റഷ്യ-ഉക്രൈന്‍ പ്രശ്നം: ഈ മാമാപ്പണിക്കു പേര്‍ മാധ്യമധര്‍മ്മമെന്നല്ല
ബലഹീനരായവരുടെമേല്‍ അധികാരമുള്ളവര്‍ നടത്തുന്ന അധിനിവേശങ്ങളാണ് മനുഷ്യകുലത്തിന്റെ ചരിത്രത്തിലെമ്പാടുമുള്ളത്. അത് രാജ്യങ്ങള്‍ തമ്മിലാകുമ്പോള്‍ വലിയ യുദ്ധങ്ങളില്‍ കലാശിക്കുന്നു. എതിര്‍ത്തു നില്‍ക്കുന്നവനെ ഉന്മൂലനം ചെയ്തും അവന്റെ ഇത്തിരി ഇടങ്ങള്‍ പിടിച്ചെടുക്കുക എന്ന കാട്ടുനീതി. കൈയ്യൂക്കുള്ളവന്‍ കാര്യക്കാരനാകുന്നു, എതിര്‍ക്കാന്‍ ത്രാണിയില്ലാത്തവന്റെ വീട്ടിലെ സ്ത്രീകളെ ലൈംഗിക അടിമകളാക്കുന്നു, കുഞ്ഞുങ്ങളെ പിച്ചിച്ചീന്തുന്നു... അവിടെ മനസാക്ഷിയില്ല, നിയമങ്ങളില്ല, മനുഷ്യത്വവുമില്ല. പിടിച്ചടക്കലുകളില്‍, അധികാരനേട്ടങ്ങളില്‍ എല്ലാ നീതികേടുകളെയും കഴുകിക്കളയുന്ന അതിവിചിത്രമായ ആചാരങ്ങള്‍. ആ നീതികേടുകളുടെയെല്ലാം ഏറ്റവും വലിയ ഇരകളാണ് സ്ത്രീകളും കുട്ടികളും. സമാനതകളില്ലാത്ത ക്രൂരതകള്‍ക്കു പാത്രമാകുന്ന നിസ്സഹായ ജന്മങ്ങളാണവര്‍.
അതിനീചകൃത്യങ്ങള്‍ ചെയ്തുകൂട്ടുന്നവനെതിരായ എതിര്‍പ്പുകള്‍ അവനൊരു അധികാരസ്ഥാനത്തെത്തുമ്പോള്‍ ആരാധനയായി മാറുന്നു. അവന്‍ ചെയ്തു കൂട്ടിയ ക്രൂരതകള്‍ വീരേതിഹാസങ്ങളായി മാറുന്നു. അവന്റെ ചെയ്തികളത്രയും പാടി നടക്കേണ്ടുന്ന ഇതിഹാസ ചരിതങ്ങളായി മാറുന്നു.
എതിര്‍ക്കാന്‍ ത്രാണിയില്ലാത്ത ഉക്രൈനില്‍ റഷ്യ നടത്തുന്നതും സമാനതകളില്ലാത്ത ക്രൂരതയാണ്. അതിദാരിദ്ര്യത്തിലും ആഭ്യന്തര പ്രശ്നങ്ങളിലും പെട്ടുഴലുന്ന ഒരു നാടിനെ അതിന്റെ ഏറ്റവും ബലഹീനമായ സമയത്ത് ആക്രമിക്കുക എന്ന അക്ഷന്തവ്യമായ കൃത്യം. യുദ്ധക്കൊതിയനായ വ്ളാദിമിര്‍ പുട്ടിന്‍ കാട്ടിക്കൂട്ടുന്നത് കാടത്തമാണ്, വീരോചിതമല്ല. ബലഹീനനുമേല്‍ ഒരു നരാധമന്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍ നിസ്സഹായത നടിച്ചു നോക്കി നില്‍ക്കുന്നു ലോകരാഷ്ട്രങ്ങളും...!
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് യൂറോപ്പില്‍ ആകെക്കൂടി 50 രാജ്യങ്ങള്‍ ആണുള്ളത്. ഈ 50 രാജ്യങ്ങളില്‍ 10 രാജ്യങ്ങള്‍ ഏറ്റവും ദരിദ്ര രാജ്യങ്ങളുടെ പട്ടികയിലാണ്. അതില്‍ ഒന്നാം സ്ഥാനത്താണ് ഉക്രൈന്‍. 2020 ലെ കണക്കനുസരിച്ച് ഉക്രൈനിന്റെ ജി ഡി പി പ്രതിശീര്‍ഷ വരുമാനം (GDP Per capita) വെറും 3,727 ഡോളറാണ്.
യൂണിയന്‍ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ (USSR) ഭാഗമായിരുന്ന ഉക്രൈന്‍ ഒരുകാലത്ത് യൂറോപ്പിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായിരുന്നു. എന്നാല്‍, യു എസ് എസ് ആറിന്റെ പതനത്തോടെ ഉക്രൈനിന്റെ പതനവും ആരംഭിച്ചു. വലിയൊരു സാമ്പത്തിക ശക്തിയായി പരിണമിക്കാന്‍ ആ രാജ്യത്തിനു കഴിയാതെ വന്നു. അതിന്റെ കാരണങ്ങള്‍ പലതാണ്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടവയായിരുന്നു ആ രാജ്യത്തിനുമേല്‍ റഷ്യനടത്തിയ കൈയ്യേറ്റങ്ങള്‍. 2014 ല്‍ ക്രൈമിയ പിടിച്ചെടുത്തുകൊണ്ട് ഉക്രൈനില്‍ റഷ്യ നടത്തിയ അധിനിവേശങ്ങള്‍ ആ രാജ്യത്തിനു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. സര്‍ക്കാര്‍ തലത്തിലുള്ള അഴിമതികളും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമെല്ലാം ആ രാജ്യത്തെ ദാരിദ്ര്യത്തില്‍ നിന്നും ദാരിദ്യത്തിലേക്കു നയിച്ചുകൊണ്ടിരുന്നു.
രക്ഷപ്പെടാന്‍ വഴിയേതുമില്ലാതെ പകച്ചു നിന്ന ഒരു നാടിനെ പിടിച്ചുകുലുക്കിക്കൊണ്ടാണ് കൊറോണയെന്ന മഹാമാരിയെത്തിയത്. ലോകം മുഴുവന്‍ അടച്ചിടപ്പെട്ടു. സാമ്പത്തികരംഗം താറുമാറായി. ഇപ്പോഴും അതിന്റെ പരാധീനതകളില്‍ കൈകാലുകളിട്ടടിക്കുകയാണ് ഓരോ രാജ്യവും. ദാരിദ്ര്യത്തിന്റെ പരകോടിയില്‍ എന്തുചെയ്യുമെന്നറിയാതെ നട്ടം തിരിയുന്ന ഉക്രൈനിനെ പിടിച്ചെടുക്കാനായി അധികാരത്തിന്റെ ഹുങ്കുപയോഗിക്കുന്ന വ്ളാദിമിര്‍ പുട്ടിനെന്ന ചെകുത്താനെ തടയിടാന്‍ ലോകരാജ്യങ്ങളോ സമാധാനത്തിന്റെ കാവലാളായ ഐക്യരാഷ്ടസഭയോ ശ്രമിക്കുന്നില്ല എന്നതാണ് ഏറ്റവും ദു:ഖകരമായ വസ്തുത.
രാജ്യമായാലും മനുഷ്യരായാലും ദുര്‍ബലമായവയെ ബലപ്രയോഗത്തിലൂടെയും അക്രമത്തിലൂടെയും കീഴ്പ്പെടുത്തി കാല്‍ക്കീഴിലാക്കുകയാണ് വീരലക്ഷണമെന്ന് അടിയുറച്ചുപോയ മനുഷ്യരുടെ കൈകളിലേക്ക് രാജ്യാധികാരമെത്തിയാല്‍ എന്താണു സംഭവിക്കുക എന്നത് ലോകത്തു നടന്നിട്ടുള്ള ചെറുതും വലുതുമായ യുദ്ധങ്ങള്‍ നമുക്കു കാണിച്ചു തരും. അധികാരം വികേന്ദ്രീകരിക്കാതെ ഒരാളില്‍ കേന്ദ്രീകരിക്കുന്ന അവസ്ഥ നാശത്തില്‍ മാത്രമേ കലാശിക്കുകയുള്ളു. പുട്ടിന്റെ യുദ്ധക്കൊതിയും അഹങ്കാരോന്മാദവുമാണ് ഉക്രൈന്റെ ഇപ്പോഴത്തെ ദുരിതങ്ങള്‍ക്കു കാരണം. ദുര്‍ബലനുമേല്‍ അതിനീചമായ ക്രൂരതകള്‍ അരങ്ങേറുന്നതു കണ്ടിട്ടും കിട്ടാനുള്ള അപ്പക്കഷ്ണത്തിന്റെ പേരില്‍ മിണ്ടാതിരിക്കുന്ന ലോകരാഷ്ട്രങ്ങളും കുറ്റകൃത്യത്തില്‍ പങ്കാളികളാകുകയാണ്.
ലോകരാഷ്ട്രങ്ങളുടെ മുഴുവന്‍ ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യ എന്ന രാജ്യത്തെ മഹത്തരമാക്കുന്ന ഒരു നയമുണ്ട്. മഹത്തായ ഇന്ത്യന്‍ ചരിത്രത്തില്‍ ഒരിക്കല്‍പ്പോലും നാം ഒരു രാജ്യത്തെയും അങ്ങോട്ടു ചെന്നാക്രമിച്ചിട്ടില്ല. പകരം, ഇന്ത്യയെ ആക്രമിക്കാന്‍ വന്ന ശക്തികളെ അതിധീരമായി ചെറുക്കുകയാണ് ചെയ്തിട്ടുള്ളത്. ആയുധശക്തിയില്‍ പ്രബലരായ ചൈനയെപ്പോലും തടഞ്ഞുനിറുത്തുവാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞുവെങ്കില്‍ ഏത് എതിര്‍പ്പുകളെയും നേരിടാന്‍ ഇന്ത്യ ശക്തയാണ് എന്നുതന്നെയാണ്. അതുതന്നെയാണ് ഇന്ത്യയുടെ അതിമഹത്തായ പാരമ്പര്യവും. രാഷ്ട്രീയ നിലപാടുകള്‍ എന്തുതന്നെ ആയിരുന്നാലും നമ്മള്‍ ഇന്നും കാത്തുപരിപാലിക്കുന്ന ഈ മൂല്യത്തിന് കടപ്പെട്ടിരിക്കുന്നത് ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകളോടാണ്.
രണ്ടുരാജ്യങ്ങളിലെ ഭരണാധികാരികള്‍ തമ്മിലോ സൈനികര്‍ തമ്മിലോ അല്ല യഥാര്‍ത്ഥ യുദ്ധം അരങ്ങേറുന്നത്. മറിച്ച്, ആ രാജ്യത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും നിസ്സഹായ മനുഷ്യരുടെയും മേല്‍ സൈന്യവും രാജ്യവും നടത്തുന്ന ക്രൂരതകളാണത്. ഏതൊരു യുദ്ധത്തിലും കലാപങ്ങളിലും കലഹങ്ങളിലും ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് അതില്‍പ്പെട്ടു പോകുന്ന സ്ത്രീകളും കുട്ടികളുമാണ്.
അമേരിക്കയുടെ ചരിത്രത്തിലുടനീളം ഇത്തരം പിടിച്ചടക്കലുകളുടെ ചോരപ്പുഴകള്‍ കാണാനാവും. കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെ അമേരിക്ക നടത്തിയിട്ടുള്ള ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന നെറികേടുകള്‍ മനുഷ്യമനസാക്ഷിയെപ്പോലും മരവിപ്പിക്കുന്നതാണ്. പിടിച്ചടക്കുക, കീഴ്പ്പെടുത്തുക, സ്വന്തമായി വച്ചനുഭവിക്കുക എന്ന നയം തന്നെയാണ് അമേരിക്ക ഇന്നും പിന്തുടരുന്നത്. ബാരക് ഒബാമ മനസാക്ഷിയുള്ളൊരു ഭരണാധികാരിയായിരുന്നു. പക്ഷേ, ആ അനുകമ്പ ലവലേശം കൈവശം വയ്ക്കാത്ത ഭരണാധികാരികളാണ് അമേരിക്കയ്ക്ക് എന്നെന്നും ഉണ്ടായിരുന്നത്, ഇപ്പോള്‍ ഉള്ളതും.
യുദ്ധത്തിന്റെ കരാളഹസ്തത്തില്‍ നിന്നും ഇനി വരുന്ന തലമുറയെയെങ്കിലും രക്ഷപ്പെടുത്തണമെന്നും ഇനിയൊരു ചെറു യുദ്ധം പോലും ഭൂമിയ്ക്കും അതിലെ ജീവജാലങ്ങള്‍ക്കും താങ്ങാനാവില്ലെന്നുമുള്ള തിരിച്ചറിവില്‍, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകരാഷ്ട്രങ്ങളെല്ലാം ചേര്‍ന്ന് ചെറുതും വലുതുമായ ഒട്ടനവധി ഉടമ്പടികളില്‍ ഒപ്പിട്ടിട്ടുണ്ട്.
രണ്ടാം ലോകമഹായുദ്ധത്തോടെ സര്‍വ്വരാജ്യസഖ്യം (League of Nations) സമ്പൂര്‍ണ്ണമായി പരാജയപ്പെടുകയായിരുന്നു. ഇനി ഭാവിയിലൊരു യുദ്ധമുണ്ടാകാതിരിക്കാനും യുദ്ധത്തിലേക്കു നീങ്ങുന്ന സാഹചര്യങ്ങളെ ഫലപ്രദമായി തടയിടാനും രൂപം കൊണ്ടതാണ് ഐക്യരാഷ്ട്ര സഭ (United Nations).
ഐക്യരാഷ്ട്രസഭയുമായി ഉണ്ടാക്കിയ ഉടമ്പടികളില്‍ പത്തെണ്ണം വളരെ പ്രധാനപ്പെട്ടവയാണ്. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം (Universal Declaration of Human Rights-UDHR). സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യന്റെ ജന്മാവകാശമാണത്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭ (General Assembly) 1948 ഡിസംബര്‍ 10ന് പാരീസില്‍ ആണ് ഈ ഉടമ്പടി അംഗീകരിച്ചത്.
അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ 30 അനുച്ഛേദങ്ങളാണ് അടങ്ങിയിട്ടുള്ളത്. മനുഷ്യരെല്ലാവര്‍ക്കും തുല്യമായ അവകാശങ്ങളും അന്തസും സ്വാതന്ത്ര്യവും ഉണ്ടെന്നും അത് അവരുടെ ജന്മാവകാശമാണെന്നും ആദ്യത്തെ അനുച്ഛേദത്തില്‍ വ്യക്തമാക്കുന്നു. ജാതി, മതം, നിറം, ഭാഷ, സ്ത്രീപുരുഷഭേദം, രാഷ്ട്രീയാഭിപ്രായം, സ്വത്ത്, കുലം എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരാള്‍ക്കുപോലും അവരുടെ ജന്മാവകാശങ്ങളെ നിഷേധിക്കരുതെന്നതാണ് രണ്ടാമത്തെ വകുപ്പില്‍ പറയുന്നത്. സ്വയരക്ഷാബോധത്തോടും സ്വാതന്ത്ര്യത്തോടും കൂടി ജീവിക്കുവാന്‍ ഈ ഭൂമിയിലെ എല്ലാ മനുഷ്യര്‍ക്കും അവകാശമുണ്ടെന്നും പൈശാചികവും ക്രൂരവും അവമാനകരവുമായ രീതിയില്‍ ആരോടും പെരുമാറരുതെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു.
ഉക്രൈന്‍ ഏതെങ്കിലുമൊരു നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍, ഒരു രാജ്യത്തിന്റെ അന്തസിനു ചേരാത്ത രീതിയില്‍ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെങ്കില്‍, ആ വിഷയം രമ്യമായി പരിഹരിക്കാനും തീരുമാനങ്ങളെടുക്കുവാനുമാണ് ഐക്യരാഷ്ട്രസഭ രൂപീകരിച്ചിട്ടുള്ളത്. ആ വിഷയം സഭയില്‍ ചര്‍ച്ച ചെയ്യാം. തങ്ങളുടെ ഭാഗത്തു നിന്നു സംസാരിക്കാന്‍ ഉക്രൈനും അവസരം ലഭിക്കും. റഷ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഉക്രൈന്‍ വളരെ ചെറിയൊരു രാജ്യമാണ്. മുക്കാല്‍പ്പട്ടിണിയില്‍ നിന്നും മുഴുപ്പട്ടിണിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന പരമദരിദ്രമായൊരു രാജ്യം. അതിനാല്‍ത്തന്നെ, യുദ്ധത്തിന്റെ വഴി സ്വീകരിക്കാതെ പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിലേക്ക് ഉക്രൈന്‍ നീങ്ങിയേക്കാം. ഈ എളുപ്പമാര്‍ഗ്ഗം കണ്‍മുന്നിലിരിക്കെ, കൈയിലെ ആയുധ ബലത്തിന്റെ അഹന്തയില്‍ ഉക്രൈനുമേല്‍ യുദ്ധം അഴിച്ചുവിട്ട് ഉന്മാദനൃത്തം ചവിട്ടുന്ന വ്‌ളാദിമിര്‍ പുട്ടിന്‍ എന്ന നരാധമന്‍...!
വിശന്നപ്പോള്‍ ഒരുപിടി അന്നം മോഷ്ടിച്ചെന്ന കാരണത്താല്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിന്റെ നിലവിളിയില്‍ കരളുരുകിയവര്‍ക്ക് ഉക്രൈനിലെ നിസ്സഹായ ജീവിതത്തിന്റെ കരള്‍പിടയുന്ന സ്വരം തിരിച്ചറിയാന്‍ കഴിയാതെ പോകുന്നതെന്തുകൊണ്ട്....?? വിശന്നുവലഞ്ഞു വീണുപോയ ഒരുവന്റെ നിലവിളിയില്‍ ഉന്മാദം കണ്ടെത്തിയ ആ കൂളിക്കൂട്ടത്തിന്റെ മുഖം തന്നെയാണ് റഷ്യന്‍ ഭരണാധികാരിക്കും.
വയര്‍നിറയെ ഭക്ഷണം കഴിച്ച് സുഖലോലുപതയില്‍ പുളച്ചുകഴിയുന്ന അധികാരമില്ലാത്തൊരു ആള്‍ക്കൂട്ടത്തിന് മധുവെന്ന നിരപരാധിയുടെ ജീവനെടുക്കാനായി. മനസാക്ഷി തൊട്ടുതീണ്ടാത്ത, പണത്തിന്റെയും അധികാരത്തിന്റെയും പുളപ്പില്‍ കണ്ണുമഞ്ഞളിച്ച ഒരു ഭരണാധികാരിക്ക് ഒരു രാജ്യത്തെ ജനങ്ങളെ ഒന്നാകെ തീരാദുരിതത്തിലേക്കു തള്ളിയിടാന്‍ കഴിഞ്ഞു.
ഏറ്റവും വലിയ സര്‍ക്കുലേഷനും വായനക്കാരുമുള്ള മനോരമ ഈ വിഷയം ആഘോഷിക്കുന്നതു നോക്കുക...!
ഇന്നത്തെ അവരുടെ തലക്കെട്ടു നോക്കുക...!! 'ഉക്രൈന്‍ വീഴുന്നു'....!! ദുര്‍ബലമായ, ചെറുത്തുനില്‍ക്കാന്‍ പോയിട്ട് ഒന്നുപ്രതികരിക്കാന്‍ പോലും ശേഷിയില്ലാത്ത ഒരു ചെറുരാജ്യത്തിന്റെ പതനം മനോരമ ആഘോഷിക്കുകയാണ്.... മറ്റേതൊരു തലക്കെട്ടു വേണമെങ്കിലുമാകാമായിരുന്നു. റഷ്യ-ഉക്രൈന്‍ യുദ്ധമെന്നായാലും ഇത്രമേല്‍ തരംതാഴില്ലായിരുന്നു.
മനോരമ ഇങ്ങനെയൊന്നും ഉദ്ദേശിച്ചില്ല എന്നാണ് നിങ്ങളുടെ നിഗമനമെങ്കില്‍, വാര്‍ത്തകളിലേക്കു സൂക്ഷ്മമായി കണ്ണോടിക്കുക... ആട്ടിന്‍തോലിട്ട ചെന്നായുടെ യഥാര്‍ത്ഥ മുഖം എഡിറ്റ് പേജില്‍ പ്രകടമായിട്ടുണ്ട്. 'അടി പുടിന്‍' എന്ന തലക്കെട്ടിനു താഴെ പുടിന്റെ കുട്ടിക്കാലം മുതലുള്ള വീരേദിഹാസങ്ങള്‍ മനോരമ വിവരിച്ചിട്ടുണ്ട്.
നട്ടെല്ലിന്റെ സ്ഥാനത്ത് ഒരു ഈര്‍ക്കിലിക്കമ്പെങ്കിലുമുണ്ടായിരുന്നുവെങ്കില്‍, ദുര്‍ബലനോടൊപ്പം മാധ്യമങ്ങളും നിലകൊള്ളുമായിരുന്നു. തങ്ങളുടെ നട്ടെല്ലിന് ഉരുക്കിന്റെ കരുത്താണെന്നു പറയുകയും ഫലത്തില്‍ ശക്തിമാന്റെ നീതികേടുകള്‍ക്ക് ഒത്താശ ചെയ്യുകയും ചെയ്യുന്നു.
വീണവനെ താങ്ങിയാല്‍ താങ്ങിയവനും വീഴുമെന്ന തത്വം. വഴിപിഴച്ചവനെങ്കിലും ശക്തനായ അധികാരിക്കൊപ്പം നിന്നാല്‍ കിട്ടുന്ന എല്ലിന്‍ കഷണങ്ങളുടെ രുചി.....
വീണുപോകുന്നവര്‍ക്കൊപ്പമെന്നു വരുത്തിത്തീര്‍ത്ത് ശക്തന്റെ അടിവസ്ത്രമലക്കുന്ന ജോലിയില്‍ ഏര്‍പ്പെടുന്നതല്ല മാധ്യമധര്‍മ്മം. ഒരു രാജ്യത്തിന്റെ മനസാക്ഷിയാകണം മാധ്യമങ്ങള്‍. ലവലേശം പോലും നട്ടെല്ലു വളയ്ക്കാതെ സത്യത്തിനു വേണ്ടി നിലകൊള്ളാന്‍ കഴിയണമവര്‍ക്ക്. ആ കരളുറപ്പാണ് പാവപ്പെട്ടവന്റെ അന്തസും ആത്മാഭിമാനവും ഉയര്‍ത്തിപ്പിടിക്കാനവരെ സഹായിക്കുന്നത്. അതാണ്, അതായിരിക്കണം മാധ്യമധര്‍മ്മം.
.........................................................
ജെസ് വര്‍ക്കി
തമസോമ ഡോട്ട് കോം
അഭിപ്രായങ്ങളൊന്നുമില്ല