കൊറോണക്കാലത്തെ ബേബി ബൂം: യൂണിസെഫിന്റെ ലൈംഗിക നിഗമനം തെറ്റി
ലോകത്തെയാകമാനം കൊറോണയെന്ന മഹാമാരി വിഴുങ്ങിയപ്പോള്‍, എല്ലാ വാതിലുകളുമടച്ച് ലോകജനത വീട്ടിനുള്ളില്‍ ഒതുങ്ങിക്കൂടിയപ്പോള്‍ ചില ആരോഗ്യവിദഗ്ധര്‍ വെളിപാടു പോലൊരു കാര്യം ജനങ്ങളോടു പറഞ്ഞു. ശിശുജനനങ്ങളുടെ ചാകരയായിരിക്കും ഇവിടെയിനി നടക്കാന്‍ പോകുന്നതെന്ന്.
ഓരോ ആണും പെണ്ണും വീടിനുള്ളില്‍ തളച്ചിടപ്പെടുമ്പോള്‍ അവിടെ ലൈംഗികത മാത്രമേ ഉണ്ടാവുകയുള്ളു എന്ന ചിന്താഗതിയായിരിക്കാം ആരോഗ്യരംഗത്തെ വിഗദ്ധര്‍ ഇത്തരത്തില്‍ ചിന്തിക്കാന്‍ കാരണം.
കൊറോണയ്ക്കു മുന്‍പ്, അവരവരുടെ ജീവിത സാഹചര്യങ്ങളില്‍ വ്യാപൃതരായിരുന്ന ഓരോ ആണും പെണ്ണും അതുവരെ ലൈംഗികത എന്തെന്നറിഞ്ഞിട്ടില്ലേ എന്ന ചോദ്യമാരും ചോദിച്ചില്ല. ജോലിത്തിരക്കുകള്‍ മൂലം അന്നേ സമയം വരെ ലൈംഗികത വേണ്ടെന്നു വച്ചു മനുഷ്യര്‍ ജീവിക്കുകയായിരുന്നോ എന്നും ചോദിച്ചില്ല. ഒരു പുരുഷനും സ്ത്രീയ്ക്കും വീട്ടിനുള്ളില്‍ ലൈംഗികതയല്ലാതെ മറ്റൊന്നും ചെയ്യാനില്ലേ എന്ന ചോദ്യവുമാരും ചോദിച്ചില്ല. വിഗദ്ധരായവര്‍ വെളിപാടു പോലെ ചില കാര്യങ്ങള്‍ പ്രവചിക്കുന്നു, നാം മനുഷ്യര്‍ അതെല്ലാം സത്യമാണെന്നു വിശ്വസിക്കുന്നു. ആധികാരികമായി നടത്തുന്ന വെളിപ്പെടുത്തലുകളെ ചോദ്യം ചെയ്യുന്നതെങ്ങനെ???
ലോകം വീട്ടകങ്ങളിലേക്ക് ഒതുങ്ങിയ ഈ കൊറോണക്കാലം ഓരോ മനുഷ്യരും അവരവരിലേക്കു തന്നെ മടങ്ങിപ്പോകുകയായിരുന്നു. അവരവരുടെ കഴിവുകളിലേക്ക്, അവരവരുടെ പാഷനുകളിലേക്ക്. ഫണം വിടര്‍ത്തിയാടുന്ന മഹാമാരിക്കു മുന്നില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ മനസ് പതറാതിരിക്കുകയാണ് അത്യാവശ്യം വേണ്ടതെന്ന തിരിച്ചറിവ് ഓരോ മനുഷ്യര്‍ക്കുമുണ്ടായി. ആശുപത്രികള്‍ കൊറോണ രോഗികളെക്കൊണ്ടു നിറഞ്ഞപ്പോള്‍, മറ്റു രോഗങ്ങളൊന്നും രോഗമല്ലാതായി മാറിയപ്പോള്‍, ഗര്‍ഭവും പ്രസവവും മാറ്റിവയ്ക്കപ്പെടേണ്ടതാണെന്ന തിരിച്ചറിവ് മനുഷ്യനുണ്ടായി. ഒരു ചെറുരോഗം കൊണ്ടുപോലും ആശുപത്രിയുടെ പടി ചവിട്ടാതിരിക്കാന്‍ ശ്രദ്ധാലുവായി മനുഷ്യന്‍.
അശാന്തമായ മനസോടുകൂടി ലൈംഗികതയില്‍ ഏര്‍പ്പെടാന്‍ മനുഷ്യനു സാധ്യമല്ലെന്ന തിരിച്ചറിവു കൂടി ഈ കൊറോണക്കാലത്തുണ്ടായി. മരിക്കുമോ ജീവിക്കുമോ എന്ന അനിശ്ചിതത്വത്തില്‍ കഴിയുമ്പോള്‍, ജോലിയും ശമ്പളവും തുലാസില്‍ തൂങ്ങുമ്പോള്‍, നാളെയിനി എങ്ങനെ കഴിച്ചുകൂട്ടുമെന്നറിയാതെ തള്ളിനീക്കുമ്പോള്‍ ആരാണ് ലൈംഗികതയെക്കുറിച്ചു ചിന്തിക്കുക...??
സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്റെ (Centers for Disease Control and Prevention) കണ്ടെത്തലനുസരിച്ച് ശിശു ജനനനിരക്കില്‍ അമേരിക്കയില്‍ 4% കുറവാണ് 2020 ല്‍ ഉണ്ടായത്. ബ്രൂക്കിംഗ്സ് ഇന്‍സ്റ്റിറ്റിയൂഷന്റെ 2021 ലെ അനാലിസിസ് അനുസരിച്ച് അടുത്ത വര്‍ഷം ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങളുടെ എണ്ണവും സാധാരണയിലും കുറവാണ്. അതായത്, 2021 ല്‍ ശിശു ജനനനിരക്കില്‍ 10% കുറവാണ് ഉണ്ടായിരിക്കുന്നത്.
അമേരിക്കയില്‍ മാത്രമല്ല, ഹംഗറി, ഇറ്റലി, സ്പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ സ്ഥിതിയും വ്യത്യസ്ഥമായിരുന്നില്ല.
ഇന്ത്യയിലെ ശിശു ജനനനിരക്കിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ 2020, 2021, 2022 എന്നീ വര്‍ഷങ്ങളിലെ ശിസു ജനന നിരക്കിലുള്ള കുറവ് 1.200% നും 1.230% നും ഇടയിലാണ്.
കേരളത്തില്‍ 2019 ഓഗസ്റ്റ് മുതല്‍ ജൂലൈ 2020 വരെ ജനിച്ചത് 37,138 കുഞ്ഞുങ്ങളാണ്. എന്നാല്‍, 2020 ഓഗസ്റ്റ് മുതല്‍ 2021 ജൂലൈ വരെയുള്ള കാലയളവില്‍ ജനിച്ചത് വെറും 10,684 കുഞ്ഞുങ്ങള്‍ മാത്രം.
മാര്‍ച്ച് 2020 ല്‍ യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട് (United Nations Children's Fund-യൂണിസെഫ്) ഒരു പ്രവചനം നടത്തി. കോവിഡ് മഹാമാരിക്കിടയില്‍ ഇന്ത്യയില്‍ ജനിക്കാന്‍ പോകുന്നത് 116 ദശലക്ഷം കുട്ടികളാണെന്നായിരുന്നു ആ പ്രവചനം. ഈ പ്രവചനങ്ങളെല്ലാം തെറ്റാണെന്ന് കണക്കുകള്‍ നമുക്കു കാണിച്ചു തരുന്നു.
ഭാവി അനിശ്ചിതത്വത്തിന്റെ തുലാസില്‍ കിടന്നാടുമ്പോള്‍ കുഞ്ഞിനു ജന്മം നല്‍കുകയും പോറ്റി വളര്‍ത്തുകയും ചെയ്യുക എന്നത് അനിവാര്യമല്ലെന്ന തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ടായി.
കോവിഡ് കാലത്ത് ലൈംഗികത കൂടുമെന്നു കണക്കുകൂട്ടി, പക്ഷേ.......
മറ്റൊന്നും ചെയ്യാനില്ലാതെ വീടിനുള്ളില്‍ തളച്ചിടപ്പെട്ട ജനം ബോറടി മാറ്റാന്‍ ലൈംഗികതയില്‍ അഭയം തേടുമെന്നും അത് അനിയന്ത്രിതമായ ശിശുജനനത്തില്‍ കലാശിക്കുമെന്നുമായിരുന്നു പ്രവചനം.
എന്നാല്‍, വീട്ടിനുള്ളിലുള്ള ഇരിപ്പ് അത്ര സുഖകമായിരുന്നില്ല ഓരോ മനുഷ്യനും. മരണം തലയ്ക്കു മുകളില്‍ തൂങ്ങിക്കിടന്നാടുന്നു. കൊറോണ രോഗികളെക്കൊണ്ട് ആശുപത്രികള്‍ നിറയുന്നു. കമ്പനികളില്‍ നിന്നും വന്‍തോതില്‍ ജീവനക്കാരെ പിരിച്ചു വിടുന്നു. ജോലിയും വരുമാനവുമില്ലാതെ, ഇനിയെങ്ങനെ ജീവിക്കുമെന്നറിയാതെ നട്ടം തിരിയുന്നു. ഈ പ്രശ്നങ്ങളെല്ലാം ജനങ്ങളുടെ ലൈംഗികതയെ സാരമായി ബാധിച്ചുവെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ജനങ്ങളുടെ ലൈംഗിക ജീവിതത്തില്‍ കൊറോണക്കാലത്ത് 44% കുറവു സംഭവിച്ചു എന്ന് ഇന്ത്യാന യൂണിവേവ്സിറ്റിയിലെ കിംഗ്സ്ലി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
മഹാമാരിക്കാലത്ത് അമേരിക്കന്‍ ജനതയുടെ തൊഴിലില്ലായ്മയില്‍ 14.7% വര്‍ദ്ധനവാണ് ഉണ്ടായത്. ആഗോള സാമ്പത്തിക മാന്ദ്യത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണിത്.
കൊറോണ സാമ്പത്തിക ഭദ്രതയെ ഒരു തരത്തിലും ബാധിക്കാത്ത കുടുംബങ്ങള്‍ പോലും ഒരു കുഞ്ഞിന്റെ ജനനം ആഗ്രഹിച്ചില്ല എന്നതാണ് സത്യം. ഗര്‍ഭിണിയാകുന്നതു മുതല്‍ കുഞ്ഞിന്റെ ജനനം വരെയും അതിനു ശേഷവും ആശുപത്രി പരിചരണവും ശ്രദ്ധയും മരുന്നുകളുമെല്ലാം ലഭിക്കേണ്ടതുണ്ട്. മഹാമാരിക്കാലം അതിനു പറ്റിയതല്ല എന്ന് ആര്‍ക്കാണറിയാത്തത്...??
കൊറോണ കാലത്തിനു മുന്‍പും ഇവിടെ മനുഷ്യര്‍ ലൈംഗികതയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇവിടെ കുഞ്ഞുങ്ങളും ജനിച്ചിട്ടുണ്ട്. ജനസംഖ്യ വര്‍ദ്ധനവും ഇവിടെ ഉണ്ടായിട്ടുണ്ട്. അല്ലാതെ, കൊറോണയ്ക്കു മുന്‍പ് ജനങ്ങളുടെ ജനനേന്ദ്രിയങ്ങള്‍ നിര്‍ജ്ജീവമായിരുന്നുവെന്നും കൊറോണ പടര്‍ന്നുപിടിച്ചതോടെ ജനനേന്ദ്രിയത്തിന് അതുവരെയില്ലാതിരുന്നൊരു ഉണര്‍വ്വും ഉന്മേഷവും ഉണ്ടായി എന്നും അര്‍ത്ഥമില്ലല്ലോ.
ദുരിതകാലത്തല്ല കുഞ്ഞുജീവനുകള്‍ ഈ ഭൂമിയിലേക്കു വരേണ്ടതെന്ന തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ടായി. അനാവശ്യ ഗര്‍ഭധാരണം ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങളുടെ ഫലപ്രദമായ ഉപയോഗവും ജനനിരക്കു കുറച്ചു.
ലോകജനതയുടെ, പ്രത്യേകിച്ചും ഇന്ത്യയിലെ ജനങ്ങളുടെ ലൈംഗിക ജീവിതത്തെ പരിഹസിക്കുന്ന തരത്തില്‍ പ്രവചനങ്ങള്‍ നടത്തിയ യൂണിസെഫിനും ഇപ്പോള്‍ മിണ്ടാട്ടമില്ല.
....................................................................................
ജെസ് വര്‍ക്കി
Thamasoma.com
jessvarkey@gmail.com
അഭിപ്രായങ്ങളൊന്നുമില്ല