Header Ads

വനിതാമതില്‍ : ചില ചോദ്യങ്ങള്‍ / ഉത്തരങ്ങള്‍


Written By: Suja Susan George1.എന്താണീ വനിതാ മതില്‍ ?

കേരളത്തിലെ സ്ത്രീകള്‍ സമൂഹത്തില്‍ സമത്വത്തിനും സ്വാതന്ത്ര്യത്തിനുമായുള്ള അവരുടെ അവകാശം പ്രഖ്യാപക്കുന്നതിന്റെ പ്രത്യക്ഷരൂപമാണ് വനിതാമതില്‍. നവോത്ഥാനത്തിലും നവകേരളനിര്‍മിതിയിലും സ്ത്രീയുടെ പങ്ക് ഉയര്‍ത്തിക്കാട്ടിക്കൊണ്ടും, കേരളസമൂഹത്തെ ധ്രുവീകരിക്കാന്‍ ശ്രമിക്കുന്ന മതവര്‍ഗീയ ശക്തികളെ നിഷേധിക്കുന്നുവെന്ന് വ്യക്തമാക്കികൊണ്ടുമാണ് ഈ മനുഷ്യശൃംഖലയില്‍ സ്ത്രീകള്‍ കണ്ണിചേരുന്നത്. 2019 ജനുവരി ഒന്നിന്  കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ കേരളത്തിലെ ദശലക്ഷക്കണക്കായ സ്ത്രീകള്‍ കൈയോടുകൈ ചേര്‍ന്നുകൊണ്ട് സൃഷ്ടിക്കുന്ന പ്രതിരോധനിരയാണ് വനിതാമതില്‍.

2. വനിതാമതില്‍ എന്ന ആശയം ഉയര്‍ന്നുവന്നത് എങ്ങനെയാണ് ?

മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയായ നാം മുന്നോട്ട് എന്ന പ്രോഗ്രാമില്‍ വച്ച് കെപിഎംഎസ് നേതാവ് ശ്രീ. പുന്നല ശ്രീകുമാര്‍ നവോത്ഥാനത്തുടര്‍ച്ച എന്ന ആശയവുമായി ചരിത്രത്തില്‍ നവോത്ഥാനനേതൃനിരയില്‍ ഉണ്ടായിരുന്ന സംഘടനകള്‍ ഒന്നിച്ചാല്‍ സര്‍ക്കാര്‍ കൂടെ ഉണ്ടാകുമോ എന്ന ചോദ്യം ഉന്നയിച്ചു. സര്‍ക്കാര്‍ കൂടെയുണ്ടാകും എന്ന് മുഖ്യമന്ത്രി അപ്പോള്‍ തന്നെ മറുപടിയായി പറഞ്ഞു. ഇതിനെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംഘടനാ പ്രതിനിധികള്‍ വനിതാ മതില്‍ എന്ന ആശയത്തില്‍ എത്തിച്ചേരുകയായിരുന്നു.

3. ആരാണ് വനിതാമതില്‍ സംഘടിപ്പിക്കുന്നത് ?

കേരള സര്‍ക്കാരിന്റെ മുന്‍കൈയെടുത്തുകൊണ്ട് നവോത്ഥാന പാരമ്പര്യമുള്ള സംഘടനകള്‍, മറ്റ് സംഘടനകള്‍, സ്ഥാപനങ്ങള്‍, സാമൂഹികരംഗത്തെ വ്യക്തികള്‍ എന്നിവരടങ്ങുന്ന സംഘാടകസമിതി രൂപീകരിച്ചിട്ടുണ്ട്. സമിതിയുടെ നിര്‍ദേശാനുസരണം സര്‍ക്കാര്‍ വകുപ്പുകള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ വിവിധ തലങ്ങളില്‍ മതിലിന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നു.

4. എന്തിനാണിപ്പോള്‍ കേരളത്തിലൊരു വനിതാമതില്‍ ? ശബരിമല യുവതീപ്രവേശന വിഷയമാണോ വനിതാമതിലിന്റെ പ്രമേയം ?

ഒരു പ്രത്യേക വിഷയത്തിലെ പ്രതികരണം എന്ന നിലക്കല്ല വനിതാമതിലിന്റെ ആശയം ഉയര്‍ന്നുവരുന്നത്. സമത്വത്തിലും സാമൂഹികനീതിയിലും ഊന്നിയ നവകേരളത്തെക്കുറിച്ചുള്ള വളരെ വിശാലമായ കാഴ്ച്ചപ്പാടാണ് വനിതാമതില്‍ മുന്നോട്ടുവയ്ക്കുന്നത്. കേരളം കാത്തുസൂക്ഷിച്ചുവന്ന നവോത്ഥാന മൂല്യങ്ങള്‍ക്ക് വളരെ പ്രത്യക്ഷമായ രീതിയില്‍ തന്നെ ചില വര്‍ഗീയശക്തികളില്‍നിന്ന് തിരിച്ചടി നേരിടുന്ന കാലഘട്ടമാണിത്. ആ സാഹചര്യത്തില്‍, നവോത്ഥാന പാരമ്പര്യമുള്ള ചില സംഘടനകള്‍ ആ നീക്കത്തിനൊപ്പമല്ല തങ്ങള്‍ എന്നു പ്രഖ്യാപിക്കാന്‍ വളരെ പ്രത്യക്ഷമായ രൂപത്തില്‍ തന്നെ ആരംഭിക്കുന്ന ഒരു ആശയപ്രചരണമാണ് വനിതാമതില്‍. സമൂഹം നേരിടുന്ന പിന്നാക്ക പ്രവണതകളോടുള്ള സ്ത്രീകളുടെ പുരോഗമനപരമായ പ്രതിരോധമാണത്. അത് ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തോടല്ല, സമൂഹത്തിലെ മുഴുവന്‍ വര്‍ഗീയ-വിധ്വംസക-വിഭാഗീയ പ്രവണതകളോടുമാണ് പ്രതികരിക്കുന്നത്.

5. നവോത്ഥാന മൂല്യങ്ങള്‍ ഓര്‍മ്മിപ്പിക്കുകയാണ് ലക്ഷ്യമെങ്കില്‍ എന്തുകൊണ്ട് ഇത് വനിതാമതില്‍ മാത്രമാക്കി ചുരുക്കുന്നു ?  പുരുഷന്മാരും മതിലിന്റെ ഭാഗമാകാത്തത് എന്തുകൊണ്ട് ?

സമൂഹത്തെ പിറകോട്ട് നയിക്കുന്ന ഏത് പ്രവണതയുടെയും ആദ്യ ഇരകള്‍ സ്ത്രീകളാണ്. അവരെ മുന്‍നിര്‍ത്തിയാണ് ഇത്തരം നീക്കങ്ങള്‍ മിക്കപ്പോഴും വര്‍ഗീയ ശക്തികള്‍ നടത്തുന്നതും. അതുകൊണ്ടുതന്നെ, ഇന്ത്യന്‍ ഭരണഘടനയും സാമൂഹികജാഗ്രതാപ്രസ്ഥാനങ്ങളും നിലനില്‍ക്കുന്നിടത്തോളം കാലം, തങ്ങള്‍ തുല്യതയ്ക്കും നീതിക്കും അര്‍ഹരാണെന്ന് ഉറപ്പിക്കുന്നതും സ്ത്രീമുന്നേറ്റങ്ങളിലൂടെ തന്നെയാവണം. വനിതാമതിലില്‍ സ്ത്രീകളോടൊപ്പം ട്രാന്‍സ്-വിമനും അണിനിരക്കുന്നുണ്ട്. വനിതാമതിലിനോട് മാനസികമായി ഐക്യപ്പെട്ടുകൊണ്ട് പിന്തുണയ്ക്കാന്‍ ലിംഗഭേദമില്ലാതെ ഏതൊരു കേരളീയര്‍ക്കും സാധിക്കും.

6 ഹിന്ദു സംഘടനകള്‍ മാത്രം പങ്കെടുത്താല്‍ മതിയോ മതിലില്‍ ? നവോത്ഥാന പാരമ്പര്യം അവര്‍ക്ക് മാത്രം അവകാശപ്പെട്ടതാണോ ?

ഹിന്ദു സംഘടനകള്‍ മാത്രമല്ല, എല്ലാ മതവിഭാഗത്തിലെയും മതേതരവിഭാഗത്തിലെയും സംഘടനകള്‍ വനിതാമതിലില്‍ പങ്കെടുക്കുന്നുണ്ട്. മറിച്ചുള്ളത് ദുഷ്ടലാക്കോടുകൂടിയ പ്രചാരണമാണ്.

7.ഇതൊരു സര്‍ക്കാര്‍ പരിപാടിയാണോ ?

വനിതാ മതില്‍ സര്‍ക്കാരിന്റെ മുന്‍കൈയില്‍ സംഘടിപ്പിക്കപ്പെടുന്ന പരിപാടിയാണ്. വനിതാമതില്‍ സംഘാടനത്തിനായി വിവിധ തലങ്ങളില്‍ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ മുന്‍കൈയില്‍ നടക്കുന്ന പരിപാടിയുടെ നിര്‍വഹണത്തിനായാണിത്. വനിതാമതില്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും ഉദ്യോഗസ്ഥര്‍ പരിപാടിയുടെ ഏകോപനം നടത്തുന്നതില്‍ തെറ്റില്ലെന്നും ബഹുമാനപ്പെട്ട ഹൈക്കോടതിയും നിരീക്ഷിച്ചിട്ടുണ്ട്.

8.വനിതാമതിലിനായി സര്‍ക്കാര്‍ പണം ചെലവഴിക്കുന്നുണ്ടോ ?

വനിതാമതില്‍ സംഘാടനത്തിനായി സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണം ചെലവിടുന്നില്ല. നവോത്ഥാന മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ്. ഇതിനായി നിലവില്‍ത്തന്നെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പുവഴി സര്‍ക്കാര്‍ വിവിധ നവോത്ഥാന തുടര്‍ച്ച പരിപാടികള്‍ നടത്തുന്നുണ്ട്. ഇവയില്‍ ആശയപ്രചരണത്തിനായും ബോധവത്കരണത്തിനായും സര്‍ക്കാര്‍ പണം ചെലവഴിക്കുന്നുണ്ട്. ഈ പ്രചാരണം ഫലത്തില്‍ വനിതാമതിലിനും പ്രയോജനപ്പെടും. ഒപ്പം, വനിതാമതില്‍ സൃഷ്ടിക്കുന്ന ആശയപരിസരം സര്‍ക്കാരിന്റെ പ്രചാരണപരിപാടികള്‍ക്ക് പതിന്മടങ്ങ് ഗുണം ചെയ്യുകയും ഉണ്ടാകും.

 9. വനിതാമതിലിന് എത്രത്തോളം പങ്കാളിത്തം ലഭിക്കുന്നുണ്ട് ?

50 ലക്ഷം സ്ത്രീ പങ്കാളിത്തമാണ് വനിതാ മതിലിന് പ്രതീക്ഷിക്കപ്പെടുന്നത്. കേരളത്തിന്റെ ദേശീയപാതയിലുടനീളമായാണ് 600ലധികം കിലോമീറ്ററില്‍ വനിതാമതില്‍ അണിനിരക്കുന്നത്.

10.സര്‍ക്കാര്‍ ജീവനക്കാരെയോ കുടുംബശ്രീ, അംഗണവാടി പ്രവര്‍ത്തകരെയോ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കുന്നുണ്ടോ ?

ആരെയും വനിതാമതിലില്‍ നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കുന്നില്ല.  വിവിധ വകുപ്പുകള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് വനിതാമതില്‍ സംഘാടനം സംബന്ധിച്ച് ചുമതലകള്‍ നല്‍കിയിട്ടുണ്ട്. ഇത് നടപ്പാക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. വനിതാമതിലില്‍ കണ്ണിചേരാന്‍ ആരുടെ മേലും സര്‍ക്കാരിന്റെ നിര്‍ദേശമില്ല.

11. ഇതൊരു സിപിഐഎം പരിപാടിയാണോ ?

വനിതാമതില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും കുത്തുകയില്ല, കേരളസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ഒരുങ്ങുന്ന കൂട്ടായ്മയാണ്. കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഏതൊരു വ്യക്തിക്കും മതിലിന്റെ പ്രചരണപ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാം. സിപിഎം അടക്കം എല്‍ഡിഎഫിലെ പാര്‍ട്ടികള്‍ അതിന്റെ സംഘടനാസംവിധാനം വനിതാമതിലിന്റെ പ്രചാരണത്തിനായും സംഘാടനത്തിനായും ഉപയോഗിക്കുന്നുണ്ട്.

12. പ്രതിപക്ഷ പാര്‍ട്ടികള്‍ മതിലിനെ എതിര്‍ക്കുന്നുണ്ടല്ലോ ?

കക്ഷിരാഷ്ട്രീയഭേദമില്ലാതെ, കേരളത്തിന്റെ നവോത്ഥാന തുടര്‍ച്ച എന്ന നിലയില്‍ സര്‍ക്കാര്‍ വിഭാവനം ചെയ്ത ബഹദ്ഉദ്യമങ്ങളുടെ ഭാഗമാണ് വനിതാമതില്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെ കക്ഷിരാഷ്ട്രീയത്തിലധിഷ്ഠിതമായി എതിര്‍ക്കുകയാണ്. കോണ്‍ഗ്രസ് - ദളിത് ഫെഡറേഷന്‍ നേതാവായ പി. രാമഭദ്രനെപ്പോലെ പലരും യുഡിഎഫ് വനിതാമതിലിന് ഒപ്പം അണിചേരണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യത്തില്‍, പ്രതിപക്ഷ പാര്‍ട്ടികളുടെ വിട്ടുനില്‍പ്പ് നിരാശാജനകവും ചരിത്രനിഷേധവുമാണ്.

13. എന്‍എസ്എസ് വനിതാമതിലിനെ എതിര്‍ക്കുന്നുണ്ടല്ലോ ?

എന്‍എസ്എസ് നവോത്ഥാന പാരമ്പര്യമുള്ള സാമുദായിക സംഘടനയാണ്. എന്നാല്‍ പിന്നീട് പല ഘട്ടത്തിലും നിലവിലെ നേതൃത്വം ഉള്‍പ്പെടെ എന്‍എസ്എസിന്റെ നവോത്ഥാന-ദേശീയപ്രസ്ഥാന കാല പാരമ്പര്യത്തിന് വിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. കേരളം നേരിട്ട ഏറ്റവും വലിയ പ്രളയദുരന്തത്തില്‍പ്പോലും എന്‍എസ്എസ് ഉടമസ്ഥതയിലുള്ള ചങ്ങനാശ്ശേരി ഹിന്ദു കോളെജിന്റെ വാതിലുകള്‍ അടഞ്ഞുകിടക്കുകയായിരുന്നു. ഈ നിലപാട് എന്‍എസ്എസിന്റെ നയങ്ങളോടോ സ്ഥാപനലക്ഷ്യങ്ങളോടോ നീതിപുലര്‍ത്തുന്നുണ്ടോ എന്ന് സംഘടനയ്ക്കകത്തും പുറത്തും വിലയിരുത്തപ്പെടേണ്ടതുണ്ട്.

14. മഞ്ജു വാര്യരും സാറ ജോസഫും മതിലിന് പിന്തുണ പിന്‍വലിച്ചല്ലോ ?

വ്യക്തികള്‍ സ്വതന്ത്രനിലപാടുകള്‍ സ്വീകരിക്കുന്ന ഒരു സാമൂഹികരാഷ്ട്രീയ സാഹചര്യംകൂടിയാണ് വനിതാമതില്‍ വിഭാവനം ചെയ്യുന്നത്. വിയോജിക്കാനുള്ള അവരുടെ തീരുമാനം സ്വാഗതം ചെയ്തുകൊണ്ടുതന്നെ പറയട്ടെ. കേരളത്തിലെ ദശലക്ഷക്കണക്കിന് സ്ത്രീകള്‍ കൈകോര്‍ക്കുന്ന ഒരു സാമൂഹിക മുന്നേറ്റമാണ് വനിതാമതില്‍. അതിന്റെ വിജയവും ഫലപ്രാപ്തിയും കേവലം വ്യക്തികളുടെ നിലപാടിനെ ആശ്രയിച്ചല്ല ഇരിക്കുന്നത്. കേരളത്തിലെ സ്ത്രീകള്‍ ഒരുമനസോടെ പങ്കെടുത്ത ഒരു കൂട്ടായ്മയില്‍ ആരൊക്കെ പുറംതിരിഞ്ഞുനിന്നു എന്ന് ചരിത്രം തന്നെ വിലയിരുത്തും.

15. പി.കെ. ശശി എംഎല്‍എ വനിതാ മതിലിന്റെ സംഘാടനത്തില്‍ ഭാഗമാകുകയും രഹ്ന ഫാത്തിമ ജയിലിലാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ എങ്ങനെ വനിതാ മതിലിനെ പിന്തുണയ്ക്കും ?

പി.കെ. ശശി എംഎല്‍എയ്‌ക്കെരിതെ നിലവില്‍ സര്‍ക്കാരിന് മുന്നില്‍ പരാതികള്‍ ഒന്നും ലഭ്യമല്ല. അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണം പാര്‍ട്ടിക്കുള്ളിലാണ്. ആ വിഷയത്തില്‍ നടപടി സ്വീകരിച്ചുംകഴിഞ്ഞു. രഹ്ന ഫാത്തിമയ്‌ക്കെതിരെ പോലീസിന് ലഭിച്ച പരാതിയും കോടതിയുടെ കര്‍ക്കശ നിര്‍ദ്ദേശത്തിന്മേലുള്ള നടപടിയാണ് അവരുടെ അറസ്റ്റ്. നിയമപ്രകാരം തന്നെ അവര്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. വനിതാമതില്‍ സമകാലിക കേരള സാമൂഹികസാഹചര്യത്തില്‍ വിവിധ വര്‍ഗീയ കക്ഷികള്‍ നടത്തിവരുന്ന വിഷലിപ്തമായ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേരളത്തിലെ സ്ത്രീകള്‍ ഒരുമിച്ചുയര്‍ത്തുന്ന പ്രതിരോധമാണ്. അതിന് ഏതെങ്കിലും ആനുകാലിക വിഷയങ്ങളേക്കാള്‍ രാഷ്ട്രീയഗുരുത്വമുണ്ട്.

16. ബാബറി മസ്ജിദ് പൊളിക്കാന്‍ കര്‍സേവയ്ക്ക് പോയതും, ശബരിമലയില്‍ തുലാമാസപൂജയ്ക്ക് എത്തിയ യുവതികളെ തടഞ്ഞതുമായ ആളാണ് സി. പി. സുഗതന്‍. മറ്റൊരു പ്രാണന്‍ രക്ഷിക്കുന്നതിനെ മാന്‍ഹോളില്‍ മരണമടഞ്ഞ നൗഷാദിനു സര്‍ക്കാര്‍ അനുവദിച്ച സഹായഹസ്തത്തെ വര്‍ഗീയപരാമര്‍ശത്തോടെ പരിഹസിച്ചതാണ് വെള്ളാപ്പള്ളി നടേശന്‍. ഇവരൊക്കെ വനിതാ മതിലിനോട് ചേര്‍ന്നുനില്‍ക്കുമ്പോള്‍, അവരുടെ പഴയ നിലപാടുകളും പുതിയ നിലപാടും തമ്മിലെ വൈരുദ്ധ്യത്തെ എങ്ങനെ ഉള്‍ക്കൊളളും ?

കേരളീയ നവോത്ഥാനം മാനുഷികമൂല്യങ്ങളില്‍ അധിഷ്ഠിതമായതും മാറ്റത്തെ സ്വാഗതം ചെയ്യുന്നതുമായിരുന്നു. ഒരു വ്യക്തിയോ പ്രസ്ഥാനമോ അവരുടെ മുന്‍നിലപാടിലെ തെറ്റ് തിരിച്ചറിഞ്ഞുകൊണ്ട് ഇന്നിന്റെ ശരിയെ പുല്‍കുമ്പോള്‍, അവരെ മാറ്റിനിര്‍ത്തുന്നത് നമ്മുടെ നവോത്ഥാനപാരമ്പര്യത്തിനു യോജിച്ചതല്ല. മുന്‍പ് അവര്‍ എന്തായിരുന്നു എന്നതല്ല, കേരളത്തിന്റെ സമാധാനാന്തരീക്ഷം ഭീഷണി നേരിടുമ്പോള്‍ ഇന്നവര്‍ ആര്‍ക്കൊപ്പം നില്‍ക്കുന്ന എന്നതാണ് പ്രധാനം.

17. പ്രളയാനന്തര കേരളം അതിജീവനപ്പോരാട്ടം നടത്തുകയാണ്. അതിനിടെ ഈ മതില്‍കൊണ്ട് എന്താണ് നേടാന്‍ ശ്രമിക്കുന്നത് ?

പ്രളായനന്തര കേരളത്തിന്റെ അതിജീവനത്തിനും നവകേരളനിര്‍മിതിക്കും തന്നെയാണ് സര്‍ക്കാര്‍ പ്രാഥമിക പരിഗണന നല്‍കുന്നത്. എന്നാല്‍ നവകേരളം എന്ന ആശയം ഭൗതികസാഹചര്യങ്ങളിലൂടെയും നിര്‍മിതികളിലൂടെയും മാത്രമല്ല, ആധുനിക കേരളത്തെ സൃഷ്ടിച്ച നവോത്ഥാനമൂല്യങ്ങളുടെ പുനസ്ഥാപനത്തിലൂടെ കൂടിയുമാണ് നടപ്പിലാവേണ്ടത് എന്നാണ് സര്‍ക്കാര്‍ നയം. മലയാളിയെ, കേരളീയ സമൂഹത്തെ കൂട്ടിയിണക്കുന്നത് ഈ മൂല്യങ്ങളിലെ വിശ്വാസമാണ്. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ വര്‍ഗീയശക്തികള്‍ ശ്രമിക്കുമ്പോള്‍, ആ ഇരുണ്ടകാലത്തേക്ക് പിന്നോട്ടല്ല, പുലരിയിലേക്ക് നാം മുന്നോട്ടാണ് സഞ്ചരിക്കുന്നതെന്ന് ഓരോ കേരളീയരേയും ഓര്‍മ്മപ്പെടുത്തേണ്ടതുണ്ട്. ഈ ഓര്‍മ്മപ്പെടുത്തലാണ് വനിതാമതിലിലൂടെ തുടരുന്നത്.

18. ഒരു മതില്‍ കെട്ടുന്നതിലൂടെ കേരളത്തില്‍ ലിംഗസമത്വവും നവോത്ഥാനമൂല്യങ്ങളും പുലരുമോ ?

സമൂഹം കൈവരിച്ചിട്ടുള്ള ഏതൊരു പുരോഗമനവും ക്രമാനുഗതവും നിരന്തരവുമായ സമര-പ്രതിഷേധങ്ങളിലൂടെയും ബോധവത്കരണത്തിലൂടെയുമാണ് സംഭവിച്ചിട്ടുള്ളത്. അതില്‍ സത്യഗ്രഹം, നിരാഹാരം മുതലായ പ്രതീകാത്മക സമരരൂപങ്ങളുടെ സ്ഥാനം വളരെ വലുതാണ്. വനിതാമതിലും വലിയൊരു ലക്ഷ്യത്തിലേക്കുള്ള അത്തരമൊരു ചുവടുവയ്പ്പാണ്. എല്ലാ പ്രശ്‌നങ്ങളുടെയും ഏക പരിഹാരം എന്ന നിലയ്ക്കല്ല, സ്ത്രീസമൂഹം നേരിടുന്ന അനീതികളും, നവോത്ഥാനമൂല്യങ്ങള്‍ കൈവിടുന്ന ഒരു സമൂഹം സ്ത്രീകളോട് കാണിക്കുന്ന വിവേചനവും നമ്മെത്തന്നെ കാണിച്ചുതരുന്ന ഒരു കണ്ണാടിയെന്ന നിലയ്ക്കാണ് വനിതാമതിലിനെ വിഭാവനം ചെയ്യുന്നത്.

19.വനിതാമതിലിനോട് ഞാന്‍ എന്തുകൊണ്ട് ചേര്‍ന്നുനില്‍ക്കണം ?

കേരള നവോത്ഥാനത്തിന്റെ നേരവകാശികള്‍ എന്ന നിലയിലും, അനീതിക്കെതിരെ ഭരണഘടന അനുവദിച്ചിരിക്കുന്ന രക്ഷാകവചങ്ങള്‍ തിരിച്ചറിയുന്ന സിറ്റിസന്‍ എന്ന നിലയിലും വനിതാമതിലിനൊപ്പം കണ്ണിചേരുന്നത് ഏതൊരു കേരള സ്ത്രീയുടെയും അവകാശവും അധികാരവുമാണ്. മനുഷ്യവംശം ഒന്നിച്ചുനിന്നു നേടിയ പുരോഗതിയെ പിന്നോട്ടടിക്കുന്ന വര്‍ഗീയശക്തികള്‍ക്കെതിരെ തന്നാലാവുംവിധം പ്രതിരോധിക്കുന്നത് സാമൂഹിക-രാഷ്ട്രീയജീവി എന്ന നിലയില്‍ നമ്മുടെ കടമയുമാണ്.

Woman wall: The need to be a part of it.


No comments

Powered by Blogger.