Header Ads

എന്തിനാണ് മലയാളികൾ കാശു കൊടുത്ത് ഏഷ്യാനെറ്റ് കാണുന്നത്? യാഥാർഥ്യം എന്ത്?

വൈറലായി സംവിധായകൻ സജീവന്‍ അന്തിക്കാടിൻറെ ഫേസ്ബുക്ക് പോസ്റ്റ്.


കേരളത്തിലെ മൊത്തം പരസ്യവരുമാനത്തിന്റെ പകുതിയിലേറെയും സ്വന്തമാക്കുന്നത് ഏഷ്യാനെറ്റാണ്. ഈയിനത്തിൽ വെറും കോടികളല്ല ശതകോടികളാണ് ഏഷ്യാനെറ്റിന് കിട്ടി കൊണ്ടിരിക്കുന്നത്. ബാക്കിയുള്ള തുകക്കു വേണ്ടിയുള്ള പോരാട്ടമാണ് മറ്റു ചാനലുകളെല്ലാം ചേർന്ന് നടത്തുന്നത്. എന്നിട്ടും ലാഭം പോരാ എന്ന് തോന്നിയിട്ടായിരിക്കണം മർഡോക്ക് മുതലാളി ഏഷ്യാനെറ്റ് ചാനലിന് 19 രൂപ വിലയിട്ടിരിക്കുന്നത്. അദ്ദേഹത്തിന് തീർച്ചയായും അതിനവകാശമുണ്ട്. മുതലാളിയാണല്ലോ. ഈ വില അനുസരിച്ച് മുതലാളിക്ക് ഇപ്പോൾ പരസ്യയിനത്തിൽ കിട്ടിക്കൊണ്ടിരിക്കുന്ന ശതകോടികൾ കൂടാതെ മാസം തോറും എത്ര കോടി കൂടുതൽ കിട്ടുമെന്ന് നോക്കാം. മലയാളികളായി അറുപത് ലക്ഷം സബ്സ്ക്രൈബേഴ്സ് ഉണ്ടെങ്കിൽ 6000000 X 19 ഈ തുകയെ 12 കൊണ്ട് ഗുണിച്ചാൽ വാർഷിക വരുമാനവും പിടി കിട്ടും. ഇത്രക്കും പണം നാട്ടിൽ നിന്നും പുറത്തേക്ക് പമ്പ് ചെയ്യാനായി കേന്ദ്രസർക്കാർ സൗകര്യം ഒരുക്കിയത് എന്തിനാണ്...? അത് മറ്റൊരു പകൽകൊള്ള .

ഓരോ പ്രേക്ഷകനും ഏഷ്യാനെറ്റിന് കൊടുക്കുന്ന 19 രൂപയുടെ 18% സർക്കാരിനാണ്. 3 രൂപ വെച്ച് ഒരാളിൽ നിന്നും കിട്ടും. ഇത് ഒരു ചാനൽ കാണാനുള്ള ചിലവാണ്. ഇനി സൂര്യ ചാനൽ കാണണമെങ്കിലോ ? വീണ്ടും കൊടുക്കണം 14 രൂപ. അതിൽ നിന്നും സർക്കാരിന് കൊടുക്കണം 18% വിഹിതം . പക്ഷെ പ്രേക്ഷകർ വിചാരിച്ചാൽ ഈ ചാനൽ മുതലാളി - കേന്ദ്ര സർക്കാർ അവിശുദ്ധ ഐക്യം തകർക്കാനാകും. രണ്ട് മാസം ഈ ചാനലുകൾ കാണാതിരുന്നാൽ മതി. ഇതിനായി പണം മുടക്കാതിരിക്കുക. ഈ ഉപായം എങ്ങിനെ പ്രവർത്തിക്കുമെന്ന് നോക്കാം. ഇവരുടെ പ്രധാന വരുമാനം പരസ്യമാണല്ലോ. എത്ര പേർ ഒരു ചാനൽ കാണുന്നു എന്ന് നോക്കിയാണ് ആ ചാനലിന് പരസ്യം കിട്ടുക. ഏഷ്യാനെറ്റ് ഏറ്റവുമധികം പേർ കാണുന്നു എന്നത് കൊണ്ടാണ് ആ ചാനലിന് ഏറ്റവും കൂടുതൽ പരസ്യ വരുമാനം ലഭിച്ചു കൊണ്ടിരിക്കുന്നത്. അതിന് TRP റേറ്റിങ്ങ് ഉണ്ട്.
     
ആളുകൾ കാണാതാകുമ്പോൾ റേറ്റിങ്ങിൽ കുറവു വരും. പരസ്യ വരുമാനവും നിലയ്ക്കും. പ്രധാന വരുമാനം നിലച്ചാൽ പിന്നെ അഡീഷണനലായി പ്രേക്ഷകരിൽ നിന്നും തട്ടിപ്പറിക്കാനുദ്ദേശിച്ച 19 രൂപയും ഗോവിന്ദയാകും. പിടിച്ചു നിൽക്കാനാകാതെ ഏഷ്യാനെറ്റിനും സൂര്യക്കുമൊക്കെ ഫ്രീ ചാനൽ ആയി മാറേണ്ടി വരും. മാറിയില്ലെങ്കിൽ ഫ്രീയായി ലഭിച്ചു കൊണ്ടിരിക്കുന്ന മഴവിൽ മനോരമ, ഫ്ലവേഴ്സ് പോലുള്ള ചാനലുകളിലേക്ക് പ്രേക്ഷകർ തിരിയും. പിന്നെ ഏഷ്യാനെറ്റിന് തിരിച്ചുവരാനാകില്ല.പ്രേക്ഷകർ വിചാരിച്ചാൽ ഏഷ്യാനെറ്റും സൂര്യയും നടത്താനുദ്ദേശിക്കുന്ന പകൽ കൊള്ളയെ ഒരൊറ്റ മാസം കൊണ്ട് പൊളിച്ചടുക്കാം എന്നിരിക്കെ എന്തുകൊണ്ട് പ്രേക്ഷകർ അങ്ങിനെ വിചാരിക്കുന്നില്ല എന്ന് കൂടി എഴുതാം.

പ്രേക്ഷകർക്ക് അവരിൽ ഇങ്ങിനെ ഒരു ശക്തി കുടികൊള്ളുന്നുണ്ട് എന്ന കാര്യം അറിയില്ല എന്നതാണ് പ്രധാന കാരണം. 60 ലക്ഷമുള്ള അവർ ഒറ്റയൊറ്റയായാണ് നിലകൊള്ളുന്നത്. അവരെ ബോധവൽക്കരിച്ച് ഒറ്റക്കെട്ടാക്കേണ്ടത് രാഷ്ട്രീയക്കാരും പ്രശ്സ്ത "നായ"കരുമാണ്. എന്നാൽ അവരെല്ലാം ഏഷ്യാനെറ്റ് പോലുള്ള ചാനലുകൾക്ക് പരിപൂർണ്ണമായും വിധേയരാണ്. അവരിൽ നിന്നും ആ ചാനലിന് നോവുന്ന ഒന്നും വരില്ല. അതു കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ വിജയിക്കാവുന്ന ഒരു കാര്യത്തിൽ 60 ലക്ഷം പേരും തോൽക്കേണ്ടി വരുന്നു.

കേന്ദ്ര സർക്കാരിന്റെ പുതിയ ചാനൽ നയം വന്നപ്പോൾ ഏഷ്യാനെറ്റ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു പരസ്യം കാണിച്ചു തുടങ്ങി. മോഹൻലാലിനെ കൊണ്ടാണ് അവർ ആ പരസ്യം ചെയ്യിച്ചത്. ഏഷ്യാനെറ്റിന്റെ 9 ചാനലുകൾ കാണാൻ വെറും 39 രൂപ എന്നാണ് ലാൽ പരസ്യത്തിലൂടെ അറിയിക്കുന്നത്. ലാലിന് പോലും ആ വാർത്ത കേട്ട് വിശ്വസിക്കാനാകുന്നില്ല. ആവർത്തിച്ചാവർത്തിച്ച് 39 രൂപയെന്ന് പറഞ്ഞ് ജനങ്ങൾക്ക് കൺഫുഷൻ ഉണ്ടാക്കുക എന്ന ഉദ്ദേശമാണ് ആ പരസ്യം നിർവ്വഹിക്കുന്നത്. ജനങ്ങൾ ഇപ്പോൾ എല്ലാ ചാനലുകൾക്കുമായി നൽകി വരുന്നത് 200 മുതൽ 240 രൂപ വരെയാണ്. ഏഷ്യാനെറ്റ് അടക്കം 9 ചാനൽ കിട്ടാൽ 39 രൂപ മതി എന്ന് കേട്ടാൽ ആർക്കാണ് സന്തോഷമുണ്ടാകാതിരിക്കുക. കുടുംബ ബഡ്ജറ്റിൽ കേബിൾ ടി.വിക്ക് 39 രൂപ മാത്രം ! പക്ഷെ എന്താണ് യാഥാർത്ഥ്യം?

നൂറു ഫ്രീ ചാനലുകൾ കാണുന്നതിനായി 130 രൂപ സർക്കാർ (TRAI) മിനിമം നിശ്ചയിച്ചിട്ടുണ്ട്. അതിനൊപ്പം 18% നികുതി കൂടിയാകുമ്പോൾ 154 രൂപയാകും. അതിനോടൊപ്പമാണ് മോഹൻലാൽ ഏഷ്യാനെറ്റിനു വേണ്ടി ചോദിച്ച 39 രൂപ കൂടി അടക്കേണ്ടി വരിക. പോര! 39 രൂപയുടെ 18% നികുതി വേറെയും വേണം. അതായ് 7 രൂപ വേറെ . മൊത്തം കണക്കാക്കുമ്പോൾ 130 +24 + 39 + 7 = 200 . അതായത് മുമ്പ് ഒരു പ്രേക്ഷകൻ എല്ലാ ചാനലുകൾക്കുമായി 200 രൂപയാണ് കൊടുത്തിരുന്നതെങ്കിൽ ഇപ്പോൾ ഏഷ്യാനെറ്റിന്റെ 9 പേചാനൽ കിട്ടാൻ മാത്രമായി 200 രൂപ കൊടുക്കണം. സൂര്യ ചാനൽ കൂടി കിട്ടണമെങ്കിൽ വീണ്ടും കൊടുക്കണം 14 രൂപ. അങ്ങിനെ ഓരോ ചാനലിനും വെവ്വേറെ പണം. യാഥാർത്ഥ്യം ഇങ്ങിനെയായിരിക്കെ മൊത്തം 39 രൂപക്ക് എല്ലാം കോംപ്ലിമെൻസായി എന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ഏഷ്യാനെറ്റ്.


Tags: Asianet, why we pay money to view Asianet? what is the reality? TRAI, rating, Surya TV, channel rating, new tarrif in watching TV programs, thamasoma

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.