Header Ads

ആണ്‍കുട്ടികളെ കാത്തിരിക്കുന്ന പ്രാപ്പിടിയന്മാര്‍

Written by: Jagdish Madayi


ആൺകുട്ടികളെ നിങ്ങൾക്കും രക്ഷയില്ല, പ്രാപ്പിടിയൻമ്മാർ നിങ്ങളെയും കാത്തിരിക്കുന്നു
1. മാടായി പുതിയ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം. ഏഴോ എട്ടോ വയസ്സ് പ്രായമുള്ള കാലത്തായിരുന്നു. പുലർച്ചയ്ക്കു നടക്കാനുള്ള തീക്കോലത്തിനു മുന്നേയുള്ള നാടകം പകുതി കണ്ടപ്പോൾ സുഹൃത്തുക്കളുടെ കൂട്ടത്തിൽ നിന്നും പതിയ വലിഞ്ഞു ഉറങ്ങാനുള്ള ഒരിടം തേടി അമ്പലചുറ്റുപറമ്പിൽ എത്തിയപ്പോൾ സൂചി കുത്താനുള്ള ഇടമില്ല. അമ്പലക്കുളത്തിന്റെ മേൽപ്പടിയിൽ കയറി ഒരുറക്കം പിടിച്ചപ്പോഴേക്കും തുടയിലൂടെ പാമ്പിഴയുന്ന പ്രതീതി . ചാടിയെഴുന്നേറ്റു നോക്കുമ്പോൾ കാൽപ്പാദത്തിനരികിൽ ചിരിച്ചു കൊണ്ടിരിക്കുന്ന ഒരു മധ്യവയസ്കൻ. മനസ്സിൽ കടന്നു വന്ന ദേഷ്യത്തോടെയും വെറുപ്പോടെയും അയാളെ നോക്കി പോടാ എന്നും പറഞ്ഞു എഴുന്നേറ്റു നടക്കുമ്പോൾ അയാൾ കൂട്ടം തെറ്റി കിടക്കുന്ന മറ്റൊരു കുട്ടിയെ അന്വേഷിച്ച് നടക്കാൻ തുടങ്ങിയിരിക്കുന്നു ഇരപിടിക്കുന്ന അണലിയുടെ മുഖഭാവത്തോടെ.
2. തിളങ്ങുന്ന 25-50 പൈസകൾ ഇറങ്ങിയ കാലം. പരിചയമുള്ള ഒരു കാരണവർ കുട്ടികളെ കാണുമ്പോൾ നാണയം കാണിച്ചു ചോദിക്കും വേണമോയെന്ന്. തിളങ്ങുന്ന നാണയങ്ങളും തീപ്പെട്ടിക്കവറുകളും സ്റ്റാമ്പുകളും കുട്ടികളെ പ്രലോഭിപ്പിക്കുന്ന കാര്യങ്ങളായിരുന്നു അക്കാലത്ത്. . വേണമെന്നു പറയുന്ന കുട്ടികളോട് കടയിലേക്ക് വരാൻ പറയും. കടയിലേക്ക് പോയ കുട്ടികളിൽ ഭൂരിഭാഗവും ഒറ്റ തവണയോടെ ആ കടയുടെ ഏഴയലത്തേക്കു പോകാൻ മടിച്ചിരുന്നു. പിന്നീടും പിന്നീടും പോയ ചില കുട്ടികൾ കുറച്ചു കാലത്തിനു ശേഷം രഹസ്യമായ പരസ്യമായി ആൺവേശ്യകൾ എന്നറിയപ്പെട്ടു തുടങ്ങിയിരുന്നു. ആ കുട്ടികൾ വളർന്നു വലുതായി വിവാഹം കഴിച്ചു കുട്ടികളായെങ്കിലും ഇന്നും ബസ് സ്റ്റാന്റുകളിലും റെയിൽവേ സ്റ്റേഷന് തൊട്ടുള്ള ഇടങ്ങളിലും രാത്രികാലമാകുമ്പോൾ കാമുകന്മാരെ അന്വേഷിച്ചു പോകുന്നുവെന്നത് പരമമായ സത്യം.
3. മാടായി ബോയ്സ് സ്കൂളിൽ പഠിക്കുന്ന കാലത്ത് എസ്കർഷന് പോയി തിരിച്ചു വന്ന സഹപാഠികൾ രാത്രികാലത്തു ചില അദ്ധ്യാപകർ കാണിച്ച "കുസൃതികൾ" വിവരിച്ചതും NCC യിൽ വരുന്ന സർദാർ മുഴുത്ത ആൺകുട്ടികളുടെ തുടയിൽ കാണിക്കാറുള്ള "അഭ്യാസങ്ങളും വിരൽ കൊണ്ടുള്ള ചിത്രരചനകളും " ആത്മാഭിമാനം നഷ്ടപ്പെട്ട വേദനയോടെ ആ കുട്ടികൾ പങ്കു വച്ചതും ഇന്നും ഓർക്കുന്നു. കുട്ടികൾ ദൈവതുല്യരായി കാണുന്ന അദ്ധ്യാപകർ അതേ കുട്ടികളോട് ഇത്ര ഹീനമായ പ്രവർത്തി ചെയ്യുമ്പോൾ ആ കുട്ടികളിലുണ്ടാകുന്ന വ്യഥയും മാനസികസമ്മർദ്ദവും അദ്ധ്യാപകർ അറിയാൻ പറ്റാതെ പോയോ അതോ അദ്ധ്യാപനം എന്നത് മഹത്തായ ഒരു കർമ്മമാണെന്ന് മറന്നുപോയോ...
4. ദാദറിൽ നിന്നും ബോറിവില്ലിയിലേക്ക് ഓഫീസിലെ സഹപ്രവർത്തവരുടെ കൂടെ ഒരു മുംബൈ ലോക്കൽ ട്രെയിൻ യാത്ര. യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും നിന്ന നിൽപ്പിൽ നിന്നും കൊഞ്ച് ചാടുന്നത് പോലെ ചാടിയ സഹപ്രവർത്തകനോട് ചോദിച്ചപ്പോൾ മർമ സ്ഥാനത്തു കിട്ടിയ പ്രയോഗത്തെ കുറിച്ച് പറഞ്ഞത്. സാമാന്യം തിരക്കുള്ള ട്രെയിനിൽ ചുറ്റിലും നോക്കിയപ്പോൾ പറവൂർ ഭരതനെ പോലെ "നിഷ്കു" ആയി ചിരിച്ചു കൊണ്ട് നിൽക്കുന്ന ഒരു വല്യപ്പൻ. ഈ പ്രക്രിയ അവർത്തിക്കപ്പെട്ടപ്പോൾ നമുക്കിറങ്ങേണ്ടുന്ന സ്റ്റോപ്പിന് മുൻപിൽ ഇറങ്ങിയ അയാൾക്കൊപ്പം ഇറങ്ങി " നമ്മൾ 10-15 പയ്യന്മാരുണ്ട് , അല്ല ഇനിയത് മതിയാകില്ലെങ്കിൽ 5-8 പെൺപിള്ളേരും ഉണ്ട് " എന്ന് പറഞ്ഞപ്പോൾ അയാൾ അപ്രത്യക്ഷനായത് സെക്കൻഡുകൾക്കുള്ളിൽ. ആൺകുട്ടികളുടെ ദേഹത്ത് പാമ്പിനെപ്പോലെ കൈയിഴക്കാൻ പഠിച്ചത് പോലെ അപ്രത്യക്ഷനാകാൻ മാജിക്കും പഠിച്ചിട്ടുണ്ടായിരിക്കണം.
5. mattunga യിലെ മാധവേട്ടന്റെ പാൻ കടയിൽ വരുന്ന ഒരു പയ്യൻ. ഗുജറാത്തിയായ മുംബൈ നഗരസഭയിലെ തൂപ്പുകാരായി ജോലി ചെയ്യുന്ന ഒരു സമൂഹത്തിലെ കണ്ണി. കാണാൻ സുന്ദരനായ പയ്യൻ വാ തുറന്നാൽ അറിയാം കക്ഷി ആണിലും പെണ്ണിലും പെടില്ല എന്ന്. എന്നെ നോക്കി "നിന്നെ ഒരു ദിവസം ഞാൻ കൊണ്ട് പോകും " എന്ന് പറഞ്ഞ അവനോടു " അതിനു മുൻപേ നിന്റെ കാമുകിയെ ഞാൻ കൊണ്ട് പോകും " എന്ന് പറയുന്നതിനാൽ ഒരു സൗഹൃദം എന്നോട് പുലർത്തിയിരുന്നു. കടയിലേക്ക് വരുന്ന ഒരു വയസ്സനെ കാണുമ്പോൾ അവൻ അസ്വസ്ഥൻ ആകുന്നതും ആ ചുറ്റുപാടിൽ നിന്നും ഒഴിഞ്ഞു മാറാൻ വ്യഗ്രത കാണിക്കുന്നതും ഞാൻ പലപ്പോഴും ശ്രദ്ധിച്ചിരുന്നു.
ഇതിനെക്കുറിച്ചു ചോദിച്ചപ്പോൾ മാധവേട്ടൻ പറഞ്ഞു തന്നതും പിന്നീട് അവനായി പറഞ്ഞതും ഒന്ന് തന്നെ. കേന്ദ്ര സർക്കാരിന്റെ വലിയ ഒരു സ്ഥാനത്തിരുന്നു പിരിഞ്ഞ വല്യപ്പനും തളർന്നു കിടക്കുന്ന ഭാര്യയും മാത്രമുള്ള വീട്ടിൽ (മക്കളൊക്കെ വിദേശത്താണ് ) വീട്ടു പണിക്കായി പോയിരുന്ന അമ്മയുടെ കൂടെ പോയിരുന്ന കൊച്ചിനെ ജോലി കഴിഞ്ഞിറങ്ങുന്ന അമ്മയോട് അവനിവിടെ നിൽക്കട്ടെ ടീവി കാണാമല്ലോ എന്നും പറഞ്ഞു പിടിച്ചു നിർത്തുന്ന വല്യപ്പൻ സ്വന്തം കാമതീവ്രത ശമിപ്പിക്കാനുള്ള ഉപകരണമായി മാറ്റുകയായിരുന്നു. ഭീഷണിപ്പെടുത്തി വർഷങ്ങളോളം ആയപ്പോൾ അവനറിയാതെ അവനിലേക്ക് മാറ്റങ്ങൾ വരികയാരിരുന്നു.
രണ്ടായിരത്തി പന്ത്രണ്ടിൽ പോക്സോ (PROTECTION OF CHILDREN FROM SEXUAL OFFENCE ACT ) നിലവിൽ വന്നെങ്കിലും ഈ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നവരുടെ എണ്ണം വളരെകുറവായിരിക്കും. ഇത്തരത്തിൽ പീഡിപ്പിക്കപ്പെടുന്ന കുട്ടികളുടെ അടുത്ത പരിചയക്കാരായിരിക്കും പീഡിപ്പിക്കുന്നവർ. ഒരു പക്ഷെ സ്വന്തം കുടുംബത്തിലെ അംഗമോ, അയൽവാസിയോ, കുടുംബത്തിലെ ഏതെങ്കിലും ഒരംഗത്തിന്റെ അടുത്ത സുഹൃത്തുക്കളോ ആയിരിക്കും. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ആയിരിക്കാം കുട്ടികളെ ദുരുപയോഗം ചെയ്യുന്നത്. സത്യമറിഞ്ഞാലും പല മാതാപിതാക്കളും തക്ക ശിക്ഷ വാങ്ങിക്കൊടുക്കാനോ, ലോകത്തിന് മുൻപിൽ ആ വ്യക്തിയെ കാട്ടിക്കൊടുക്കാനോ ശ്രമിക്കാറില്ല എന്നതാണ് സത്യം. കുടുംബത്തിന്റെ സൽപ്പേരിനെ ബാധിക്കുന്ന വിഷയമായതിനാൽ പുറംലോകം അറിയാതിരിക്കാനായിരിക്കും കൂടുതൽ ശ്രദ്ധിക്കുക.
നാൽപ്പതു കഴിഞ്ഞ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഒരു സുഹൃത്ത് പറഞ്ഞത് ഞാനിവിടെ കുറിക്കുന്നു " എന്റെ ചെറുപ്പത്തിലായിരുന്നു ആ സംഭവം നടന്നത്. അച്ഛന്റെ സുഹൃത്തും സഹപ്രവർത്തകനും ആയ അയൽവാസി അയാളുടെ വീട്ടിലെ അംഗങ്ങൾ പുറത്തുപോയ സമയം അയാളുടെ വീട്ടിലേക്ക് ക്ഷണിച്ചത്. അച്ഛന്റെ കൂടെ പലപ്പോഴും പോകാറുള്ള വീട്. അയാളുടെ കുട്ടികൾ കളിക്കൂട്ടുകാർ. വീട്ടിന്റെയുള്ളിലേക്ക് കടന്നയുടൻ അയാൾ വാതിലടച്ചു. ഞാൻ കരഞ്ഞപ്പോൾ എന്റെ അച്ഛനെയും അമ്മയെയും അനിയത്തിയേയും കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. ആ സംഭവത്തിന് ശേഷം വീട്ടിൽ നിന്നും പുറത്തിറങ്ങാൻ എനിക്ക് ഭയമായിരുന്നു. മുതിർന്ന ആൾക്കാരെ മാത്രമല്ല കുട്ടികളെ പോലും ഭയക്കാൻ തുടങ്ങി. അന്തർമുഖനായി ജീവിച്ചു തീർത്തത് മൂന്ന് പതിറ്റാണ്ടുകൾ. അയാൾ ചെയ്ത വൃത്തികേടുകൾ ഈ പ്രായത്തിലും പലപ്പോഴും ഒരു ദുസ്സ്വപ്നമായി പ്രത്യക്ഷപ്പെടാറുണ്ട്. ആ രാത്രി ഉറങ്ങാനാകാറില്ല" ഈ വാക്കുകളിൽ നിന്നും മനസ്സിലാക്കാം ഒരു കൊച്ചുമനസ്സിനേറ്റ മുറിവ് എത്രയോ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും മാഞ്ഞുപോയില്ലെന്ന്. ആ കൊച്ചുമനസ്സിൽ ആണ്ടുപോയ മനോവിഷമവും ഭയവും വ്യക്തമാണ് ആ വാക്കുകളിൽ.
സുഹൃത്തും അദ്ധ്യാപികയും കുട്ടികളുടെ കൗൺസിലറുമായ ദീപ പാർവതിയുടെ അനുഭവം. സഹപ്രവർത്തകയുടെ ഭർത്താവ് സ്വന്തം കുട്ടികളെ ലൈംഗീകമായി ഉപദ്രവിക്കുന്നു എന്നറിഞ്ഞ സഹപ്രവർത്തകയും അവരുടെ കുടുംബവും അയാളെ നീതിപീഠത്തിന് മുന്നിൽ എത്തിക്കുന്നതിന് പകരം കുട്ടികളോട് നിശ്ശബ്ദരാകാൻ നിർദേശം നൽകുകയാണ് ചെയ്തത്. അയാളുടെ ഉപദ്രവം ആവർത്തിക്കപ്പെട്ടപ്പോൾ ഗതികെട്ട ധീരരായ കുട്ടികളാണ് പോലീസിൽ അറിയിച്ചതും അയാളെ അറസ്റ്റ് ചെയ്യിപ്പിക്കുകയും ചെയ്തത്.
സത്യത്തിൽ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നവർക്കും ലൈംഗികമായി ചൂഷണം ചെയ്യുന്നവർക്കും കിട്ടേണ്ട അതെ ശിക്ഷ ഈ കൂട്ടർക്കും ബാധകമല്ലേ. നല്ല വിദ്യാഭ്യാസവും നല്ലൊരു ജോലിയും വാങ്ങി സമൂഹത്തിൽ മാന്യമായി ജീവിക്കേണ്ടുന്ന നമ്മുടെ ആൺകുട്ടികളെ ഹീനമായ ഒരു ജീവിതത്തിലേക്ക് തള്ളി വിടുന്ന ഇങ്ങനെയുള്ള "രതി വൈകൃതങ്ങൾ " കൊണ്ട് നടക്കുന്ന ഇവന്മാരെ പോലുള്ളവരെയാണ് ആദ്യം തിരിച്ചറിയേണ്ടുന്നതും നമ്മുടെ സമൂഹത്തിൽ നിന്നും പുറത്താക്കേണ്ടുന്നതും.
സ്വന്തം മാതാപിതാക്കളോടും സഹോദരങ്ങളോടും എല്ലാം തുറന്നു പറയാനുള്ള ധൈര്യം കുട്ടികളിൽ വളർത്തിയെടുക്കേണ്ടത് പ്രത്യേകിച്ചും ഇക്കാലത്ത് എല്ലാ മാതാപിതാക്കളുടെയും ഒഴിച്ചുകൂടാനാകാത്ത കടമയാണ്. കുട്ടികളുടെ നല്ലൊരു ഭാവി സ്വപ്നം കാണുന്ന അച്ഛനമ്മമാർ തിരക്കുപിടിച്ച ജീവിതത്തിലെ ഒരൽപ്പം സമയമെങ്കിലും കുട്ടികൾക്കായി നീക്കിവെക്കേണ്ടിയിരിക്കുന്നു . കുട്ടികളിൽ അവരുടെ ഏറ്റവും അടുത്ത ഒരാളും എന്തും തുറന്നു പറയാം എന്ന വിശ്വാസവും വളർത്തിയെടുത്താൽ കുറെയേറെ പ്രശ്നങ്ങൾക്ക് പരിഹാരമാകും.

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.