറുതെ വിടില്ല. അപ്പോള്‍ എല്ലാ ബന്ധങ്ങളും ഞങ്ങള്‍ മറക്കും. പറയാനുള്ള കാര്യങ്ങള്‍ കൃത്യമായ തെളിവോടുകൂടെ അന്വേഷണ ഉദ്യഗസ്ഥരെ അറിയിക്കും,' കാവ്യയുടെ കുടുംബം ഇത്തരത്തില്‍ വെളിപ്പെടുത്തിയതായി പല്ലിശേരി പറയുന്നു.

'മഞ്ജു വാര്യരേയും കാവ്യയേയും ഭാര്യയാക്കണം എന്ന് ദിലീപിന് ആഗ്രഹം ഉണ്ടായിരുന്നു. ഞാന്‍ പറയുന്ന സത്യങ്ങള്‍ ദിലീപിനെ അലോസരപ്പെടുത്തിയിരുന്നു. എന്നാല്‍ ആ വാര്‍ത്തകള്‍ പുറത്തു വരാതിരിക്കാന്‍ വേണ്ടി ദിലീപ് എന്റെ ഓഫീസില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഞാനിതൊന്നും അറിയില്ലെന്നാണ് ദിലീപ് കരുതിയത്. സിനിമാ ലോകത്തു നിന്നും വാര്‍ത്തകള്‍ പിടിക്കുന്ന എനിക്ക് എന്റെ സ്ഥാപനത്തില്‍ നിന്നും വാര്‍ത്തകള്‍ കിട്ടാനാണോ ബുദ്ധിമുട്ട്. എനിക്കെതിരെ കരുക്കള്‍ നീക്കിയപ്പോള്‍ ഞാന്‍ എഴുത്തിന്റെ ശക്തികൂട്ടി. ദിലീപിന്റെയൊക്കെ തുടക്കക്കാലത്ത് അയാള്‍ക്ക് നല്ല രീതിയില്‍ വര്‍ക്ക് ചെയ്ത പത്രക്കാരെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ അതങ്ങനെ വെറുതേ വിടാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല,' പല്ലിശേരി പറയുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് മുന്‍പും ശേഷവും ദിലീപിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച വ്യക്തിയാണ് പല്ലിശ്ശേരി. സിനിമാ മംഗളം വാരികയിലെ കോളത്തിലൂടെ ദിലീപിനെതിരെ അദ്ദേഹം ശക്തമായ ആക്ഷേപങ്ങള്‍ അഴിച്ചുവിട്ടിട്ടുണ്ട്. മഞ്ജു വാര്യരും ദിലീപും അകലാന്‍ കാരണം പോലും പല്ലിശ്ശേരിയുടെ റിപ്പോര്‍ട്ടുകളാണെന്ന് ദിലീപ് കരുതിയിരുന്നു. നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട സിനിമാ മംഗളത്തില്‍ തുടരെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളും ദിലീപിന് വലിയ തിരിച്ചടിയായി മാറിയിരുന്നു. ഒടുവില്‍ ദിലീപ് നടത്തിയ ശക്തമായ ഇടപെടലുകളിലൂടെ പല്ലിശ്ശേരി മംഗളത്തില്‍ നിന്ന് പുറത്തുപോവുകയായിരുന്നു. സിനിമാ മംഗളത്തിന്റെ പത്രാധിപ സ്ഥാനത്ത് നിന്നും ഒഴിഞ്ഞ പല്ലിശ്ശേരി പിന്നീട് സിപിഐയുടെ മുഖപത്രമായ ജനയുഗത്തില്‍ ചേക്കേറി.

കേസില്‍ നിന്നും വേഗത്തില്‍ രക്ഷപ്പെടാനും നിരപരാധിയാണെന്ന് തെളിയിക്കാനും വേണ്ടി കോടികളാണ് ദിലീപ് ചെലവിട്ടുകൊണ്ടിരിക്കുന്നതെന്ന് പല്ലിശ്ശേരി പറയുന്നു. സ്വാധീനിക്കാന്‍ പറ്റുന്ന മിക്കതിനെയും സ്വാധീനിച്ചു. ഇതിനകം പലരുടെയും കൈകളിലേക്ക് കോടികള്‍ എത്തിച്ചിട്ടുണ്ട്. തുടര്‍ച്ചയായി ജാമ്യം ലംഘിക്കാന്‍ ദിലീപിന് ഒരു മടിയുമില്ല. എന്തു വിലകൊടുത്തും രക്ഷപ്പെടാനുള്ള തീവ്ര ശ്രമത്തിലാണ് ദിലീപിപ്പോള്‍. ഇതിനായി പണം വാരിയെറിയുകയാണ്. പ്രതികാരം ചെയ്യേണ്ടവരോട് ആ രീതിയിലും പണം കൊടുത്ത് വശത്താക്കേണ്ടവരെ അത്തരത്തിലും സ്വാധീനിച്ചു കഴിഞ്ഞുവെന്നും പല്ലിശ്ശേരി പറയുന്നു.

തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് അത്രയേറെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചുവന്ന പല്ലിശ്ശേരിക്കെതിരെ നേരത്തെ ദിലീപ് രംഗത്ത് വന്നിരുന്നു. വര്‍ഷങ്ങളായി തന്നെ ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന ആളാണ് പല്ലിശ്ശേരി. ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായിരിക്കുന്ന സമയത്ത് മുകേഷേട്ടന്‍ പറഞ്ഞ കഥകളിലൂടെയാണ് എനിക്ക് പല്ലിശ്ശേരി എന്ന ആളെ പരിചയം. അന്ന് തിലകന്‍ ചേട്ടനെ തല്ലി എന്നൊക്കെ പറഞ്ഞിട്ടുള്ള കഥകളുണ്ടായിരുന്നു. കേട്ട കാര്യങ്ങള്‍ അത്തരത്തിലുള്ളതായതിനാല്‍ എന്റെ മനസ്സില്‍ ഇയാള്‍ക്ക് ഒരു കോമാളിയുടെ രൂപമാണ്. കണ്ടുമുട്ടിയത് പിന്നീടൊരു സുപ്രഭാതത്തില്‍ ഞാന്‍ പെല്ലിശ്ശേരിയെ നേരിട്ട് കണ്ടു. എനിക്കയാള കണ്ടപ്പോള്‍ ഒരു കൗതുകമാണ് ആദ്യം തോന്നിയത്. പിന്നീട് പല അവസരത്തിലും ഇയാളെ കണ്ടു. എഴുതുന്നതിന് പൈസ ആവശ്യപ്പെടും. എനിക്കതിന്റെ ആവശ്യമില്ലാത്തതിനാല്‍ ഞാനതു നല്‍കിയിട്ടില്ല. അതിന് ശേഷമാണ് എന്നെ കുറിച്ച് മോശമായ വാര്‍ത്തകള്‍ എഴുതി തുടങ്ങിയത്, എന്ന് ദിലീപ് മുന്‍പ് പറഞ്ഞിരുന്നു.

ദിലീപിന്റെയും പങ്കാളികളുടെയും സ്വകാര്യജീവിതത്തിലേക്കു തുറന്നുവച്ച ക്യാമറക്കണ്ണുകളാണ് പല്ലിശേരിയുടേത്. ദിലീപിന് ഏതെങ്കിലും നടികളുമായി ഉഭയകക്ഷി ബന്ധമുള്ളതൊന്നും മറ്റുള്ളവരെ ബാധിക്കുന്ന പ്രശ്‌നങ്ങളല്ല. അതിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടയാള്‍ ദിലീപും കൂടെയുള്ളവരും മാത്രമാണ്. കാവ്യ മാധവനുമൊത്തു ജീവിച്ചാലും വേര്‍പിരിഞ്ഞാലും മലയാളികളെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്‌നവുമല്ല. എന്നാല്‍, നടിയെ ആക്രമിച്ച കേസില്‍ ദിലീപിനു പങ്കുണ്ടെങ്കില്‍ ശിക്ഷ ലഭിക്കുക തന്നെ വേണം.

...........................................................
Thamasoma News Desk

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.