Header Ads

മുഖ്യമന്ത്രി പിണറായി വിജയന്റെ ചികിത്സ എന്റെ ആവശ്യമല്ല, നിങ്ങളുടേതോ....??


ക്യാന്‍സര്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 23 ന് വീണ്ടും അമേരിക്കയിലെ മയോക്ലിനിക്കിലേക്കു പോകാനൊരുങ്ങുന്നു. ചികിത്സ കഴിഞ്ഞ് മെയ് മാസത്തില്‍ മടങ്ങിവരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഭാര്യ കമലയും സഹായി സുനീഷും അദ്ദേഹത്തോടൊപ്പമുണ്ടായിരിക്കുമെന്നതാണ് ലഭ്യമായ വിവരങ്ങള്‍. മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ട ഫയല്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ എത്തിക്കഴിഞ്ഞു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഉത്തരവ് രണ്ടു ദിവസത്തിനകം ഉണ്ടായിരിക്കും. ക്യാന്‍സര്‍ ചികിത്സയ്ക്കാണ് പോകുന്നതെന്നാണ് അറിവെങ്കിലും അക്കാര്യം ഇതുവരെയും മുഖ്യമന്ത്രി വെളിപ്പെടുത്തിയിട്ടില്ല.

ചികിത്സയ്ക്കായി ഈ വര്‍ഷം ജനുവരിയില്‍ മുഖ്യമന്ത്രി അമേരിക്കയില്‍ പോയിരുന്നു. അന്ന്, അതിനു ചെലവായ തുക 29.82 ലക്ഷം രൂപയായിരുന്നു. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം ഈ തുക കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അനുവദിച്ചിരുന്നു. പൊതു ഭരണ വകുപ്പ് ഇറക്കിയ ഉത്തരവില്‍ വസ്തുതപരമായ പിശക് സംഭവിച്ചതിനെ തുടര്‍ന്ന് തുക അനുവദിച്ച ഉത്തരവ് റദ്ദാക്കിയിരുന്നു. പൊതുഭരണ അക്കൗണ്ട്സ് വിഭാഗത്തില്‍ നിന്ന് തുക അനുവദിച്ച് പുതിയ ഉത്തരവ് ഉടനിറങ്ങും. യാത്രയുമായി ബന്ധപ്പെട്ട വിമാന ടിക്കറ്റ്, മറ്റ് ചെലവുകള്‍ തുടങ്ങിയവയുടെ രേഖകള്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് ബാക്കി തുക അനുവദിക്കും. മുഖ്യമന്ത്രിയുടെ ചികിത്സയ്ക്കാവശ്യമായ തുക ചെലവഴിക്കുന്നത് സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ്.

കോരന്റെയും കല്യാണിയുടെയും 14 മക്കളില്‍ ഏറ്റവും ഇളയ മകനായി 1945 മെയ് 24 കണ്ണൂരില്‍ ജനിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തലശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളജില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്കു വന്നത്. 1964 ലാണ് അദ്ദേഹം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായത്. 1970 ലാണ് ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ നിന്നുമാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. അതിനു ശേഷം 2021 ല്‍ നടന്ന തെരഞ്ഞെടുപ്പ് ഉള്‍പ്പടെ ആറ് തവണയാണ് അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചത്. 1996 ലും 1998 ലും കേരള മന്ത്രിസഭയുടെ ഭാഗമായിരുന്ന പിണറായി വിജയന്‍ 25 മെയ് 2016 മുതല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായി ഇരുന്നിട്ടുള്ള വ്യക്തിയും പിണറായി വിജയന്‍ തന്നെ.

ഇന്ത്യയില്‍ രാഷ്ട്രീയം തൊഴിലാക്കിയ ഒരു വ്യക്തിക്ക് ലഭിക്കുന്ന സാമ്പത്തിക ലാഭവും ഉയര്‍ന്ന പരിഗണനയും അധികാരവും മറ്റു പ്രിവിലേജുകളുമെല്ലാമാണ് അധികാരക്കസേരകളില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ അവരെ പ്രേരിപ്പിക്കുന്ന ഘടകം.

കേരളത്തിലെ ഒരു നിയമസഭാംഗത്തിന് ഏകദേശം കിട്ടുന്ന പ്രതിഫലത്തിന്റെ കണക്ക് ഇതാണ്.

മാസശമ്പളം 12,000 രൂപ, വാഹന അലവന്‍സ് 10,500 രൂപ, ദിവസ അലവന്‍സ് 1000 രൂപ, നിയോജക മണ്ഡല അലവന്‍സ് 12,000 രൂപ, യാത്ര അലവന്‍സ് 15,000 രൂപ, ഫോണ്‍ ബില്‍ അലവന്‍സ് 7500 രൂപ, ഇന്‍ഫൊര്‍മേ,ന്‍ അലവന്‍സ് 3000 രൂപ, മന്ത്രിമാരുടെ സ്റ്റാഫിനുള്ള അലവന്‍സ് ഓരോരുത്തര്‍ക്കും 10000 രൂപ വീതം. അതായത്, കേരളത്തിലെ ഒരു മന്ത്രിക്ക് ഏറ്റവും കുറഞ്ഞത് 58,000 രൂപ ശമ്പളമായി കിട്ടുന്നുണ്ട് എന്നര്‍ത്ഥം. ഇത് പേവ്‌സണല്‍ സ്റ്റാഫിന്റെ പ്രതിഫലം കൂടാതെയാണ്. ഓരോ മന്ത്രിമാര്‍ക്കും 10 മുതല്‍ 30 വരെ പേഴ്‌സണല്‍ സ്റ്റാഫുകളുണ്ടെന്നത് കേരളത്തില്‍ ഏവര്‍ക്കുമറിയാവുന്ന കാര്യമാണ്. അതായത്, വീട്ടിലും പുറത്തുമുള്ള സകല ജോലികളും ചെയ്യാനുള്ള ആളുകളും അവര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ശമ്പളവും ലഭിക്കുന്നുണ്ട് എന്നര്‍ത്ഥം. ഈ പേഴ്‌സണല്‍ സ്റ്റാഫുകളുടെ ശമ്പളം 20,000 രൂപയ്ക്കും 50,000 രൂപയ്ക്കും ഇടയിലാണ്. ഇതുകൂടാതെ, ദിവസ വേതനത്തില്‍ മന്ത്രിമാരുടെ ബംഗ്ലാവുകളില്‍ പണിയെടുക്കുന്ന നിരവധി ആളുകളുണ്ട്. ഇവര്‍ക്കെല്ലാം പ്രതിഫലം കൊടുക്കുന്നതും സര്‍ക്കാര്‍ ഖജനാവില്‍ നിന്നു തന്നെ.


വിക്കിപീഡിയ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്, കേരള മുഖ്യമന്ത്രിയുടെ അടിസ്ഥാന ശമ്പളം 90,000 രൂപയാണ്. ഡി എ ഇനത്തില്‍ 41,000 രൂപയം യാത്രയ്ക്കായി 20,000 രൂപയുമുണ്ട്. ഇതുകൂടാതെയാണ് മറ്റ് അലവന്‍സുകള്‍. അതായത്, കേരള മുഖ്യമന്ത്രി എന്ന നിലയില്‍ സഖാവ് പിണറായി വിജയന് ഓരോ മാസവും കിട്ടുന്ന ശമ്പളം 1,85,000 രൂപ ആണ്. ഇതിനു പുറമെയാണ് എം എല്‍ എ എന്ന നിലയില്‍ കിട്ടുന്ന പ്രതിഫലം.

കേരളത്തിലെ സാധാരണക്കാരുടെ പ്രതിഫലം

കേരളത്തില്‍ 3000 രൂപയോ അതില്‍ത്താഴെയോ മാത്രം മാസ വരുമാനമുള്ള 10% ആളുകളുണ്ട് എന്ന് കണക്കുകള്‍ നമ്മോടു പറയുന്നു. അതായത്, അശരണരായ, അവശരായ, ആരോരുമില്ലാത്ത ജനങ്ങളാണ് ഈ പത്തു ശതമാനം പേര്‍. മാസവരുമാനം 3000-6000 രൂപയ്ക്ക് ഇടയില്‍ വരുന്ന ആളുകള്‍ 30% പേരാണ്.

മാസം 6000 രൂപയ്ക്കും 10,000 രൂപയ്ക്കും ഇടയില്‍ വരുമാനമുള്ള സാധാരണക്കാരില്‍ താഴെത്തട്ടിലുള്ളവര്‍ 30% ആണ്. കേരളത്തിലെ മധ്യവരുമാനക്കാരുടെ മാസവരുമാനം 10,000 രൂപയ്ക്കും 30,000 രൂപയ്ക്കും ഇടയിലാണ്. അതായത് കേരള ജനസംഖ്യയുടെ 20% പേര്‍ ഈ വിഭാഗത്തില്‍ പെടുമെന്നര്‍ത്ഥം.

സാമ്പത്തിക ശേഷി ഉയര്‍ന്ന 30,000 രൂപയ്ക്കും 1,20,000 (ഒരു ലക്ഷത്തി ഇരുപതിനായിരം) രൂപയ്ക്കും ഇടയില്‍ മാസ ശമ്പളം വാങ്ങുന്നവരുടെ എണ്ണം 7% ആണ്. കേരളത്തിലെ സമ്പന്നരുടെ മാസ ശമ്പളം 1,20,000 രൂപയ്ക്കും 6 ലക്ഷത്തിനുമിടയിലാണ്. ഈ വിഭാഗത്തില്‍പ്പെട്ട 2% ജനങ്ങളാണ് കേരളത്തിലുള്ളത്. അതിസമ്പന്നരായ കേരളീയരുടെ മാസവരുമാനം 6 ലക്ഷവും അതിനു മുകളിലുമാണ്. ഈ വിഭാഗത്തില്‍പ്പെട്ട 1% പേരാണ് കേരളത്തിലുള്ളത്.


കേരളത്തില്‍ 10,000 രൂപയില്‍ താഴെ മാത്രം വരുമാനമുള്ള കുടുംബങ്ങള്‍ 70% ആണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രോഗം വന്നാല്‍ ചികിത്സയ്ക്കു പോലും കാശില്ലാത്തവര്‍, വിലക്കയറ്റം മൂലം അവശ്യസാധനങ്ങളുടെ വില വര്‍ദ്ധിച്ചാല്‍ പട്ടിണിയിലാകുന്നവര്‍, മക്കളുടെ വിദ്യാഭ്യാസത്തിന്, എന്തിന്, ജീവിക്കാന്‍ ആവശ്യമായ ആഹാരത്തിനു പോലും വേണ്ടത്ര വകയില്ലാതെ, പട്ടിണിക്കോലങ്ങളായ മനുഷ്യരും ദിവസം ഒന്നോ രണ്ടോ നേരമെങ്കിലും കഴിക്കാനുള്ള വകയുള്ളവരുടെയും ശതമാനക്കണക്കാണിത്. അത്യാവശ്യം മൂന്നുനേരം ഭക്ഷണം കഴിക്കാനുള്ള വകയുള്ള മിഡില്‍ ക്ലാസ് കുടുംബങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാല്‍ ഈ കണക്ക് 90% വരും. പക്ഷേ, ഒരു രോഗം വന്നാല്‍ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി അപ്പാടെ തകരാറിലാവുമെന്നര്‍ത്ഥം.

അതായത്, കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളുടേയും ജീവിതാവസ്ഥ പരമദയനീയമാണെന്നര്‍ത്ഥം. ഒരു രോഗം വന്നാല്‍ കേരളത്തിലെ 90% കുടുംബങ്ങളുടെയും സാമ്പത്തിക നില തകര്‍ന്നടിയുമെന്നു സാരം.. ജനങ്ങള്‍ക്കു മുന്നില്‍ ഇരന്നും കൈനീട്ടിയും കണ്ണീരൊഴുക്കിയും പണം വാങ്ങി ചികിത്സ നടത്താന്‍ വിധിക്കപ്പെട്ടവര്‍. ഇരന്നാലും ഒരിടത്തു നിന്നും സാമ്പത്തിക സഹായം കിട്ടാത്ത മധ്യവരുമാനക്കാര്‍. സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സ പോലും ശരിയായ വിധത്തില്‍ കിട്ടാനുള്ള അവസരമില്ലാത്തവര്‍. ഈ പട്ടിണിപ്പാവങ്ങളാണ് 1,85,00 രൂപ മാസവരുമാനമുള്ള, ആജ്ഞാനുവര്‍ത്തികളായി 26 പേഴ്‌സണല്‍ സ്റ്റാഫുകളുള്ള, വച്ചുവിളമ്പിക്കൊടുക്കാനും വീടടിച്ചു വൃത്തിയാക്കാനും ബംഗ്ലാവു നിറയെ വേലക്കാരുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കന്‍ ചികിത്സയ്ക്കായി പണമുണ്ടാക്കേണ്ടത്. സ്വന്തം കുഞ്ഞിനു പനി വന്നാല്‍പ്പോലും ആശുപത്രിയിലെത്താന്‍ വണ്ടിക്കൂലിക്കു നയാപൈസ കൈയിലില്ലാത്ത, ചികിത്സിക്കാന്‍ കാശില്ലാതെ നെട്ടോട്ടമോടുന്ന 90 ശതമാനം മനുഷ്യരുടെ വിയര്‍പ്പിന്റെ വില തന്നെ വേണമത്രെ മുഖ്യമന്ത്രിക്കും കുടുംബത്തിനും ചികിത്സയ്ക്കായി......!!പട്ടിണി കിടന്നു ചാവാതിരിക്കാന്‍ സൗജന്യമായി കുറച്ച് അരിയും മറ്റു സാധനങ്ങളും നല്‍കിയ ശേഷം നടത്തുന്ന ഈ തീവെട്ടിക്കൊള്ളയുടെ പേരെന്താണ് സഖാവേ...?? മാസാമാസം എണ്ണിവാങ്ങുന്ന പണം മുടക്കി താങ്കളുടെ ചികിത്സ നടത്താന്‍ തയ്യാറല്ലാത്ത താങ്കള്‍ ആ തുക സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കിട്ടുന്നതിനായി കാത്തിരിക്കുന്നു. ഇതാണോ നിങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന അടിസ്ഥാന വര്‍ഗ്ഗത്തിന്റെ വികസനം?? ഇതാണോ നിങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന പാവപ്പെട്ടവരുടെ ഉന്നമനം..?? ഇതാണോ ഒരു കമ്മ്യൂണിസ്റ്റ് ഭരണാധികാരിക്ക് ജനങ്ങളോടുള്ള പ്രതിബദ്ധത...??

കൊറോണ മൂലം ജനങ്ങള്‍ക്കുണ്ടായ വരുമാനക്കുറവ് 32% മാണ്. ഏകദേശം 23% പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. കടബാധ്യത 12% മായി ഉയര്‍ന്നു. ആരോഗ്യം തകര്‍ന്നു. ജനങ്ങളുടെ ഈ തകര്‍ച്ചയ്ക്കു മുകളില്‍ നിന്നുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടി സംഘടനകള്‍ ദേശീയ പണിമുടക്കു നടത്തിയതിന് സര്‍വ്വ പിന്തുണയും നല്‍കി സര്‍ക്കാര്‍ കൂടെ നിന്നു. അതും ജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത പണം കൊണ്ട്...! ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്ന് ഇനിയുമിങ്ങനെ വിളിച്ചു കൂവാന്‍ നാണമാകുന്നില്ലേ സഖാവേ നിങ്ങള്‍ക്ക്...??

മാസവരുമാനം 10,000 രൂപയ്ക്കും 30,000 രൂപയ്ക്കുമിടയിലുള്ള മധ്യവരുമാനതക്കാരുടെ ഇടയിലാണ് എന്റെ സ്ഥാനം. എന്റെ കുടുംബവും കുഞ്ഞുങ്ങളും ഉള്‍പ്പടെയുള്ളവര്‍ എന്നെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. കുടുംബത്തില്‍ ആര്‍ക്കെങ്കിലുമൊരു രോഗം വന്നാല്‍ തകര്‍ന്നുപോകുന്നതാണെന്റെ സാമ്പത്തിക സ്ഥിതി. ഏറ്റവും പാവപ്പെട്ടവന് മറ്റുള്ളവര്‍ക്കു മുന്നില്‍ കൈനീട്ടാം. എന്നെപ്പോലുള്ള മനുഷ്യര്‍ക്ക് അതും സാധ്യമല്ല, ഗതികെട്ടു കൈനീട്ടിയാലും ആരും ഒന്നും തന്നുകൊള്ളണമെന്നില്ല. 

ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും നല്‍കുന്നത് തുല്യാവകാശവും തുല്യനീതിയുമാണെങ്കില്‍ ഇവിടെയുള്ള രാഷ്ട്രീയക്കാര്‍ക്കോ നേതാക്കള്‍ക്കോ മന്ത്രിമാര്‍ക്കോ ഇത്തരത്തില്‍ പ്രിവിലേജുകള്‍ കൊടുക്കുന്നത് ഭരണഘടനയുടെ നഗ്നമായ ലംഘനമാണ്. മുഖ്യമന്ത്രിയ്ക്ക് അമേരിക്കന്‍ ചികിത്സയ്ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം നല്‍കാമെങ്കില്‍ അതിനുള്ള അര്‍ഹത ഇവിടെയുള്ള ഓരോ പൗരനുമുണ്ട്. പക്ഷേ, കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍പ്പോലും നല്ലൊരു ചികിത്സ കിട്ടാന്‍ വിധിയില്ലാത്ത മഹാഭൂരിപക്ഷമാണ് കേരളത്തിലെ ജനങ്ങള്‍. സ്ഥിതിഗതികള്‍ ഇങ്ങനെയാണെന്നിരിക്കെ, പിണറായി വിജയന് സര്‍ക്കാര്‍ ചെലവില്‍ അമേരിക്കന്‍ ചികിത്സയ്ക്ക് യാതൊരു അര്‍ഹതയുമില്ലെന്നു തന്നെയാണര്‍ത്ഥം. അര്‍ഹതയില്ലാത്തതു നേടിയെടുത്ത ഭരണഘടനാ ലംഘകരാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ ഖജനാവില്‍ കൈയിട്ടുവാരുന്ന ഓരോ മന്ത്രിമാരും.

ഏതെങ്കിലുമൊരു മാരകരോഗം വന്നാല്‍ മരിച്ചു പോകാന്‍ മാത്രം വിധിക്കപ്പെട്ട എന്റെയും എന്റെ കുടുംബത്തിന്റെയും അധ്വാനഫലത്തില്‍ നിന്നും ലക്ഷങ്ങള്‍ ശമ്പളവും മറ്റാനുകൂല്യങ്ങളും മറ്റനവധി പ്രിവിലേജുകളും കൈപ്പറ്റുന്ന മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരുടെ ചികിത്സയ്ക്കായി തരാന്‍ എനിക്കു മനസില്ല സഖാവേ... ഈ പട്ടിണിപ്പാവങ്ങളുടെ പണം കൊണ്ടു ചികിത്സിക്കുന്ന നിങ്ങളെക്കാള്‍ മാന്യതയുണ്ട് തെരുവില്‍ ശരീരം വിറ്റു ജീവിക്കുന്ന മനുഷ്യര്‍ക്ക്. കേരളത്തിലെ സാധാരണക്കാരില്‍ സാധാരണക്കാരായ ഒരു ഇന്ത്യന്‍ പൗരനും കിട്ടാത്ത ഒരു പ്രിവിലേജും കിട്ടാനുള്ള യോഗ്യത നിങ്ങള്‍ക്കില്ലെന്നു മനസിലാക്കുക. ജനങ്ങളുടെ സേവകനെന്നാല്‍ ഏകഛത്രാധിപതിയല്ലെന്ന് ഓരോ ഭരണാധികാരിക്കും ജനങ്ങള്‍ നിങ്ങള്‍ക്കു മനസിലാക്കിത്തരുന്ന കാലം വിദൂരമല്ല.

...................................................................................................
ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ
Tags: Mayo Clinic, America, life after Corona, low income group in Kerala,


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.