Header Ads

'കാചസാഹിതി'യും അനുഭവസാക്ഷ്യങ്ങളും

 പ്രശസ്ത നിരൂപകന്‍ രഘുനാഥന്‍ പറളി എഴുതുന്നു.... 
-------------------------------


പൊതുവില്‍ എന്നിലുളള ആത്മരതിയെ ഇന്ന് രാവിലെ അതിന്റെ പരകോടിയിലെത്തിച്ചത്, പ്രമുഖ ഫോട്ടോഗ്രാഫര്‍ സാക്ഷാല്‍ ‍മനോജ് ഡി വൈക്കം Manoj D Vaikom ആണ്. തികച്ചും ആകസ്മകമായാണ്, ഖസാക്കില്‍‌ കണ്ടപ്പോള്‍ അദ്ദേഹം പിടിച്ചു നിര്‍ത്തി ഈ സ്നേഹത്തിന്റെ ഫ്രെയിമുകള്‍ തീര്‍ത്തത്. ഞാന്‍ അദ്ദേഹത്തിന്റെ 'ഖസാക്കിന്റെ ഇതിഹാസ'ത്തെയും 'മയ്യഴിപ്പുഴയുടെ തീരങ്ങളെ'യും അവലംബമാക്കി, ദീര്‍ഘ വര്‍ഷങ്ങളെടുത്തുളള (ഏഴും എട്ടും വര്‍ഷങ്ങള്‍..!) തികച്ചും വ്യത്യസ്തവും നൂതനവുമായ 'ഛായാഗ്രഹണ സാഹിത്യം' കൂടുതല്‍ അടുത്തറിയാന്‍ താല്പര്യപ്പെടുന്നതിനിടയിലായിരുന്നു ഈ ക്ലിക്കുകള്‍.


Manoj D Vaikom

എഴുത്തുകാരെ മാത്രം ചിത്രത്തില്‍ പകര്‍ത്തി ശീലിച്ചിട്ടുളള നമ്മുടെ ഫോട്ടോഗ്രഫിക്ക് തീര്‍ച്ചയായും മനോജ് ഡി തീര്‍ക്കുന്ന സാഹിത്യ ഫ്രെയിമുകള്‍ തികച്ചും പുതുമയാര്‍ന്ന അനുഭവമാണ്. വ്യക്തിഗതമായി, ഇംഗ്ലീഷില്‍ 'ലെന്‍സ് ലിറ്ററേച്ചര്‍ '‍ എന്നും മലയാളത്തില്‍ 'കാചസാഹിതി' എന്നും വിളിക്കാന്‍ അഭിലഷിക്കുന്ന ഈ സഹിതീയചിത്രങ്ങള്‍ തീര്‍ച്ചയായും ഒരേസമയം ഫോട്ടോഗ്രഫിയിലും സാഹിത്യത്തിലും കാലൂന്നുന്ന പുതിയ ഒരു ആവിഷ്കാര ശാഖയായി പരിണമിക്കുകയാണ്. മനോജ് ഡി നാന്ദികുറിക്കുന്ന ഈ ലെന്‍സ് ലിറ്ററേച്ചര്‍ അഥവാ കാചസാഹിതി, അതിന്റെ മൗലികതയിലൂടെ തന്നെ ചിരംജീവിതം നേടിയെടുക്കുന്നുണ്ട്. മാത്രമല്ല, അത് സാംസ്കാരിക മുദ്രകള്‍ ഒപ്പിയെടുത്ത ഒരു അനന്യ ദൃശ്യസംഭരണിയാകുന്നത്, ഇപ്പോള്‍ ലഭ്യമല്ലാത്തതും നിലവിലില്ലാത്തതും അപൂര്‍വ്വവുമായ നിരവധി ഇടങ്ങളേയും സന്ദര്‍ഭങ്ങളേയും- ഖസാക്ക്, മയ്യഴി ഇടങ്ങളെപ്പോലും- തന്റെ ഫ്രെയിമിലെ നിത്യസത്യങ്ങളാക്കുന്നു എന്നതിനാലാണ്. അതിനായുളള ഫോട്ടോഗ്രാഫറുടെ അവിരാമമുളള യാത്രകളും ക്ഷമാപൂര്‍വ്വമുളള അസംഖ്യം ടേക്കുകളും ഇവിടെ പ്രത്യേകം പറയേണ്ടതില്ലല്ലോ. ഏതായാലും എന്നെക്കുറിച്ചുളള ചിത്രങ്ങളല്ല, ഇത്രയുമെഴുതാന്‍ നിദാനമെന്നറിയുക. അദ്ദേഹത്തിന്റെ പ്രൊഫൈലും ചിത്രങ്ങളും അദ്ദേഹത്തിന്റെ ലെന്‍സ് ലിറ്ററേച്ചര്‍ കൂടുതല്‍ അറിയാന്‍ പിന്തുടരുക-കാരണം അത് വിസ്മയകരമായ ദൃശ്യാനുഭവങ്ങള്‍ നിങ്ങള്‍ക്കു നല്‍കാതിരിക്കല്ല.

Raghunathan Parali

ആദ്യമായാണ് അഞ്ചുലക്ഷത്തോളം വിലവരുന്ന Canon 1DX Mark 2 ക്യമറയൊക്കെ നമ്മുടെ നേരെ തിരിയുന്നത്..! എട്ടു ലക്ഷത്തോളം വരുന്ന ഇതിന്റെ പൂര്‍ണ്ണ യൂണിറ്റ് ഉപയോഗിച്ചാണ് മനോജിന്റെ  മയ്യഴി സാഹിത്യം-കാചവാചകങ്ങള്‍- പിറന്നിരിക്കുന്നത് എന്നതുകൂടി എടുത്തു പറയട്ടെ. അദ്ദേഹം മലയാളത്തില്‍ വഴിതുറന്നിരിക്കുന്ന 'കാചസാഹിതി' (Lens Literature) എന്ന പുതിയ ലോകം കൂടി ചേര്‍ന്നതാകും ഇനി നമ്മുടെ ആവിഷ്കാരലോകമെന്നത് നിസ്തര്‍ക്കമാണ്. മനോജ് ‍ഡി വൈക്കത്തിന് എല്ലാ ആശംസകളും.. ഒപ്പം ഈ സ്നേഹഫ്രെയിമുകള്‍ക്ക് നിറഞ്ഞ നന്ദിയും..! നന്ദി.. സ്നേഹം..!!

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.