ഓര്‍മ്മയുടെ ജാലകം തുറക്കുമ്പോള്‍.....1
Written by: Jessy Thuruthel, Editor in Chief
ചെറിയൊരു ഇടവേളയ്ക്കു ശേഷം ഞാന്‍ വീണ്ടും എഴുതിത്തുടങ്ങുന്നു....
ദൈവം കൈവെള്ളയില്‍ വച്ചു തന്ന സമ്മാനം പോലെ, ഞാന്‍ ഈയിടെ കണ്ടെടുത്ത ഒരു സൗഹൃദമാണ് അതിനു പിന്നിലെ പ്രേരക ശക്തി. ഒരു തിരുവല്ലക്കാരന്‍ കറിയാച്ചന്‍.
സമയമില്ല എന്ന എന്റെ സ്ഥിരം പരാതിക്കുമുന്നില്‍, ഒരു ദിവസത്തെ 24 മണിക്കൂറിനെ തുണ്ടം തുണ്ടമായി കീറിമുറിച്ച് എനിക്കു മുന്നില്‍ നിരത്തിയിട്ട് എന്നോടു പറഞ്ഞു, 'ഇനി സമയമില്ലെന്ന് എന്നോടു നീ പറയരുത് കേട്ടോടാ കള്ളക്കഴുവേറീ,' എന്ന്...... 'കള്ളക്കഴുവേറി' എന്ന വിളി തറച്ചുകയറിയത് എന്റെ ചങ്കിനകത്താണ്.
'കഴുവേറീടെ മോളേ' എന്ന് എന്നെ ഇടയ്ക്കിടയ്ക്ക് വിളിച്ചു കൊണ്ടിരുന്നത് തുരുത്തേല്‍ വര്‍ക്കി എന്ന ഒരു കൊച്ചു മനുഷ്യനാണ്. എന്റെ അപ്പച്ചന്‍. കള്ളുകുടിച്ച് വീട്ടില്‍ വന്നു വഴക്കുണ്ടാക്കുമ്പോള്‍ അടങ്ങിയിരിക്കാന്‍ പറയുന്നതിനായിരുന്നു ഞാനാ വിളി കേട്ടിരുന്നത്.
'അതേ, യാതൊരു സംശയവുമില്ല' എന്ന് ഉറക്കെയും 'കേട്ടോടാ കള്ളക്കഴുവേറി' എന്ന് മനസിലും ഞാനപ്പോഴെല്ലാം അപ്പനോടു പറഞ്ഞിരുന്നു.
നീണ്ടപാറയില്‍, കുഞ്ഞുംവര്‍ക്കിച്ചേട്ടന്റെ കള്ളുഷാപ്പിലെ പഴയ ചെളിപിടിച്ച ബെഞ്ചില്‍, കള്ളും സംസ്‌കൃത ശ്ലോകങ്ങളും ആഘോഷങ്ങളുമായി ഇരിക്കുന്ന അപ്പനെയും കാത്ത് ഷാപ്പിനു വെളിയില്‍ ഞാന്‍ കാവല്‍ നില്‍ക്കുമായിരുന്നു, അപ്പന്‍ ഇറങ്ങിവരുന്നതും കാത്ത്. എത്രയോ നേരം ഞാനങ്ങനെ നിന്നിരിക്കുന്നു. ഒടുവില്‍, 'ആ കൊച്ച് കുറേ നേരമായി നിന്നെം നോക്കി നില്‍ക്കുന്നു. ഇനി നീ പോ വര്‍ക്കീ. എന്നിട്ട് പിന്നെ വാ' എന്നും പറഞ്ഞ് കുഞ്ഞുംവര്‍ക്കിച്ചേട്ടന്‍ അപ്പനെ നിര്‍ബ്ബന്ധിച്ച് ഷാപ്പില്‍ നിന്നും പറഞ്ഞയക്കുമായിരുന്നു....
ഷാപ്പില്‍ നിന്നിറങ്ങുന്ന അപ്പന്റെ മുണ്ട് അഴിഞ്ഞു വീണിട്ടുണ്ടാവും. അതെടുത്ത് തോളിലിട്ട്, അണ്ടര്‍വെയര്‍ ഇട്ടുനില്‍ക്കുന്ന അപ്പനെയും താങ്ങിപ്പിടിച്ച് ഞാന്‍ വീട്ടിലേക്കൊരു പോക്കുണ്ട്. കള്ളടിച്ച് ഫിറ്റായത് അപ്പനാണോ അതോ മോളാണോ എന്ന സംശയത്തില്‍ കാഴ്ചക്കാരും....
താങ്ങിയെടുത്ത് വീട്ടിലെത്തി മുട്ടന്‍ വഴക്കു തുടങ്ങുമ്പോള്‍ അമ്മയും സഹോദരങ്ങളും പറയും, 'ഈ സാധനത്തിനെ ഷാപ്പില്‍ നിന്നും വീട്ടില്‍ കൊണ്ടുവരാന്‍ നിന്നോടാരാ പറഞ്ഞത്' എന്ന്. 'വഴിയില്‍ കളഞ്ഞിട്ടു പോരാന്‍ ഇതു പട്ടിക്കുഞ്ഞോ പൂച്ചക്കുഞ്ഞോ ഒന്നുമല്ലല്ലോ' എന്നു ഞാനും. 'തന്നെത്താനെ വരുത്തിവച്ചത് തന്നെത്താനെ ചുമന്നുകൊള്ളണ'മെന്ന് സഹോദരങ്ങള്‍ പറയും. 'ഇതെന്റെ അവകാശം, ഇതെന്റെ സ്വന്തം' എന്നു ഞാനും.
കുറെ വഴക്കുണ്ടാക്കിക്കഴിയുമ്പോള്‍ അപ്പന്‍ അടങ്ങും. അപ്പനെ ഞാന്‍ കട്ടിലില്‍ പിടിച്ചു കിടത്തും. എഴുന്നേറ്റുപോകാതെ, അപ്പനെയും കെട്ടിപ്പിടിച്ച് ഞാനും. ആ കിടപ്പില്‍ അപ്പന്‍ പൊട്ടിപ്പൊട്ടിക്കരയും. 'എനിക്കാരുമില്ല, എനിക്കാരുമില്ല' എന്ന് അപ്പന്‍..... 'കരയരുത്, അപ്പച്ചനു ഞാനുണ്ട്' എന്ന് ഞാനും.
അങ്ങനെ കിടന്ന് അപ്പച്ചന്‍ ഉറങ്ങും. അപ്പോഴും എന്നെ ഇറുകെ കെട്ടിപ്പിടിച്ചിട്ടുണ്ടാവും. ഉണര്‍ത്താതെ ഞാന്‍ അരികില്‍ കിടക്കും.....
അപ്പച്ചന്‍ മദ്യപിക്കുന്നത് എനിക്കൊട്ടും ഇഷ്ടമുണ്ടായിരുന്നില്ല. ഞാനതിനെ വെറുത്തിരുന്നു. എങ്കിലും, ജോലി നേടി കാശുമായി വന്ന്, അപ്പനെയും കൂട്ടി ഷാപ്പില്‍ പോകണമെന്നും അപ്പനൊരു കുപ്പി കള്ളും ഒരു പ്ലേറ്റ് കപ്പയും മീനുമായി അപ്പനരികില്‍ ഇരിക്കണമെന്നും ഞാന്‍ ആഗ്രഹിച്ചിരുന്നു....
കേരളകൗമുദിയില്‍ നിന്നും പുറത്താക്കപ്പെട്ട് ബാംഗ്ലൂരിലേക്കു പോകും മുമ്പ് ഞാനൊരിക്കല്‍ക്കൂടി വീട്ടില്‍ ചെന്നിരുന്നു.... സ്വര്‍ണ്ണനിറമുള്ള ഒരു വാച്ച് ഞാന്‍ അപ്പച്ചനു വാങ്ങിയിരുന്നു, അമ്മയ്‌ക്കൊരു സാരിയും...... ഇനി ഞാന്‍ മടങ്ങിവന്നതിനു ശേഷമെന്ന് പറയുകയും ചെയ്തു......
എന്നെക്കൊണ്ടുവിടാന്‍ ആലുവ റെയില്‍വേ സ്റ്റേഷന്‍ വരെ അപ്പച്ചനും വന്നിരുന്നു. അന്ന് ആ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ വച്ചാണ്, അപ്പച്ചനെ ഞാന്‍ അവസാനമായി കണ്ടുപിരിഞ്ഞത്...... 2004 മാര്‍ച്ച് മൂന്നാം തീയതി ആയിരുന്നു അത്..... ട്രെയിന്‍ അകന്നകന്ന് അപ്പച്ചന്‍ ഒരു നേര്‍ത്ത പൊട്ടായി മാറുന്നതു വരെ വാതില്‍ക്കല്‍ നിന്നു ഞാന്‍ അപ്പച്ചനെ നോക്കി നിന്നു.......
പിന്നീട് ഞാന്‍ കണ്ടത് മരിച്ചു മരവിച്ച് ശീതീകരിച്ച പെട്ടിയില്‍ കിടക്കുന്ന എന്റെ അപ്പച്ചനെയാണ്.... 2004 ഓഗസ്റ്റ് 8-ാം തീയതി എന്നെ തനിച്ചാക്കി അപ്പച്ചന്‍ പോയി...... വിറങ്ങലിച്ച മനസോടെ ഞാനും.....
അപ്പച്ചന്‍ എന്നെവിട്ടു പോയി എന്നു ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല..... എന്റെ നെഞ്ചിനുള്ളില്‍ അപ്പച്ചന്‍ ഇപ്പോഴുമുണ്ട്.... ജ്വലിക്കുന്ന ഓര്‍മ്മയായി......
തിരക്കില്‍, ആള്‍ക്കൂട്ടത്തില്‍, ഒരു കൊച്ചുമനുഷ്യനെ എന്റെ കണ്ണുകള്‍ പരതാറുണ്ട്.... അപ്പോഴതാ, കള്ളക്കഴുവേറീ എന്ന ഒരു വിളി..... ചങ്കിനകത്ത് വെള്ളിടി വെട്ടിയ പ്രതീതി....
എന്റെ അപ്പച്ചന്‍ എന്റെ കളിക്കൂട്ടുകാരനാകണം എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ, ഒരിക്കലും അങ്ങനെ ആയിരുന്നില്ല. 'മനസിനക്കരെ' എന്ന ചിത്രത്തില്‍ ജയറാം അവതരിപ്പിച്ച റെജി എന്ന കഥാപാത്രത്തിന് എന്റെ ഛായയായിരുന്നു......
ചെണ്ടയ്‌ക്കൊരു കോലുണ്ടെടാ
മണ്ടയ്‌ക്കൊരു കൊട്ടുണ്ടെടാ
ചൊല്ലിപ്പഠി, തല്ലിപ്പഠി പാഠം.....
തിത്താംകൃത തിത്താ തിത്താംകൃത തിത്ത
തിത്താംകൃത തിത്താംകൃത തിത്താംകൃത തിത്ത......
വെട്ടിന്നൊരു തട്ടുണ്ടെട തട്ടിന്നൊരു തടയുണ്ടെട
തല്ലിപ്പഠി ചൊല്ലിപ്പഠി പാഠം......
മണ്ടയ്‌ക്കൊരു കൊട്ടുണ്ടെടാ
ചൊല്ലിപ്പഠി, തല്ലിപ്പഠി പാഠം.....
തിത്താംകൃത തിത്താ തിത്താംകൃത തിത്ത
തിത്താംകൃത തിത്താംകൃത തിത്താംകൃത തിത്ത......
വെട്ടിന്നൊരു തട്ടുണ്ടെട തട്ടിന്നൊരു തടയുണ്ടെട
തല്ലിപ്പഠി ചൊല്ലിപ്പഠി പാഠം......
എന്റെ അപ്പച്ചന്‍ എന്നോട് എങ്ങനെ പെരുമാറണമെന്ന് ഞാന്‍ ആഗ്രഹിച്ചുവോ അതിനെക്കാള്‍ ഒരുപടി മുകളിലായി എന്റെ കുട്ടികളോടു കൂട്ടുകൂടുന്നു ഞാന്‍.
വളര്‍ന്നു വലുതാകുമ്പോള്‍ അവരെന്നെ വഴിയില്‍ കളയുമോ വലിച്ചെറിയോ എന്നൊന്നും ഞാന്‍ ആശങ്കപ്പെടുന്നില്ല.... ഈ നിമിഷങ്ങള്‍ എനിക്കു വിലപ്പെട്ടതാണ്....... അതിനപ്പുറത്തേക്കുള്ള യാതൊരു സ്വപ്‌നങ്ങളും എനിക്കില്ല......
വളര്‍ന്നു വലുതാകുമ്പോള്‍ അവരെന്നെ വഴിയില്‍ കളയുമോ വലിച്ചെറിയോ എന്നൊന്നും ഞാന്‍ ആശങ്കപ്പെടുന്നില്ല.... ഈ നിമിഷങ്ങള്‍ എനിക്കു വിലപ്പെട്ടതാണ്....... അതിനപ്പുറത്തേക്കുള്ള യാതൊരു സ്വപ്‌നങ്ങളും എനിക്കില്ല......
അഭിപ്രായങ്ങളൊന്നുമില്ല