Header Ads

അസ്തിത്വത്തിന്റെയും അതിജീവനത്തിന്റെയും ആകാശങ്ങള്‍

ശ്രദ്ധേയ നിരൂപകൻ രഘുനാഥൻ പറളി എഴുതുന്നു..
-------------------------------------------------

എനിക്ക്, 'നിനക്കു വേണ്ട എന്നെപ്പോലെയല്ല, എനിക്കുവേണ്ട എന്നെപ്പോലെ ആകണം' എന്നും 'എനിക്ക് സ്വതന്ത്രമായി ശ്വസിക്കണം' എന്നും തന്റെ എല്ലാ സ്വത്വബോധവും വീണ്ടെടുത്ത് പല്ലവി എന്ന പാര്‍വ്വതിയുടെ കഥാപാത്രം ഒരുഘട്ടത്തില്‍ കാമുകനോട് പറയുന്നത്, 'ഉയരെ' എന്ന പുതിയ ചിത്രത്തിന്റെ മാഗ്നകാര്‍ട്ട കൂടിയാകുന്നുണ്ടെന്നു പറയാം. തന്റെ വ്യക്തിത്വത്തിന്റെ സകല അടിത്തറയും ഇളക്കുംവിധം ഗോവിന്ദ് എന്ന പ്രണയിയുടെ അധികാരഭാവും ഉടമസ്ഥതാബോധവും പല്ലവിയെ അധിനിവേശം ചെയ്യുമ്പോളാണ്, യാതൊരു ഗത്യന്തരവുമില്ലാത്ത ഘട്ടത്തില്‍, അവളുടെ സ്വാഭാവികമായ എന്നാല്‍ തീക്ഷ്ണമായ ഈ കുതറല്‍ സംഭവിക്കുന്നത്. തുടര്‍ന്ന്, പ്രണയത്തിന്റെ പനിനീര്‍ തുള്ളികള്‍ എത്രപെട്ടെന്നാണ് കിരാതമായ അമ്ലകണങ്ങളായി അവളെ ഗ്രസിക്കുന്നത്?! മനു അശോക് എന്ന നവാഗത സംവിധായകന്‍ (ട്രാഫിക് എന്ന ചിത്രത്തിലൂടെ സ്വയം അടയാളപ്പെടുത്തിയ, അന്തരിച്ച രാജേഷ് പിളളയുടെ അസോസിയേറ്റ് ആയിരുന്നു മനു) ഉയരെ എന്ന ഈ ചിത്രത്തില്‍, നായിക നടി സിനിമയെ നയിക്കുന്ന ഒരു ചിത്രം കൂടിയാണ് ധീരമായി ചെയ്യുന്നത്- ആസിഫ് അലിയും ടൊവിനോ തോമസും എല്ലാം മികച്ച സാന്നിധ്യമാകുമ്പോഴും. തീര്‍ച്ചയായും ഇവിടെ നമ്മള്‍ ടേക്ക് ഓഫ് എന്ന ചിത്രത്തിലെ സമീറ എന്ന പാര്‍വ്വതിയുടെ കഥാപാത്രത്തെ ഓര്‍ക്കാതിരിക്കില്ല. പതിനാലാം വയസ്സുമുതല്‍ പൈലറ്റ് ആകാനുളള ജീവിതമോഹവും അതിനായുളള കഠിനശ്രമങ്ങളും നടത്തുന്ന ഒരു പെണ്‍കുട്ടിയില്‍ പ്രണയം ഒരു കരുത്താകുന്നില്ലെന്നു മാത്രമല്ല വലിയ ശാപമോ ദുരന്തമോ ആകുന്ന ഘട്ടം കൂടിയാണത്. പ്രണയഹംസങ്ങള്‍ എങ്ങോ പോയി മറയുകയും 'പ്രണയഹിംസകള്‍ '‍മാത്രം നമ്മുടെ സമൂഹത്തെ അടിമുടി ഉലയ്ക്കുകയും ചെയ്യുന്ന പുതിയ കാലത്ത്, ഈ സിനിമ പുതിയ അര്‍ഥങ്ങളിലേക്കു കൂടി ഉയരുന്നുണ്ടെന്നു പറയേണ്ടിയിരിക്കുന്നു. നിമിഷം കൊണ്ടു മാറിമറിയുന്ന തന്റെ ജീവിതത്തിന്റെ, കടുത്ത മറുപാതിയെ, അതിജീവനത്തിന്റെയും അസ്തിത്വത്തിന്റെയും ആകാശങ്ങളിലേക്ക് ദൃഢനിശ്ചയത്തോടെ പല്ലവി പതുക്കെ പതുക്കെ ഉയര്‍ത്തുക കൂടിയാണ് ഉയരെ എന്ന ചിത്രത്തില്‍..! അങ്ങനെയാണ്, ഈ ചിത്രം, സിനിമയിലെ ഒരു ദൃശ്യം സാക്ഷ്യപ്പെടുത്തുന്നതുപോലെ, നിരവധി ഇരകളുടെകൂടി ഉന്മേഷവും ഊര്‍ജ്ജവുമായി പരിണമിക്കുന്നത്.


Reghunathan Parali

‍The only ugliness is that of the heart, seen through the face. And though beauty be obvious, the only loveliness is invisible എന്ന് ഹെര്‍മന്‍ മെല്‍വില്‍ പറയുന്നതിന്റെ സാരം, യഥാര്‍ഥ സൗന്ദര്യം എപ്പോഴും അദൃശ്യമായിരിക്കുന്നു എന്നു കൂടിയാണ്. അഥവാ അത് കാഴ്ചയുടെ ആപേക്ഷികതയ്ക്കും അപ്പുറമാണെന്നുകൂടിയാണ്. കാഴ്ചയുടെയും സൗന്ദര്യത്തിന്റെയും പുനര്‍നിര്‍വ്വചനത്തിന് ബോധപൂര്‍വ്വം പ്രേരിപ്പിക്കുന്ന ഒരു ചിത്രമായിട്ടുകൂടി 'ഉയരെ' എന്ന സിനിമ മാറുന്നുണ്ടെങ്കില്‍ അതിനു കാരണം, ഒട്ടും കൃത്രിമത്വമില്ലാതെ, ജീവിത യാഥാര്‍ത്ഥ്യത്തിന്റെ മൂശയില്‍, ദയാരഹിതമായിത്തന്നെ അങ്ങനെ ഒന്ന് പരുവപ്പെടുന്ന വിധത്തിലാണ് ശ്രദ്ധേയ തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ്, ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എന്നതുകൂടിയാണ്. പ്രമേയസ്വീകരണവും തിരക്കഥയും ഒരു സിനിമയുടെ ആഴം നിര്‍ണ്ണയിക്കുന്നത് എങ്ങനെ എന്ന് ഉയരെ എന്ന ചിത്രം ഉയരത്തില്‍ത്തന്നെ നമ്മെ ബോധ്യപ്പെടുത്തുന്നു.

ടൊവിനോയുടെ വിശാല്‍ രാജശേഖരനും ആസിഫ് അലിയുടെ ഗോവിന്ദും സിദ്ദിഖിന്റെ അച്ഛനും അനാര്‍ക്കലി മരയ്ക്കാരുടെ സുഹൃത്തും സിനിമയില്‍ പാര്‍വ്വതിയുടെ പല്ലവിയെ പലപാട് രൂപപ്പെടുത്തുന്നത് പരമാര്‍ശിക്കാതിരിക്കാന്‍ കഴിയില്ല. പാര്‍വ്വതി എന്ന നടിയുടെ വേഷ-ഭാവ പരിണതികള്‍ക്ക്-മേക്ക് ഓവറുകള്‍ക്ക്-സമാനതകളില്ല, ഏപ്പോഴത്തേയും പോലെ..! മുകേഷ് മുരളീധരന്റെ ക്യാമറ, ഗോപീസുന്ദറിന്റെ സംഗീതം, മഹേഷ് നാരായണന്റെ എഡിറ്റിങ് എന്നിവയക്കു പുറമെ സുബി ജോഹല്‍, രാജീവ്സുബ്ബ എന്നിവരുടെ മേക്കപ്പ് കൂടി ഈ ചിത്രത്തിന്റെ അവിഭാജ്യ ഘടകമാകുന്നതു കാണാം.

റഫീഖ് അഹമ്മദിന്റേതാണ് ഗാനങ്ങള്‍. ഗൃഹലക്ഷ്മി പ്രൊഡക്ഷന്റെ ബാനറില്‍ ഷെനുഗ, ഷെഗ്ന ഷെര്‍ഗ എന്നിവരാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. അവസാന സീനിലെ നാടകീയത അനാവശ്യമായി തോന്നിയെങ്കിലും, കൃത്യമായ ഉയരത്തിലേക്കു പറക്കുകയും നമ്മുടെ വാണിജ്യ സിനിമാ സങ്കല്പങ്ങളിലേക്ക് പുതിയ സാധ്യതകളുമായി 'ഇടിച്ചിറങ്ങുക'യുമാണ് (സിനിമയില്‍ സേഫ് ലാന്റിംഗ് ആണ് എന്നതു മറക്കുന്നില്ല) 'ഉയരെ' എന്ന ചിത്രം- പ്രേക്ഷകര്‍ക്ക് കലയുടെ ആഘാതമേല്‍പ്പിച്ചും ഭൗതികമായ പരിക്കുകള്‍ ഏല്‍പ്പിക്കാതെയും..!! 😊🌿


Tags: Reghunathan Parali,  Uyare, Malayalam Movie Uyare, Parvathy, Tovino, 

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.