നിരോധനം അഥവാ അതിമനോഹര ആചാരം……! ഇതു കഴിവുകേടിന്റെ മാറ്റുപേര്‍…!!


കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഐങ്കൊമ്പില്‍ ഒരു ബസ് കത്തിയെരിഞ്ഞു. ഒന്നോടി രക്ഷപ്പെടാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത വസ്ത്രങ്ങളണിഞ്ഞ സ്ത്രീകളായിരുന്നു അതില്‍ വെന്തു മരിച്ചവരില്‍ ഏറെയും. ബസിന്റെ പിന്‍വശത്തുള്ള എമര്‍ജന്‍സി വാതിലിലൂടെ വേഗത്തില്‍ ചാടിയിറങ്ങി രക്ഷപ്പെടാന്‍ സ്ത്രീകള്‍ക്കു കഴിഞ്ഞില്ല. അതായിരുന്നു സ്ത്രീകളിലേറെയും വെന്തു മരിക്കാന്‍ ഇടയാക്കിയത്. അപകടത്തിനു ശേഷം ഉടന്‍ ഉത്തരവു വന്നു. സ്വകാര്യബസുകളില്‍ സ്ത്രീകളുടെ സീറ്റ് മുന്‍വശത്തു നിന്നും പിന്‍വശത്തേക്കു മാറ്റണം. ആനവണ്ടികളില്‍ അങ്ങനെ ആയതിനാല്‍ സ്വകാര്യബസുകളിലും അങ്ങനെ മതിയത്രെ…!


എന്തായാലും ഭാഗ്യം. അപകടങ്ങളില്‍ പെടുന്നവരേറെയും സ്ത്രീകളാണെന്നും അതിനാല്‍ സ്ത്രീകള്‍ ഇനിമേല്‍ പുറത്തിറങ്ങരുത് എന്നും ഉത്തരവുണ്ടായില്ല…..!!!

തട്ടേക്കാട് ബോട്ടപകടമുണ്ടായി, കുറെ കൊച്ചുകുട്ടികള്‍ മുങ്ങിമരിച്ചു…..

ഉടന്‍ വന്നു നിരോധനം, കുട്ടികളുടെ ബോട്ട് യാത്രകളാണ് അന്നു നിരോധിച്ചത്……..

നീന്താനറിയാത്ത കുഞ്ഞുങ്ങളെ എത്രയും വേഗം നീന്തല്‍ പഠിപ്പിക്കണമെന്നും ഇനിയൊരു മുങ്ങിമരണം ഉണ്ടാകാതിരിക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗം അതാണെന്നും അധികാരി വര്‍ഗ്ഗം ചിന്തിച്ചതേയില്ല……

കല്യാണം കൂടാന്‍ പോയ കുരുപ്പുകളെന്തിനാണ് ബോംബും കൊണ്ടു പോയതെന്ന് അറിയില്ല. അതേക്കുറിച്ച് അന്വേഷണമുണ്ടാകുമായിരിക്കും. എന്തായാലും ആദ്യ ഇണ്ടാസ് പുറത്തു വന്നു…. ബോംബു പൊട്ടിക്കാന്‍ ഇടയായത് കല്യാണത്തിനിടയിലുണ്ടായ പാട്ടിനെയും കൂത്തിനെയും ചൊല്ലിയുള്ള തര്‍ക്കമാണത്രെ…. അതിനാല്‍ അതു തന്നെയങ്ങു നിരോധിച്ചു…..

ഇപ്പോഴിതാ വീണ്ടുമൊരു നിരോധനമെത്തിയിരിക്കുന്നു…..

കോഴിക്കോട് ബീച്ചില്‍ ഉപ്പിലിട്ടത് വില്‍ക്കുന്ന കടയില്‍ നിന്ന് ഉപ്പിലിട്ടത് കഴിക്കുന്നതിനിടെ എരിവ് തോന്നിയപ്പോള്‍ അവിടെ ഇരുന്ന കുപ്പിയിലെ ദ്രാവകം വെള്ളമാണെന്ന് കരുതി ഒരു കുട്ടി എടുത്ത് കുടിച്ചപ്പോള്‍ വായ് പൊള്ളിപ്പോയി.

കുട്ടി ആശുപത്രിയിലായി. ആതോടെ ആ നിരോധനവുമെത്തി……. ഇനിയാരും ഉപ്പിലിട്ടതു കഴിക്കരുത്…. അതു നിരോധിച്ചിരിക്കുന്നു……

വിനാഗിരി ഉണ്ടാക്കാന്‍ സാധാരണയായി ഉപയോഗിക്കുന്നതു കള്ളാണ്. എന്നാല്‍, കടകളില്‍ ഉപ്പിലിടാന്‍ ഉപയോഗിക്കന്നതാകട്ടെ അസറ്റിക് ആസിഡും. ഒട്ടും തന്നെ വെള്ളം ചേര്‍ക്കാത്ത അസറ്റിക് ആസിഡിനെ വിളിക്കുന്ന പേരാണ് ഗ്ലേഷ്യല്‍ അസറ്റിക് ആസിഡ്. ഇതില്‍ ആവശ്യമായ അളവില്‍ വെള്ളം ചേര്‍ത്ത് ആണ് വിനാഗിരി ഉണ്ടാക്കുന്നത്. ഉപ്പിലിടുന്ന കച്ചവടക്കാര്‍ക്ക് ധാരാളമായി വിനാഗിരി ഉപയോഗിക്കേണ്ടി വരും. അതിനാല്‍, കടകളില്‍ ലഭ്യമായ വിനാഗിരിക്ക് പകരമായി നിര്‍ദ്ദിഷ്ട അളവില്‍ അസറ്റിക് ആസിഡില്‍ വെള്ളം ചേര്‍ത്ത് വിനാഗിരി ഉണ്ടാക്കുന്നു. ഇതു ലാഭകരമായതിനാല്‍ വന്‍തോതില്‍ ചെയ്തു വരുന്നു.

ഉപ്പിലിടുന്നവര്‍ മാത്രമല്ല, അച്ചാറും മറ്റും ഉണ്ടാക്കുന്ന ഫുഡ് പ്രോസസ്സിംഗ് യൂണിറ്റുകളിലും ഇതു തന്നെയാണ് ചെയ്തു വരുന്നത്. ഒരു വലിയ ഭരണിയിലെ വെള്ളത്തില്‍ ഒരു കുപ്പി വിനാഗിരി ഒഴിക്കുന്നതിനു പകരം ഒന്നോ രണ്ടോ സ്പൂണ്‍ കോണ്‍സണ്ട്രേറ്റഡ് അസറ്റിക് ആസിഡ് ഉപയോഗിച്ചാലും ഫലത്തില്‍ സംഭവിക്കുന്നത് ഒന്നു തന്നെയാണ്. അതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടാകാനും പോകുന്നില്ല. അനിയന്ത്രിതമായ അളവില്‍ ഉപ്പിലിട്ടതെന്നല്ല ഏത് ഭക്ഷണ പദാര്‍ത്ഥം കഴിച്ചാലും അത് ശരീരത്തിനു ദോഷകരമായി ബാധിക്കും എന്ന വിഷയം മാത്രമേ ഇവിടെയുമുള്ളൂ.

കോഴിക്കോട് സംഭവത്തില്‍ ഉപ്പിലിട്ട ജാറിലെ ദ്രാവകം പരിശോധിച്ചപ്പൊള്‍ അതില്‍ വിനാഗിരി തന്നെയാണ് കണ്ടെത്തിയത്. കുപ്പിയില്‍ ഉണ്ടായിരുന്നത് കോണ്‍സണ്ട്രേറ്റഡ് അസറ്റിക് ആസിഡും. പക്ഷേ സംഭവത്തില്‍ ആ കടക്കാരന്‍ കുറ്റക്കാരന്‍ തന്നെയാണ്. വിനാഗിരി ആയാലും കോണ്‍സണ്ട്രേറ്റഡ് അസറ്റിക് ആസിഡ് ആയാലും മണ്ണെണ്ണ ആയാലും വെള്ളമെന്ന് തെറ്റിദ്ധരിപ്പിക്കപ്പെടൂന്ന രീതിയില്‍ ആരും എടുത്ത് കുടിക്കാന്‍ പാകത്തില്‍ അത് പുറത്ത് വച്ചത് ഗുരുതരമായ കുറ്റം തന്നെയാണ്. അതിന് അയാള്‍ ശിക്ഷിക്കപ്പെടൂക തന്നെ ചെയ്യണം. അതോടൊപ്പം തന്നെ ഇത്തരത്തില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കോണ്‍സട്രേറ്റഡ് അസറ്റിക് ആസിഡില്‍ വെള്ളം ചേര്‍ത്ത് വിനിഗര്‍ ആക്കി നേരിട്ട് ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്നത് അനുവദനീയമാണോ അല്ലയോ എന്നു കൂടി ഫുഡ് സേഫ്റ്റി വകുപ്പ് വ്യക്തമാക്കണം.

ഉപ്പിലിടുന്നത് വിറ്റ് ഉപജീവനം നടത്തുന്ന നിരവധി കച്ചവടക്കാരുണ്ട് നമ്മുടെ നാട്ടില്‍. ഭക്ഷണത്തില്‍ വിഷം കലര്‍ത്തുന്നതും ലാഭ്യേച്ഛ മുന്നില്‍ക്കണ്ട് ആരോഗ്യത്തിനു ഹാനികരമായ ആഹാരസാധനങ്ങള്‍ വില്‍ക്കുന്നതും അതികര്‍ശനമായി നിരോധിക്കപ്പെടണം. അതു ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണം. അല്ലാതെ, നല്ല രീതിയില്‍ കച്ചവടം ചെയ്യുന്നവരെക്കൂടി കുരുതി കൊടുക്കുകയല്ല വേണ്ടത്.

കല്യാണവീടുകളിലെ ആഭാസങ്ങള്‍ നിരോധിക്കുക തന്നെ വേണം. പക്ഷേ, അതേസമയം അതൊരു സന്തോഷകരമായ മുഹൂര്‍ത്തമാണെന്നും ആനന്ദിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും മനസിലാക്കുകയും വേണം. ആഭാസങ്ങളെ നിരോധിച്ച്, ശിക്ഷിക്കേണ്ടവര്‍ക്കു തക്ക ശിക്ഷ നല്‍കി, ആനന്ദങ്ങള്‍ക്ക് പച്ചക്കൊടി കാണിക്കുകയാണ് വേണ്ടത്.

തലയില്ലാത്ത മറ്റൊരു നിയമം നടപ്പിലാക്കിയിരിക്കുന്നത് ട്രാഫിക് വകുപ്പാണ്. ഇരുചക്രവാഹനങ്ങള്‍ സ്റ്റാര്‍ട്ടാക്കിയാല്‍ ഉടന്‍ ലൈറ്റ് കത്തണമത്രെ….! അതെന്തിനാണെന്നു മാത്രം മനസിലാകുന്നില്ല. കടുത്ത മൂടല്‍ മഞ്ഞോ കാഴ്ചപ്രശ്‌നങ്ങളോ ഉള്ള പ്രദേശങ്ങളില്‍ ഈ നിര്‍ദ്ദേശം നല്ലതാണ്. പക്ഷേ, നമ്മുടെ നാട്ടില്‍ ഈ കോപ്രായമെന്തിന്….??

പോലീസ്, ഇന്റലിജന്‍സ്, ഫുഡ് സേഫ്റ്റി തുടങ്ങി സകല ഉദ്യോഗസ്ഥരും നമുക്കുണ്ട്. പക്ഷേ, നിരോധിക്കാനല്ലാതെ മറ്റെന്തെങ്കിലും കാര്യത്തിന് അവരെ കൊള്ളുമോ….??


————————————-
ജെസ് വര്‍ക്കി
ചീഫ് എഡിറ്റര്‍
തമസോമ ഡോട്ട് കോം

 

—————————————————–

Tags: bomb blast in marriage ceremony, bomb blast in a marriage in Kannur, food safety in Kerala, bank on food items in Kerala, ban of trucking, ban of boating in Kerala, 

One thought on “നിരോധനം അഥവാ അതിമനോഹര ആചാരം……! ഇതു കഴിവുകേടിന്റെ മാറ്റുപേര്‍…!!

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു