വിവാഹത്തോടെ സ്ത്രീകള്‍ക്കു നഷ്ടമാകുന്നത്.....!
Written by Remya Binoy
"അന്നുവരെ വീട്ടിലെ കുഞ്ഞിമോൾ ആയിരുന്നവളാണ് ഇന്ന് നിങ്ങളുടെ അടുക്കളയിൽ കാലുവെന്ത് പായുന്നത്, കുന്നുകൂടുന്ന എച്ചിൽപാത്രങ്ങൾ മോറുന്നത്, മുഷിഞ്ഞ തുണിക്കൂമ്പാരം അലക്കിവെളുപ്പിക്കുന്നത്. എന്നിട്ടും നിങ്ങൾക്ക് പരാതികളും പരിഹാസങ്ങളും തീരാത്തതെന്താണ്..."
വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലുമൊക്കെ കുടുംബജീവിതത്തെ കുറിച്ചു പ്രചരിക്കുന്ന ധാരാളം നേരംപോക്കുകളുണ്ട്. വിവാഹത്തോടെ സ്വാതന്ത്ര്യങ്ങള്‍ (മതിവരുവോളം മദ്യപിക്കാനും കൂട്ടുകൂടി ഉത്തരവാദിത്തങ്ങള്‍ക്കു നേരെ കണ്ണടച്ച് അര്‍മാദിക്കാനുമുള്ള സ്വാതന്ത്ര്യം!) നഷ്ടമാകുന്നതിനെ കുറിച്ചും പരാതിക്കാരിയായ ഭാര്യയെക്കുറിച്ചുമുള്ള പുരുഷന്മാരുടെ വേദനകളാണു മിക്കവാറും കഥകളിലെ വിഷയം. ഇതിനിടയില്‍ സ്ത്രീകള്‍ക്ക് വിവാഹത്തെ കുറിച്ച് എന്താണു പറയാനുള്ളതെന്ന് നിങ്ങള്‍ ആരെങ്കിലും ചോദിച്ചിട്ടുണ്ടോ?
അന്നു വരെ അച്ഛന്റെയും അമ്മയുടെയും കുഞ്ഞിമോളായിരുന്ന പെണ്‍കുട്ടിയാണ് പെട്ടെന്നൊരു ദിവസം ഭര്‍തൃഗൃഹത്തിലേക്കു യാത്രയാകുന്നത്. തലേന്നു വരെ ഞങ്ങളും സൂര്യന്‍ ഉച്ചിയിലെത്തും വരെ ഉറങ്ങാന്‍ സ്വാതന്ത്ര്യമുള്ളവരായിരുന്നു. ഉണര്‍ന്നാലോ, സ്വപ്‌നങ്ങളെ കൂട്ടുപിടിച്ച് കിടക്കയില്‍ പതുങ്ങിക്കിടക്കാമായിരുന്നു. ഉച്ചത്തില്‍ പാട്ടു വച്ച് അതിനൊപ്പിച്ചു ചുവടുവയ്ക്കുമായിരുന്നു. തമാശകള്‍ കേട്ട് വീടിന്റെ ഉത്തരം കിടുങ്ങും പോലെ പൊട്ടിച്ചിരിച്ചിരുന്നു. കൂട്ടുകാരോടൊത്ത് പകലന്തിയാകും വരെ സിനിമാ തിയറ്ററിലും ഐസ്‌ക്രീം പാര്‍ലറിലും സമയം ചെലവിട്ടിരുന്നു. ജോലി ചെയ്തു കിട്ടുന്ന പണം ഞങ്ങളുടെ മാത്രം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നു. ആ ഞങ്ങളാണ് പെട്ടെന്നൊരു ദിവസം മുതല്‍ രാവിലെ ഉണര്‍ന്ന് അടുക്കളയില്‍ കയറി പാചകം ചെയ്യുന്നത്. വീട്ടിലെ എല്ലാവരുടെയും വിഴുപ്പു തുണി അലക്കി വെളുപ്പിക്കുന്നത്. ഉയര്‍ന്നു വന്ന പൊട്ടിച്ചിരിയെ തൊണ്ടയില്‍ വച്ചു തന്നെ ഞെരിച്ചുകൊല്ലുന്നത്. കിട്ടുന്ന ശമ്പളത്തിന്റെ നല്ലൊരു പങ്കും കുടുംബക്ഷേമത്തിനായും ബാക്കി ഭാവി ആവശ്യത്തിനുള്ള ചിട്ടികളും എല്‍ഐസികളുമായും മാറ്റിവയ്ക്കുന്നത്.
ഇത്രയൊക്കെ ചെയ്തിട്ടും ആരെങ്കിലും നല്ല വാക്ക് ഞങ്ങളോടു പറയാറുണ്ടോ? കറിയില്‍ ഉപ്പു കൂടിയാല്‍, അലക്കിയ ഷര്‍ട്ടിന്റെ കോളറില്‍ അല്‍പ്പം അഴുക്കു ബാക്കി നിന്നാല്‍ ഒക്കെ നിങ്ങളുടെ മുഖം ഇരുളും. കുട്ടികള്‍ക്കു പരീക്ഷയില്‍ മാര്‍ക്ക് കുറയുകയോ അവര്‍ പ്രണയത്തിലകപ്പെടുകയോ ചെയ്താല്‍ അതു ഞങ്ങളുടെ "വളര്‍ത്തുദോഷവും ജീന്‍ഗുണവു"മൊക്കെയാണ്.
ജോലി കഴിഞ്ഞു വന്നാല്‍ നിങ്ങള്‍ക്ക് സുഹൃത്തുക്കളോടൊത്ത് ഉല്ലസിക്കാം. ബാക്കി നേരം ടിവിയില്‍ ന്യൂസ് അവര്‍ കണ്ട് "നാടിന്റെ ഒരു പോക്കേ" എന്ന് ആത്മഗതം നടത്താം. പക്ഷേ, ഞങ്ങള്‍ ഓഫിസ് വിട്ടിറങ്ങിയാല്‍ പച്ചക്കറി കടയിലും സൂപ്പര്‍മാര്‍ക്കറ്റിലും കയറിയ ശേഷം ടു വീലറില്‍ പായുകയാണ് ("ഈ പെണ്ണുങ്ങള്‍ക്കു ഡ്രൈവിങ്ങില്‍ തീരെ ശ്രദ്ധയില്ല" എന്ന കമന്റ് കാറ്റില്‍ പറന്നു വന്നു ഞങ്ങളെ തൊടുന്നുണ്ട്). വീട്ടിലെത്തിയാല്‍ കാത്തിരിക്കുന്നതു നാലു കുഞ്ഞിക്കണ്ണുകളിലെ വിശപ്പാണ്. അതു തീര്‍ന്നു കഴിഞ്ഞാല്‍ അവരെ കുളിപ്പിച്ചു റെഡിയാക്കുമ്പോളേക്കും വിളക്കു തിരുമ്മിത്തുടച്ച് മേല്‍കഴുകി വന്നു വിളക്കു കൊളുത്തണം. രാത്രി ചപ്പാത്തിക്കു കുഴയ്ക്കുന്നതും പച്ചക്കറികള്‍ അരിയുന്നതും ഡൈനിങ് ടേബിളിലാണ്. ഇടവും വലവുമിരിക്കുന്നവരുടെ ഗൃഹപാഠസംശയങ്ങള്‍ തീര്‍ക്കാന്‍ അമ്മ തന്നെ വേണം ("അവള്‍ക്കു യാതൊരു വിവരവുമില്ല എന്ന ചുണ്ടുവളയ്ക്കല്‍ പിന്നിലെ മൂന്നാം കണ്ണിലൂടെ കാണുന്നുണ്ട്).
ജോലി കഴിഞ്ഞു വന്നാല്‍ നിങ്ങള്‍ക്ക് സുഹൃത്തുക്കളോടൊത്ത് ഉല്ലസിക്കാം. ബാക്കി നേരം ടിവിയില്‍ ന്യൂസ് അവര്‍ കണ്ട് "നാടിന്റെ ഒരു പോക്കേ" എന്ന് ആത്മഗതം നടത്താം. പക്ഷേ, ഞങ്ങള്‍ ഓഫിസ് വിട്ടിറങ്ങിയാല്‍ പച്ചക്കറി കടയിലും സൂപ്പര്‍മാര്‍ക്കറ്റിലും കയറിയ ശേഷം ടു വീലറില്‍ പായുകയാണ് ("ഈ പെണ്ണുങ്ങള്‍ക്കു ഡ്രൈവിങ്ങില്‍ തീരെ ശ്രദ്ധയില്ല" എന്ന കമന്റ് കാറ്റില്‍ പറന്നു വന്നു ഞങ്ങളെ തൊടുന്നുണ്ട്). വീട്ടിലെത്തിയാല്‍ കാത്തിരിക്കുന്നതു നാലു കുഞ്ഞിക്കണ്ണുകളിലെ വിശപ്പാണ്. അതു തീര്‍ന്നു കഴിഞ്ഞാല്‍ അവരെ കുളിപ്പിച്ചു റെഡിയാക്കുമ്പോളേക്കും വിളക്കു തിരുമ്മിത്തുടച്ച് മേല്‍കഴുകി വന്നു വിളക്കു കൊളുത്തണം. രാത്രി ചപ്പാത്തിക്കു കുഴയ്ക്കുന്നതും പച്ചക്കറികള്‍ അരിയുന്നതും ഡൈനിങ് ടേബിളിലാണ്. ഇടവും വലവുമിരിക്കുന്നവരുടെ ഗൃഹപാഠസംശയങ്ങള്‍ തീര്‍ക്കാന്‍ അമ്മ തന്നെ വേണം ("അവള്‍ക്കു യാതൊരു വിവരവുമില്ല എന്ന ചുണ്ടുവളയ്ക്കല്‍ പിന്നിലെ മൂന്നാം കണ്ണിലൂടെ കാണുന്നുണ്ട്).
വൈകിട്ടത്തെ ഭക്ഷണം കഴിഞ്ഞ് വീണ്ടും മേല്‍കഴുകി വെളുപ്പില്‍ പിങ്ക് പൂക്കള്‍ തുന്നിയ നൈറ്റി വേണം ഇടാന്‍. (കിടപ്പറയില്‍ ഭര്‍ത്താവിനെ ഇങ്ങനെയൊക്കെ സന്തോഷിപ്പിക്കണം എന്നാ പുതുകാലത്തിന്റെ നിയമം). കുട്ടികള്‍ക്ക് ഉറങ്ങാന്‍ കഥ വേണം. ഓര്‍മയിലെ കഥകള്‍ കഴിയുമ്പോള്‍ മക്കളെയും അടുത്ത വീട്ടിലെ കുട്ടികളെയുമൊക്കെ കഥാപാത്രങ്ങളാക്കി കഥ നെയ്യണം. ("ഭാവന എന്നു പറയുന്നതൊന്ന് ആ ജന്തുവിനില്ല" എന്ന പരിഹാസത്തോടു പ്രതികരിക്കാതിരിക്കാന്‍ അസാമാന്യ ക്ഷമ തന്നെ വേണം). ഈ സമയം സുന്ദരികളായ കൂട്ടുകാരികളോടു വാട്‌സാപ്പില്‍ വിശേഷം പങ്കുവയ്ക്കുകയാകും ഗൃഹനാഥന്‍. "അവളുടെ കയ്യില്‍ തൊടുമ്പോള്‍ എന്റെ തന്നെ കയ്യില്‍ തൊടുന്നതു പോലെ" എന്ന് നിസംഗനാകുന്നയാള്‍ക്കു ഫോണിലെ കീപാഡില്‍ റൂമിയാകാന്‍ അറിയാം, വാത്സ്യായനനും. പക്ഷേ, പ്രതികരിക്കരുത്. 'എല്ലാം അവളുടെ കയ്യിലിരിപ്പിന്റെയാണ്' എന്നു കണ്ണുരുട്ടാന്‍ ഹെഡ്മാസ്റ്ററെ പോലെ സമൂഹം നോക്കിനില്‍പ്പുണ്ട്. ഇതെല്ലാം കഴിഞ്ഞ് സ്വന്തം ഫോണിലെ വാട്‌സാപ്പിലേക്ക് അവള്‍ ഒന്ന് എത്തിനോക്കിയാല്‍ പരാതിയായി: "എപ്പോഴും ഫോണില്‍ തന്നെയാണു ജീവിതം".
ജോലിക്കു പോകാതെ നല്ല കുടുംബിനിയായി ഇരിക്കാമെന്നു വച്ചാല്‍ രാവിലെ നാലു മുതല്‍ രാത്രി പത്തു വരെ വീട്ടിനുള്ളില്‍ മാരത്തണ്‍ നടത്താനായിരിക്കും വിധി. " പകല്‍ മുഴുവന്‍ വെറുതെ ഇരിക്കുകയല്ലേ, ഇവിടെ എന്നാ പണി ഇരുന്നിട്ടാ" എന്ന മുഖം ചുളിക്കല്‍ പ്രതിഫലമായി കാത്തുവച്ചിട്ടുമുണ്ട്. അമ്മയുടെ കാലത്തെ അടുക്കളച്ചുമരിന്റെ കറ ഇപ്പോള്‍ കൂട്ടിനില്ല (എക്സ്‌ഹോസ്റ്റ് സംവിധാനങ്ങള്‍ക്കും പുതിയ നിര്‍മാണരീതികള്‍ക്കും നന്ദി) എന്നതു മാത്രമാണ് ആശ്വാസം.
ജോലിക്കു പോയാല്‍ എല്ലാം തികഞ്ഞുവെന്നാണ്. ഐടി കമ്പനിയില്‍ വലിയ ശമ്പളത്തില്‍ ജോലി ചെയ്യുന്ന കൂട്ടുകാരി. മിക്കവാറും രാത്രി വൈകും വരെയുള്ള ഷിഫ്റ്റ് ആണ്. പാതിരാത്രിക്കു ശേഷം എപ്പോഴോ മടുത്തുവലഞ്ഞാണു വീട്ടിലെത്തുക. വീട്ടുജോലിക്കു വരുന്ന സ്ത്രീ ഇടയ്ക്കിടെ ലീവ് എടുക്കും (മെറ്റേണിറ്റി ലീവ് പോലും കാര്യമായില്ലാത്ത സ്വന്തം തലവിധിയെ പഴിക്കാം). അങ്ങനെയുള്ള ഒരു ദിവസം നാലു മണിക്കൂര്‍ മാത്രം നീണ്ട ഉറക്കത്തിനു ശേഷം രാവിലെ എഴുന്നേറ്റ് അടുക്കളയില്‍ കയറി കുട്ടികള്‍ക്കു ബ്രേക്ഫാസ്റ്റും ലഞ്ചും തയ്യാറാക്കി. കുട്ടികളെ യാത്രയാക്കിയ ശേഷം പണിമുടക്കിയ വാഷിങ്‌മെഷീനെ ആഞ്ഞു തൊഴിച്ച് വലിയ ബക്കറ്റ് നിറയെ തുണി വാരിനിറച്ച് അലക്കുകല്ലിനടുത്തേക്ക്. അലക്കു കഴിഞ്ഞപ്പോള്‍ നടുവ് പണിതന്നു. (പ്രസവത്തോടെ കൂട്ടുവന്ന നടുവുവേദന ഉറ്റബന്ധുവാണ്, പിരിഞ്ഞുപോകാന്‍ കൂട്ടാക്കില്ല). ആ സമയത്ത് അതാ അമ്മായിയമ്മ അകത്തുനിന്നു പാഞ്ഞുവരുന്നു. എന്തോ അത്യാഹിതം നടന്നുവെന്നു മനസ്സില്‍ ഉറപ്പിച്ചു നില്‍ക്കുമ്പോള്‍ കിട്ടി ആദ്യത്തെ കുത്ത്. "ഓ... ചെയ്തു ശീലമില്ലാത്ത പണി ചെയ്തിട്ടാണ് നടുവൊക്കെ വേദനിക്കുന്നത് ". ഇതു പറയാനാണോ പാഞ്ഞുവന്നത് എന്ന് അന്തം വിടുമ്പോഴാണ് അവരുടെ കരള്‍ ഉരുകിയ കാര്യം പുറത്തുവന്നത്. "വേഗം അടുക്കളയിലേക്കു ചെല്ല്. അവനതാ കാപ്പി എടുക്കുന്നുണ്ട്. അവനെക്കൊണ്ട് അതൊക്കെ ചെയ്യിക്കാവോ..." കുഞ്ഞിക്കൂനനിലെ സലിംകുമാറിന്റെ കഥാപാത്രത്തെ പോലെ തോരാനുള്ള തുണി എടുത്തുവച്ച ബക്കറ്റ് അവരുടെ കയ്യിലേക്കുകൊടുത്ത് "ഇതാ എന്റെ രാജിക്കത്ത്" എന്നു പറയാന്‍ തോന്നിയെന്ന് അവളുടെ സങ്കടച്ചിരി.
ഇനി പറയൂ. വിവാഹത്തോടെ എല്ലാ സന്തോഷങ്ങളും അവസാനിച്ചത് നിങ്ങള്‍ പുരുഷന്മാര്‍ക്കാണോ? എന്നിട്ടും ഞങ്ങള്‍ പരാതി പറയുന്നുണ്ടോ? വിവാഹജീവിതത്തെ കുറിച്ച് നേരമ്പോക്കുകള്‍ എഴുതി വാട്‌സാപ് നിറയ്ക്കുന്നുണ്ടോ...? 'എന്റെ മകള്‍ക്ക് എല്ലാ സന്തോഷങ്ങളും ഉണ്ടാകണ'മെന്ന് അച്ഛന്മാരെല്ലാം ആഗ്രഹിക്കും. അപ്പോള്‍ ഒരു നിമിഷം ഓര്‍ത്തുനോക്കിയിട്ടുണ്ടോ ഇതുപോലെ ആഗ്രഹിച്ച്, സ്വപ്‌നം കണ്ടാണ് മറ്റൊരച്ഛന്‍ അയാളുടെ മകളെ നിങ്ങള്‍ക്കൊപ്പം അയച്ചതെന്ന്...
അഭിപ്രായങ്ങളൊന്നുമില്ല