Header Ads

കെ റെയില്‍: ഇനിയും പിണറായി സ്തുതി പാടാന്‍ ഇടതുപക്ഷത്തിലെ അടിമകള്‍ക്കു മാത്രമേ കഴിയൂ....


കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നവരെ കാട്ടാള നീതികൊണ്ട് എതിരിടുകയും അടിച്ചൊതുക്കുകയും ചെയ്യുകയാണിപ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം ഇറക്കുമതി ചെയ്ത ഇവന്റ് മാനേജ്‌മെന്റ് പ്രതിനിധികളാണ് കെ റെയിലിനെതിരെ പ്രതിഷേധിക്കുന്നതെന്നും കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം ഈ പദ്ധതിക്ക് അനുകൂലമാണെന്നുമാണ് മുഖ്യമന്ത്രിയും ഇടതുപക്ഷ സര്‍ക്കാരും പറഞ്ഞു വയ്ക്കുന്നത്. കെ റെയില്‍ കല്ലിടല്‍ നടക്കുന്ന പ്രദേശങ്ങളില്‍ സമാനതകളില്ലാത്ത അതിക്രമങ്ങള്‍ അഴിച്ചുവിട്ടിരിക്കുകയാണ് മുഖ്യമന്ത്രി. അതിക്രൂരനായൊരു ഗുണ്ടാത്തലവനെപ്പോലെയോ മാഫിയ തലവനെപ്പോലെയോ പ്രതിഷേധങ്ങളെ അടിച്ചൊതുക്കുന്നു. പോലീസ് സേനയുടെ അഴിഞ്ഞാടലുകളും.

കെ റെയില്‍ സമരഭൂമികയില്‍ ഇറ്റുവീഴുന്ന കണ്ണുനീരിന് ചോരത്തുള്ളികളുടെ ചുവപ്പാണ്. തങ്ങളിതുവരെ ജീവിച്ച വീടും ചുറ്റുപാടുകളും ആവാസവ്യവസ്ഥയും വിട്ട് മറ്റൊരിടത്തേക്ക് പിഴുതുമാറ്റപ്പെടുന്നതോര്‍ത്ത് നെഞ്ചുപൊട്ടിക്കരയുന്ന കുറെ സാധുമനുഷ്യര്‍. നഷ്ടപ്പെടുന്നവക്കെല്ലാം പരിഹാരം സര്‍ക്കാര്‍ തരുമല്ലോ, പിന്നെ എന്തിനീ നാടകം കളി എന്ന പരിഹാസവാക്കുകളുമായി അവരെ നേരിടുന്ന ഇടതുപക്ഷത്തിന്റെ അനുയായികളെന്ന അടിമ അണികള്‍. വികസന വിരോധികളായി അവര്‍ മുദ്രകുത്തപ്പെട്ടു കഴിഞ്ഞു. കുടിയിറക്കപ്പെടാന്‍ യാതൊരു സാധ്യതകളുമില്ലാത്തവര്‍ കുടിയിറക്കപ്പെടുന്നവരെ നോക്കി അണപ്പല്ലു ഞെരിക്കുന്നു, കിട്ടുന്നതും വാങ്ങി ഇറങ്ങിപ്പൊയ്ക്കൂടെ എന്ന ചോദ്യശരങ്ങളുമായി..... തങ്ങളുടെ വസ്തുവിനു ന്യായമായ വില തന്നാല്‍ ഉള്ളതെല്ലാം പദ്ധതിക്കായും കേരള വികസനത്തിനായും കൊടുത്ത് യാതൊരു പ്രതിഷേധവുമില്ലാതെ ഇറങ്ങിപ്പോകുമെന്നു മറ്റൊരു കൂട്ടര്‍.....

ഞാന്‍ ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്നും ഇതു ജനകീയ ഭരണമാണെന്നും വായ്ത്താരി നടത്തിയാല്‍ മാത്രം പോര. അതു കാണിച്ചു കൊടുക്കുക കൂടി വേണം. പിണറായി വിജയന്‍ കേരളത്തിന്റെ മഹാരാജാവല്ല, മറിച്ച്, ജനാധിപത്യം നിലനില്‍ക്കുന്ന ഒരു നാട്ടിലെ മുഖ്യമന്ത്രിയാണ്. ജനാധിപത്യ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെങ്കില്‍ ജനവികാരങ്ങളെ ഇത്രമേല്‍ അവഗണിക്കുകയോ അടിച്ചൊതുക്കുകയോ ചെയ്യില്ലായിരുന്നു. ഇരട്ടച്ചങ്കനെയോ ഗുണ്ടാനേതാവിനെയോ അല്ല കേരളത്തിനു വേണ്ടത്, സാധുമനുഷ്യരുടെ കണ്ണുനീരൊപ്പാന്‍ മനസുള്ളൊരു പച്ചമനുഷ്യനെയാണ്. സൗജന്യമായി കുറച്ച് അരിയും സാധനങ്ങളും നല്‍കുന്നതല്ല സല്‍ഭരണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കി, അവരുടെ ജീവിതാന്തസ് ഉയര്‍ത്തിപ്പിടിച്ച്, അവര്‍ക്കു മെച്ചപ്പെട്ടൊരു ജീവിതമൊരുക്കിക്കൊടുക്കുമ്പോഴാണ് ഒരു ഭരണാധികാരി മികവുറ്റവനാകുന്നത്. ഈ അളവുകോലില്‍ അളക്കുമ്പോഴറിയാം, എത്രവലിയ പരാജയമാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന്.

ജനങ്ങള്‍ക്കു വേണ്ടി ഭരിക്കുന്നൊരു മുഖ്യമന്ത്രിയും ഭരണനേതൃത്വവുമായിരുന്നുവെങ്കില്‍, ഈ പദ്ധതി കേരളത്തിനു വേണോ എന്നതിനെക്കുറിച്ചുള്ള പഠനം ആദ്യം തന്നെ നടത്തുമായിരുന്നു. കുടിയൊഴിപ്പിക്കാന്‍ സര്‍വ്വേക്കല്ലിടും മുന്‍പേ തന്നെ, ഭവനരഹിതരാവുന്നവരുടെ ഭവനത്തിന് സ്‌ക്വയര്‍ ഫിറ്റ് അടിസ്ഥാനത്തില്‍, ഭൂമിക്ക് സെന്റ് അടിസ്ഥാനത്തില്‍, മതിലിന്, ഗേറ്റിന്, വൃക്ഷങ്ങള്‍ക്ക്, തുടങ്ങി നഷ്ടം സംഭവിക്കുന്ന ഓരോ വസ്തുവിനും കോര്‍പറേഷന്‍ മുനിസിപ്പാലിറ്റി പഞ്ചായത്ത് പരിതികളില്‍ എങ്ങിനെയാണ് വില നിശ്ചയിച്ചിരിക്കുന്നത് അത് എപ്പോള്‍ എങ്ങിനെ എവിടെ വെച്ച് നല്‍കും എന്നതിനും വ്യക്തത വരുത്തി മുന്നോട്ട് പോകുമായിരുന്നു. ജനാധിപത്യം നിലനില്‍ക്കുന്നൊരു നാട്ടില്‍ അതു തന്നെയാണ് പാര്‍ട്ടിക്കും സര്‍ക്കാരിനും നല്ലത്. അതു തന്നെയാണ് ന്യായവും മര്യാദയും.


കിടപ്പാടം നഷ്ടപ്പെടുന്നവര്‍ക്ക് വീട് വെച്ച് മാറി താമസിക്കുവാന്‍ അഡ്വാന്‍സ് പണം നല്‍കുവാനുള്ള നടപടികള്‍ സ്വീകരിക്കുമായിരുന്നു. മാറിത്താമസിക്കാന്‍ അവര്‍ക്ക് ആവശ്യമായ നിശ്ചിത സമയം നല്‍കുമായിരുന്നു. സര്‍വ്വോപരി ഈ പദ്ധതിയുടെ ഗുണദോഷവശങ്ങള്‍ അതതു പ്രദേശത്തെ ആളുകളെ വ്യക്തമായി പറഞ്ഞു മനസിലാക്കിക്കുമായിരുന്നു. എന്നിട്ടും മാറിയില്ലെങ്കില്‍ മാത്രമെ ഫോഴ്സിനെ ഉപയോഗിക്കാന്‍ പാടുള്ളായിരുന്നു. ഇതൊന്നും ചെയ്യാതെ, അന്യന്റെ സ്വകാര്യ സ്വത്തുക്കളില്‍ കയറി കയ്യൂക്ക് കാണിക്കുകയും ഇരട്ടച്ചങ്കനാണെന്നഹങ്കരിച്ച് ഞെളിഞ്ഞു നില്‍ക്കുന്നതും ഒരു നാടിന്റെ മുഖ്യമന്ത്രിക്കു ചേര്‍ന്നതല്ല.

ഏതു പുരോഗമന തത്വങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാലും ന്യായമല്ലാത്ത ഒന്നിനെയും അംഗീകരിക്കാന്‍ ജനങ്ങള്‍ തയ്യാറാവില്ല. കല്ലിടുക മാത്രമേ ചെയ്യുന്നുള്ളു എന്ന ന്യായവാദങ്ങള്‍ ഇവിടെ വിലപ്പോവില്ല. കല്ലിടുകയെന്നാല്‍ കൈവിട്ടു പോവുകയാണെന്നു മനസിലാക്കാനുള്ള സാമാന്യവിവരം ജനങ്ങള്‍ക്കുണ്ടെന്നെങ്കിലും മുഖ്യമന്ത്രി അറിഞ്ഞിരിക്കണം.

സംസ്ഥാന സര്‍ക്കാരിനു വേണ്ടി വിടുപണി ചെയ്യുകയല്ല കേരളാ പോലീസിന്റെ ദൗത്യം. സത്യപ്രതിജ്ഞ ചെയ്ത് ജോലിയില്‍ പ്രവേശിച്ച പോലീസിന്റെ പ്രഖ്യാപനം എന്തായിരുന്നു എന്നു മറന്നു പോയെങ്കില്‍ ഒന്നുകൂടി ഓര്‍മ്മപ്പെടുത്തുന്നു.

'ഭാരത ഭരണഘടനയോട് കൂറുപുലര്‍ത്തി അച്ചടക്കവും, ആദര്‍ശധീരതയും ഉള്‍ക്കരുത്താക്കി മനുഷ്യാവകാശങ്ങള്‍ മാനിച്ച് ജനങ്ങളുടെ ജീവനും, സ്വത്തും അന്തസ്സും സംരക്ഷിച്ചു ന്യായമായും, നിഷ്പക്ഷമായും, നിയമം നടപ്പാക്കി അക്ഷോഭ്യരായി അക്രമം അമര്‍ച്ചചെയ്ത് വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് ആത്മപരിശോധന നടത്തി ജനങ്ങളുടെ ഭാഗമായി ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളോടൊത്ത് പ്രവര്‍ത്തിച്ച് ക്രമസമാധാനം കാത്ത് സൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് ഞങ്ങള്‍,' എന്ന പ്രതിജ്ഞയെടുത്ത് ജോലിയില്‍ പ്രവേശിച്ചവരാണ് ഓരോ പോലീസുകാരും. എന്നാലിവിടെ, ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുകയല്ല പോലീസ് ചെയ്യുന്നത്. ഭരിക്കുന്ന സര്‍ക്കാരിനു വേണ്ടി ഗുണ്ടാപ്പണിയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അന്യായം പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെയല്ല, ഇന്ത്യന്‍ ഭരണഘടനയുടെ അന്തസിനു ചേര്‍ന്ന വിധം ന്യായത്തിന്റെയും നീതിയുടെയും പക്ഷത്തു നിന്ന് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുക എന്ന ജോലിയാണ് സര്‍ക്കാരിനുള്ളതെന്ന കാര്യം ഓര്‍മ്മിപ്പിക്കുന്നു.


കെ റെയില്‍ എന്ന കൊള്ള


കൊച്ചി മെട്രോയ്‌ക്കെതിരെ ജനവികാരമുയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ മുന്നോട്ടു വച്ച വാദഗതികള്‍ തന്നെയാണ് കെ റെയിലിന്റെ കാര്യത്തിലും സംഭവിച്ചു കൊണ്ടിരിക്കുന്നത്. കേരളജനത വാങ്ങിക്കൂട്ടുന്ന കാറുകളുടെ കാര്യത്തിലാണ് ഭരണകര്‍ത്താക്കള്‍ക്ക് ഇപ്പോഴും ആശങ്ക. ഒരു വര്‍ഷം എത്ര കാറുകള്‍ വിറ്റഴിയുന്നു എന്നും അവ പുറന്തള്ളുന്ന വിഷവാതകങ്ങള്‍ എത്രയാണെന്നും അവ ഒഴിവാക്കിയാല്‍ ജനങ്ങളുടെ ജീവിതവും ആരോഗ്യവും മെച്ചപ്പെടുമെന്നും വെറും റെയില്‍ സംവിധാനം മാത്രമല്ല, അതിബൃഹത്തായൊരു ടൗണ്‍ഷിപ്പു കൂടിയാണ് കൊച്ചി മെട്രോയിലൂടെ തങ്ങള്‍ വിഭാവനം ചെയ്യുന്നതെന്നുമായിരുന്നു അന്നത്തെ വാദഗതി. കെ റെയിലിന്റെ കാര്യത്തിനും ന്യായീകരണങ്ങള്‍ ആ വഴി തന്നെ. കേരളം കാര്‍ വിപണിയില്‍ മൂന്നാം സ്ഥാനത്താണെന്നും കെ റെയില്‍ വന്നാല്‍ കാറുകള്‍ വാങ്ങിക്കൂട്ടുന്നത് കുറയുമെന്നും അവര്‍ അതിവേഗ റെയില്‍ സംവിധാനമായ കെ റെയില്‍ ഉപയോഗിക്കുമെന്നും അതിലൂടെ കെ റെയില്‍ വമ്പിച്ച വിജയമായിരിക്കുമെന്നുമാണ് ഇടതുപക്ഷ സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്. ദേശീയ-സംസ്ഥാന പാത എത്ര കണ്ട് വികസിപ്പിച്ചാലും പ്രയോജനമുണ്ടാകില്ലെന്നും സില്‍വര്‍ ലൈന്‍ വരുന്നതോടെ 200 കിലോ മീറ്റര്‍ ദൈര്‍ഘ്യത്തില്‍ പ്രതിദനം ശരാശരി 20,000 കാര്‍ യാത്ര അവിടേക്കു മാറുമെന്നാണ് പിണറായി സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ 529 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ ഇപ്പോള്‍ വേണ്ടത് 10 മണിക്കൂറാണെന്നും കെ റെയില്‍ വന്നാല്‍ വെറും നാലു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് എത്താന്‍ കഴിയുമെന്നതാണ് ഈ പദ്ധതിയെ പിന്താങ്ങാനുള്ള ഏറ്റവും വലിയ നേട്ടമായി സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്. റെയില്‍ മാര്‍ഗ്ഗം കാസര്‍കോഡു നിന്നും എത്ര യാത്രക്കാര്‍ ദിവസേന തിരുവനന്തപുരത്തേക്ക് എത്തുമെന്നതിന്റെ യഥാര്‍ത്ഥ പഠനങ്ങള്‍ സര്‍ക്കാര്‍ നടത്തിയിട്ടില്ല. എന്തിനാണിവര്‍ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതെന്നതിന് ആര്‍ സി സിയിലെ ചികിത്സയ്ക്കു വേണ്ടി എന്ന മുട്ടാന്യായവും ടൂറിസം വികസനമെന്ന ന്യായവാദങ്ങളും നിരത്തുന്നു.

കേരളത്തിലെ അതിമനോഹരമായ ഭൂപ്രകൃതിയെ ഇത്ര മ്ലേച്ഛമായ രീതിയില്‍ കൈകാര്യം ചെയ്ത് ടൂറിസ്റ്റുകളെ ഇവിടെ നിന്നും ഓടിക്കുന്ന നയങ്ങളുമായി മുന്നോട്ടു പോകുന്ന ഒരു നാട് ഏതു ടൂറിസ്റ്റുകളെയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്...?? ചികിത്സാ സൗകര്യാര്‍ത്ഥമാണ് ജനങ്ങളുടെ ഈ യാത്രയെങ്കില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ കാസര്‍കോഡും സമീപ ജില്ലകളിലുമായി ഒരുക്കിക്കൊടുക്കുയല്ലേ ജനങ്ങളോടു ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ പുണ്യം...?? അല്ലാതെ അവരെ തിരുവനന്തപുരത്തേക്കു യാത്ര ചെയ്യിച്ച്, ചെലവുകള്‍ ക്രമാധീതമായി കൂട്ടി എന്തിനാണവരെ കഷ്ടപ്പെടുത്തുന്നത്..??

കെ റെയില്‍ പദ്ധതി എന്നാല്‍ എന്ത്...??

കേന്ദ്ര സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പ്രോജക്ടിന്റെ ഭാഗമാണ് കെ റെയില്‍ എന്ന സെമി ഹൈ സ്പീഡ് പദ്ധതി. കേരളത്തിന്റെ വികസന ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായിരിക്കും ഇതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍. കാസര്‍കോഡു മുതല്‍ തിരുവനന്തപുരം വരെയുള്ള 529 കിലോമീറ്ററില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ ഓടിക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. കേരളത്തില്‍ 11 ജില്ലകളിലൂടെ ഈ പാത കടന്നു പോകുന്നു. കേരള സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും സംയുക്തമായി രൂപീകരിച്ച കെ-റെയില്‍ (കേരള ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍) എന്ന കമ്പനിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നിവയാണ് പ്രധാന സ്റ്റേഷനുകള്‍. ഇവിടെ ടൗണ്‍ഷിപ്പുകളും ഉണ്ടാക്കാന്‍ പദ്ധതിയുണ്ട്. 2027 ല്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതിയുടെ ഏകദേശ അടങ്കല്‍ തുക 63,941 കോടി രൂപയാണ്. ഇതില്‍, 6,085 രൂപ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കേണ്ട നികുതി ഒഴിവും 975 കോടി റെയില്‍വേ ഭൂമിയുടെ വിലയുമാണ്. കേന്ദ്ര റെയില്‍വേ വിഹിതം 2,150 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്ന തുക 3,225 കോടി രൂപയുമാണ്. പൊതുജന ഓഹരി പങ്കാളിത്തത്തിലൂടെ 4,252 കോടിയും രാജ്യാന്തര ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും 33,700 കോടി രൂപയും സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. സെമി ഹൈസ്പീഡ് ടിക്കറ്റ് നിരക്ക് കിലോമീറ്ററിന് രണ്ടുരൂപ ആയിരിക്കുമെന്നും വിലയിരുത്തുന്നു.


പരിസ്ഥിതിക്ക് സര്‍വ്വനാശം വിതയ്ക്കുന്ന കെ റെയില്‍

പശ്ചിമഘട്ടം സംരക്ഷിക്കപ്പെടാതിരുന്നാല്‍ ഉണ്ടാകാന്‍ പോകുന്ന ദുരന്തമെന്താണെന്ന് മാധവ് ഗാഡ്ഗില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ആ മുന്നറിയിപ്പുകളെ ഇടതുപക്ഷ വലതുപക്ഷ സര്‍ക്കാരുകള്‍ ഒരേപോലെ തള്ളിക്കളഞ്ഞതിന്റെ ഫലമായിരുന്നു 2018 ലുണ്ടായ മഹാപ്രളയവും പിന്നീടുള്ള വര്‍ഷങ്ങളില്‍ ആവര്‍ക്കിക്കുന്ന വെള്ളപ്പൊക്കവും പ്രകൃതി ദുരന്തങ്ങളും. കെ റെയില്‍ നടപ്പാക്കിയാല്‍ കേരളത്തിലെ പരിസ്ഥിതിക്ക് സര്‍വ്വ നാശമായിരിക്കും ഫലമെന്ന് മാധവ് ഗാഡ്ഗിലും മറ്റു വിദഗ്ധരും മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടുള്ള വികസനത്തിന്റെ ദുരന്തഫലമാണ് ഓരോ കേരളീയനും ഇപ്പോള്‍ അനുഭവിക്കുന്നത്. രണ്ടു ദിവസം മഴപെയ്താല്‍ വെള്ളം കയറി വീടുകള്‍ മുങ്ങുന്ന അവസ്ഥ, കൂടാതെ മറ്റു പ്രകൃതി ദുരന്തങ്ങളും. കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉണ്ടാക്കുന്ന പരിസ്ഥിതി നാശം എത്ര ഭീകരമായിരിക്കുമെന്ന് ഊഹിക്കാന്‍ പോലും കഴിയുന്നതല്ലെന്ന് ഗാഡ്ഗില്‍ മുന്നറിയിപ്പു നല്‍കുന്നു.

വികസനത്തിന്റെ പേരില്‍ മൂലമ്പിള്ളിയില്‍ നിന്നും കുടിയിറക്കപ്പെട്ടത് 316 കുടുംബങ്ങളെയാണ്. ഇവര്‍ക്കാര്‍ക്കും ഇതേവരെ വ്യക്തമായ നഷ്ടപരിഹാരമോ മാന്യമായ പുനരധിവാസമോ ലഭിച്ചിട്ടില്ല. സില്‍വര്‍ ലൈനായി കുടിയിറക്കപ്പെടുന്നവരുടെയും ഭാവി ഇതുതന്നെ ആയിരിക്കും.

കേരളത്തിലെ പ്രധാന ഗതാഗത മാര്‍ഗ്ഗമായ കെ എസ് ആര്‍ ടി സിയെ നല്ല രീതിയില്‍ നടത്തിക്കൊണ്ടു പോകാന്‍ കഴിവില്ലാത്ത ഭരണകര്‍ത്താക്കളാണ് നമുക്കുള്ളത്. എന്തുകൊണ്ടു കെ എസ് ആര്‍ ടി സി നഷ്ടത്തിലാകുന്നു എന്ന ചോദ്യത്തിന് ലാഭമുണ്ടാക്കുകയല്ല, ജനങ്ങളെ സേവിക്കുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൊണ്ടു ലക്ഷ്യമിടുന്നത് എന്നാണ് സര്‍ക്കാരിന്റെ മറുവാദം. ദേശീയ പാതകളെ ചുങ്കപ്പാതകളാക്കി ജനങ്ങളെ പിഴിയാന്‍ ഏല്‍പ്പിച്ചു കൊടുത്തു കഴിഞ്ഞു. മഹാപ്രളയത്തില്‍ തകര്‍ന്നടിഞ്ഞ റോഡുകളും പാലങ്ങളും മറ്റു ഗതാഗത സംവിധാനങ്ങളും പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. നല്ലൊരു മഴയില്‍ പാതാളക്കുഴികളാകുന്ന പുതുപുത്തന്‍ റോഡുകളിലെ കുഴിയില്‍ വീണും പരിക്കു പറ്റിയും ജീവന്‍ വെടിഞ്ഞും പൊറുതിമുട്ടിയ ജനമാണിത്.

കെ റെയില്‍ വാഗ്ദാനം നല്‍കുന്നത് 200 കിലോമീറ്റര്‍ സ്പീഡ് ആണ്. എന്നാല്‍, ഇതിനെക്കാള്‍ വേഗതയില്‍ ഗരിമാന്‍ എക്‌സ്പ്രസും വന്ദേഭാരത് എക്‌സ്പ്രസും മറ്റു ട്രെയിനുകളും ഇന്ത്യയില്‍ ഓടുന്നുണ്ട്. മണിക്കൂറില്‍ 150-200 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിനുകള്‍ ഓടുന്നതിന് നിലവിലുള്ള റെയില്‍പ്പാത ഇരട്ടിപ്പിക്കുകയും സിഗ്നല്‍ സംവിധാനം നവീകരിക്കുകയും ചെയ്താല്‍ മതിയാകും. എന്നാല്‍, ഇങ്ങനെ ചെയ്താല്‍, ഈ പദ്ധതിയിലൂടെ കൈവരുന്ന കോടികളുടെ കമ്മീഷന്‍ കൈപ്പറ്റാന്‍ കഴിയില്ല. ജനങ്ങളെ പച്ചജീവനോടെ ദഹിപ്പിച്ചാലും തങ്ങള്‍ പദ്ധതി നടപ്പിലാക്കുമെന്ന മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്ര്യം എല്ലാ ജനാധിപത്യ മര്യാദകളെയും ലംഘിക്കുന്നു.

ജനങ്ങളുടെ ജീവനും സ്വത്തും ഇത്തരത്തില്‍ ഗുണ്ടായിസം കാണിച്ചു പിടിച്ചെടുക്കാന്‍ മുഖ്യമന്ത്രിയുടെ തറവാട്ടു സ്വത്തല്ല കേരളം. ജനങ്ങളുടെ എതിര്‍പ്പുകള്‍ക്ക് പുല്ലുവില പോലും നല്‍കാതെ, സ്വന്തം തീരുമാനം മാത്രം നടപ്പിലാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവും വലിയ ബാധ്യതയാണ്. കേരളത്തില്‍ നിലനിന്നിരുന്ന നെറികെട്ട നാട്ടുപ്രമാണിമാരുടെയും തമ്പ്രാക്കളുടെയും കിരാത വാഴ്ചയില്‍ നിന്നും കേരള ജനതയെ മോചിപ്പിച്ച് ഒപ്പം നിറുത്തിയ, ഈ നാട്ടിലെ ഓരോ പാവപ്പെട്ടവനും വേണ്ടി പോരാടിയ പാര്‍ട്ടിയിപ്പോള്‍ അതിനെക്കാള്‍ കിരാത ഭരണകര്‍ത്താക്കളുടെ കൈകളിലാണ്. പാവപ്പെട്ട ജനങ്ങളില്‍ നിന്നും ഈ പാര്‍ട്ടി എന്നേ അകന്നു പോയിരിക്കുന്നു...! തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ നല്ലതോ ചീത്തയോ എന്നു വിലയിരുത്തപ്പെടുന്നത് ആ നാട്ടിലെ സമ്പന്നരുടെയും അതിസമ്പന്നരുടെയും ജീവിത നിലവാരം നോക്കിയല്ല. മറിച്ച്, പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ മനുഷ്യരുടെ ജീവിതം നോക്കിയാണതു വിലയിരുത്തേണ്ടത്. ഇത്തരത്തിലൊരു വിലയിരുത്തല്‍ നടത്തിയാല്‍ ഏതൊരാള്‍ക്കും മനസിലാകും പിണറായി വിജയനെന്ന ഭരണാധികാരി അമ്പേ പരാജയമാണെന്ന്. പട്ടിണിയില്‍ കിറ്റുനല്‍കി വിശപ്പടക്കിയ പിണറായി സ്തുതികള്‍ പാടാന്‍ ഇടതുപക്ഷത്തിന്റെ അടിമകളായ അണികള്‍ക്കു മാത്രമേ കഴിയൂ.


......................................................................................
ജെസ് വര്‍ക്കി
jessvarkey@gmail.com



അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.