Header Ads

'തമാശ'യിലെ നൊമ്പരവും ബോധവും

 പ്രശസ്ത നിരൂപകന്‍ രഘുനാഥന്‍ പറളി എഴുതുന്നു 
---------------------------

അപരന്റെ ശരീരത്തെ-രൂപം, വണ്ണം, ആകൃതി, നിറം, തലമുടി തുടങ്ങി നിരവധി ഘടകങ്ങളുടെ പേരില്‍ അപമാനപ്പെടുത്തുംവിധമുളള പരാമര്‍ശങ്ങളിലൂടെ, വികലമോ വക്രീകരിച്ചതോ ആയ തമാശ ഉത്പാദിപ്പിക്കുന്ന നമ്മുടെ സമൂഹത്തിലെ ഒരുതരം സാഡിസ്റ്റ് മനോഭാവത്തിന്റെ ഹൃദയത്തില്‍ത്തന്നെ നിര്‍ദ്ദാക്ഷിണ്യം നിറയൊഴിക്കുന്ന ശക്തമായ ഒരു സാമൂഹിക ചിത്രമായിത്തീരുകയാണ് ഏറെ ലളിതമെങ്കിലും 'തമാശ' എന്ന, അഷ്റഫ് ഹംസ സംവിധാനം ചെയ്ത ആദ്യ ചിത്രം.

Raghunathan Parali

ടെന്നീസിന്റെ റാണി (Queen of Tennis) എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുളള സെറീന വില്യംസ്, തന്റെ ആകാരത്തെക്കുറിച്ചും ശരീരപ്രകൃതിയെക്കുറിച്ചും ഉണ്ടായ നിരവധി വിമര്‍ശങ്ങളെയും മോശം അഭിപ്രായങ്ങളെയും എതിരിട്ടത് 'I embrace me and I love how I look. I love that I am a full woman' എന്ന ശക്തവും ആത്മബോധത്തിലുറച്ചതുമായ വാക്യങ്ങളിലൂടെയായിരുന്നു എന്ന കാര്യം ഈ ചിത്രം ഓര്‍മിപ്പിച്ചു എന്നു പറയട്ടെ. ബോഡി ഷെയ്മിംഗ് അഥവാ 'ശരീരാപമാന'ത്തിന്റെ പല തലങ്ങളെ 'തമാശ' എന്ന ചിത്രം ഒട്ടും തമാശയില്ലാതെ ചിത്രീകരിക്കുമ്പോള്‍, സിനിമ, ജീവിതം തന്നെയായി രൂപാന്തരപ്പെടുന്ന ഒരു അനുഭവം നമ്മളില്‍ നിറയുന്നു. വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്ന കഷണ്ടിയുളള അവിവാഹിതനായ കോളേജ് അധ്യാപകനും, ചിന്നു ചാന്ദ്നി അവതരിപ്പിക്കുന്ന ചിന്നു എന്നു തന്നെ പേരുളള സ്വതന്ത്രബുദ്ധിയായ തടിയുളള പെണ്‍കുട്ടിയും സിനിമയുടെ പ്രധാന ഭാവം നിര്‍ണ്ണയിക്കുന്നത് അതീവ ഹൃദ്യമായാണ്.

ശാരീരിക വൈവിധ്യങ്ങളെ, മാര്‍ക്കറ്റിംഗ് മുതല്‍ ജ്യോതിഷം വരെ വലിയ തോതില്‍ വാണിജ്യപരമായി പ്രയോജനപ്പെടുത്തുന്നതിന്റെ ഒരു ഓര്‍മക്കുറിപ്പുകൂടിയായി ഈ സിനിമ നിലനില്‍ക്കുന്നതു കാണാം. ശ്രീനിവാസന്‍ എന്ന കോളേജ് അധ്യാപകന്റെ ശാരീരികമായ അപകര്‍ഷതയ്ക്ക് മാറ്റുകൂട്ടുന്നതാണ് അയാള്‍ ഒരു മലയാളം അധ്യാപകന്‍ കൂടിയാണെന്നത്. അത് സംവിധായകന്റെ ബോധപൂര്‍വ്വമായ ഒരു തെരഞ്ഞെടുപ്പായിത്തന്നെ എണ്ണണം. കാരണം ആത്മവിശ്വാസം തകര്‍ന്നു കിടക്കുന്ന ഒരു ഭാഷയെ ആണ് അത്മവിശ്വാസം ഒട്ടുമില്ലാത്ത ശ്രീനി പഠിപ്പിക്കുന്നത് എന്നതുകൂടിയാണത്. അയാളുടെ ശാരീരികാപകര്‍ഷതയിലേക്ക് എണ്ണ കോരിയൊഴിക്കുന്ന ഒരു സാംസ്കാരികാപകര്‍ഷത കൂടിയാണത്. (അയാളുടെ ആദ്യപ്രണയിനി എത്ര പെട്ടെന്നാണ് 'സുന്ദരനായ' പുതിയ ഇംഗ്ലീഷ് അധ്യാപകനിലേക്കു നീങ്ങുന്നത്?!) സി അയ്യപ്പന്റ രചനയെക്കുറിച്ചുളള അപൂര്‍വ്വമായ ഓര്‍മയിലൂടെ അയാള്‍ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന വ്യത്യസ്തമായ ഒരു പ്രതിരോധവും ഇവിടെ ഓര്‍ക്കാം.


എല്ലാ നിലയ്ക്കും സ്വത്വസംഘര്‍ഷത്തിലെത്തിക്കഴിഞ്ഞ ശ്രീനിയുടെ മറുപുറത്തായാണ് ചിന്നു നിലകൊള്ളുന്നത്. തന്റെ തടിയെക്കുറിച്ചുളള ഉത്തമബോധ്യത്തോടെ അവള്‍ ജിവിതം ആത്മവിശ്വാസത്തോടെ മുന്നോട്ടു നീക്കുന്നു, കുമ്പളങ്ങ നീരിനേക്കാള്‍ തനിക്കിഷ്ടം ഫലൂദയാണ് എന്ന് ലൈവ് വീഡിയോയി്ല്‍ ഉറക്കെ പ്രഖ്യാപിക്കുന്നു. ബിനാലെ ദൃശ്യങ്ങളെ പുതിയ ജീവിതാഖ്യാനങ്ങളാക്കാന്‍ ചിന്നു താത്പര്യപ്പെടുന്നതു പോലും അവളുടെ വ്യക്തിത്വത്തിന്റെ ആഖ്യാനമാണല്ലോ. (സൈസ് സീറോ എന്ന 2015ലെ തെലുങ്ക്-തമിഴ് ചിത്രത്തെ ഈ സിനിമ ഓര്‍മിപ്പിച്ചു.

ആര്യയും അനുഷ്കയും വ്യത്യസ്ത റോളുകള്‍ ചെയ്ത പ്രസ്തുത കോമ‍ഡി ചിത്രം പിന്നീട് ഡ്രഗ് ലോബിക്കെതിരെയുളള ഒരു യുദ്ധമായി പരിണമിക്കുകയായിരുന്നു.) ഗ്രേസ് ആന്റണി, നവാസ് വള്ളിക്കുന്ന്, ദിവ്യ പ്രഭ, ആര്യ എന്നിവരെല്ലാം ഈ കൂട്ടു ജീവിതത്തില്‍ നന്നായിത്തന്നെ ജീവിക്കുന്നുണ്ട്. സമിര്‍ താഹിര്‍, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ്, ഷൈജു ഖാലിദ് എന്നിങ്ങനെ മലയാള സിനിമാ ഭാവുകത്വം നിര്‍ണ്ണയിച്ച നാലുപേരാണ് ഇതിന്റെ നിര്‍മ്മാണം എന്നു പറയുമ്പോള്‍ സിനിമ വെറും തമാശയല്ലെന്ന് ഒന്നുകൂടി വെളിപ്പെടുമല്ലോ. സമീര്‍ താഹിറിന്റെ ഛായാഗ്രഹണം എടുത്തു പറയേണ്ടതുണ്ട്. ചുരുക്കത്തില്‍ ഒരുവിധ ഭാരങ്ങളുമില്ലാതെ ചിത്രം ആത്മവിശ്വാസത്തിന്റേയും ആത്മസ്നേഹത്തിന്റേയും മികച്ച ലോകത്തിലേക്ക് നമ്മളെ പതുക്കെ എത്തിക്കുകയാണ്. 'തമാശ'യില്‍ കുരുങ്ങിക്കിടക്കുന്ന വലിയ ആത്മനൊമ്പരം, പതുക്കെ ആത്മബോധത്തിന്റെ ആനന്ദമായിത്തീരുന്ന ഘട്ടത്തില്‍ 'തമാശ' ആ കഥാപാത്രങ്ങളുടെകൂടി തമാശയാകുകയും അവര്‍ പൂര്‍ണ്ണ മനുഷ്യരായി നമ്മെ പുല്‍കുകയും ചെയ്യുന്നു.


.................................................................................................
Tags: Written by Raghunathan Parali, popular film critic, Thamasa, Vinay Fort, Popular Malayalam film Thamasa

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.