ദൈവം = ‘സ്വന്തം’ അപരൻ

Written by: Nixon Gopal

ദൈവം എന്ന ആശയം മനുഷ്യ ചിന്തയുടെ അപരവൽക്കരണ പ്രക്രിയയുടെ ഒരു സവിശേഷ ഭാഗം തന്നെയാണ്. ശത്രുതാപരമായ കഷ്ടസാഹചര്യം എപ്പോഴും പ്രതീക്ഷിക്കാവുന്ന ഈ പ്രകൃതി ജീവിതത്തിൽ മനുഷ്യൻ സമാധാനത്തിനുവേണ്ടി കണ്ടുപിടിച്ച ഒരു ഭൗതിക ആവിഷ്കാരമാണത്. ദൈവം അത്ര മേൽ ഭൗതികമാണ്. അജ്ഞാതത്തോടുള്ള പേടിയും അന്യനായ അപരനോടുള്ള പേടിയും അതിന്റെ അടിത്തറയാണ്. അതായത് മനുഷ്യ ചിന്തയുടെ തന്നെ,  ഒരു പിളർന്ന പ്രക്ഷേപം തന്നെയാണ് അവിടെ ഉള്ളത്.

ഇക്കാര്യം ചിന്തയ്ക്കുതന്നെ സമ്മതിച്ചു തരാൻ പറ്റുകയില്ല  ;
കാരണം ചിന്തയെന്നാൽ തന്നെയും ഇത്തരത്തിൽ വിഷയത്തെ ഉണ്ടാക്കുന്ന ഒരു ജോലിയാണ്. ഇതിന്റെ ഒരറ്റത്തു അപരനുമുണ്ട്. അപരത്വ ബോധമുണ്ട്. എന്നാൽ സമ്പൂർണ്ണ ബോധത്തിന്റെ ഒരു നിലവാര ഘട്ടം മാത്രമാണിത്.

മനുഷ്യന്റെ ഈ പരിണാമ ഘട്ടത്തെ ഇന്ന് , ഒരു പക്ഷേ മനസ്സിലാക്കാൻ കഴിഞ്ഞേക്കും. എന്നാൽ ഈ ഘട്ടത്തിൽ മനുഷ്യർക്ക് അത് ജീവിക്കാൻ കഴിഞ്ഞേക്കില്ല.
അപൂർവം ചിലർക്ക് ഇത്തരം ബോധോദയം ഉണ്ടായതായി രേഖപ്പെടുത്തുന്നുണ്ടെങ്കിലും ഈ അവസ്ഥയിൽ അതുപോലും പ്രമാണമല്ല  ;മറിച്ച് കേട്ടു കേൾവിയാണ്… !

ആർക്കും ആരും പ്രമാണമല്ല, എന്ന സാധാരണ അവസ്ഥ ഇപ്പോഴത്തെ പോലെ എപ്പോഴുമുണ്ട്.

ജീവിക്കാൻ വേണ്ടുന്ന ചില ഘടനകളേ  ഇവിടെ വേണ്ടു. ;അതാണ് ഉള്ളതും.
ഇനി ഉണ്ടാകാനുള്ളതും അത്തരം ഘടനാപരിഷ്കൃതികൾ തന്നെ. ;അല്ലാതെ മറ്റെന്താണ്?

പരിഷ്കൃതികൾ സ്വാഭാവികവുമാണ്.

പക്ഷേ ഈ പരിഷ്‌കൃതികളുടെ പുരോഗാമിത്വം ഉള്ളടക്കത്തിൽ പഴയപോലെ ശത്രുതാപരമായ അപര വിഷയവൽക്കരണത്തിൽ തുടർന്നു പോരുന്നതാണ് നാം ചരിത്രത്തിൽ കാണുന്നത് .
ചരിത്രം തന്നെ അതാണ് . അത് സമര ചരിത്രമായി ചുരുക്കുന്നതും അതുകൊണ്ടു തന്നെ.

വാസ്തവത്തിൽ അത് ഒരു ഏകപക്ഷീയമായ മനുഷ്യ കേന്ദ്രിത വായന മാത്രമാണ്. അതുകൊണ്ട് മാറ്റത്തിന്റെ മറ്റൊരു ഉറവിടത്തെ പറ്റി നമുക്കറിയില്ല.

എന്തുകൊണ്ട് ഈ ഏകപക്ഷീയത?

‘സമര ചരിത്രമായി’ മാത്രം തുടരുവാനുമാണ് ഈ സങ്കേതത്തിൽ ചരിത്രത്തിനു തന്നെയും സാധ്യതയുമുള്ളത് . അങ്ങനെയുള്ള ഒരു ഉറഞ്ഞ,(യാഥാസ്ഥിതികമായ ) ‘കാരണം മെനയൽ’ മാത്രമാണ് മനുഷ്യ വർഗ്ഗ ചരിത്രത്തിൽ ഇപ്പോഴും കൂടെ ഉള്ളത്. അതായത് പ്രശ്നകാരണം വളരെ പഴയതായി ഇപ്പോഴും കൂടെയുള്ളത് തന്നെ.

അത് ഏക(single ) പ്രശ്നമാണുതാനും…. !(അതായത് ബന്ധങ്ങളുടെ പ്രശ്നം )
ഈ പ്രശ്നങ്ങളെ വംശീയം, മതപരം, ലിംഗം, ജാതി, ഭാഷ, ദേശം…….. കുടുംബം എന്നിങ്ങനെ പെരുപ്പിച്ചാലും അവിടെയൊക്കെ ഉള്ളത് മനുഷ്യ ബന്ധം, (അതിലെ അപരത )എന്ന ഏക പ്രശ്നമാണ്.

അതിനാൽ, ലോകത്തിന്റെ ഏതൊരു കോണിലും മനുഷ്യന്റെ ബോധത്തിന്റെ ഉള്ളടക്കത്തെ (content )ഭരിക്കുന്ന പ്രശ്നം ഒന്നാണ് എന്നർത്ഥം .
അത് അപരവൽക്കരണം അഥവാ വിഷയ വൽക്കരണം എന്ന പ്രശ്നത്തിന് അപ്പുറം പോകുന്നില്ല.ഇതു തന്നെയാണ് നമ്മുടെ ബന്ധത്തിലെ, അതു പോലെ, ബോധത്തിലെ പ്രശ്നമായും വരുന്നത്.

ഇങ്ങനെ പ്രശ്നങ്ങളുടെ ഉറവിടം ഒന്നുതന്നെ (one single point )എന്നു കണ്ടു മുട്ടുന്ന മുഹൂർത്തം തന്നെ അപൂർവമായ ബോധ്യമാണ്.

ഈ മുഹൂർത്തത്തെ കണ്ടു മുട്ടുമ്പോൾ മാത്രമേ പ്രശ്നത്തെ കാണുന്നുള്ളൂ. അതുവരെ പ്രശ്നാത്മകമായ ഒരു നിലയെ ജീവിതമായി കൊണ്ടുനടക്കുന്നു എന്നു മാത്രം. ഒരു പ്രശ്ന നിലയിലേക്ക് ഉത്തമ ബോധ്യം വീഴാത്തിടത്തോളം പ്രശ്നമുണ്ടെങ്കിലും അത് പ്രശ്നമാണെന്ന് തോന്നുകയില്ല. അതാണ് പ്രശ്നാത്മകതയുടെ സ്വഭാവം: ‘അതാണ് പ്രശ്നം ‘. ഇനി അഥവാ അവയിലെ ഉത്തരവും പ്രശ്നാത്മകമാണ്. ഉത്തരത്തോടുള്ള, പ്രശ്നത്തിന്റെ ഈ ബന്ധം  പ്രശ്നാത്മകമായി അവശേഷിക്കുന്നതിനാലാണ് ‘ഉത്തരം’ തന്നെ ജനിക്കുന്നത്. അത് ‘കാരണം മെനയലി’ന്റെ ഭാഗമായതിനാൽ അർദ്ധ സത്യവുമാണ്.  അത് ഒരു വൈരുദ്ധ്യത്തെ പിന്നെയും പ്രതിനിധാനം ചെയ്യുന്നു. ഈ അപരത്വ പ്രശ്നമാണ്, ചിന്തയിൽ സർവ്വഥാ, പ്രതിഫലിച്ചു കാണുന്നത്.

ചിന്ത തന്നെ അപരത്വത്തിനു വേണ്ടിയാണെന്ന് ഒന്നു കടത്തി പറയാം.
ചിന്ത, സാമൂഹിക അപരത്വവസ്ഥയുടെ പ്രധിനിധാനമായി ഒരാളുടെ ഉള്ളിൽ തെളിയുന്ന ഭൗതിക ചലനമാണ്. അപ്പോൾ ആന്തരികവും ബാഹ്യവുമായ ലോകം, ഒരൊറ്റ ലക്ഷണത്തെ(one single feature ) കാണിക്കുന്നവയാണ്. ആ നിലയ്ക്കും ഒരാൾ പൊതു ലോക മനഃസ്ഥിതിയിൽ നിന്നും വേറിട്ടവനല്ല.
ഈ മനഃസ്ഥിതി നന്മയോ തിന്മയോ അല്ല, മറിച്ച് അത് ആകെ മനുഷ്യ വംശത്തിനും സ്വന്തമായുള്ള അവസ്ഥയാണ്. മനുഷ്യൻ എന്നാൽ ഇന്നത്തെ നിലയ്ക്ക് ഇപ്രകാരം കാണപ്പെടുന്നു. 💓😀

അത് അപരത്വ ബോധത്തെ നിരന്തരം സാന്ദ്രീകരിക്കുന്ന ഉറഞ്ഞ മനസ്സായി (യാഥാസ്ഥിതിക മനസ്സായി ) അനുഭവപ്പെടുന്നു.

ഈ അപരത്വത്തെയാണ് നാരായണ ഗുരു ആത്മോപദേശ ശതകത്തിൽ ഒരു പ്രധാന പ്രശ്നമായി കൈകാര്യം ചെയ്യുന്നത്.

അതെല്ലാം വാക്കാൽ നമുക്ക് മനസ്സിലാക്കാം എങ്കിലും, ഗുണപരമായ ഒരു ഉൽക്കർഷം എല്ലാവരും കൂടി സാമൂഹ്യമായി ശ്രമിച്ച് നേടിയെടുക്കേണ്ട ഒന്നാണ്.

ഇത്തരത്തിലുള്ള എഴുത്ത് അത്തരം ഒന്നിലേക്കുള്ള നോട്ടമാണ്, മുഖ്യമായും ചെയ്യുന്നത്.

അപരത്വത്തിന്റെ ഒരു മാതൃക എന്ന നിലയിൽ മനുഷ്യ ചിന്തയാൽ ഉണ്ടാക്കപ്പെട്ട ‘ദൈവത്തെ ‘തന്നെയാണ് ഇവിടെ മോഡലായി എടുക്കുന്നത്.

2
ദൈവമെന്ന അപരനും മനുഷ്യനെന്ന അപരനും ഓരേ നാണയത്തിന്റെ രണ്ടു വശങ്ങൾ പോലയാണ് . ഇക്കാര്യം സ്പഷ്ടമായി ആദ്യമേ തിരിച്ചറിയേണ്ടതുണ്ട്.

(നാം സൃഷ്ടി കർത്താവ് എന്നനിലയിൽ എടുത്താലും അതൊരു സ്ഥാനത്തെ കല്പിച്ചു കൊടുത്തതാണ്. ഇങ്ങനെ ചിന്തയാൽ പ്രൊജക്റ്റ്‌ ചെയ്യുന്ന സ്ഥാനമാണ് അപരം. ദൈവമായതിനാൽ ഇതു “പ്രിയങ്കരമായ ” അപരം ആണെന്നു മാത്രം. )

ദൈവം ഒരു അപരനാണോ?
അപരൻ…… ഒരാൾ……
ഒരാളെ പോലെയാണോ ദൈവം?

മനുഷ്യൻ പീറ.

ദൈവം ഒരു വ്യക്തിയല്ലാ……എങ്ങും നിറഞ്ഞ പൊരുൾ…….. എന്നൊക്കെ ആവർത്തിച്ച് കേട്ടിട്ടുമുണ്ടല്ലോ.

പക്ഷേ, ഭൂരിപക്ഷം മനസ്സും സമ്മതിയരുളില്ല.
അപ്പോൾ, അടിസ്ഥാനപരമായി അവിടെ ഒരാൾ തന്നെ ഉള്ളതാ നല്ലത്. സൗകര്യം.

അപ്പോൾ ദൈവം എന്നത് ആ ‘ആൾബോധ’ത്തിന്റെ തന്നെ നീട്ടം (extension )ആവാതെ തരമില്ല.

അതുകൊണ്ട് കൂടി ദൈവത്തിൽ ‘ആളി’ന്റെ അംശം, അപരന്റെ ഗുണം, അഥവാ അപരത്വം ഉള്ളടങ്ങിയിരിക്കുന്നു.

മനുഷ്യൻ എന്ന അപരമില്ലാതെ (അയൽക്കാരൻ, അന്യൻ, അന്യ ജാതി, അന്യമതസ്ഥൻ….. ) അതിന്റെ വിപരീതമായി ദൈവമെന്ന സ്ഥാനം സ്വാഭാവികമായും ചിന്ത സൃഷ്ട്ടിച്ചുകൊള്ളും. ഈ അന്യതാ ഭീതിയാണ് ദൈവത്തിന്റെ ജന്മഉറവിടം. ;മറ്റൊന്നുമല്ല.

അപ്പോൾ ദൈവ അപരത്വം(വിശുദ്ധം ) മനുഷ്യൻ എന്ന അപരത്വത്തിന് (അശുദ്ധം )എതിരാണ്. അങ്ങനെയെങ്കിൽ,  ഒരു വിശ്വാസി, “വിശ്വാസം” എന്ന വാസന(elaments ) കൊണ്ടു തന്നെ,ആ വാക്കിനാൽ തന്നെ  അപരനെ (മറ്റൊരാളെ ) വെറുക്കുന്നവനാണ്.

വിശ്വാസി, ‘ദൈവാപരത്വ’ത്തിൽ തന്നെ ഉൾച്ചേർന്ന  കാലുഷ്യവുമായി പ്രാർത്ഥിച്ചും പേടിച്ചും ദേഷ്യപ്പെട്ടും  ജീവിതാവസാനം വരെ വിഷമത്തിൽ പെടുന്ന ഒരാളാണ്. തന്റെ സത്യ വാസ്തവമായ,അപരനിർമ്മാണത്താൽ ജനിച്ച  ഹിംസയെ മറച്ചു പിടിക്കാൻ കൂടിയാണ്, ഈ ദൈവം. (ക്ഷേത്രത്തിൽ ദർശന സമയത്തു ഈ ഭക്തർ പരസ്പരം ഹിംസയോടെ തിക്കി തൊഴിക്കുന്നത് കാണാമല്ലോ. ) ഹിംസയുടെ ഉറവിടം ഈ അപര നിർമ്മാണമാണ്.

അതുകൊണ്ട് ദൈവം, ഒരുമിച്ച് രക്ഷാബിംബവും ശിക്ഷാബിംബവും ആകുന്നു.

രണ്ടും ഒന്നു തന്നെ.

ആരിൽ നിന്നാണ് രക്ഷിക്കേണ്ടത് എന്നു ചോദിച്ചാൽ, മറ്റൊരു മനുഷ്യനിൽ(അതാണ് അപരൻ ) നിന്നു തന്നെ.

ദൈവത്തെ പ്രതിയുള്ള വിശ്വാസം ഈ  ഒരു ദ്വന്ദ്വാവസ്ഥയെ നീട്ടി കൊണ്ടു പോകുന്നു.

ഇത് ഭക്തന്റെ ഉടലിൽ ആകെ ഉണ്ട് ;അവന്റെ താഴ്മയായും തീവ്രതയായും……..

അവന്റെ കഷ്ടമായും വിജയമായും….
തന്നിൽ, തന്നോടു തന്നെയുള്ള ഹിംസയായും.. 

ശരീരത്തെ നോവിച്ചു കൊണ്ടുള്ള കലാപരിപാടികൾ……
ശരം കുത്തൽ. കനൽ ചാട്ടം. തൂക്കം. നെറ്റിയിൽ ചോര വരുത്തൽ…..
അതല്ലെങ്കിൽ മറ്റുള്ളവയെ ബലികൊടുക്കൽ.

ഹീന മനുഷ്യനെ ബലിദാനിയായി പിടികൂടൽ…….

അങ്ങനെ ഇവിടെ എല്ലാ ബലികളും, ഈ അപരത്വ നിർമ്മാണത്തിനു കൊടുക്കുന്ന ബലികളാണെന്നു ചുരുക്കം.

3.
#അപ്പോൾ അപരത്വത്തെ കയ്യൊഴിയുന്ന, (ഉപേക്ഷിക്കുന്ന) ഒരു ജ്ഞാനാവസരം ഇനി ഇവിടെ ഉണ്ടോ എന്ന് പരിശോധിക്കേണ്ടി വരുന്നു.

ദ്വന്ദ്വാവസ്ഥയെ പ്രതിയുള്ള ഏറ്റവും അടിസ്ഥാന പരമായ ചോദ്യമാണിത്…… !
ഇത് പൂരിപ്പിക്കാനുള്ള കടബാധ്യത, മനുഷ്യ ചരിത്രത്തിനുണ്ട്… ഇല്ലേ?

#അപ്പോൾ നാം “പ്രകൃതി-മനുഷ്യൻ-സമൂഹം” എന്നിവയുടെ ഏകാത്മകതയെ പറ്റി ആലോചിക്കുവാൻ തുടങ്ങുന്നു.

ഈ ഏകതയെ (oneness ) ഒരാൾ വിഷയമായി കാണുകയല്ല.
ഏകതയെ ഒരു വിഷയമായി കാണാൻ പറ്റുകയില്ല ; ആലോചിക്കാൻ പറ്റും.
ഇതുപോലെ എഴുതി ചിന്തിക്കാൻ പറ്റും.

അപ്പോൾ ഒരു വിഷയ വസ്തുവല്ലാത്ത ഏകത എവിടെയാണിരിക്കുന്നത്?
(ഇതിനു മറുപടിയരുളുന്ന ഒരുപാട് ദർശന പദ്ധതികൾ, കൃതികൾ ഒക്കെ ഉണ്ടല്ലോ….    )

അവിടെയും വാക്കും വിവരണവും തന്നെ ശരണം.
ഈ വിവരം (പഠനം )തിരിച്ചു ഒരാളെ പ്രതിസ്ഥാനത്തു നിർത്താനും പോന്നവയാണ്.

ആ അവലംബവും ഉയർച്ച-താഴ്ചകൾ സാമൂഹികമായി സൃഷ്ടിക്കും.
ചില ഗുരു-ശിഷ്യ സങ്കല്പന ബന്ധം പോലെ.
മുതലാളി-തൊഴിലാളി പോലെ.
ഈ ബന്ധ വൈരുധ്യമാണല്ലോ നമ്മുടെ ആകക്കൂടിയുള്ള (സാമൂഹ്യ ) പ്രശ്നം.
മറ്റൊരു പ്രശ്നം ഇവിടെയില്ല എന്നതും ശ്രദ്ധേയം.

അതായത് പ്രശ്നം, പ്രശ്നമായിട്ടുള്ളത് അപരത്വത്തിൽ (അപരത്വ വൽക്കരണത്തിൽ )മാത്രം.

അപരത്വം മനസ്സിൽ തന്നെയുള്ള ധ്രുവാത്മകതയാണ്.  പുറത്തു അപരൻ ഉണ്ടെങ്കിൽ, ‘തന്നോടു തന്നെയും ‘ഒരാൾ അപരനാണ്.
ഒരാളിൽ നാണക്കേട് തീണ്ടുന്നത് അതുകൊണ്ടാണ്.

അഭിമാനവും വിജയവും ഇത്തരത്തിൽ മറ്റൊരു അപകർഷത്തെ പ്രതി ഉണ്ടാക്കുന്നവയാണ്.
ഇതിൽ വിശ്വാസത്തിനുള്ള പങ്ക് വളരെ കഠിനമാണ്.

വാസ്തവത്തിൽ ഈ അപരനെ നിർമ്മിക്കുന്നത് ‘ഞാൻ ‘ആണ്. =(അപരന്റെ ഛായാന്തരമാണ് എന്നിലെ ‘ഞാൻ’;മറ്റൊന്നല്ല. )

ഒരു നാണയത്തിന്റെ ഇരു വശങ്ങളെ പോലെയാണ്, സ്വത്വത്തിന്റെയും അപരത്വത്തിന്റെയും ഫീൽഡ്. (Field )

ഈ ഫീൽഡ് ഒന്നാകെ തുടച്ചു നീക്കപ്പെടുന്നതാണ്, ഏകത.

പൂർണ്ണതയിൽ, അതായത് ഏകതയിൽ ഉള്ള ചലനങ്ങൾ വൈരുദ്ധ്യപരമല്ല.;വിപരീതമല്ല.

മുൻപെപ്പോഴോ  (പ്രകൃതിയിൽ ) തുടർന്നുവരുന്നതിന്റെ നിതാന്തമായ തുടർച്ചയുടെ പുരോഗമനമാണിത്.

തുടർച്ച നിലയ്ക്കാത്തതുകൊണ്ട് ഒന്നും സംഭവ പരമേയല്ല.
ജനനവും മരണവും ഒക്കെ  ഒരു ആരംഭമോ അവസാനമോ എന്ന് ഗണിക്കപ്പെടാത്ത വിധത്തിൽ ഇവിടെ  അജ്ഞേയഃ മാണ്.

അതുകൊണ്ട് ഒരാളും, ഒരാളെ പ്രതി, വിഷയമല്ല.
വസ്തുക്കളും അങ്ങനെ തന്നെ.

അവിടെ തുല്യ-ഭിന്നമാർന്ന ‘അവസ്‌തു’ക്കളുടെ പരമ്പര ഉണ്ടാകുന്നു. എന്തിനോടും ‘പ്രകൃതി മനുഷ്യത ‘യുടെ പുതു സംവേദനം പ്രവർത്തിച്ചു തുടങ്ങുന്നു.

പുതുതായി ഉണ്ടാകുകയല്ല, മുൻപേ ഉള്ളതിനെ അപ്രകാരം അനുഭവിക്കുന്നു. അത്ര തന്നെ. അനുഭവ കർത്താവുമില്ല ;അനുഭവം.  അനു-ഭവിക്കൽ.
ചേർന്നു-ഉണ്ടാവൽ. സർവത്ര അനുകമ്പനങ്ങളിലൂടെ വെളിപ്പെടുന്ന ഉണ്മയുടെ പ്രകാശനങ്ങളെ അവിടെയുള്ളൂ. അതിൽ ചിലത് അറിവാകുന്നു; അതും ഭാഗികമായി……

തന്നെ പ്രതിയുള്ള ഖേദങ്ങളുടെ അന്ത്യമാണത്.
അതു തന്നെയാണ് അപരസ്ഥിതിയുടെ അന്ത്യവും.

ഒരു വിശ്വാസ ഹിംസയുടെ മഹാ ദുരിതത്തിൽ നിന്നും എത്രയോ ദൂരത്താണത്.

സ്വത്വങ്ങളെ തെരഞ്ഞെടുക്കുകയും , ആ വിധത്തിൽ സ്വയം നിർണ്ണയിക്കുന്ന, ഉരസുന്ന ഏതൊരു വിവാഹത്തിൽ നിന്നും പുറത്തു വരൽ കൂടിയാണത്. 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു