Header Ads

കറുത്തചിരിയുടെ കാവ്യ/കാഴ്ചശാസ്ത്രം (ഏകലോകത്തെ സമാന്തരലോകങ്ങള്‍)

Famous Review writer Raghunathan Parali writes:
---------------------------



തമിഴ് സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജ, ശ്രദ്ധേയമായ തന്റെ ആദ്യ ചിത്രം 'ആരണ്യകാണ്ഡ'ത്തിനുശേഷം, എട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് 'സൂപ്പര്‍ ഡീലക്സ്' എന്ന ചിത്രം സംവിധാനം ചെയ്തിട്ടുളളത്. നാലു സമാന്തര കഥകള്‍ സമാനതകളില്ലാത്ത വിധത്തിലും,  പ്രത്യക്ഷബന്ധമില്ലാത്ത വിധത്തിലും സന്നിവേശിപ്പിച്ചിട്ടുളള സൂപ്പര്‍ ഡീലക്സ്, സിനിമയുടെ സാമ്പ്രദായിക രീതികളില്‍ തീര്‍ച്ചയായും ഒരു അഴിച്ചുപണി നടത്തുന്നുണ്ട്. ഗൗരവതരവും ദുഖപങ്കിലവുമായ ജീവിത സന്ദര്‍ഭങ്ങളെ ഹാസ്യാത്മകമായി-ആത്മപരിഹാസമായും പര ഹാസമായും-കാണുമ്പോളാണല്ലോ കറുത്ത ചിരി അഥവാ ബ്ലാക് ഹ്യൂമര്‍ ‍ ഊറി വരുന്നത്. കറുത്തഫലിതത്തില്‍ ചാലിച്ച ഭിന്നസന്ദര്‍ഭങ്ങളെ ‍ രേഖീയമല്ലാതെ കൊരുത്തിടുകയും അതില്‍ നിന്ന് അവ്യവസ്ഥയുടെ ഒരു കാവ്യശാസ്ത്രവും കാഴ്ചശാസ്ത്രവും സൃഷ്ടിക്കുകയുമാ​ണ് കുമാരരാജ ചെയ്യുന്നത്. അതിലൂടെ ജീവിത സന്ദര്‍ഭങ്ങളുടെ അയവില്ലാത്ത ആവിഷ്കാരമായി നില്‍ക്കാന്‍ ഓരോ സിനിമയിലെ ഓരോ ഫ്രെയിമിനും കഴിയുന്നു എന്നര്‍ഥം. കാസ്റ്റിംഗ് ചിത്രത്തില്‍ ഒരു സുപ്രധാന ഘടകമാകുന്നത് അതിനോടു ചേര്‍ന്നു തന്നെയാണ് നമ്മള്‍ മനസ്സിലാക്കുക. വിജയ് സേതുപതിയുടെ, ശില്പ എന്ന നൂതനവും ധീരവുമായ  ട്രാന്സ്ജെന്റര്‍ റോള്‍ മാത്രം മതിയാകും ഉദാഹരണമായിട്ട്.

Raghunathan Parali


വെമ്പു (സാമന്ത) വിവാഹപൂര്‍വ്വ പ്രണയിയെ വീട്ടിലേക്കു വിളിച്ചു വരുത്തുകയും ശാരീരികബന്ധത്തിനിടെ അയാള്‍ മരിച്ചുപോകുകയും ഭാര്‍ത്താവ് മുഗില്‍ (ഫഹദ് ഫാസില്‍) തന്റെ അഭിനയ ക്ലാസ്സ് കഴിഞ്ഞ് തിരിച്ചെത്തി ഫ്രിഡ്ജില്‍ കയറ്റിവെച്ചിരിക്കുന്ന മൃതശരീരം കാണുമ്പോള്‍ അവള്‍ നടന്ന സംഭവങ്ങള്‍ ഒരംശം വിടാതെ വിവരിക്കുന്നതും, ഈ സിനിമയുടെ ആകെ സത്തയെ നിര്‍വ്വചിക്കുന്നതാണ്. മറവുകളില്ലാത്ത, ഒന്നും മറയ്കാന്‍ ആഗ്രഹമില്ലാത്ത കഥാപാത്രങ്ങളേ ഈ ചിത്രത്തിലുളളൂ എന്നു പറയുമ്പോള്‍ അവരുടെ വ്യക്തിത്വത്തിന്റെ ശക്തിയും ഊര്‍ജ്ജവും തിരിച്ചറിഞ്ഞുകൊള്ളുക. (രതി ചിത്രത്തില്‍ അഭിനയിച്ച നാലു പേര്‍ മാത്രം മോശക്കാരും കണ്ട പതിനായിരങ്ങള്‍ വിശുദ്ധരുമാകുന്നെതെങ്ങനെ എന്ന് ലീല മകനോട് ചോദിക്കുകയും കൃത്യമാമായി ബോധ്യപ്പെടുത്തുകയും ചെയ്യുന്നത് ഇവിടെ ഓര്‍ക്കാം.) ദൈവവും മനുഷ്യനും തമ്മിലുളള സങ്കീര്‍ണ്ണ സമവാക്യം നിര്‍ദ്ദാരണം ചെയ്യാന്‍ ശ്രമിക്കുന്ന അര്‍പുതം എന്ന ഗാഢവിസശ്വാസി (മിസ്കിന്‍),സുനാമിയില്‍ നിന്ന് താന്‍ പ്രത്യേകം ദൈവത്താല്‍ തിരഞ്ഞടുക്കപ്പെട്ടവനായിപ്പോലും കരുതുന്നുണ്ട്.

മനുഷ്യന്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്നതിനേക്കാള്‍, ദൈവം മനുഷ്യനില്‍ വിശ്വസിക്കുന്നുണ്ടോ എന്ന ഒരു ശീര്‍ഷാസന ചോദ്യം കൂടി സംവിധായകന്‍ അര്‍പുതത്തിലൂടെ ചോദിക്കുന്നതായി നമുക്ക് തോന്നാതിരിക്കില്ല. വിവിധങ്ങളായ നാലു സന്ദര്‍ഭങ്ങള്‍,  അര്‍പുതവും ലീലയും (രമ്യാ കൃഷ്ണ) അഭിമുഖീകരിക്കുന്ന സംഘര്‍ഷങ്ങള്‍, നാലു ആണ്‍കുട്ടികള്‍ പോണ്‍ ചിത്രം കാണുന്നതിനിടെ അവരില്‍ ഒരാള്‍ അവിശ്വസനീയമായ രീതിയില്‍ അതിലെ സ്ത്രീ തന്റെ അമ്മയാണെന്നു തിരിച്ചറിയുന്ന ഘട്ടം, ദീര്‍ഘകാലമായി നാടുവിട്ടുപോയ അച്ഛന്‍ സ്ത്രൈണതയാര്‍ജ്ജിച്ചു സ്ത്രീ രൂപത്തില്‍ വരുമ്പോള്‍ കുട്ടിയിലും കുടുംബത്തിലും മറ്റൊരു രീതിയില്‍ സമൂഹത്തിലും സൃഷ്ടമാകുന്ന തീക്ഷ്ണ പ്രക്ഷുബ്ധതകള്‍, ആകസ്മികമായി തങ്ങളുടെ ലൈെംഗികബന്ധത്തിനിടെ മരണമടഞ്ഞ കാമുകന്റെ ശരീരം കൈയ്യൊഴിയാന്‍ ഒരുമിച്ച് യാത്ര ചെയ്യുന്ന വേമ്പുവിന്റെയും ഭര്‍ത്താവ് മുഗിലിന്റെയും ദാമ്പത്യ സംഘര്‍ഷം, വേമ്പുവന്റെ കാര്യത്തിലും ശില്പയുടെ കാര്യത്തിലും പോലീസ് ഓഫീസര്‍ ബെര്‍ലിനില്‍  നിന്നുണ്ടാകുന്ന രൂക്ഷപീ‍‍‍ഡനവുമെല്ലാം ചേരുമ്പോള്‍, നമ്മുടെ ഭരണവ്യവസ്ഥയും സാമൂഹിക വ്യവസ്ഥയും, പതിതരായ മനുഷ്യരില്‍ നിര്‍ദ്ദാക്ഷിണ്യം ചൊരിയുന്ന പൊള്ളലിടങ്ങളിലാണ് അടിസ്ഥാനപരമായി ഈ ചിത്രം അതിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നു  പറയാം.

വിശ്വാസത്തിന്റെയും (അര്‍പുതവും ആരാധിക്കുന്നു വിഗ്രഹത്തിലെ രത്നങ്ങളുംം)  ശാപത്തിന്റെയും (ശില്പയുടെ ശാപവും ബെര്‍ലിന്റെ അപകടമരണവും) അതിഭൗതിക തലങ്ങളെ യാതൊരു വാദമുഖങ്ങളും നിരത്താതെ, പ്രപഞ്ചത്തിന്റെ കാവ്യനീതി എന്നതുപോലെ, സംവിധായകന്‍ സിനിമയുടെ ഹൃദയത്തില്‍ ചേര്‍ത്തുപിടിക്കുന്നത് കാണാതിരിക്കുന്നതെങ്ങനെ?!

പി എസ് വിനോദിന്റെയും നീരദ്ഷായുടെയും ക്യാമറയും യുവാന്‍ ശങ്കര്‍ രാജയുടെ സംഗീതവും ഈ ചിത്രത്തെ ആഴത്തില്‍ അനുഭവവേദ്യമാക്കാന്‍ ഏറെ സഹായിക്കുന്നുണ്ട്. അകപ്പെട്ട സന്ദിഗ്ധ-സംഘര്‍ഷ ഇടങ്ങളില്‍ നിന്ന് അവസാനം ഏവരും പതുക്കെ അറിവിന്റെയും തിരിച്ചറിവിന്റെയും ആശ്വാസത്തിന്റെയും ആത്മബോധത്തിന്റെയും പുതിയ പ്രകാശത്തിലേക്ക് പരിവര്‍‌ത്തനപ്പെടുക കൂടി ചെയ്യുന്ന ഈ ചിത്രം, വാസ്തവത്തില്‍, അതിന്റെ ആവിഷ്കാര രീതികൊണ്ടും അന്തര്‍വഹിക്കുന്ന ദാര്‍ശനിക ഗരിമ കൊണ്ടും അക്ഷരാര്‍ത്ഥത്തില്‍, സിനിമാലോകത്തെ ഒരു 'സൂപ്പര്‍ഡീലക്സ്' ആയി പരിണമിക്കുകയാണ്.


..........................................................................................................................
Tags: Film Review, popular review writer Raghunathan Parali, Super Deluxe, 

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.