Header Ads

കെ റെയില്‍ വിനാശകരം, ലജ്ജാകരം: അലോക് കുമാര്‍ വര്‍മ്മ

 
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ കെ റെയില്‍ പദ്ധതി അത്യന്തം വിനാശകരവും ലജ്ജാകരവുമെന്ന് പദ്ധതിയുടെ കരട് ഡി പി ആര്‍ തയ്യറാക്കിയ അലോക് കുമാര്‍ വര്‍മ്മ.

കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ റെയില്‍വേയ്്ക്ക് സംഭവിച്ച അതിഭീകരമായ പരാജയങ്ങള്‍ സമൂഹ മനസാക്ഷിയിലേക്ക് എത്തിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായിട്ടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

സില്‍വര്‍ ലൈനിന്റെയും കെ റെയിലിന്റെയും ഏറ്റവും രൂക്ഷമായ പ്രശ്‌നം വികലമായ വിന്യാസമാണ്. അത് അതിതീവ്രവുമാണ്. സില്‍വര്‍ ലൈന്‍ പദ്ധതി കാശ്മീരില്‍ നിന്നും ആരംഭിക്കുമ്പോള്‍ ആ നാടു നേരിടുന്ന ഏറ്റവും വലിയ ഭീഷണി മണ്ണിടിച്ചിലും അതിനെത്തുടര്‍ന്നുണ്ടാകുന്ന സുരക്ഷ പ്രശ്‌നങ്ങളും കൃത്യതയില്ലായ്മയും നിര്‍മ്മാണക്ഷമതയിലെ അതിഭീകരമായ അപാകതകളുമാണ്. ചെങ്കുത്തായ മലനിരകളും വാഹകശേഷിക്കുറവും അതിരൂക്ഷമായ വെള്ളപ്പൊക്ക സാധ്യതകളുമാണ് സില്‍വര്‍ ലൈന്‍ കേരളത്തിലേക്കെത്തുമ്പോള്‍ കേരളം അഭിമുഖീകരിക്കാന്‍ പോകുന്ന പ്രശ്‌നങ്ങള്‍.

കാശ്മീരില്‍ സില്‍വര്‍ ലൈനു വേണ്ടി, താരതമ്യേന ബലഹീനമായ മലനിരകളിലൂടെ സുദീര്‍ഘമായ തുരങ്കങ്ങളും വളരെ വലിയ പാലങ്ങളും നിര്‍മ്മിക്കേണ്ടതുണ്ട്. കേരളത്തിലാകട്ടെ, അതിബൃഹത്തായ വയഡക്ടുകളിലൂടെയും നീര്‍ച്ചാലുകളിലൂടെയും പ്രതികൂലമായ നിരവധി പ്രദേശങ്ങളിലൂടെയുമാണ് കെ റെയില്‍ കടന്നു പോകുന്നത്. അതിനാല്‍ത്തന്നെ, കെ റെയില്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിന് കുറഞ്ഞത് 25 വര്‍ഷമെങ്കിലും വേണ്ടി വരും.

കാശ്മീരില്‍ സില്‍വര്‍ലൈന്റെ പകുതി നിര്‍മ്മാണമെങ്കിലും പൂര്‍ത്തിയാക്കാനായി 18 വര്‍ഷമെങ്കിലും വേണ്ടി വരും. മാത്രവുമല്ല, സ്റ്റേഷനുകള്‍ തമ്മിലുള്ള അകലം വളരെ വലുതാണ്. ചില സ്റ്റേഷനുകളിലെ ലൂപ്പുകള്‍ വളരെ ചെറുതാണ്. ചിലയിടങ്ങളില്‍ ഒന്നുമാത്രവും. അതിനാല്‍, ലൈനിന്റെ ശേഷി വളരെ കുറവാണ്. എന്നാല്‍, കേരളത്തില്‍ ലൈന്‍ കപ്പാസിറ്റി വളരെ കൂടുതലാണ്. പക്ഷേ, ഇത് ജനങ്ങള്‍ക്ക് യാതൊരു തരത്തിലും പ്രയോജനപ്പെടുകയില്ല. കാരണം, കെ റെയില്‍ സ്റ്റേഷനുകള്‍ സിറ്റികളില്‍ നിന്നും ഏകദേശം 10-20 കിലോമീറ്ററുകള്‍ അകലെയാണ്. മാത്രവുമല്ല, കെ റെയില്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആയതിനാല്‍ നിലവിലുള്ള റെയിലുമായി ബന്ധപ്പെടുത്താന്‍ കഴിയുകയുമില്ല. അതിനാല്‍, തടസ്സമില്ലാത്ത ഒരു യാത്ര അസാധ്യവുമാണ്.

കാശ്മീരിലൂടെ കടന്നുപോകുന്ന സില്‍വര്‍ ലൈന്‍ നേരിടുന്ന രൂക്ഷമായ മറ്റുപ്രശ്‌നങ്ങള്‍ ഇവയാണ്. വന്‍ തോതിലുള്ള ഉരുള്‍പൊട്ടലുകള്‍, തീവ്രവാദ ഭീഷണികള്‍, പിന്നെ യുദ്ധവും. ഇത്തരത്തില്‍ അപകടാവസ്ഥയിലുള്ള പ്രദേശങ്ങളാണ് ചിനാബിലെയും ആന്‍ജിയിലേയും വലിയ പാലങ്ങളും സുദീര്‍ഘമായ മറ്റ് ആറു പാലങ്ങളും.

അതിരൂക്ഷമായ വെള്ളപ്പൊക്കവും നദികളും അരുവികളും വഴിമാറി ഒഴുകുന്നതും കേരളത്തിന്റെ ഏറ്റവും വലിയ തലവേദനകളാണ്.

എല്ലാറ്റിനും ഉപരിയായി മറ്റുചില ദുരന്തങ്ങളും സില്‍വര്‍ ലൈന്‍ കെ റെയില്‍ പദ്ധതികളെ കാത്തിരിപ്പുണ്ട്. ശരിയായ രീതിയിലുള്ള സാധ്യതാ പഠനങ്ങള്‍ നടത്താതെ പദ്ധതിയുമായി മുന്നോട്ടു പോകുകയാണ് സര്‍ക്കാര്‍. പ്രാഥമിക സര്‍വ്വേകള്‍ പോലും ശരിയായ വിധത്തില്‍ നടത്താന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല.

പദ്ധതി ഇതുവരെയും തുടങ്ങിയിട്ടില്ലാത്തതിനാല്‍ തെറ്റുതിരുത്താന്‍ കേരളത്തിന് ഇനിയും സമയമുണ്ട്. പക്ഷേ, കാശ്മീരിലെ സ്ഥിതി അതല്ല. വിനാശകരമായ ദുരന്തങ്ങള്‍ക്ക് കാശ്മീരില്‍ തുടക്കമിട്ടു കഴിഞ്ഞു. തെറ്റുതിരുത്താമായിരുന്ന അവസരങ്ങളെല്ലാം നഷ്ടപ്പെടുത്തി. 2008-09 കാലഘട്ടത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിറുത്തി വച്ച് വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. പക്ഷേ, അലൈന്‍മെന്റിലെ പ്രശ്‌നങ്ങള്‍ അപ്പോഴും പരിഹരിക്കാനുള്ള യാതൊരു നടപടിയും സ്വീകരിച്ചില്ല.

2010 ല്‍, ഡല്‍ഹി ഹൈക്കോടതിയുടെ വിധി നടപ്പാക്കാന്‍ വിദഗ്ധ സമിതിക്കു കഴിഞ്ഞില്ല. 2014-15 കാലഘട്ടത്തില്‍ ഡല്‍ഹി ഹൈക്കോടതി വീണ്ടും ഈ പ്രശ്‌നത്തില്‍ ഇടപെട്ട് ശ്രീധരന്‍ കമ്മറ്റിയെ നിയോഗിച്ചു, പക്ഷേ, കമ്മറ്റിയുടെ നിര്‍ദ്ദശങ്ങള്‍ അംഗീകരിക്കാന്‍ ബോര്‍ഡ് തയ്യാറായില്ല. മഹാദുരന്തങ്ങള്‍ക്കു വഴിയൊരുങ്ങിക്കഴിഞ്ഞു, എങ്കിലും വൈകിയിട്ടില്ല. ഈ പദ്ധതി എത്രയും പെട്ടെന്ന് നിറുത്തലാക്കിയാല്‍ ആഘാതമെങ്കിലും കുറയ്ക്കാന്‍ കഴിയും.

ഭരണപക്ഷം കൊണ്ടുവരുന്ന പദ്ധതികളെയെല്ലാം എതിര്‍ക്കുകയാണ് പ്രതിപക്ഷത്തിന്റെ എന്നത്തേയും നിലപാടെന്ന വിശ്വാസം മുറുകെപ്പിടിച്ച് കെ റെയിലിനെ അനുകൂലിക്കുന്നവര്‍ പച്ചക്കൊടി കാണിക്കുന്നത് കേരളത്തിലെ ജനങ്ങളുടെ സര്‍വ്വ നാശത്തിനാണ്. കെ റെയില്‍ എതിര്‍ക്കപ്പെടേണ്ടത് കുടിയിറക്കപ്പെടുന്നവരുടെ മാത്രം ആവശ്യമല്ല, മറിച്ച്, അത് കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ആവശ്യമാണ്. അതിനാല്‍ത്തന്നെ, ഈ പദ്ധതിക്കെതിരായ ചെറുതും വലുതുമായ ചെറുത്തുനില്‍പ്പുകളില്‍ ഓരോ കേരളീയനും പങ്കാളി ആകേണ്ടതുണ്ട്. വികസനം മനുഷ്യ നന്മയ്ക്കു വേണ്ടിയാവണം, അല്ലാതെ അവരെ ഒന്നടങ്കം കുഴിച്ചുമൂടാനുള്ളതാവരുത്.

ജനന്മയ്ക്കായല്ല ഇവിടെ വികസനങ്ങള്‍ നടത്തുന്നതെന്ന് മുല്ലപ്പെരിയാര്‍ പിന്നീടൊരു 999 വര്‍ഷത്തേക്കു കൂടി പുതുക്കി കരാര്‍ നല്‍കിയ ഭരണ നേതൃത്വത്തില്‍ നിന്നും അതിനെ എതിര്‍ക്കാത്ത പ്രതിപക്ഷ ഐക്യത്തില്‍ നിന്നും മനസിലാക്കാം. ഇപ്പോള്‍ പദ്ധതിയെ എതിര്‍ക്കുന്ന പ്രതിപക്ഷം ഭരണപക്ഷത്താകുന്ന നിമിഷം മുതല്‍ കെ റെയിലിനെ മറ്റൊരു കുപ്പിയിലാക്കി ജനങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കുകയും ചെയ്യും. പക്ഷേ, തങ്ങള്‍ക്കു വേണ്ടത് എന്താണെന്ന് സ്വയം തീരുമാനിക്കാനുള്ള കഴിവില്ലാതെ പോകുന്ന ജനങ്ങള്‍ അവരവരോടും ഇനി വരുന്ന തലമുറയോടും ചെയ്യുന്നത് കൊടിയ അനീതിയാണ്.

.................................................................................................

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.