Header Ads

ചിത്രജീവിതവും ചലച്ചിത്രഭാഷ്യവും

Written by: രഘുനാഥൻ പറളി (Reghunathan Parali)
---------------------------------------


ചിറ്റൂരില്‍, പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലാണ് സുസ്മേഷ് ചന്ത്രോത്ത് സംവിധാനം ചെയ്ത, പ്രമുഖ ചിത്രകാരി ടി കെ പത്മിനിയെക്കുറിച്ചുളള ബയോപിക് ചിത്രം 'പത്മിനി' കാണാന്‍ കഴിഞ്ഞത്. തന്റെ സംവിധാനത്തിലൂടെ കൈയ്യൊതുക്കമുള്ള ഒരു സിനിമ, സുസ്മേഷിന് സാധിച്ചിരിക്കുന്നു എന്നതാണ്, എന്റെ കാഴ്ചാനുഭവമെന്ന് അതിശയോക്തിയില്ലാതെ പറയട്ടെ. ഒരു ഫീച്ചര്‍ ഫിലിമിന്റെ അനുഭവം ഏറെക്കുറെ വിജയകരമായിത്തന്നെ ഈ ചിത്രം സൃഷ്ടിക്കുന്നു എന്ന് എടുത്തു പറയുന്നത്, അവസാന രംഗത്തിലെ പെയിന്റിംഗ്സ് ഉള്‍പ്പെടുന്ന ഭാഗം ഉളവാക്കുന്ന ഡോക്യുമെന്റെറിയുടെ ഒരു ലാഞ്ഛന, പക്ഷേ ചിത്രത്തിന്റെ ആകെ സത്തയെ ബാധിക്കുന്നില്ല എന്ന അര്‍ത്ഥത്തിലും കൂടിയാണ്.ഒതുക്കവും സൂക്ഷ്മതയുമുളള ഒരു തിരക്കഥയുടെ സാന്നിധ്യം ഈ ചിത്രത്തിന് തുണയാകുന്നുണ്ട്. കാരണം, ചിത്രം അതിന്റെ ലക്ഷ്യം വലിയ പരിക്കുകളില്ലാതെ നിറവേറ്റുന്നു എന്നതു തന്നെയാണ് അതിനു തെളിവാകുന്നത്. അതുപോലെ, പ്രഫഷണല്‍ സമീപനത്തില്‍ വരുത്തുന്ന ചില ഒത്തുതീര്‍പ്പു ഘട്ടങ്ങളെയും, സിനിമ വലിയൊരളവ് മറികടക്കുന്നു എന്നത് പ്രധാന കാര്യമാണ്. അതില്‍ മനേഷ് മാധവന്റെയും (ഛായാഗ്രഹണം), ബി അജിത്കുമാറിന്റെയും (എഡിറ്റിംഗ്) ശ്രീവല്‍സന്‍ ജെ മേനോന്റെയും (സംഗീതം) റാസിയുടെയും (വിഷ്വൽ എഫക്ട്സ്) ജിയോ പയസിൻ്റെയും (സൗണ്ട്) സംഭാവന എടുത്തു പറയാതിരിക്കാന്‍ കഴിയില്ല. അതുപോലെ കാസ്റ്റിംഗിന്റെ കാര്യത്തില്‍ സംവിധായകന്‍ പുലര്‍ത്തിയിട്ടുളള മേന്മയും വിസ്മരിക്കാനാകാത്തതാണ്.

1940 ല്‍ ജനിച്ച്, ഇരുപത്തിയൊമ്പതാം വയസ്സില്‍, 1969ല്‍ അന്തരിച്ച ടി കെ പത്മിനിയുടെ ചിത്രങ്ങള്‍, മരണാനന്തരം, രണ്ടു പതിറ്റാണ്ടോളം മുറിയില്‍ പൊടിപിടിച്ചു കിടന്നു എന്ന വസ്തുത ഓര്‍ക്കുമ്പോഴാണ്, ഇപ്പോള്‍ അമ്പതു വര്‍ഷമായിട്ടും അര്‍ഹിക്കുന്ന ശ്രദ്ധ ലഭിച്ചുവോ എന്ന സന്ദേഹം ബാക്കിയാകുന്ന ഘട്ടത്തിലാണ്, ഇതുപോലെ ഒരു സിനിമയുടെ സവിശേഷ പ്രസക്തി കൂടുതല്‍ തിരിച്ചറിയാന്‍ കഴിയുക. പൊന്നാനിക്കടുത്ത് കാടഞ്ചേരിയില്‍ ജനിച്ച പത്മിനിയിലെ കലാകാരിയുടെ രൂപപ്പെടലും സർഗ പരിണാമങ്ങളും, സ്വഭാവികവും കാവ്യാത്മകവുമായ ഫ്രെയിമുകളിലൂടെ അനാവരണം ചെയ്യാൻ ചിത്രത്തിനു കഴിയുന്നുണ്ട്.

വൈദ്യുതി ലഭ്യമായിട്ടില്ലാത്ത നാടും വീടും ചിത്രീകരിക്കുന്നതില്‍ സാധിക്കുന്ന, വെളിച്ചത്തിന്റെയും ഇരുട്ടിന്റേയും സവിശേഷ സന്നിവേശം കൂടിയാണ്, ചിത്രത്തിലേ പല ഫ്രെയിമുകളെയും ഒരു ചിത്രകാരിയുടെ കാന്‍വാസ് പോലെ ഹൃദ്യമാക്കുന്നത്. നാട്ടിലെ പച്ചപ്പും അനുഷ്ഠാന ബിംബങ്ങളും കാവുകളും കുളങ്ങളും ആളുകളും അവളിലേക്ക് പതുക്കെ ചിത്രങ്ങളായി ചേക്കേറുന്നത് സിനിമ ഏറെ സാരള്യത്തോടെ പിടിച്ചെടുക്കുന്നു. 'എനിക്ക് വരച്ചിട്ടും വരച്ചിട്ടും മതിയാവുന്നില്ല' എന്ന പത്മിനിയുടെ വാചകത്തെ സിനിമയുടെ ആകെ ഭാവമാക്കുന്നതിൽ, നടി അനുമോൾ പുലർത്തുന്ന ശ്രദ്ധ പ്രത്യേകം പരാമർശമര്‍ഹിക്കുന്നു. പത്മിനി അവസാനം വരച്ചതായി കരുതുന്ന 'പട്ടം പറത്തുന്ന പെൺകുട്ടി' എന്ന വ്യത്യസ്ത ചിത്രത്തിൻ്റെ രചനയെ ഓർമിപ്പിക്കുന്ന വേളയിൽ ശ്രീവത്സൻ മേനോൻ നൽകുന്ന പശ്ചാത്തല സംഗീതം അപൂർവ്വമാകുന്നത്, അത് കലാകാരിയുടെ രചനാപരമായ സംഘർത്തെ ആഴത്തിൽ ഏറ്റെടുക്കുന്നതുകൊണ്ട് കൂടിയാണ്.

കേരളത്തിലെ അമൃതാ ഷേര്‍-ഗില്‍ എന്ന് ടി കെ പത്മിനി വിശേഷിപ്പിക്കപ്പെട്ടത്, ഇരുവരും‍ സമാനമായ പ്രായത്തില്‍ മരിച്ചുപോയി എന്ന കാരണത്താല്‍ മാത്രമല്ല, മറിച്ച്, ആവിഷ്കാരത്തിലെ ധീരതയുടെയും സത്യസന്ധതയുടെയും കാര്യത്തില്‍ ഇരുവരും പുലര്‍ത്തുന്ന വലിയ സാദൃശത്തിന്റെ കാര്യത്തിലും കൂടിയാണെന്നു പറയേണ്ടി വരും. അമൃതയെപ്പോലെ, പത്തുവർഷത്തിൽ താഴെ മാത്രം സജീവ ചിത്രരചന സാധ്യമായ ഒരാളുടെ ഈടുറ്റ ശേഷിപ്പാണ് ഇന്ന് ടി കെ പത്മിനി എന്ന പേരെന്നത്, ഈ സിനിമയുടെ ആന്തരിക ബോധം കൂടിയാണ്. സ്ത്രീ ശരീരത്തിൻ്റെ കാമനയും നഗ്നതയും ഭിന്നമാനങ്ങളിൽ ഇരുവരും ആവിഷ്കരിച്ചിരുന്നതും ഇവിടെ ഓര്‍ക്കാം. (ചിത്രത്തില്‍ പക്ഷേ, അമൃത ഷേര്‍ഗില്‍ ഒരു റഫറന്‍സായി എവിടെയും വരുന്നില്ല എന്നത് കൗതുകമായിത്തോന്നി.)

അച്ഛന്‍ നന്നേ ബാല്യത്തിൽ നഷടപ്പെട്ട്, അമ്മാവന്‍ ദിവാകരമേനോന്റെ തണലിലാകേണ്ടി വരുന്നുണ്ട് പത്മിനിയുടെ കുടുംബത്തിന്. ചെറുപ്പത്തില്‍ തന്നെ അവളുടെ ചിത്രം വരയ്ക്കാനുളള ശേഷി തിരിച്ചറിയുന്നതും അമ്മാവന്‍ തന്നെയാണ്. തുടര്‍ന്ന്, ദേവസ്യ മാസ്റ്ററിലൂടെയും മദ്രാസ് ആര്‍ട്സ് കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയെത്തിയ നമ്പൂതിരിയിലൂടെയും എല്ലാം അത് വളര്‍ത്തിയെടുക്കാന്‍-യാഥാസ്ഥിതിക കുടുംബത്തിലെ വലിയ എതിര്‍പ്പിനിടയിലും-ദാമോദരന്‍ മേനോന്‍ വിശ്രമമില്ലാതെ പരിശ്രമിക്കുന്നു. അദ്ദേഹമില്ലായിരുന്നങ്കിൽപത്മിനി എന്ന കലാകാരി ഉണ്ടാകുമായിരുന്നില്ല. അമ്മാവനില്‍ ആരംഭിച്ച് അമ്മാവനില്‍ തന്നെ ചിത്രം അവസാനിക്കുന്നതില്‍ അതുകൊണ്ടുതന്നെ വലിയ ഒരു കാവ്യനീതി ഉണ്ട്. ഇർഷാദ് എന്ന നടൻ എത്ര അവിസ്മരണീയമായ വിധത്തിലാണ് ഈ അമ്മാവനെ അടയാളപ്പെടുത്തുന്നത്..! വി ടി ഭട്ടതിരിപ്പാട്, കുഞ്ഞിരാമന്‍ നായര്‍ എന്നിവരെല്ലാം സ്വഭാവികമായി കടന്നു വരുന്ന ചിത്രത്തില്‍, പത്മിനി കവി ഇടശ്ശേരിയുടെ വീട്ടില്‍ താമസിച്ചുകൊണ്ടും ചിത്രകലാ പഠനം നടത്തുന്നുണ്ട്.

മദ്രാസ് ആര്‍ട്സ് കോളേജില്‍, കെസിഎസ് പണിക്കര്‍ (പ്രിൻസിപ്പാൾ) മുതൽ സി എന്‍ കരുണാകരന്‍, പാരീസ് വിശ്വനാഥന്‍, എം വി ദേവന്‍, കെ ദാമോദരന്‍ തുടങ്ങി പിന്നീട് പ്രശസ്തരായ നിരവധി ചിത്രകാരന്‍മാരുമായി കലാപരമായ വിനിമയങ്ങള്‍ അവര്‍ക്കു കഴിയുന്നുണ്ട്. മദ്രാസ് യാത്രയ്ക്കും ആർട്സ് കോളേജ് പ്രവേശനത്തിനും, വീട്ടിലെ കടുത്ത എതിർപ്പിനിടയിലും പത്മിനിക്ക് സാധിച്ചതാണ് അവരുടെ കലാജീവിതത്തിലെ വഴിത്തിരിവാകുന്നത്. ഓയിൽ പെയിൻ്റിംഗ് ഉൾപ്പെടെ 225ൽ അധികം ചിത്രങ്ങൾ വരച്ചിട്ടുളള പത്മിനി, എക്സ്പ്രഷനിസ്റ്റ്, അബ്സ്ട്രാക്റ്റ് സങ്കേതങ്ങൾ ക്രിയാത്മകമായി തന്റെ ചിത്രങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്.

കെ ദാമോദരനുമായുളള അവരുടെ അടുപ്പവും വിവാഹവും മദ്രാസ് ജീവിതവും അതോട് ചേർന്നുളള കലാസംവാദങ്ങളും കുറേക്കൂടി തീവ്രമായി സിനിമയിൽ വന്നിരുന്നങ്കിൽ അത് പത്മിനിയുടെ കലാജീവിതത്തിലേക്കുളള ഒരു സമഗ്ര സഞ്ചാരമാകുമായിരുന്നുവെന്ന് തോന്നി. (ദാമോദരൻ പിന്നീട് ഇന്ത്യയിലെ ശ്രദ്ധേയനായ അബ്സ്റ്റ്രാക്ട്-നോൺ ഫിഗറേറ്റീവ് ചിത്രകാരനായി മാറുകയുണ്ടായി) അതുപോലെ, പ്രസവത്തിനായി തറവാട്ടിലെത്തിയ പത്മിനി, ഏറെ ലാഘവത്തോടെ തന്റെ മരണത്തിലേക്കു നീങ്ങുന്ന ഒരു പ്രതീതി ഉണ്ടായത്, സിനിമയുടെ ഒരു പരിമിതിയായി അനുഭവപ്പെട്ടു. അപ്പോഴും ചിത്രകാരിയുടെ, ഈ ചലച്ചിത്ര ജീവിതം ഏറ്റവും വിലപ്പട്ട ഓർമയും അനുഭവവുമായി മാറുന്നുണ്ട് എന്നതാണ് അഭിനന്ദനീയമായ കാര്യം.

ടി കെ ഗോപാലൻ നിർമ്മിച്ച ചിത്രത്തിൽ സഞ്ജു ശിവറാം, അച്യുതാനന്ദൻ, ഷാജു ശ്രീധർ, ജിജി ജോഗി, ശാരിക ലക്ഷ്മി എന്നിവർ മറ്റു കഥാപാത്രങ്ങളെ പോറലുകളില്ലാതെ അവതരിപ്പിക്കുന്നു. മനോജ് കുറൂരിന്റെ ഗാനങ്ങൾ ചിത്രത്തിന്റെ ഫീൽ വർദ്ധിപ്പിക്കുന്നുണ്ട്. ഫലത്തില്‍, എഴുത്തുകാരനായ സുസ്മേഷിന്റെ ഈ ആദ്യസംവിധാന ശ്രമം ഒട്ടും പാഴാകുന്നില്ല എന്ന് ചുരുങ്ങിയ വാക്കുകളില്‍ പറയാം. മാത്രമല്ല ഈ കലാത്മക യത്നം, പ്രതിഭാധനയായ ഒരു ചിത്രകാരിക്കു എല്ലാ അര്‍ത്ഥത്തിലും നവജീവിതം നൽകുന്നു എന്നതിൽ എത്രയും അഭിമാനിക്കാം...!


രഘുനാഥൻ പറളി (Reghunathan Parali)

Tags: TK Padmini, film review, the life of TK Padmini, International Film festival, Susmesh Chandroth, Panchajanyam, Reghunathan Parali, രഘുനാഥൻ പറളി, Padmini film review, The life of TK Padmini in real and on the reel 

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.