അലോപ്പതി ഭയന്നുവിറയ്ക്കുന്നുവോ….???

ഏകദേശം രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അദ്ദേഹത്തെ ഞാന്‍ വിളിക്കുമ്പോഴും ശാന്തമായിരുന്നു ആ സ്വരം….. അല്ലെങ്കിലും അത് എന്നെന്നും അങ്ങനെ തന്നെ ആയിരുന്നു. പുറമേ നടക്കുന്ന സംഘര്‍ഷങ്ങളൊന്നും സ്വന്തം മനസിനെ ബാധിക്കാന്‍ ഒരിക്കലും അദ്ദേഹം അനുവദിച്ചിരുന്നില്ല. തന്റെ ചികിത്സ തേടിയെത്തുന്ന രോഗികളിലും തികഞ്ഞ ആത്മവിശ്വാസം നിറയ്ക്കാന്‍ അദ്ദേഹം എന്നെന്നും ശ്രദ്ധിച്ചിരുന്നു…..

ഇടംകൈത്തണ്ടയില്‍ താടിയൂന്നി, മുന്നിലെ പേപ്പര്‍ ഷീറ്റില്‍ രോഗവിവരങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ തലയൊന്നു ചെരിച്ച് കണ്ണുകളിലേക്കു നോക്കുന്ന ഒരു നോട്ടമുണ്ട്. മനസില്‍ അലയടിക്കുന്ന സങ്കടസാഗരത്തെയപ്പാടെ പുറത്തെത്തിക്കാന്‍ ശേഷിയുള്ള നോട്ടം. തുളുമ്പിപ്പോകുന്ന എന്റെ കണ്ണുകള്‍ അദ്ദേഹത്തില്‍ നിന്നും മറച്ചു പിടിക്കാന്‍ ഞാന്‍ വല്ലാതെ പാടുപെട്ടിരുന്നു…… പക്ഷേ, പിടിക്കപ്പെടുക തന്നെ ചെയ്യും…..

ജെസീ, തന്റെ വീട്ടിലേക്ക് ഒരു അക്രമി കയറാന്‍ ശ്രമിക്കുന്നു എന്നുകരുതുക. അയാളെ കാണുമ്പോള്‍ തന്നെ തളര്‍ന്നിരുന്നാല്‍ അയാള്‍ ഉള്ളതെല്ലാം പെറുക്കിക്കൂട്ടി വീടും അലങ്കോലമാക്കി കടന്നുകളയില്ലേ….??? നമ്മളെ ആക്രമിക്കാന്‍ വരുന്ന രോഗാണുക്കളും അങ്ങനെ തന്നെ. അതിനെ പ്രതിരോധിക്കാന്‍ നമ്മുടെ മനസിനു കരുത്തുണ്ടാവണം. അപ്പോള്‍ ശരീരം ആ രോഗാണുവിനെതിരെ പ്രതികരിക്കും. ഞാന്‍ തരുന്ന മരുന്നുകള്‍ ആ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തും. അതിനനുസരിച്ചു തന്നെ ഭക്ഷണക്രമത്തിലും മാറ്റം വരുത്തണം. ഒടുവില്‍ ശരീരത്തിന്റെയും മനസിന്റെയും ശക്തിയെ തോല്‍പ്പിക്കാന്‍ കഴിയാതെ ആ രോഗം നമ്മുടെ ശരീരം വിട്ടൊഴിയും….. ഓരോ രോഗത്തെയും നമ്മള്‍ കീഴ്‌പ്പെടുത്തേണ്ടത് ഇത്തരത്തിലാണ്. മനസിന്റെയും ശരീരത്തിന്റെയും പിന്തുണയില്ലാതെ മരുന്നുകൊണ്ടുമാത്രം രോഗത്തെ കീഴടക്കാന്‍ ശ്രമിക്കുമ്പോള്‍ ശരീരം കൂടുതല്‍ ദുര്‍ബലമാകും. അതിനാല്‍ രോഗത്തെ പേടിക്കാതെ അവയെ പൊരുതി തോല്‍പ്പിക്കാന്‍ നമ്മുടെ മനസ് എപ്പോഴും തയ്യാറായിരിക്കണം…… അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്പോഴും ഞാനോര്‍ക്കുന്നു…..

ഇന്നിപ്പോള്‍ ഹോമിയോയ്‌ക്കെതിരെ നടക്കുന്ന അത്യന്തം ഹീനമായ ആക്രമണത്തിലും മനസിന്റെ നിയന്ത്രണം നഷ്ടപ്പെടുത്താന്‍ അദ്ദേഹം ഒരുക്കമല്ല. അദ്ദേഹം ഡോക്ടര്‍ ഫൈസല്‍. വരാപ്പുഴയില്‍ നിന്നും എന്റെ നാടായ നീണ്ടപാറയിലേക്കു ഞാന്‍ പോന്ന ശേഷം ഓര്‍മ്മയിലേക്കെത്തുന്ന മുഖങ്ങളുടെ മുന്‍പന്തിയിലും ഫൈസല്‍ ഡോക്ടറുണ്ട്.

മൂത്തമകള്‍ ജനിച്ച ശേഷമാണ് ഹോമിയോ ചികിത്സയിലേക്കു ഞാനും ചുവടുവച്ചത്. പനി, ചുമ, തൊണ്ടവേദന, ദഹനക്കേട്, ശര്‍ദ്ദി, വയര്‍വേദന, വയറിളക്കം, തലവേദന തുടങ്ങി നിരവധിയായ രോഗങ്ങള്‍ക്ക് ഞാനും കുഞ്ഞുങ്ങളും ചികിത്സ തേടിയിരുന്നതും ഡോക്ടര്‍ ഫൈസലിനെത്തന്നെ. വരാപ്പുഴയില്‍ ഞങ്ങളെത്തിയ 2010 മുതല്‍ അവിടെ നിന്നും തിരിച്ചു പോന്ന 2020 വരെയുള്ള കാലഘട്ടത്തില്‍ ഞങ്ങളുടെ ഫാമിലി ഡോക്ടറും അദ്ദേഹം തന്നെ ആയിരുന്നു. കുഞ്ഞിനു പനി വരുമ്പോള്‍ രാത്രികാലങ്ങളില്‍പ്പോലും ആധിപിടിച്ച മനസുമായി കുഞ്ഞിനെയും കൊണ്ട് അദ്ദേഹത്തെ സമീപിച്ചിരുന്നു. അപ്പോഴും ശാന്തമായ മനസോടെ അദ്ദേഹം ഓരോ കാര്യങ്ങള്‍ ഞങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തും.

ശരീരത്തില്‍ കടന്നുകൂടിയ രോഗാണുക്കളെ നിര്‍വ്വീര്യമാക്കി ആരോഗ്യം വീണ്ടെടുക്കുന്നതിനു വേണ്ടി ശരീരം സ്വയം സ്വീകരിക്കുന്ന രോഗപ്രതിരോധ മാര്‍ഗ്ഗമാണ് പനി. നമ്മുടെ ശരീരം പനിക്കുമ്പോള്‍, ചൂട് ക്രമാധീതമായി കൂടി മറ്റുപ്രശ്‌നങ്ങളിലേക്കു കടക്കാതെ ശ്രദ്ധിച്ചാല്‍ മാത്രം മതിയാകും. അതിന് ഉതകുന്നതാണ് ഹോമിയോ മരുന്നുകള്‍. മരുന്നു നല്‍കിയ ശേഷവും ശരീരത്തിലെ ചൂടു കുറഞ്ഞില്ലെങ്കിലും ഭയപ്പെടേണ്ടതില്ല. അമിതമായ ചൂട് നനഞ്ഞ തുണികൊണ്ട് ഒപ്പിമാറ്റിയാല്‍ മതിയാകും. ശരീരം രോഗത്തിനെതിരെ പ്രതികരിച്ചു തുടങ്ങും. പക്ഷേ, പനി ആരംഭിക്കുന്ന ഉടന്‍ തന്നെ മരുന്നുകള്‍ നല്‍കി ആ ചൂടിനെ അടിച്ചമര്‍ത്തിയാല്‍ അക്രമിയെ നേരിടാന്‍ വാളുമായി ചാടിയിറങ്ങിയ മനുഷ്യന്റെ കൈയില്‍ നിന്നും വാള്‍ പിടിച്ചുവാങ്ങി ദൂരെയ്‌ക്കെറിഞ്ഞ് അയാളെ അക്രമിക്കു മുന്നിലേക്ക് ഇട്ടുകൊടുക്കുന്നതിനു സമമാണത്. രോഗത്തെ അടിച്ചമര്‍ത്തിയാല്‍ അത് മറ്റേതെങ്കിലും രൂപത്തില്‍ പ്രത്യക്ഷപ്പെടും. അതുപാടില്ല. രോഗത്തെ പേടിക്കാനും പാടില്ല.

രോഗത്താല്‍ തളര്‍ന്ന ഓരോ മനസിനെയും ശക്തിപ്പെടുത്തുക എന്ന പ്രക്രിയയാണ് അദ്ദേഹം ആദ്യം നടത്താറുള്ളത്.

ഡോക്ടര്‍ ഫൈസലിനെപ്പോലെ ഹോമിയോ മരുന്നിന്റെ ഫലപ്രാപ്തിയില്‍ വിശ്വസിക്കുന്ന ഒരു വ്യക്തിപോലും അതിന്റെ ആധികാരികതയെ തള്ളിപ്പറയില്ല.

ഹോമിയോപ്പതിയെ കടന്നാക്രമിച്ച് തളര്‍ന്നവര്‍ അതിനെയിപ്പോള്‍ മന്ത്രവാദവും കൂടോത്രവുമായി താരതമ്യം ചെയ്യുന്നു. ഈ ചികിത്സയെ ആശ്രയിക്കുന്നവരെ അന്ധവിശ്വാസികളായി ചിത്രീകരിച്ച് അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു. ഹോമിയോ മരുന്നു കഴിച്ച് രോഗം മാറി എന്നു പറയുമ്പോള്‍ പ്രാര്‍ത്ഥനയിലൂടെ ശരീരത്തിലെ മുഴ പോലും അപ്രത്യക്ഷമാക്കിയെന്ന വിശ്വാസികളുടെ സാക്ഷ്യത്തെ ഓര്‍മ്മിപ്പിച്ച് അപഹസിക്കുന്നു.

എന്തുകൊണ്ടായിരിക്കാം ഹോമിയോയ്‌ക്കെതിരെ മുന്‍പെങ്ങുമില്ലാത്ത വിധം ഈ കൊറോണക്കാലത്ത് ഇത്രയേറെ വിമര്‍ശനങ്ങള്‍ ഉയരുന്നത്….??

കൊറോണയ്ക്ക് മരുന്നു കണ്ടുപിടിക്കപ്പെട്ടില്ല എന്ന് അലോപ്പതി ചികിത്സകര്‍ പറയുന്നു. രോഗലക്ഷണങ്ങള്‍ക്ക് മരുന്നുനല്‍കി രോഗത്തെ നിയന്ത്രിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. കൊറോണ ചികിത്സിച്ചു ഭേതമായവര്‍ അനുബന്ധ രോഗങ്ങളുമായി കഷ്ടപ്പെടുന്നു. അതിനിടയിലാണ് ആഴ്‌സനിക് ആല്‍ബം എന്ന പ്രതിരോധ മരുന്നിലൂടെ ഹോമിയോപ്പതി മനുഷ്യര്‍ക്ക് തുണയാവുന്നത്. കൂടുതല്‍ ആളുകളിലേക്ക് ആ മരുന്നെത്തിയാല്‍, അതിലൂടെ കൊറോണ പോലുള്ള മാരക വൈറസിനെ പിടിച്ചു കെട്ടാന്‍ കഴിഞ്ഞാല്‍ അലോപ്പതി ചികിത്സയ്ക്ക് ഇത്തരം പകര്‍ച്ചവ്യാധികളിലൂടെ നേടുന്ന കോടികള്‍ നഷ്ടമാകും. ജനങ്ങള്‍ കൂട്ടത്തോടെ ഹോമിയോയിലേക്കു മാറും. അതിനാല്‍ ആ മരുന്ന് കഴിക്കുന്നതില്‍ നിന്നും ആളുകളെ ഭയപ്പെടുത്തിയും പരിഹസിച്ചും അകറ്റിനിറുത്തുക എന്നതാണ് ഫലപ്രദമായ മാര്‍ഗ്ഗം.

ഇതാദ്യമായിട്ടാണ് സ്‌കൂള്‍ കുട്ടികളില്‍ വ്യാപകമായ രീതിയില്‍ ഹോമിയോ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുന്നത്. ഈ മരുന്ന് കുട്ടികളിലെ പ്രതിരോധ ശേഷിയെ ഉയര്‍ത്തുകയും പനി, ചുമ, കഫക്കെട്ട്, തൊണ്ടവേദന മുതലായ രോഗങ്ങളില്‍ നിന്നും അവരെ സംരക്ഷിക്കുകയും ചെയ്താല്‍ ആളുകള്‍ കൂടുതലായി ഹോമിയോയിലേക്കു തിരിയും. അതും അലോപ്പതി മേഖലയില്‍ ഭീമമായ വരുമാന നഷ്ടത്തിന് ഇടയാക്കും. മാത്രവുമല്ല, പകര്‍ച്ചവ്യാധികളെ നേരിടുന്നതിനുള്ള അലോപ്പതിയുടെ കഴിവിലുള്ള ജനങ്ങളുടെ വിശ്വാസത്തിന് മങ്ങലേല്‍ക്കുകയും ചെയ്യും. കോടികളുടെ വരുമാന നഷ്ടമാണ് ഇതുമൂലമുണ്ടാകുന്നത്. ഇതിനെല്ലാം ഫലപ്രദമായ മാര്‍ഗ്ഗമാണ് അവഹേളിക്കുകയും നിന്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുക എന്നത്. അത് അവര്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നു.

രോഗത്തില്‍ നിന്നും പൂര്‍ണ്ണമുക്തിയുണ്ടാകുന്നതാണ് ഒരു മരുന്നിന്റെ ഫലപ്രാപ്തിയുടെ അടിസ്ഥാനമെങ്കില്‍, പനി ഉള്‍പ്പടെയുള്ള പകര്‍ച്ച വ്യാധികളെ ഹോമിയോയിലൂടെ നേരിട്ട അനേകം പേരുടെ വാക്കുകളെ എന്തുകൊണ്ടു മുഖവിലയ്‌ക്കെടുക്കുന്നില്ല….?? അലോപ്പതി മരുന്നിനെക്കാള്‍ വലിയ പാര്‍ശ്വഫലങ്ങളാണ് ആയുര്‍വ്വേദ മരുന്നുകള്‍ കഴിക്കുമ്പോള്‍ ഉണ്ടാകുന്നതെന്ന വ്യാജപ്രചരണം എന്തുകൊണ്ട്…??

പകര്‍ച്ച വ്യാധികള്‍ക്കെതിരെ പ്രതിരോധം തീരത്ത് മഹാവിജയം നേടിയ ചരിത്രമാണ് ഹോമിയോയ്ക്കു പറയാനുള്ളത്. ആ വിജയഗാഥ തുടങ്ങുന്നത് 1799 ല്‍ ജര്‍മ്മനിയില്‍ ഉണ്ടായ സ്‌കാര്‍ലെറ്റ് പനി പടര്‍ന്നുപിടിക്കാതിരിക്കാന്‍ ഡോക്ടര്‍ ഹാനിമാന്‍ ഉപയോഗിച്ച ബെല്ലാഡോണ എന്ന മരുന്നിലൂടെയാണ്. അതിനു ശേഷം കോളറ, വസൂരി, ഡിഫ്തീരിയ, ടൈഫോയ്ഡ്, വില്ലന്‍ ചുമ, ഇന്‍ഫ്‌ളുവന്‍സ, അഞ്ചാംപനി, ടെറ്റനസ്, മുണ്ടിനീര്, ജപ്പാന്‍ ജ്വരം തുടങ്ങി നിരവധി രോഗങ്ങളെ പ്രതിരോധിക്കാന്‍ ഹോമിയോ മരുന്നുകള്‍ ഉപയോഗിക്കുകയും ഫലപ്രാപ്തിയിലെത്തുകയും ചെയ്തിട്ടുണ്ട്. ആ ശ്രേണിയിലേക്ക് ഏറ്റവും ഒടുവിലായി എത്തിയ കൊറോണ വൈറസിനെതിരെയുള്ള ആഴ്‌സനിക് ആല്‍ബവും ഫലപ്രദമാണെന്ന് കണ്ടെത്തിയിരിക്കുന്നു. എന്നിട്ടും അവയെ വിശ്വസിക്കുന്നില്ലെങ്കില്‍ അതിനര്‍ത്ഥം ഒന്നേയുള്ളു, ഹോമിയോ ഉള്‍പ്പടെയുള്ള ഇതര ചികിത്സാരീതികളെ അലോപ്പതിക്കാര്‍ അത്രയേറെ ഭയപ്പെടുന്നു.

ഒരു ചികിത്സാ രീതിയും പൂര്‍ണ്ണമല്ല. ചില രോഗങ്ങള്‍ക്ക് ആയുര്‍വ്വേദം ഫലപ്രദമെങ്കില്‍ മറ്റുചിലവയ്ക്ക് ഹോമിയോയാവും ഉചിതം. അലോപ്പതി ചികിത്സ കൊണ്ട് ഭേദപ്പെടുത്താന്ഡ കഴിയാത്ത നിരവധി രോഗങ്ങളുണ്ട്. പ്രമേഹം പോലുള്ള ജീവിത ശൈലീ രോഗങ്ങള്‍ അതിനുദാഹരണമാണ്. എന്നാല്‍, തങ്ങള്‍ ഒഴികെയുള്ള മറ്റൊന്നിനെയും അംഗീകരിക്കില്ലെന്ന നിലപാടാണ് അലോപ്പതി ചികിത്സകര്‍ക്കുള്ളത്.

1796 ലാണ് സാമുവല്‍ ഹനിമാന്‍ ഹോമിയോപ്പതി ചികിത്സാരീതിക്ക് രൂപം നല്‍കിയത്. അന്നുതൊട്ടിന്നോളം പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പടെയുള്ള നിരവധി രോഗങ്ങളെ ഈ ചികിത്സാ രീതി ഫലപ്രദമായി നേരിട്ടിട്ടുണ്ട്. ശാസ്ത്രീയമായ അടിത്തറയില്‍ രൂപപ്പെടുത്തിയ ഈ ചികിത്സാരീതിയെ ഇത്തരത്തില്‍ ഹീനമായി എതിര്‍ക്കുവാന്‍ കാരണമെന്തായിരിക്കാം….?? പകര്‍ച്ചപ്പനി ഉള്‍പ്പടെയുള്ള രോഗങ്ങള്‍ക്ക് ഹോമിയോ മരുന്നു നല്‍കുന്ന ഫലപ്രാപ്തി തന്നെയാവാം അതിനു കാരണം.

കൊറോണ അടുത്തതായി ഉന്നം വച്ചിരിക്കുന്നത് കുട്ടികളെയാണ് എന്ന വ്യാപക പ്രചാരണം അഴിച്ചുവിട്ട് ഭയാനകാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ഇവിടെ. അലോപ്പതിക്കാര്‍ എന്നെന്നും അവരുടെ ബിസിനസ് വിപുലപ്പെടുത്തിയിട്ടുള്ളത് മനുഷ്യമനസില്‍ ഭയാശങ്കകള്‍ നിറച്ചുകൊണ്ടുതന്നെ ആയിരുന്നു. കൊറോണയില്‍ നിന്നും രക്ഷപ്പെടുത്താനായി വീടിന്റെ അകത്തളങ്ങളില്‍ തളച്ചിടപ്പെട്ട ബാല്യത്തെ ഹോമിയോ പ്രതിരോധ മരുന്നു നല്‍കി പുറത്തെത്തിക്കുമ്പോള്‍, ആ മരുന്ന് ഫലപ്രദമാണെന്നു തെളിഞ്ഞാല്‍ അലോപ്പതി ഉയര്‍ത്തുന്ന വാദഗതികളപ്പാടെ തകര്‍ന്നടിയും. അതുതന്നെയാണ് അവരുടെ ഭയാശങ്കകളും. അവരുടെ വാദഗതികള്‍ക്ക് ജനസമ്മതി ലഭിക്കാനായി ഹോമിയോയെ യഥാവിധി മനസിലാക്കാത്ത ഒരു ഹോമിയോ ഡോക്ടറുടെ വാക്കുകളും അവര്‍ ഉപയോഗിക്കുന്നു.

ശാസ്ത്രീയമായി നിലകൊള്ളുന്ന ഒന്നിനെ എന്തുകൊണ്ട് ശാസ്ത്രീയമായി നേരിടുന്നില്ല…?? എന്തുകൊണ്ട് അതിനെ എതിര്‍ക്കാന്‍ അന്തവിശ്വാസങ്ങളുടെ കൂട്ടുപിടിക്കുന്നു…?? എന്തിനാണ് ഇതര ചികിത്സാ രീതികളെ അലോപ്പതി മേഖല ഇത്രയേറെ ഭയപ്പെടുന്നത്….??

ഏകദേശം 8 വര്‍ഷങ്ങള്‍ക്കു മുമ്പാണ് എന്നെയും പ്രമേഹം പിടികൂടിയത്. ഈ രോഗത്തിനു മരുന്നില്ലാത്ത അലോപ്പതിയെ ആശ്രയിക്കില്ലെന്ന് ആദ്യമേ തന്നെ തീരുമാനമെടുത്തിരുന്നു. അങ്ങനെയാണ് ഫൈസല്‍ ഡോക്ടറുടെ ചികിത്സ തേടിയത്. അതിന് ഫലം കണ്ടിരുന്നു. ഷുഗര്‍ ലെവല്‍ നല്ലൊരളവു വരെ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിരുന്നു. അതിനിടയില്‍ നീണ്ടപാറയിലേക്കു താമസം മാറ്റി. ഹോമിയോപ്പതി ഇവിടെയും തുടര്‍ന്നു. കാടും മലകളും കയറിയിറങ്ങി നടക്കാന്‍ തുടങ്ങിയതോടെ ഷുഗര്‍ സാധാരണ നിലയിലായി. അതോടെ മരുന്നും നിറുത്തി. അലോപ്പതിയായിരുന്നുവെങ്കില്‍ ജീവിതകാലം മുഴുവന്‍ എനിക്കു മരുന്നു കഴിക്കേണ്ടി വരുമായിരുന്നു……. ഹോമിയോ ചികിത്സയുടെ ഫലപ്രാപ്തിയില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഡോക്ടര്‍ ഫൈസലിനും അദ്ദേഹത്തെപ്പോലുള്ള അനേകം ഡോക്ടര്‍മാര്‍ക്കുമുള്ളതാണ് ഈ വിജയം…..

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു