Header Ads

A Night at Kumbalanhgi: കുമ്പളങ്ങിയിലെയീ രാത്രി

 CV Manuvilsan

----------------------------------------
           
കുമ്പളങ്ങിയിൽ തങ്ങിയ ഈ രാത്രിയാകും, എനിക്ക് ഏറ്റവും ഹൃദയ പൂരിതമായ ഈ വരികൾ കുറിച്ചിടുവാൻ. വേദനയുടെ നിറം എന്താണെന്ന് ചോദിച്ച ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. വേദന അമൂർത്തം ആണെന്നും, അമൂർത്തമായ ഒന്നിനെ വാക്കുകൾ കൊണ്ട് വിവരിക്കുവാൻ ആകില്ലെന്നും ഒക്കെ ഒരുപാട് പറഞ്ഞുമനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും, ഒരു കുട്ടിയുടെ നിഷ്കളങ്കതയോടെ, മനസ്സിലായില്ല എന്ന് പറഞ്ഞു അവൻ നിർത്തി. കഴിഞ്ഞവർഷം ആ സുഹൃത്ത് ആത്മഹത്യ ചെയ്തതായി മറ്റൊരു സുഹൃത്ത് പറഞ്ഞറിഞ്ഞു. അവൻ ഇന്ന് ഉണ്ടായിരുന്നുവെങ്കിൽ, തീർച്ചയായും ഞാനവനെ കുമ്പളങ്ങി നൈറ്റ്സ് എന്ന ഈ ചലച്ചിത്രം കാണിച്ചുകൊടുക്കുമായിരുന്നു. അതുവഴി, അന്ന് എനിക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുവാൻ ആകാതെ പോയ, വികാരങ്ങളുടെ അമൂർത്തത എന്തെന്ന് വിശദീകരിക്കുമായിരുന്നു. But there is no if in the History.

ശ്യാം പുഷ്കരന്റെ [Syam Pushkaran] തൂലികയിൽ പിറന്ന "കുമ്പളങ്ങി നൈറ്റ്സ്", ഒരു വികാരമാണ്. വേദന പോലെ, സ്നേഹം പോലെ, ശാന്തത പോലെ, മുൻ പരിചയമില്ലാത്ത ഒരു വികാരം. അനുഭവിച്ചാൽ മാത്രം തിരിച്ചറിയുവാൻ കഴിയുന്ന ഒരു വികാരം. അത് അനുഭവിച്ച ആളോട്, ഒരു വാക്കുപോലും പറയേണ്ടതില്ല, അയാൾക്കത് മനസ്സിലാകും. എന്നാൽ അതിന് അനുഭവിക്കാത്ത ആളോട്, എത്ര പറഞ്ഞിട്ടും ഒരു കാര്യവുമില്ല, കാരണം അയാൾക്കത് മനസ്സിലാകില്ല. കുമ്പളങ്ങി നൈറ്റ്സ് എന്ന ഈ വികാരം, അനുഭവിച്ച് തന്നെ മനസ്സിലാക്കണം. പടു വാക്കുകൾ പറഞ്ഞു എൻറെയും നിങ്ങളുടെയും വിലപ്പെട്ട സമയം കളയുന്നതിൽ യാതൊരു അർത്ഥവുമില്ല എന്നാണ് എൻറെ അഭിപ്രായം.

കുമ്പളങ്ങിയിലെ ഒരു തുരുത്തിലെ, അടച്ചുപൂട്ടി ല്ലാത്ത തന്തയും തള്ളയും ഇല്ലാത്ത ഒരു വീട്ടിൽ താമസിക്കുന്ന, നെപ്പോളിയന്റെ നാലു മക്കളായ സജി, ബോബി, ബോണി, ഫ്രാങ്കി, എന്നീ വേഷങ്ങളിൽ, സൗബിൻ, ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം, ഒപ്പം മാത്യു എന്ന അനിയൻ ചെക്കൻ, എന്നിവർ ഒന്നിനൊന്ന് മികച്ചു നിൽക്കുന്നു. ഈ കാലഘട്ടത്തിലെ  ഒരു കൗമാരക്കാരിയുടെ നവരസം വികാരങ്ങളെല്ലാം  ഉള്ളടങ്ങുന്ന തന്റെ ചിരിയോടെ, ബേബി മോളെ അവതരിപ്പിച്ച അന്ന ബെൻ എന്ന കുട്ടി, കുമ്പളങ്ങിയിൽ നിന്നും മലയാള സിനിമയ്ക്ക് ലഭിച്ച ഒരു മരതകം ആകുന്നു. അങ്ങനെ ആകട്ടെ എന്നാശംസിക്കുന്നു. തീർച്ചയായും അവൾ അതിനെ അർഹിക്കുന്നു. പിന്നെ, ഫഹദിന്റെ ഷമ്മി. ഒന്നും പറയുന്നില്ല. ഷമ്മി ഈ കളിയിലെ സസ്പെൻസാണ്.  അത് അങ്ങനെ തന്നെയിരിക്കട്ടേ.

‘കുമ്പളങ്ങി നൈറ്റ്സി’ൽ അതിഗംഭീരമായ പെർഫോമൻസ് കാഴ്ച വെച്ച സൗബ്ബിൻ സാഹിറിന്റെ സജിയെ പറ്റി എഴുതുവാൻ, ഈ ഇടം പോര. സജിയായി സൗബിൻ പ്രേക്ഷകമനസ്സിൽ ജീവിക്കുക തന്നെയാണ്.

പതിനൊന്ന് മണി രാത്രിക്ക് തുടങ്ങുന്ന ഈ ഷോ കാണുവാൻ എത്തിയിരിക്കുന്ന തീയേറ്ററിനെ House full ആക്കിയ ജനക്കൂട്ടത്തെ സാക്ഷി നിർത്തി ഞാൻ പറയുന്നു, ഇതിനോടകം ഒരു ബ്രാൻഡ് പൊളിക്കലുകാരൻ എന്ന ദുഷ്പേരിൽ നിന്നും, തിരക്കഥാകൃത്തായ ശ്യാം പുഷ്‌കരൻ, ഒരേ സമയം ഒരു ബ്രാൻഡായും ബാൻഡ് മേക്കറായും മാറിക്കഴിഞ്ഞിരിക്കുന്നു. ശ്യാമിന്റെ സഖി ഉണ്ണിമായ [Unnimaya Prasad] ചിത്രത്തിന്റെ സഹസംവിധായികയായത് ശ്രദ്ധിച്ചു. ഒപ്പം ശ്യാം, നിർമ്മാതാവായതും. സാൾട്ട് ആൻഡ് പെപ്പർ മുതൽ നമ്മൾ കണ്ടുവരുന്ന ശ്യാം പുഷ്കരന്റെ ആ വേറിട്ട തിരക്കഥ ശൈലിയുടെ "ബ്രാൻഡ് പൊളിക്കൽ" പ്രക്രിയ, നേരിട്ട് കണ്ട് അനുഭവിച്ച് വരുന്നവരാണ് നമ്മൾ. പക്ഷേ കുമ്പളങ്ങി നൈറ്റ് എന്നാൽ ഈ സിനിമയുടെ തിരക്കഥ, തന്റെ തന്നെ തിരക്കഥകളിലൂടെ നാളിതുവരെയായി ഉണ്ടാക്കിയിട്ടുള്ള സകല ബ്രാൻഡുകളേയും നിഷ്കരുണം പൊളിച്ചടുക്കുന്നു.

ആ സൗഭദ്രതയിൽ മെനഞ്ഞെടുത്ത ഒരു തിരക്കഥയുടെ ആത്മാവ്, ഒട്ടും ചോരാതെ, സിനിമയായി രൂപാന്തരപ്പെടുത്താൻ മധു സി നാരായണൻ എന്ന സംവിധായകനു സാധിച്ചിട്ടുണ്ട്. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും സൈജു ശ്രീധരന്റെ എഡിറ്റിംഗും ഒരു തിരക്കഥയിൽ നിന്നും സമാന്തരമായൊരു കഥ പറയുന്നു. ഷൈജു ഖാലിദിന്റെ ക്യാമറ അതി ഗംഭീരം. സുഷിൻ ശ്യാമിന്റെ സംഗീതത്തിൽ കുമ്പളങ്ങിയിലെ ഈ രാത്രി കൂടുതൽ മനോഹരിയാകുന്നു.

നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്കറും ചേർന്ന് ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ‘കുമ്പളങ്ങി നൈറ്റ്സ്’ നിർമ്മിച്ചിരിക്കുന്നത്.

തിയേറ്ററിൽ പോയി തന്നെ അനുഭവിച്ചറിയേണ്ട ഒരു വികാരമാണ് ഈ സിനിമ എന്ന എൻറെ അഭിപ്രായത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നു. അങ്ങനെ ചെയ്തില്ലെങ്കിൽ, നഷ്ടപ്പെടുവാൻ ഉള്ളത് നിങ്ങൾക്കാണ്. നിങ്ങൾക്കു മാത്രം.

സ്നേഹപൂർവ്വം

മനുവിൽസൺ

............................................................................................................................................................
Tags:  Unnimaya Prasad, CV Manuvilsan, Syam Pushkaran, Kumbalangi Nights, Film review, Fahad Fasil,

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.