Header Ads

ശാന്തിവനം ജൈവകാമ്പസ് വെട്ടിനശിപ്പിക്കാനൊരുങ്ങി കെ എസ് ഇ ബി


ശാന്തിവനം നേരിടുന്ന പ്രശ്നങ്ങൾ വിശദമായി ...
എറണാകുളം ജില്ലയിൽ വടക്കൻ പറവൂർ താലൂക്കിലെ കോട്ടുവള്ളി പഞ്ചായത്തിൽ രണ്ടാം വാർഡിലുള്ള 2 ഏക്കറോളം വിസ്തൃതിയുള്ള പ്രദേശം കഴിഞ്ഞ മുപ്പതിലധികം വർഷമായി ജൈവവൈവിദ്ധ്യശേഖരമായി പരിപാലിച്ചുപോരുന്നതാണ്. ഈ രണ്ടേക്കറിൽ ഒരു കോണിൽ ഞങ്ങൾ താമസിക്കുന്ന ചെറിയ വീടും മുറ്റവും ഒഴികെ ബാക്കി ഭാഗം മുഴുവൻ ഉൾക്കൊള്ളുന്നതാണീ വനം. മൂന്ന് വലിയ സർപ്പക്കാവുകളും മൂന്ന് വലിയ കുളങ്ങളും ഒരു കുടുംബക്ഷേത്രാരാധനാസ്ഥലവും ഉള്ള ഇവിടം പലതരം ഔഷധസസ്യങ്ങളും കൂടാതെ പാല, കരിമ്പന, കാട്ടിലഞ്ഞി, ആറ്റുപേഴ് തുടങ്ങിയ വന്മരങ്ങളും കരയിലും വെള്ളത്തിലുമുള്ള ധാരാളം ജന്തുജാലങ്ങളുംകൊണ്ടു സമൃദ്ധമാണ്.

നാകമോഹൻ, പിറ്റ, സൈബീരിയൻ കൊക്കുകൾ, തുടങ്ങി പലതരം ദേശാടനക്കിളികളും അന്യംനിന്നുപോകുന്ന വെരുക്, തച്ചൻകോഴി, മരപ്പട്ടി പോലുള്ള ജീവികളും പലയിനം ചിത്രശലഭങ്ങളും ഇന്ത്യൻ ബുൾ ഫ്രോഗ് പോലുള്ള വലിയയിനം തവളകളും എല്ലാം ഇവിടുത്തെ ആവാസവ്യവസ്ഥയിൽ ഉള്ളതായി പരിസ്ഥിതിപഠനങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ശാന്തിവനത്തിലെ പ്രധാന സസ്യവിഭാഗങ്ങളെക്കുറിച്ച് KFRI (Kerala Forest Research Institute) തയ്യാറാക്കിയ ഒരു പഠനറിപ്പോർട്ട് ഈ വനത്തിന്റെ സവിശേഷപ്രാധാന്യത്തിനുള്ള സാക്ഷ്യമായി എടുത്ത് പറയാവുന്നതാണ്.
2011 ജൂണിൽ NMNH (National Museum of Natural History) ന്റെ ദില്ലിയിൽനിന്നുള്ള വിദഗ്ദ്ധസംഘം മധ്യകേരളത്തിൽ പഠനത്തിനു വന്നപ്പോൾ ഈ കാവുകളെ പ്രത്യേകപ്രാധാന്യത്തോടെ കണക്കാക്കുകയും പഠനത്തിനായി ഈ കാവുകൾ സന്ദർശിക്കുകയും ചെയ്തിരുന്നു. കൂടാതെ ഇവിടെവച്ച് വിവിധ പരിസ്ഥിതിപഠനപ്രവർത്തനങ്ങളും നടത്താറുണ്ട്. സമീപത്തുള്ള സ്കൂളുകളിൽനിന്നും ഇവിടേക്ക് പഠനത്തിനായി വിദ്യാർത്ഥികളെ കൊണ്ടുവരാറുണ്ട്. ഈ സംരക്ഷിതവനത്തിന്റെ സവിശേഷതകളെയും പ്രാധാന്യത്തെയുംപറ്റി വിവിധ പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളും റിപ്പോർട്ടുകളും വന്നിട്ടുണ്ട്.
നാടൊട്ടുക്കുമുള്ള ഇത്തരം സംരക്ഷിതവനങ്ങൾ വൻതോതിൽ നശിപ്പിക്കപ്പെട്ട സമീപഭൂതകാലത്ത് എന്റെ പിതാവും പരിസ്ഥിതിസ്നേഹിയും ആയിരുന്ന അന്തരിച്ച ശ്രീ.രവീന്ദ്രനാഥും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും പരിസ്ഥിതിസ്നേഹികളും ആയ ശ്രീ.ജോൺസി ജേക്കബ്, ഡോ.സതീഷ്‌കുമാർ തുടങ്ങിയവരും മറ്റും മുൻകൈ എടുത്തു ‘ശാന്തിവനം’ എന്നു പേരിട്ടു സംരക്ഷിച്ചതാണീ ജൈവവൈവിദ്ധ്യമേഖല. അദ്ദേഹത്തിന്റെ മകളായ ഞാനാണ് അദ്ദേഹത്തിന്റെ മരണശേഷം ഇപ്പോൾ ഇതു പരിപാലിക്കുന്നത്. 

എന്നാൽ, കേരള സംസ്ഥാന വൈദ്യുതി ബോർഡ് മന്നത്തുനിന്ന് ചെറായിലേക്കുള്ള 110കെവി വൈദ്യുതിലൈൻ ഈ സംരക്ഷിതവനത്തിനു മുകളിലൂടെ വലിക്കാൻ പദ്ധതി തയ്യാറാക്കിയിരിക്കുന്നു. ഈ സ്ഥലത്തെ ബാധിക്കാത്ത തരത്തിലാണ് ആദ്യം പദ്ധതി വിഭാവനം ചെയ്തിരുന്നത്. എന്നാൽ ആ പദ്ധതിപ്രകാരം സ്വന്തം ഭൂമിക്കു ദോഷം വരാം എന്നു കണ്ട മറ്റു ഭൂവുടമകളിൽ ചിലരുടെ (പഴയൊരു KSEB ചെയർമാന്റെ മകന്റെ സ്ഥലമാണത്.) സ്വാധീനഫലമായി ലൈൻ വലിക്കുന്ന പാത പിന്നീടു മാറ്റി നിശ്ചയിച്ചപ്പോഴാണ് ഈ സംരക്ഷിതവനത്തിനു മുകളിലൂടെ ആയത്. ഈ വനത്തിന്റെ നടുവിൽ ടവർ വരത്തക്കവിധമാണ് ഇപ്പോഴത്തെ പദ്ധതി. ഇതിനെതിരെ പരാതി നൽകിയപ്പോൾ വനത്തിന്റെ ഒരു അരികിൽക്കൂടി മാത്രം പോകത്തക്ക വിധത്തിൽ മറ്റൊരു പാത വൈദ്യുതി ബോർഡ് മുന്നോട്ടു വയ്ക്കുകയുണ്ടായി. ഇതു നടപ്പാക്കാം എന്നു ധാരണയായെങ്കിലും പരാതിയിൽ തീർപ്പാക്കി എ.ഡി.എം. ഉത്തരവു പുറപ്പെടുവിച്ചപ്പോൾ എന്തുകൊണ്ടോ അതിൽനിന്നു വ്യത്യസ്തമായി വീണ്ടും വനത്തിനു നടുവിൽ ടവർ വരത്തക്കവിധമുള്ള നിർദ്ദേശം അംഗീകരിച്ചതായാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. അതോടെ, ഇതിനെതിരെ ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്യാൻ ഞങ്ങൾ നിര്ബന്ധിതരായി. മാത്രമല്ല ഇക്കാര്യം അറിയിച്ചുകൊണ്ട് ബഹു.മുഖ്യമന്ത്രിക്കും ഹരിതകേരളം മിഷനും ഞങ്ങൾ നിവേദനം നൽകിയിട്ടുണ്ട്. ആ നിവേദനത്തിന്മേൽ നടപടികൾ നടക്കുന്നതേയുള്ളൂ. 

എന്നാൽ ഇതിനിടെ മാർച്ച് 14 ( 2019 ) നു രാവിലെ KSEB യുടെ ആളുകൾ ശാന്തിവനത്തിൽ കയറി വന്ന് ഇതിനകത്തെ ധാരാളം ചെറുവൃക്ഷങ്ങളെ നശിപ്പിച്ചുകൊണ്ട് ജെസിബി കയറ്റി നിർബന്ധമായി നിര്മാണപ്രവർത്തനങ്ങൾ തുടങ്ങുകയും അടുത്ത ദിവസം തന്നെ ഇതിനകത്തെ വളരെ പഴക്കം ചെന്ന ഒരു പൈൻ മരം മുറിച്ചുനീക്കും എന്ന് അന്ത്യശാസനം നല്കുകയും ചെയ്തു. ഈ ഒരു അടിയന്തിരസാഹചര്യം കണക്കിലെടുത്ത് കോടതി എത്രയും പെട്ടെന്ന് തന്നെ ഈ കേസ് എടുക്കാൻ തീരുമാനിക്കുകയും കേൾക്കുകയും ചെയ്‌തെങ്കിലും KSEB ഫേക്ക് ആയ ഒരുപാട് രേഖകളും കൊണ്ട് വന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും നമുക്ക് അതിനുള്ള മറുപടി കൊടുക്കാൻ സമയം കിട്ടും മുൻപേ അതിശയകരമാം വിധം പൊടുന്നനെ വിധി വരികയും ആണുണ്ടായത്. നമ്മുടെ പെറ്റീഷൻ തള്ളിയതിന്റെ കാരണം അറിയണമെങ്കിൽ ജഡ്ജ്മെന്റിന്റെ കോപ്പി കയ്യിൽ കിട്ടണം. അതിനു പോലും കാക്കാതെ പിറ്റേന്ന് തന്നെ (ഏപ്രിൽ 6 ശനിയാഴ്ച ) രാവിലെ വന്ന അവർ പോലീസ് സംരക്ഷണത്തോടെ ആ വലിയ പൈൻമരം മുറിച്ചു വീഴ്ത്തി. ഇനി ടവറിനുള്ള പൈലിങ് ഇന്ന് തുടങ്ങാനാണ് പരിപാടി ... നീതി പൂർണ്ണമായും നമ്മുടെ ഭാഗത്തതായിട്ടും നമ്മൾ നിസ്സഹായരായി നോക്കി നിൽക്കേണ്ടി വരികയാണ് .... ഇനിയെന്ത്? എന്താണ് ചെയ്യേണ്ടത്? 

ആർക്കെങ്കിലും സഹായിക്കാൻ കഴിയുമോ?
മീന മേനോൻ

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.