Header Ads

വികാരത്തിന് മകുടിയൂതുമ്പോൾ....... !!

Written by: Nixon Gopalരൂപീകരിക്കപ്പെട്ട, ഉറഞ്ഞുപോയ,  സ്വത്വത്തെ അഴിച്ചു സ്വതന്ത്രമാക്കുക ഏറെ പ്രയാസകരമാണ്.
എന്നാൽ, സ്വതന്ത്രമാക്കുക  എന്ന കാര്യം വളരെ പ്രിയങ്കരം. സ്വാതന്ത്ര്യം ഒരു അവകാശമായി തന്നെ ഗണിക്കപ്പെടുന്നു. രാജ്യത്തിന്റെ ഭരണ ഘടനയിൽ അത് പ്രത്യേകം പരാമശിക്കപ്പെട്ടിരിക്കുന്നു.

എന്നാൽ പതിഞ്ഞു പോയ സ്വത്വങ്ങൾക്കു എന്തൊക്ക, എവിടെയൊക്ക, എത്ര വരെ ചെയ്യാം എന്നുള്ള പരിമിതി സൂചനകൾ നൽകുന്ന ഒരു ഔദ്യോഗിക സ്വാതന്ത്ര്യം ആണ് അവിടെ കാര്യമായി ചർച്ച ചെയ്യുന്നത്.
അതാകട്ടെ, ആളുകൾ തമ്മിൽ വിലപേശൽ നടത്തുന്ന പോലെ ഇരിക്കും.

ഈ ഒരു പേശൽ ആണ് രാഷ്ട്രീയത്തിന്റെ മുഖ ലക്ഷണമായി നാം അനുഭവിച്ചും, കണ്ടും, പോരുന്നത്.

1.
ഇവിടെ സ്വാതന്ത്ര്യം എന്നത്, അംനോന്യം ആളുകൾ തമ്മിൽ തടവിലാക്കും പോലിരിക്കും. അതായത്, പരസ്പരം പ്രതിസന്ധിയിൽ ആക്കും വിധം തുടർച്ചയായി പ്രവർത്തിച്ചു കൊണ്ടിരിക്കുക.

ഇക്കാര്യം, ജനാധിപത്യ രാജ്യങ്ങളുടെ മോശം വിധിയായി പറയാറുണ്ട്.

2.
മേൽ പറഞ്ഞ ലക്ഷണങ്ങളിൽ നിന്നു തന്നെ, ഇവിടെ ആളുകൾ സ്വാതന്ത്രമാകുകയല്ല ചെയ്യുന്നത്, പക്ഷേ, സ്വത്വങ്ങൾ തമ്മിൽ അനവരതം പിണയുകയാണ് എന്ന് മനസ്സിലാകും.

മതം, ജാതി, പാർട്ടി, ദേശം, ലിംഗം, തൊഴിൽ, തറവാട്,കുടുംബം, വ്യക്തി......ഇത്യാദികൾ സ്വത്വാനുഭവങ്ങളായി നാം സൗകര്യപൂർവം അവസരം പോലെ അനുഭവിച്ചു പോരുന്നു.
അതുകൊണ്ട് ഇവ പരിമിതികൾ ആണ് ;സ്വാതന്ത്ര്യം അല്ല.

3.
സ്വത്വം വിട്ടുപോരാൻ കഴിയില്ല, പകരം ഏറ്റവും നിരുപദ്രവകരമല്ലാത്ത ഒരു ലളിത സ്വത്വത്തെ കൂട്ട് പിടിക്കുകയാണ് നല്ലത് എന്നും അഭിപ്രായം കേട്ടിട്ടുണ്ട്.

പ്രധാനമായും, സമൂഹത്തിലെ പ്രായോഗിക വശത്തിന്റെ ചലനത്തിന് സ്വത്വം ഒഴിച്ചു കൂട്ടാൻ വയ്യത്രേ........ ശരിയായിരിക്കാം.
ഉദാഹരണത്തിന്  തൊഴിൽ പദവികളുടെ വിളിപ്പേരിനാൽ തന്നെ ആളുകളുടെ(സമൂഹത്തിന്റെ )ആവശ്യം നിർവ്വഹിക്കപ്പെടേണ്ടതുണ്ട്.
അതുകൊണ്ട് ലളിത സ്വത്വ രൂപങ്ങളുടെ സ്വംശീകരണത്തിൽ നിന്നും ഒരു കാലത്തും ഒരു കൊച്ചു കുഞ്ഞിനുപോലും സ്വാതന്ത്ര്യം ഇല്ലത്രെ.... !

4.
അതുകൊണ്ടാണ് സ്വത്വങ്ങളുടെ administration എന്ന ഒരേ ഒരു പോംവഴിയിൽ നാം അടിഞ്ഞു വന്നു കൂട്ടുന്നത്. ഇത്തരത്തിൽ സ്വത്വങ്ങളും സ്വത്വങ്ങളുടെ തന്നെ administration ഉം ഒരുമിച്ചു ചേരുന്നതാണ്, ബൃഹത്തായ ഭരണകൂടം.
ഭരണ ഘടന എന്നത് സ്വത്വങ്ങളെ മാനേജ് ചെയ്യാനുള്ള എഴുതപ്പെട്ട നിയമ രേഖകളുമാണ്.

5.
പക്ഷേ, ഈ രേഖകൾ സ്വത്വ പ്രകൃതിയുടെ ജീവിത്വ അംശങ്ങളോട് എന്തു ചെയ്യുന്നു എന്ന് ചിന്തിക്കേണ്ടതുണ്ട്. ഒരു (വന്യ )ജീവി എന്ന നിലയിൽ, ആളുകളുടെ വികാരങ്ങൾ, വാസനകൾ, ചോദനകൾ,ആർത്തികൾ എന്നിവ ഭരണ ഘടന കൊണ്ട് നിയന്ത്രണം ചെയ്യാൻ കഴിയുകയില്ല. (വിശ്വാസവും ഒരു ജീവിത്വ പ്രകടനം ആയിട്ടെടുക്കാം ;പേടി എന്ന വികാരമാണ് അതിനു പിറകിൽ ).

അവിടെ അതുകൊണ്ട് നിയന്ത്രണത്തിന് വേണ്ടി നീതി, നിയമം, നിയമ പാലകർ, ശക്തിപ്രയോഗം എന്നിവ വേണ്ടി വരുന്നു.
 അതുകൊണ്ട് കുട്ടയിലെ ഞണ്ടുകളുടേതു പോലെ സമ്പൂർണ്ണമായ ഒരു ബലപ്രയോഗത്തിന്റ വലിച്ചിൽ ആണ് ഇവിടെയും നാം കാണുന്നത്.
ജനാധിപത്യത്തിന്റെ മോശം വിധിയിൽ നിന്നും രക്ഷപ്പെടാൻ പഴയ ഏകാധിപത്യ (രാജ )ഭരണമാണ് നല്ലതെന്ന് ചിലർ അഭിപ്രായം പറയുന്നത് ഇതുകൊണ്ടാണ്.

6.
സ്വാതന്ത്ര്യം വേണ്ടതില്ല ;ഒരാളാൽ, ഒരു ആശയത്തിൽ ചുമ്മാ ഭരിക്കപ്പെടാൻ ഇവിടെ ആഗ്രഹിക്കുന്നു. ചോദ്യമില്ലാതെ സമ്പൂർണ്ണ അടിമത്വത്തെ വരിക്കാനാണ് ഇവിടെ ആഗ്രഹവും വിനയവും. (അടിയൻ...... റാൻ..... തുടങ്ങിയ ഭാഷാപദങ്ങൾ ഈ അവസരത്തിൽ ഉണ്ട്. )(എന്നാൽ നേതാവിനാൽ ചോദ്യം ചെയ്യപ്പെടാതെ  നയിക്കപ്പെടുക അല്ലെങ്കിൽ ഭരിക്കപ്പെടുക എന്ന സമ്മതിയുടെ സ്വേഛാധികാര അംശം ആധുനിക  പാർട്ടിയിലും സ്ഥാപനത്തിലും സേനയിലും ഒക്കെ മുറയ്ക്കു കാണുന്നുമുണ്ട്........ അധികാരം, സമൂഹ ഘടനാപരമായ ഒരു സ്വ-ഭാവമായി മനുഷ്യനിൽ അലിഞ്ഞു ചേർന്നു കിടക്കുന്നു. )

ഇതിനു വിപരീതമായി ജനാധിപത്യത്തിൽ കിട്ടിയ സ്വാതന്ത്ര്യത്തെ എങ്ങനെ സമുചിതം ഉപയോഗിക്കാം എന്ന വിഭവ-വിതരണ-പങ്കിടൽ-ചിന്ത ഇവിടെ ഒരുങ്ങുന്നില്ല.

ഈ സന്ദർഭം സോഷ്യലിസം, സമത്വം തുടങ്ങിയ അപൂർവ്വ ആശയ സങ്കൽപ്പങ്ങൾക്ക് കടന്നുവരാൻ ഉള്ളതാണ്. (ഇതാണ് ഒരിക്കലും നടക്കാത്ത എന്തു മനോഹരമായ.... ആ സ്വപ്നം! )

ഈ പ്രതിസന്ധിക്കു കാരണം ലോക കമ്പോള വ്യവസ്ഥയുടെ ഇപ്പോഴത്തെ ന്യായങ്ങൾ ആണ്.

സ്വാതന്ത്ര്യം ഇവിടെ കമ്പോളവും അതിലെ ലാഭ അവസരങ്ങളുമായും ജടിലമായി ബന്ധപ്പെട്ടിരിക്കുന്നു.

കൃത്രിമ ലാഭങ്ങളെ ഉണ്ടാക്കിയും വിനിയോഗിച്ചും പെരുക്കിയും തുടരുന്ന ഒരു യന്ത്രമാണ് ഈ കമ്പോള വ്യവസ്ഥയുടെ സാമ്പത്തിക സങ്കൽപം. (ഭരണകൂടത്തിന്റെ വ്യക്തികൾ അവരുടെ ലാഭത്തിനു വേണ്ടി ഇതോട് കൂട്ടുചേർന്നു നിൽക്കുന്നത് കാണാം. )

7.
ലാഭം ഒരു തരത്തിൽ മൂലധന അധികാരമായി പരിണമിക്കുകയും കച്ചവടാധികാരികൾ മൊത്തം ആളുകളുടെ നിയന്ത്രണ അധികാരികൾ (കുത്തക അധികാരികൾ )ആകാൻ കൊതിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതാണ് ഇപ്പോഴത്തെ ലോക ജനാധിപത്യ വ്യവസ്ഥകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കമ്പോള കിട മത്സര അവസരത്തിൽ സ്വത്വങ്ങൾ തമ്മിലുള്ള പിണച്ചിലും പ്രതി സ്വരങ്ങളുമായി ഈ രംഗം വഴിപിരിയുണ്ട്.

(കേവലം സിനിമയിൽ അഭിനയിക്കാൻ വന്ന ഒരു നടൻ പോലും ഒരു മനുഷ്യ വന്യ ജീവി എന്ന നിലയിൽ, മൊത്തം വിനിയോഗ വ്യവസ്ഥയെ(നിർമ്മാണം -അഭിനയം-പ്രൊഡക്ഷൻ-വിതരണം-പ്രദർശനം വരെ....) തന്റെ കാൽക്കീഴിൽ തന്ത്രപ്പൂർവം കൊണ്ടുവരാൻ  ശ്രമിക്കുന്നത്,ചിന്തിക്കാൻ  ഒരു ഉദാഹരണം എന്ന നിലയ്ക്ക് എടുക്കാം..... )

8
അപ്പോൾ ജനാധിപത്യം ഭാവന ചെയ്യുന്നതിനും പ്രയോഗത്തിൽ വരുന്നതിനും  ഒരുപാട് ഘടകങ്ങൾ ഒരുമിച്ചു പ്രവൃത്തിക്കേണ്ടതിന്റെ അത്യാവശ്യം തീർച്ചയായും ഉണ്ടായി വരുന്നുണ്ട്.
അപ്പോൾ സാഹോദര്യം പോലുള്ള ആശയ ധാർമ്മിക ഘടകങ്ങൾ ഒരു മൂല്യ സങ്കല്പനങ്ങളായി മുന്നിൽ വരുന്നു.
ഭരണ ഘടന ഇത്തരത്തിൽ വിവിധ വശമുള്ള ഭാവന സങ്കല്പമാണ്. ഭാവനയാണ്.

അതു നിങ്ങൾക്ക് ഒരു ഭാവന തരികയാണ്.

യഥാർത്ഥത്തിൽ ഇല്ലാത്തതിന്മേലാണ് ആ ഭാവന പ്രവർത്തിക്കുന്നത്. ഭാവനയ്ക്ക് പൊതുവെ നിയതാർത്ഥം ഇല്ല. അതിനാൽ ഭാവന തന്നെ സക്രിയമാണ്. അത് അവബോധ പരവുമാണ്. അത്തരത്തിൽ അവബോധം ഉണ്ടാക്കുന്ന മൂല്യ നിർമ്മാണമാണ്, ഒരു രാജ്യത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. !
മറ്റൊന്നല്ല.

9.
ആശയങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ എന്ന നിലയ്ക്കല്ലാതെ അവബോധങ്ങൾ തമ്മിലുള്ള വിനിമയം (പങ്കിടൽ )മനുഷ്യരെ, ബന്ധങ്ങളെ, തന്നെ പുതുതായി കാണാൻ പ്രേരിപ്പിച്ചേക്കും. അതുകൊണ്ട് ഇന്ത്യയിലെ വിദ്യാഭ്യമെന്നാൽ, ആദ്യം മറ്റ് ഇതര വിജ്ഞാന പ്രാവീണ്യത്തേക്കാൾ ഉപരി, ഭരണഘടനാ മൂല്യങ്ങളെ ആഴത്തിൽ പഠിപ്പിക്കുന്ന കരിക്കക്കുലം  ആയിരിക്കേണ്ടതുണ്ട്. ഇക്കാര്യം പക്ഷെ, ദേശസ്നേഹം കുത്തി ചെലുത്തുന്ന പരിപാടിയായി സങ്കുചിതമായി തീരാറുണ്ട്. തുടർന്ന് 'അന്യ രാജ്യം ' എന്ന അപര സങ്കൽപ്പ ഭീതിയെ നിലനില്പിനായി ഭരണ സർക്കാർ മറ ചീട്ടായി സമൃദ്ധമായി ഉപയോഗിച്ചു പോരുന്നതിൽ വന്നു നിൽക്കും.

10.
ചുരുക്കത്തിൽ ഭരണ ഘടനാ മൂല്യങ്ങളോ അവയുടെ ധാർമ്മിക വശങ്ങളോ ഒരു സംസ്കാരം തന്നെയായി പരിണമിക്കും വിധമുള്ള ഗതിയെ രാഷ്ട്രീയ വന്യ ജീവികൾ പല മട്ടിൽ നിരുത്സാഹ പെടുത്തികൊണ്ടിരിക്കും. കമ്പോളവും രാഷ്‌ടീയ പ്രതിനിധികളും ഒരുമിച്ചുള്ള സമ്പർക്കത്തിൽ സ്വാഭാവികമായും കമ്പോളമാണ് ബാക്കി കാര്യങ്ങൾ തീരുമാനിക്കുക. (സ്വത്വത്തിന്റെ അന്തസ്സ്, അഭിമാനം, അപമാനം, തുടങ്ങിയവയെല്ലാം ഇന്ന് കമ്പോളത്താൽ നിർണ്ണായകമാണ്. ഇതിനെ മറയ്ക്കാനുള്ള തുറുപ്പു ചീട്ടാണ് വർഗ്ഗീയത എന്ന എളുപ്പവഴി . യഥാർത്ഥത്തിൽ മതത്തിനു ഒരിക്കലും  മനുഷ്യർ പരസ്പരം കൊല്ലുന്ന ഒരു സ്ഥാപനമായി ഇരിക്കേണ്ട ആവശ്യം ഇല്ല. )
‌കമ്പോളത്തിനു വ്യാപാര യുദ്ധത്തിൽ, ഒരു സന്നിഗ്ധഘട്ടത്തിൽ മേൽക്കൈ നേടുവാൻ എന്തും എടുത്തു ഉപയോഗിക്കപ്പെടാം ;കൂട്ടു ചേരാം.

വിഭവത്തിന്റെ മേലെയുള്ള ലോക രാഷ്ട്രീയത്തിന്റെ കണ്ണ് ഇത്തരത്തിൽ ഉള്ളതാണ്. സാമ്പത്തിക ഉത്പാദനം ഏറ്റവും തെറ്റായി പരിണമിച്ചു പോയതിനിടയിലാണ്, ഭരണ ഘടന 'സമത്വം 'എന്ന സാർവ്വത്രികമായി തുറന്ന ഒരാശയത്തെ മുന്നിൽ കൊണ്ടു വരുന്നത്. സാമ്പത്തിക ഉല്പാദനത്തിന്റെ ചരിത്രത്തിൽ ആവർത്തിച്ചുള്ള തൊഴിൽ വിഭജനങ്ങളിലൂടെ ആയിരിക്കാമല്ലോ, ജാതി-വർണ്ണ വ്യവസ്ഥകൾ  രൂപപ്പെട്ടിരിക്കുക. തൊഴിൽ വ്യവസ്ഥകൾ പൊളിഞ്ഞാലും മനസ്സിന്റെ പെരുമാറ്റം വർണ്ണത്തിന്റെ ചേഷ്ടകളായി പുറത്തു ചാടുന്നതും ഇന്നും  കാണുന്നു... !!

11.
സ്വത്വവും അതിലെ അഭിമാനവും സൂക്ഷ്മാർത്ഥത്തിൽ ഒരു വർഗ്ഗീയ ശീലം പോലെ നിലവിൽ വന്നിട്ടുള്ള ഒന്നാണ്. അതിനു ഇരു മുഖങ്ങൾ ഉണ്ട്. അപമാനവും അതിന്റെ തന്നെ ഉത്കണ്ഠയും ഒരുപോലെ അത് അന്തർ വഹിക്കുന്നുണ്ട്.

പുറത്തു നിന്നുള്ള ഭീഷണമായ ഇതര (തൊഴിൽ )സ്വത്വത്താൽ ഒരു തരത്തിലും നിർണയിക്കപ്പെടാതിരിക്കലാണ് വാസ്തവത്തിൽ സ്വാതന്ത്ര്യം. (മേലധികാരിയാലോ അയൽക്കാരനാലോ കുടുംബത്തിലെ ചേട്ടനാലോ സർക്കാർ ആപ്പീസിലെ ഒരു ഗുമസ്തനാലോ പോലും വിധേയപരമായോ, അല്ലാതെയോ പോലും ഒരിക്കലും നിർണ്ണയിക്കപ്പെടാതിരിക്കുന്ന  ഒരു വിസ്മയാവസ്ഥ ആണത്.....! ) കാരണം ഓരോ ജീവിയും ഇവിടെ ജനിച്ചു വീഴുന്നത്  എന്തെങ്കിലും ഉടമ്പടി പ്രകാരമല്ല, എന്നത് തന്നെ. പ്രകൃതിയിലെ ജന്മ ഉരുവം എന്ന നിലയിൽ സ്വകീയമായ  ലീന ശക്തി ഓരോ മനുഷ്യനുമുണ്ട്. സമത്വം ചെന്ന് സ്പർശിക്കുന്നത് ഈ സ്വാഭാവിക ശക്തിയിലാണ്.

എന്നാൽ ഇതര സ്വത്വങ്ങളുടെ നിർണ്ണയാധികാരത്തിൽ നിന്നും ഒരു ജീവിക്കു എങ്ങനെ മാറിനിൽക്കാൻ കഴിയും?
ഇതു പരമ പ്രധാനമായ ചോദ്യമാണ്.

ഈ ചോദ്യത്തിന്റെ സൂചന, അപരൻ, മറ്റാരാൾ നിർദ്ദേശിക്കുന്ന ഒരു പരിസരത്തിലെ അനുഭവത്തിൽ നിന്നും വിട്ടു നിലക്കാണ്. (നേരേ മറിച്ചു, ജനാധിപത്യം തെഴുക്കുന്നത് മറ്റൊരാളുമായുള്ള മര്യാദ സമ്പർക്കത്തിൽ ആണുതാനും! )

രാഷ്ട്രീയമായി ഏറെ നിർണ്ണായകമായ ഒരു സന്ദർഭ ബിന്ദുവാണിത്.

കുറച്ചു കൂടി കുടുംബപരമായി ചോദിക്കുകയാണെങ്കിൽ വീട്ടിലെ ചേട്ടനിൽ നിന്നും(ചേച്ചിയിൽ നിന്നും ) അനുഭവപരമായി എങ്ങനെ വിട്ടു നിൽക്കാം എന്നതാണ്.

അപ്പോൾ സ്വാഭാവികമായും ആ ചോദ്യം തന്റെ തന്നെ നേർക്ക് തിരിഞ്ഞു വരും.

അനുഭവപരമായി ഒരാൾ, തനിക്കു തന്നെ എന്താണ് എന്നു ചോദിക്കപ്പെടും.
ആ സ്വ-അനുഭവത്തേയും  കൂട്ടു പിടിക്കാതിരിക്കൽ ആണ് സ്വാതന്ത്ര്യമായി വരിക. അനുഭവ താല്പര്യത്തെ ഉപേക്ഷിക്കുന്ന ഒരാളുടെ ജീവിത കമ്പനങ്ങൾ മറ്റൊരു റിഥത്തിൽ ആയിരിക്കും. അത് ഒറ്റപ്പെടലോ ഏകാന്തയോ ആകില്ല. ഇച്ഛയുടെ, ആർത്തിയുടെ, ഉറവിടത്തെ സമൂലം ഭേദിക്കുന്ന ഒരു സർഗ്ഗ ക്രിയ ആവും അത്. അത്തരത്തിൽ ക്രിയാത്മക വ്യക്തികൾ ഉണ്ടാകുന്ന സമൂഹത്തിൽ ഏതൊരു തൊഴിലിനും കലാപരത്വമേ(creative art... ) ഉണ്ടാകൂ. അപ്പോൾ മറ്റൊരു രീതിയിൽ മനുഷ്യനു ചലിക്കാൻ കഴിയാത്തതുകൊണ്ട് അവിശുദ്ധ തൊഴിൽ ബന്ധങ്ങൾ, നിർബന്ധിത തൊഴിൽ എന്നിവ നിർവീര്യമായി കെട്ടടങ്ങുകയും ചെയ്യാം.... !!

12.
സ്വത്വം വികാരമാണ്. അതുവരെ സംഭരിക്കപ്പെട്ട മനസ്ഥിതിയുടെ കനത്തിൽ നിന്നുള്ള പ്രതികരണമാണ് ആ വികാരം. ആ വികാരത്തെ മകുടി ഊതി പെരുപ്പിക്കുന്ന അനുഭവ രീതികൾ മാത്രമാണ് ഇന്നുള്ള മൗലിക വാദ തീവ്രതകളുടെ ലോകം. മെച്ചപ്പെട്ട സ്വത്വം(മെച്ചപ്പെട്ട മറ്റൊരു സ്വത്വ നില  ) എന്ന ഒന്നില്ല. സ്വത്വം എന്നതിന് എന്തെങ്കിലും പ്രായോഗികമായ "മെച്ചം"പറയാൻ കഴിയുകയില്ല.  സ്വത്വാനുഭവം,  തെരെഞ്ഞെടുപ്പിനേക്കാൾ തനിയെ എന്ന വണ്ണം ഉണ്ടായി വരുന്നതും അറിയാതെ സ്വീകരിക്കുന്നതുമാണ്. (ബാഹ്യമായി മതത്തെയോ പാർട്ടിയെയോ അറിഞ്ഞു സൗകര്യ പൂർവ്വം സ്വീകരിച്ചേക്കാം.അതിൽ ബാഹ്യമായ സ്വത്വ കോഡുകളെ അനുസരിച്ചാൽ മതിയല്ലോ. അതിലെ ശരിയായ  സ്വത്വാനുഭവം പിന്നീട് സ്വീകരിക്കാവുന്നതാണ് .. .!!  ) മനപ്പൂർവം വികസിപ്പിച്ചെടുക്കുന്ന ദളിത് സ്വത്വാഭിമാനം താൽക്കാലികമായി, സമത്വത്തിലേക്കുള്ള പരിണതിയിൽ വരുന്ന ഒരു ഘട്ടത്തെ കുറിക്കാൻ ധാർമ്മിക ക്ഷമതയോടെ  ഉപയോഗിക്കുകയാവും ഉചിതം. പാട്ട്, കല, സ്പോർട്സ്, സാഹിത്യം, സിനിമ, വിഭവ ഉത്പാദനം എന്നിവയിലൂടെ ലോകത്തെ നീഗ്രോ സ്വത്വം, ഈ വർണ്ണ വെറിക്കിടയിൽ അനുപമമായ സ്ഥാനത്താണ് ഇന്ന്.

13.
പ്രതി ദ്വന്ദിയായിരിക്കുന്ന ക്ളിഷ്ടവസ്ഥയിൽ നിന്നും ഓരോ പതിത സ്വത്വങ്ങളും മോചിക്കേണ്ടതുണ്ട്. കഷ്ടസ്ഥിതിയുടെ സാധൂകരണത്തിനു വേണ്ടി പൗരോഹിത്യ മതങ്ങൾ പുനർജന്മപരമായ നിരവധി കഥകൾ എഴുതി പിടിപ്പിച്ചിട്ടുണ്ട്. ഓരോ  കഥകളുടെയും സ്വംശീകരണത്തെ ഉപേക്ഷിക്കും പോലെ മറ്റൊരു സമഗ്രതയിലേക്കു സ്വഭാവേന വികസിക്കുകയാണ് വേണ്ടത്. അത് സമൂർത്തം ആയിരിക്കുകയും വേണം. ഈ സമൂർത്തതയിൽ പ്രകടമാകുന്നത് സ്നേഹം ആയിരിക്കും.

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം........തുടങ്ങിയവ മൂല്യങ്ങൾ ആയിരിക്കെ തന്നെ, അതെല്ലാം ഒരു നിയമാവലിയിൽ എഴുതപ്പെടുമ്പോൾ ഒരു ജനകീയ കരാർ എന്ന മട്ടിൽ ബാധ്യതപ്പെട്ട ഒരർത്ഥമായിരിക്കും നമുക്കു കിട്ടുക. സമത്വം, വർഗ്ഗ നിലകളെ ഉടച്ചു വാർക്കുന്ന ഒന്നായിരിക്കെ മറ്റെല്ലാ മൂല്യങ്ങളും കലർന്ന ഒന്നായിരിക്കും സ്നേഹം. അത് ഒരു കരാർ അല്ല.

14.
ഇവിടെ എഴുതിപ്പോന്ന ഈ ലേഖനം, ഒരു ഊഹ ചിന്തയിൽ പെട്ട ഒന്നാണ്. സ്നേഹം, ഭൗതികമായി വിഭാവനം ചെയ്യുന്ന ഒരു സാമൂഹ്യ ഗതിയാണ് ഇതിലൂടെ സൂചിപ്പിച്ചു വരുന്നത്. പ്രകടിതമായ ഈ ഊഹം ഭാവിയെയാണ് കുറിക്കുന്നത്. അത് ഇല്ലാത്തതല്ല.

സ്വത്വത്തിനപ്പുറം പോകുന്നവർ ഓരേ പോലെ ഭാവിയിലും ചരിത്രത്തിലും ഇന്നിലും താളാത്മകമായി, അയവോടെ, വർത്തിക്കുകയാണ് ചെയ്യുക.
..............#.......................,
Nixon Gopal

No comments

Powered by Blogger.