Header Ads

കവിതാ മോഷണം: കൂടുതല്‍ തെളിവുകള്‍ പുറത്ത്, ഒപ്പം അസംഖ്യം ചോദ്യങ്ങളും




കവിത മോഷണവിവാദം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ് ഓരോ ദിവസവും. ഓരോ ന്യായീകരണങ്ങളിലും പൊന്തി വരുന്നത് ഒരായിരം ചോദ്യങ്ങളാണ്. പക്ഷേ, അതോടൊപ്പം ഉയരുന്ന പ്രധാനപ്പെട്ട ഒരു ചോദ്യമുണ്ട്. കവിത ശ്രീചിത്രനാണ് കൊടുത്തതെങ്കില്‍, ദീപ നിശാന്ത് എന്തിനാണ് അത് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചത്..?? എന്തുകൊണ്ടാണ് അത് ശ്രീചിത്രന്റെ പേരില്‍ പ്രസിദ്ധീകരിക്കാതിരുന്നത്...??? അങ്ങനെയെങ്കില്‍, ഇതിനു മുമ്പും ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ...?? 

പലതരം നിലപാടുകള്‍ കൊണ്ട് തങ്ങളുടെ പ്രവൃത്തിയെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് ശ്രീചിത്രനും ദീപ നിശാന്തും ചെയ്യുന്നത്. കവിതാ മോഷണ വിവാദത്തില്‍ മാപ്പു പറഞ്ഞ് ഉരുണ്ടുകളിക്കുന്ന നിലപാടാണ് സാംസ്‌കാരിക പ്രഭാഷകന്‍ എം ജെ ശ്രീചിത്രന്. കവിത തന്റേത് തന്നെയാണെന്നും കവിയായ എസ് കലേഷാണ് മോഷ്ടാവെന്നും ശ്രീചിത്രന്‍ അധ്യാപികയായ ദീപ നിശാന്തിനോട് വാട്‌സാപ്പ് ചാറ്റില്‍ പറയുന്നതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും തെളിവുകളും ന്യൂസ്‌റപ്റ്റ് (www.thenewsrupt.com) പുറത്തുവിട്ടു.

കവിത എസ് കലേഷിന്റേതാണോ എന്ന ദീപയുടെ ചോദ്യത്തിന് ശ്രീചിത്രന്റെ മറുപടികള്‍

''ഈ പ്രശ്നം മുമ്പ് സംസാരിച്ച് തീര്‍ത്തതാണ്. ഈ കവിത എപ്പോള്‍ എഴുതിയതാണെന്നും, എങ്ങനെ എഴുതിയതാണെന്നും ഏറ്റവും കൃത്യമായി അറിയാവുന്ന ആള്‍ ദീപയാണ്. കലേഷിന്റെ പേരില്‍ ഈ കവിത വന്ന ശേഷമുണ്ടായ പ്രശ്നങ്ങളൊക്കെ 2017ലെ സംഭവങ്ങള്‍ ആണ്. അതുവലിയ പ്രശ്നം ഒക്കെ ആയിരുന്നു. വളരെ വ്യക്തിപരമായ അനുഭവങ്ങളും അതില്‍ ഉണ്ടായി.''

.....................................................................................................

ഞാന്‍ എഴുതിയ പലതും ഇങ്ങനെ കൈയില്‍ നിന്നുപോയി. ഒരു കാലത്ത് ഒരുപാട് വിഗ്രഹങ്ങള്‍ തകര്‍ന്നു. ഈ കാലത്തില്‍ അങ്ങനെ എന്തെല്ലാം സംഭവിച്ചു. പഴയകാലം തന്നെ മറക്കാന്‍ ശ്രമിക്കുന്നു. അന്നത്തെ നന്മകളും തിന്മകളും അടക്കം. സാരമില്ല. ദീപ അത് ആരുടേതെന്ന് അറിയില്ലായിരുന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ. സാരമില്ല. വേറൊരു കവിക്കും/കവിതയ്ക്കും ഈ പ്രശ്നമുണ്ടായി. 'അര്‍ദ്ധരാത്രി' എന്ന എന്റെ കവിത 'ശ്രീജിത്ത് അരിയല്ലൂരിന്റെ' പേരില്‍ വന്നു.''

ഞാന്‍ മോഷ്ടിച്ചെന്നല്ലേ കരുതൂ. ഞാനെന്താണ് വേണ്ടതെന്ന് ദീപ നിശാന്ത് ശ്രീചിത്രനോട് ചോദിക്കുന്നതും സ്‌ക്രീന്‍ ഷോട്ടിലുണ്ട്.

എന്നെ കുടുക്കി: ദീപ നിശാന്ത്

'മറ്റൊരു വ്യക്തിയേയും ഇതിലേക്ക് കൊണ്ടുവരേണ്ട എന്ന് കരുതിയാണ് ഇത്രയും നേരം പ്രതികരിക്കാതിരുന്നത്. ഈ ആരോപണം വരുമ്പോള്‍ 'നിഷേധിക്കുന്നതാണ് നല്ലത്' എന്ന് അയാള്‍ പറഞ്ഞു. അയാള്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത് താന്‍ അറിഞ്ഞു. അയാളുടെ പേര് മാധ്യമങ്ങള്‍ വഴി പുറത്തുവന്നുകഴിഞ്ഞു. താനായിട്ട് പേര്് പറയുന്നില്ല,' ദീപ നിശാന്ത് പറയുന്നു.

സാംസ്‌ക്കാരിക പ്രഭാഷകന്‍ എം ജെ ശ്രീചിത്രനാണ് സ്വന്തം കവിതയെന്ന രീതിയില്‍ കവിത നല്‍കി പ്രസിദ്ധീകരിക്കാന്‍ ദീപാ നിശാന്തിന് നല്‍കിയത് എന്നാണ് വാര്‍ത്ത. 

ദീപാ നിശാന്തിന്റെ പ്രതികരണം പൂര്‍ണ്ണരൂപം 
(Source: www.thenewsrupt.com)

''മറ്റൊരു വ്യക്തിയേയും ഇതിലേക്ക് കൊണ്ടുവരേണ്ട എന്ന് കരുതിയാണ് ഇത്രയും നേരം പ്രതികരിക്കാതിരുന്നത്. ഞാന്‍ ഒരിക്കലും വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കാര്യമാണ്. ഇതിന്റെ എല്ലാ ആരോപണങ്ങളും വരുന്നത് എനിക്കെതിരെ മാത്രമായിരിക്കും എന്നെനിക്ക് ഉറപ്പുണ്ട്. നിഷേധിച്ചില്ലെങ്കില്‍ ആര്‍ക്ക്? എന്തിന് അയച്ചു? എന്നതിനൊക്കെ മറ്റ് വ്യാഖ്യാനങ്ങളാകും ഉണ്ടാകുക എന്നും അതുകൊണ്ട് ഇക്കാര്യം വരുമ്പോള്‍ അത് നിഷേധിക്കുന്നതാണ് നല്ലതെന്നുമാണ് ആയാള്‍ എന്നോട് പറഞ്ഞത്. അയാള്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത് ഞാന്‍ അറിഞ്ഞു. അയാളുടെ പേര് മാധ്യമങ്ങള്‍ വഴി പുറത്തുവന്നുകഴിഞ്ഞു. ഞാനായിട്ട് പേര് പറയുന്നില്ല.

അത് ഞാന്‍ എഴുതിയതല്ല. മറ്റൊരാള്‍ എന്നെ ഏല്‍പിച്ചതാണ്. അത് പ്രസിദ്ധീകരണത്തിന് കൊടുത്തത് എന്റെ തെറ്റാണ്. അങ്ങനെ ഞാനതില്‍ ട്രാപ് ചെയ്യപ്പെട്ടതാണ്. പക്ഷേ, വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് ആര് എനിക്കിത് തന്നു എന്ന് പറയാന്‍ ഞാനില്ല. ഇക്കാര്യം ഞാന്‍ പിന്നീട് എഴുതുന്നുണ്ട്. ഏകപക്ഷീയമായി അയാള്‍ രക്ഷപെടുകയും ഞാന്‍ ഇരയാക്കപ്പെടുകയും വേണ്ടതില്ലല്ലോ. സംഘ്പരിവാറും മറ്റും ഇതെടുത്ത് ആഘോഷിക്കും എന്നുള്ളതുകൊണ്ടാണ് ഇത്ര നേരവും മിണ്ടാതിരുന്നത്.

അയാള്‍ എന്റെ കാലുപിടിച്ച് പറഞ്ഞിട്ടുണ്ട്. ഇത്തരം ഒരുകാര്യം പുറത്തറിഞ്ഞാല്‍, അയാളുടെ കുടുംബവും അയാള്‍ക്കുള്ള ഫെയ്മും സാഹചര്യങ്ങളും തകര്‍ന്നുപോകുമെന്ന ഭയം ആയാള്‍ക്കുണ്ട്.'

എം ജെ ശ്രീചിത്രന്റെ പ്രതികരണം പൂര്‍ണ്ണരൂപം
(Source: www.thenewsrupt.com)

''എനിക്കൊന്നും അറിയില്ല. ഇതെല്ലാം വളരെ വിചിത്രമായിട്ടാണ് തോന്നുന്നത്. ചെറുപ്പത്തില്‍ ഞാന്‍ കവിത എഴുതിയിരുന്നു. അല്ലാതെ കവിത എഴുതുന്ന ആളല്ല. ഈ വാദം വളരെ വൈരുദ്ധ്യാത്മകമായി തോന്നുന്നുണ്ട്. ഇന്നലെ മുതല്‍ ഈ വാര്‍ത്ത ഫോളോ ചെയ്തിരുന്നു കണ്ടിരുന്നു. കലേഷിന്റെ കവിത ദീപയുടെ പേരില്‍ വന്നു എന്നായിരുന്നല്ലോ വിവാദം. അത് നടന്നുകൊണ്ടിരിക്കുമ്പോള്‍ 'കലേഷിന്റെ കവിത ഞാന്‍ എഴുതിയെടുത്ത് കലേഷിന്റെ പേര് വെട്ടി, എന്റെ പേര് എഴുതി പിന്നെ എന്റെ പേര് വെട്ടി, പിന്നെ ദീപയുടെ പേരിലാക്കി പ്രസിദ്ധീകരിച്ചു' എന്നാണോ? അതോ 'ഞാന്‍ കലേഷിന്റെ പേര് വെട്ടി പേരൊന്നുമില്ലാതെ ദീപയുടെ പേരില്‍ ദീപയ്ക്ക് വേണമെങ്കില്‍ പ്രസിദ്ധീകരിച്ചോളൂ എന്നു പറഞ്ഞ് ദീപയ്ക്ക് കൊടുക്കുന്നു, എന്നിട്ട് ദീപ പ്രസിദ്ധീകരിക്കുന്നു' എന്നാണോ? എങ്ങനെ പറഞ്ഞാലും ഇത് വളരെ വിചിത്രമായിട്ടുള്ള വാദമാണ്. ഒരാളുടെ കവിത വേറൊരാള്‍ക്ക് പകര്‍ത്തിയെഴുതി കൊടുക്കുന്ന ഒരാളാണ് ഞാന്‍ എന്നാണ് മനസിലാക്കുന്നതെങ്കില്‍ അതില്‍ കൂടുതല്‍ പ്രതികരിക്കാനില്ല. കാരണം, ഞാന്‍ ഒന്നര മാസത്തോളമായി ശബരിമലയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കകത്താണ്. വലിയ സംവാദത്തിന് അകത്താണ്. വലിയ തരത്തിലുള്ള, വ്യക്തിഹത്യ സംബന്ധിച്ച ഫോണ്‍ വിളികളുണ്ടായിരുന്നു. ഭീഷണികളുണ്ടായിരുന്നു. പൊലീസില്‍ പരാതി കൊടുത്തിരുന്നു. ഇങ്ങനെയൊക്കെയുള്ള സംഭവങ്ങളില്‍ക്കൂടിയാണിപ്പോള്‍ മുന്നോട്ട് പോകുന്നത്. അപ്പോള്‍ ഇങ്ങനെയുള്ള സംഭവങ്ങള്‍ കൂടി പ്രതീക്ഷിക്കണമല്ലോ. അല്ലെങ്കില്‍ ഈ പണിക്ക് ഇറങ്ങരുത്. ഇത് വളരെ വിചിത്രമായിപ്പോയി എന്നുമാത്രം. ഈ വാദം തന്നെ വിചിത്രമാണ്. എന്തെങ്കിലും മറുപടി അര്‍ഹിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ഞാന്‍ ഇവര്‍ രണ്ടുപേരുടേയും ഇടയില്‍ പകര്‍ത്തിയെഴുത്തുകാരന്റെ ജോലി ചെയ്തു എന്നാണല്ലോ ആരോപണം. അത് പ്രതികരണം അര്‍ഹിക്കുന്നില്ല. ഞാന്‍ കവിത സ്ഥിരമായി എഴുതുന്ന ആളല്ല. പണ്ട് ക്യാംപസില്‍ പഠിക്കുന്ന കാലത്ത് എഴുതുമായിരുന്നു. കവിതയുടെ ആളല്ല ഞാന്‍. അത്ര മാത്രം. ലേഖനങ്ങളും മറ്റുമാണ് എഴുതാറുള്ളത്. ഇപ്പോള്‍ എഴുത്ത് കുറവാണ്. കൂടുതലും പ്രസംഗമാണ്. പ്രസംഗം കോപ്പിയടിച്ചു എന്ന് ആര്‍ക്കും പറയാന്‍ പറ്റില്ലല്ലോ. വേദിയിലിരുന്ന് പറഞ്ഞുകൊണ്ടിരിക്കുകയല്ലേ. അതുകൊണ്ട് കവിത എന്റെ മേഖലയേ അല്ല. അതുകൊണ്ട് ദീപയ്ക്ക് ഒരു കവിത അപ്പുറത്ത് നിന്നും ഇങ്ങോട്ട് എഴുതി...ദീപയ്ക്ക് വായിക്കാനുള്ള കഴിവൊക്കെ ഉണ്ടെന്നാണ് എന്റെ ധാരണ. മലയാളം പ്രൊഫസര്‍ ആണല്ലോ. ദീപയ്ക്ക് ആവശ്യമുള്ള, പകര്‍ത്തിയെഴുതാനുള്ള ഒരു കവിത വേറെയാര്‍ക്കെങ്കിലും കൊടുക്കാവുന്നതാണ്. അല്ലെങ്കില്‍ ദീപയ്ക്ക് തന്നെ വായിക്കാവുന്നതാണ്. വേണമെന്നുണ്ടെങ്കില്‍.

ഇതിനോടൊന്നും പ്രതികരിക്കുന്നില്ല. ആര്‍ക്കും വിരോധമായി ഒന്നും പറയുന്നില്ല. ആരേക്കുറിച്ചും കൂടുതലൊന്നും സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. കാരണം എനിക്കിത് ഒന്നും അറിയില്ല. അത്രമാത്രം. അതാണെന്റെ പ്രതികരണം. ഞാനതില്‍ ഭാഗഭാക്കല്ല.''

Tags: Stealing of intellectual property, stealing of literacy, Sreechithran, Deepa Nisanthini, Kalesh

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.