Header Ads

സനലിന്റെയും DySP ഹരികുമാറിന്റെയും മരണം: പിന്നില്‍ പകമൂത്ത മണ്ണ്-മണല്‍ മാഫിയ?? സംഭവത്തില്‍ വിഷ്ണുപുരത്തിനും എം എല്‍ എയ്ക്കുമുള്ള പങ്കെന്ത്...??



മണ്ണ്-മണല്‍-ക്വാറി മാഫിയയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ഡി വൈ എസ് പി ഹരികുമാറിനെ കുടുക്കാന്‍ തക്കംപാര്‍ത്തിരുന്നവര്‍ക്ക് ഒത്തുകിട്ടിയ നല്ലൊരു സുവര്‍ണാവസരമായിരുന്നു, സനലിന്റെ ദാരുണ മരണം. ഏതു വാര്‍ത്തയെയും സെന്‍സേഷണലൈസ് (Sensationalize) ചെയ്ത് റേറ്റിംഗ് കൂട്ടാന്‍ കാത്തിരുന്ന മാധ്യമപ്പടയ്ക്കു മുന്നിലേക്ക് അവര്‍ സനലിന്റെ ദേഹം വലിച്ചെറിഞ്ഞു കൊടുത്തു, യാതൊരു ദയാ ദാക്ഷിണ്യവുമില്ലാതെ....! ക്രിമിനലുകള്‍ക്കും മാഫിയകള്‍ക്കുമെതിരെ ശക്തമായ നിലപാടെടുത്ത നട്ടെല്ലുള്ള ഒരു പോലീസ് ഓഫീസര്‍ അങ്ങനെ, ഒരു രാത്രി ഇരുണ്ടു വെളുത്തപ്പോഴേക്കും കള്ളനും പിടിച്ചു പറിക്കാരനും സ്ത്രീലംമ്പടനും അഴിമതിക്കാരനുമായി മാറി. കോടികളുടെ സമ്പാദ്യമുള്ള, ഉന്നത ബന്ധങ്ങളുള്ള, എന്തും ചെയ്യാന്‍ മടിയില്ലാത്ത വെറും മൂന്നാം കിട ക്രിമിനലായി ആ മനുഷ്യന്‍ മാറി, അല്ലെങ്കില്‍ അങ്ങനെ മാറ്റിയെടുത്തു. ഡി വൈ എസ് പി ഹരികുമാറിനെതിരെ മാഫിയകളും ക്രിമിനലുകളും കൊടുത്ത കള്ളക്കേസുകള്‍ സത്യമാണെന്നും അവര്‍ വരുത്തിത്തീര്‍ത്തു. അപ്രതീക്ഷിതമായി വീണുകിട്ടിയ ഒരവസരം അങ്ങനെ മാഫിയ ആഘോഷമാക്കിയപ്പോള്‍ നഷ്ടപ്പെട്ടത് രണ്ടു ജീവനുകളായിരുന്നു, സനല്‍ എന്ന സാധാരണക്കാരന്റെയും ഹരികുമാര്‍ എന്ന പോലീസ് ഓഫീസറുടേയും. 

അപസര്‍പ്പക കഥകളെ മാറ്റിനിര്‍ത്തി, സനലിന്റെ മരണത്തെ യുക്തിസഹജമായും സമാധാനപരമായും ഒന്നു വിശകലനം ചെയ്താല്‍ നാം എത്തിച്ചേരുന്നത് ഈ നിഗമനങ്ങളിലാണ്.

ചോദ്യം 1: ഡി വൈ എസ് പി ആയ ഒരാള്‍, ഒരു പുരുഷാരം നോക്കി നില്‍ക്കുമ്പോള്‍, ഒരാളെ പിടിച്ചു പാഞ്ഞുവന്ന വാഹനത്തിനു മുന്നില്‍ തള്ളുമോ....?? അതിനുള്ള പ്രകോപനം എന്തു തന്നെ ആയാലും...???

ചോദ്യം 2: ഇനി, സനലിനെ ഹരികുമാര്‍ പാഞ്ഞുവന്ന വാഹനത്തിനു മുന്നിലേക്ക് മനപ്പൂര്‍വ്വം തള്ളിയിട്ടു കൊല്ലാന്‍ ശ്രമിച്ചു എന്നു തന്നെ സങ്കല്‍പ്പിക്കുക. സംഭവം കണ്ടു നിന്ന നാട്ടുകാര്‍ എന്താണു ചെയ്യേണ്ടത്...? ഡി വൈ എസ് പി യെ കയ്യേറ്റം ചെയ്യുകയാണോ പ്രധാനം...? അതോ പരിക്കേറ്റയാളെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുകയോ...?? രോക്ഷാകുലരായ അത്രയേറെ നാട്ടുകാര്‍ തടിച്ചു കൂടിയിട്ടും എന്തുകൊണ്ടാണ് അപകടത്തില്‍പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ആരുമില്ലാതെ പോയത്...?? പോലീസ് വരുന്നതിനു മുമ്പുതന്നെ നാട്ടുകാര്‍ക്ക് സനലിനെ ആശുപത്രിയില്‍ എത്തിക്കാമായിരുന്നു. പക്ഷേ, ഇത്രയേറെ പ്രതികരണ ശേഷിയുള്ള നാട്ടുകാരില്‍ ഒരാള്‍ പോലും അതിനു ശ്രമിക്കാതിരുന്നത് എന്തുകൊണ്ട്...??

ചോദ്യം 3: തന്റെ വാഹനമിടിച്ചു പരിക്കേറ്റ് മൃതപ്രായനായി കിടന്ന ഒരു നിസ്സഹായ മനുഷ്യനെ എടുത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ ഇടിച്ചിട്ട ആ വാഹനമോടിച്ചയാള്‍ എന്തു കൊണ്ടാണ് ശ്രമിക്കാതിരുന്നത്..?? അതായിരുന്നില്ലേ മര്യാദ..? എന്തുകൊണ്ട് അയാള്‍ അതു ചെയ്തില്ല...?? 

ചോദ്യം 4: ഡി വൈ എസ് പിയുടെ നിര്‍ദ്ദേശാനുസരണം സബ് ഇന്‍സ്‌പെക്ടര്‍ വന്നതിനു ശേഷമാണ് സനലിനെ ആശുപത്രിയിലേക്കു മാറ്റിയത്. എന്തിനായിരുന്നു ഈ കാലതാമസം...?? അപ്പോള്‍ സനല്‍ മരിക്കണമെന്ന് ആള്‍ക്കൂട്ടത്തില്‍ ആരൊക്കെയോ ആഗ്രഹിച്ചിരുന്നു എന്നു തന്നെയല്ലേ...?? ഡ്യൂട്ടി മാറാനായി പോലീസുകാര്‍ രണ്ടു മിനിറ്റു നഷ്ടപ്പെടുത്തി എന്ന് വ്യാകുലപ്പെടുന്ന ആരും ഇക്കാര്യങ്ങളെക്കുറിച്ച് തെരക്കാതിരുന്നത് എന്തുകൊണ്ട്...??

ചോദ്യം 5: സനലിനെ ഇടിച്ച കാര്‍ നിമിഷ നേരം കൊണ്ട് അപ്രത്യക്ഷമായത് എങ്ങനെ...?? ദുരൂഹത നിറഞ്ഞ ആ കാറിനെക്കുറിച്ച് എന്ത് അന്വേഷണമാണ് പോലീസുകാരും നാട്ടുകാരും നടത്തിയിട്ടുള്ളത്? 

ചോദ്യം 6: അത്രയേറെ ജനങ്ങള്‍ തടിച്ചുകൂടി നില്‍ക്കുന്ന ഒരുസ്ഥലത്തേക്ക് ശരവേഗത്തില്‍ ആ കാര്‍ പാഞ്ഞു വന്നത് എന്തിന്? എന്തായിരുന്നു ലക്ഷ്യം...?? ആ കാര്‍ ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നോ...?? അതോ മറ്റെന്തെങ്കിലും കാരണം ആ അമിത വേഗത്തിനു പിന്നില്‍ ഉണ്ടായിരുന്നോ...??

ചോദ്യം 7: മണല്‍-മണ്ണ്-ക്വാറി മാഫിയകളുടെ കണ്ണിലെ കരടായിരുന്ന ഡി വൈ എസ് പി ഹരികുമാറിന്റെ മരണം ആത്മഹത്യ തന്നെയോ അതോ അതൊരു കൊലപാതകമോ...?? 

ചോദ്യങ്ങള്‍ നിരവധിയാണ്. ഉത്തരം കണ്ടെത്തേണ്ടതായ നിരവധി പ്രസക്തമായ ചോദ്യങ്ങള്‍ ഉള്ളപ്പോള്‍, നിറം പിടിപ്പിച്ച കഥകള്‍ക്കു പിന്നാലെ പായാതെ, സത്യസന്ധമായ രീതിയില്‍ അന്വേഷണം നടത്തിയാല്‍, സനലിന്റെയും ഡി വൈ എസ് പി ഹരികുമാറിന്റെയും മരണത്തിനു പിന്നിലെ ദുരൂഹതകള്‍ മാറും, സംഭവത്തിനു പിന്നിലെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാനും കഴിയും. 

സനലിന്റെ വേദനാജനകമായ മരണവും ചില വസ്തുതകളും..........

സുഹൃത്ത് ബിനുവിന്റെ വീടിനു മുന്നിലെ റോഡില്‍ വാഹനം പാര്‍ക്കു ചെയ്ത ശേഷം ഡി വൈ എസ് പി ഹരികുമാര്‍ ബിനുവിന്റെ വീട്ടിലേക്കു കയറിപ്പോകുന്നു. ഭക്ഷണം കഴിക്കാനെത്തിയ സനല്‍, ഡി വൈ എസ് പിയുടെ വാഹനത്തിനു മുന്നിലായി സ്വന്തം വാഹനം പാര്‍ക്കു ചെയ്ത ശേഷം എതിര്‍വശത്തുള്ള സുല്‍ത്താന എന്ന ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുന്നു. ഇതിനിടയില്‍, ബിനുവിന്റെ വീട്ടില്‍ നിന്നും ഇറങ്ങിവരുന്ന ഹരികുമാര്‍, അദ്ദേഹത്തിന്റെ കാര്‍ എടുക്കാന്‍ പറ്റാത്ത വിധം മറ്റൊരു കാര്‍ കിടക്കുന്നതു കണ്ടിട്ട്, അതാരുടെ കാര്‍ ആണെന്ന് അന്വേഷിക്കുന്നു. കാറിന്റെ ഉടമ തൊട്ടടുത്ത കടയില്‍ ഭക്ഷണം കഴിക്കുകയാണ് എന്നറിഞ്ഞ് കാര്‍ മാറ്റാന്‍ ഹരികുമാര്‍ ആവശ്യപ്പെട്ടു. പക്ഷേ, കാറിന്റെ ഉടമ ഭക്ഷണം കഴിച്ച് കഴിഞ്ഞ് കൈ കഴുകി വരുന്നത് വരെ ഹരികുമാറിന് കാത്ത് നില്‍ക്കേണ്ടി വന്നു.

ഒരു പോലീസ് ഓഫീസറായ ഹരികുമാറിനെ ഇത് ചൊടിപ്പിച്ചു. (ഹരികുമാറിന്റെ സ്ഥാനത്ത് ഒരു സാധാരണക്കാരന്‍ ആയിരുന്നെങ്കിലും ഇതു തന്നെയാണ് സംഭവിക്കുക. പല പാര്‍ക്കിംഗ് ഏരിയകളിലും ഇത്തരത്തിലുള്ള അപമര്യാദകള്‍ കാണാറുള്ളതാണ്. പാര്‍ക്കു ചെയ്തിരിക്കുന്ന വാഹനങ്ങള്‍ക്ക് ഒരു തരത്തിലും പോകാന്‍ കഴിയാത്ത വിധത്തില്‍ മറ്റു വാഹനങ്ങള്‍ പാര്‍ക്കു ചെയ്തിരിക്കുന്നത്.) തന്റെ വഴി തടസപ്പെടുത്തി വാഹനം പാര്‍ക്ക് ചെയ്തതില്‍ പോലീസ് ഓഫീസറായ ഹരികുമാറിനും ദേഷ്യം തോന്നി. ഇതേത്തുടര്‍ന്ന്, സ്വാഭാവികമായും ഇരുവരും തര്‍ക്കത്തിലായി. ഹരികുമാര്‍ ഡി വൈ എസ് പി ആണെന്നറിയാതെ സനല്‍ ഇദ്ദേഹവുമായി തര്‍ക്കിക്കുകയും ഉന്തും തള്ളും ഉണ്ടാകുകയും ചെയ്തു. എന്നുമാത്രമല്ല, മദ്യലഹരിയിലായിരുന്ന സനല്‍ ഹരികുമാറിനെ അസഭ്യം പറയുകയും ചെയ്തു. (സനല്‍ മദ്യപിച്ചിരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നു.) വാക്കു തര്‍ക്കവും പിടിവലിയും കണ്ട് ഓടിക്കൂടിയ ആളുകളില്‍ ഒരാള്‍ ഡി വൈ എസ് പിയെ തിരിച്ചറിയുന്നു. താന്‍ വഴക്കുണ്ടാക്കുന്നയാള്‍ ഡി വൈ എസ് പിയാണ് എന്നറിഞ്ഞതും രക്ഷപ്പെടാനായി സനല്‍ ശ്രമിക്കുന്നു. 'പോലീസ് സ്റ്റേഷനില്‍ പോയിട്ട് നീ പോയാല്‍ മതി' എന്നു പറഞ്ഞ് ഹരികുമാര്‍ സനലിനെ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നു. ഹരികുമാറിന്റെ പിടിവിടുവിച്ച് കുതറിമാറിയ സനലിനെ അമിത വേഗത്തില്‍ പാഞ്ഞുവന്ന കാര്‍ ഇടിച്ചിടുന്നു. 

സംഭവിച്ചത് സങ്കടകരമായ ഒരു കാര്യം തന്നെയാണ്... തന്നിഷ്ടം പോലെ വാഹനമോടിക്കുകയും പാര്‍ക്കു ചെയ്യുകയും ചെയ്യുന്ന ആര്‍ക്കും ഇതെല്ലാം സംഭവിക്കാം. പക്ഷേ, ഒരു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ മാത്രം അതിനെക്കാള്‍ വലിയ ദുരന്തം മറ്റൊരാളും കുടുംബവും കൂടി അനുഭവിക്കേണ്ടി വരുന്നു... വാദിയും പ്രതിയും മരിച്ച സാഹചര്യത്തില്‍, ഇതിന്റെ ശരിതെറ്റുകള്‍ ഇനി ഏതു കോടതിയാണ് തീരുമാനിക്കുക...???

തന്റെ വാഹനത്തിനു മുന്നിലേക്ക് ഒരാള്‍ വന്നു വീണു എന്നാണ് സനലിനെ ഇടിച്ച വാഹനം ഓടിച്ചിരുന്നയാള്‍ പറഞ്ഞത്. ചാടിയതാണോ എടുത്തെറിഞ്ഞതാണോ എന്ന് അയാള്‍ക്കു നിശ്ചയമില്ല. അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് പറയുന്നു, ഹരികുമാര്‍ മനപ്പൂര്‍വ്വം സനലിനെ എടുത്തെറിയുകയായിരുന്നു എന്ന്. 

പക്ഷേ, ചിന്തിക്കൂ....! അപകടകരമാംവിധം വേഗത്തില്‍ വാഹനമോടിച്ച ഒരാള്‍ പറയുമോ തന്റെ വാഹനം അമിത വേഗത്തില്‍ ആയിരുന്നുവെന്ന്...?? അങ്ങനെ പറഞ്ഞാല്‍ ഉണ്ടായേക്കാവുന്ന നിയമ വശങ്ങളെക്കുറിച്ച് അറിവുള്ളവരാണ് വാഹനമോടിക്കുന്ന ഓരോരുത്തരും. 

വീണ്ടും പറയട്ടെ, സനല്‍ മരിച്ചത് അത്യന്തം വേദനാജനകമാണ്. പക്ഷേ, ആ മരണം സനലിന്റെ പിഴവുമൂലമുണ്ടായതാണ് എന്നു വന്നാല്‍, കാര്യങ്ങള്‍ അപ്പാടെ കുഴഞ്ഞു മറിയും. അതേസമയം, ഡി വൈ എസ് പി എടുത്തെറിഞ്ഞതു കൊണ്ടാണ് സനല്‍ മരിച്ചത് എന്നുവന്നാല്‍, കേസിനു ബലം കൂടും. തിരശീലയ്ക്കു പിന്നില്‍ നില്‍ക്കുന്നവരുടെ നിരവധി കാര്യങ്ങള്‍ ഇതിനോടൊപ്പം സാധ്യമാകുകയും ചെയ്യും. ഇടിച്ചിട്ട കാറിനും കാര്‍ ഓടിച്ചിരുന്നയാള്‍ക്കും രക്ഷപ്പെട്ടു പോവുകയും ചെയ്യാം. 

സ്വാഭാവികമായ പിടിവലിക്കിടയില്‍ നടന്ന അപകടമാണ് സനലിന്റെ മരണമെന്നു തെളിഞ്ഞാല്‍, 302 നിലനില്‍ക്കുമോ...? പക്ഷേ, ഇവിടെ ഡി വൈ എസ് പി ഹരികുമാറിനെതിരെ ചുമത്തിയിരുന്നത് 302 ആണ്. ഈ വകുപ്പു പ്രകാരമുള്ള കേസ് നിലനില്‍ക്കില്ല എന്നറിയാമായിരുന്നുവെങ്കിലും ഇദ്ദേഹത്തിനെതിരെ ഇത്തരത്തില്‍ കേസ് ചാര്‍ജ്ജ് ചെയ്യാന്‍ പോലീസ് നിര്‍ബന്ധിതരാവുകയായിരുന്നു. ഇതിനു കാരണം, വസ്തുതകള്‍ അറിയാതെ, സംഭവങ്ങളെ സെന്‍സേഷണലൈസ് ചെയ്ത മാധ്യമങ്ങള്‍ തന്നെയാണ്. ഈ തീ ആളിക്കത്തിക്കുകയാണ് ഡി വൈ എസ് പിയോടു കടുത്ത ശത്രുതയുണ്ടായിരുന്ന മണല്‍-മണ്ണ് മാഫിയകളും വിഷ്ണുപുരവും പെണ്ണുകേസില്‍ പെട്ട് സ്ഥാനം പോയ എം എല്‍ എ യും ചെയ്തത്. 

സനലിന്റെ മരണം കൊലപാതകമായിരുന്നുവെങ്കില്‍, 302 വകുപ്പു പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍, ഹരികുമാറിന് മരിച്ച സനലുമായി മുന്‍ വൈരാഗ്യം ഉണ്ടായിരിക്കണം. കൊല്ലാനുള്ള ഉദ്യേശത്തോടു കൂടി, മനപ്പൂര്‍വ്വം നടത്തുന്ന പ്രവൃത്തികളാണ് ഈ വകുപ്പിനു കീഴില്‍ വരുന്നത്. പക്ഷേ, ഹരികുമാറും സനലുമായി യാതൊരു മുന്‍പരിചയവുമില്ല. അതിനാല്‍ തന്നെ, ഈ വകുപ്പുപ്രകാരമുള്ള കേസ് നിലനില്‍ക്കുകയുമില്ല.

ഇവിടെ, അനാവശ്യമായി ബഹളം കൂട്ടി പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ മിനക്കെട്ടില്ല എന്നത് യാഥാര്‍ത്ഥ്യമല്ലേ...??

സ്വാഭാവികമായി സംഭവിച്ച ഒരു വാക്കു തര്‍ക്കത്തിന്റെ അനന്തര ഫലമായിരുന്നു സനലിന്റെ മരണം. അത് അത്യന്തം അപലപനീയവുമാണ്. പോലീസിന്റെ ഭാഗത്തു നിന്നും സംഭവിച്ച വീഴ്ച എന്ന മട്ടില്‍ ചൂണ്ടിക്കാട്ടാവുന്നത്, മെഡിക്കല്‍ കോളജിലേക്ക് എത്തിക്കാന്‍ വൈകിച്ച രണ്ടു മിനിറ്റാണ്. പക്ഷേ, സംഭവം കണ്ടുനിന്ന നാട്ടുകാര്‍ നഷ്ടപ്പെടുത്തിയ സമയവുമായി തട്ടിച്ചു നോക്കുമ്പോള്‍, ഈ രണ്ടുമിനിറ്റ് ഒരു നഷ്ടമേയല്ല. അവിടെ അനാവശ്യമായി ബഹളമുണ്ടാക്കിയതല്ലാതെ, ഒരാളുപോലും പരിക്കേറ്റ സനലിനെ ആശുപത്രിയില്‍ എത്തിക്കാന്‍ മിനക്കെട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 

സുഹൃത്ത് ബിനു വീട്ടില്‍ വേശ്യാലയം നടത്തിയിരുന്നുവെന്നും ഹരികുമാര്‍ അഴിമതിക്കാരനായിരുന്നുവെന്നും കഥകള്‍ പറയുന്നു. വാദത്തിനു വേണ്ടി ഇതു സത്യമാണ് എന്നു തന്നെ കരുതുക. ഹരികുമാര്‍ വഴിപിഴച്ചവനായിരുന്നു എന്നു തന്നെ കരുതുക. അപ്പോഴും, സനലിന്റെ മരണത്തിനു പിന്നിലെ കാരണം, ഹരികുമാറിന്റെ പരസ്ത്രീ ബന്ധമോ അഴിമതിയോ അല്ല. അഴിമതിക്കാരനായിരുന്നുവെങ്കില്‍ പോലും സനലുമായി യാതൊരു തരത്തിലും അതിനു ബന്ധമുണ്ടായിരുന്നുമില്ല. അതായത്, സ്റ്റേഷന്‍ ജാമ്യം കിട്ടാവുന്ന ഒരു കേസായിരുന്നു ഇത്. അത് ഹരികുമാറിനും നന്നായി അറിയാം. അപ്പോള്‍ പിന്നെ, ഈ കേസിനു പിന്നില്‍ കളിച്ചവര്‍ ആരെല്ലാം. ആരാണ് ഈ സംഭവങ്ങള്‍ ഇത്രയേറെ വഷളാക്കിയത്...?? 

ഈ സംഭവം കൊലപാതകമാണ് എന്നു വരുത്തിത്തീര്‍ത്താല്‍, ജാമ്യം കിട്ടാത്ത വകുപ്പു പ്രകാരമാവും ഹരികുമാര്‍ അറസ്റ്റിലാവുക. അതായത്, താന്‍ പിടികൂടി ജയിലിലാക്കിയ കള്ളന്മാര്‍ക്കും പിടിച്ചുപറിക്കാര്‍ക്കും ബലാത്സംഗികള്‍ക്കുമൊപ്പമാവും ജയിലില്‍ ഹരികുമാറും കിടക്കേണ്ടിവരിക. ഇത് അത്യന്തം മാനസിക സംഘര്‍ഷമുണ്ടാക്കുന്ന ഒരു കാര്യമാണ്. കടുത്ത അഴിമതിക്കാരനായിരുന്നു ഹരികുമാര്‍ എങ്കില്‍, ഏതൊരു പ്രതികൂല സാഹചര്യത്തെയും നേരിടാനുള്ള ചങ്കൂറ്റം ഇയാള്‍ക്കുണ്ടാകുമായിരുന്നു. പക്ഷേ, സത്യസന്ധമായി ജോലി ചെയ്തിട്ടും ഒടുവില്‍ തനിക്കു ലഭിച്ചത് ഇത്തരത്തില്‍ ഒരു വിധിയാണല്ലോ എന്ന മാനസിക പീഡനവും അദ്ദേഹത്തിന് ഉണ്ടായിരുന്നിരിക്കണം. 

ഡി വൈ എസ് പി ഹരികുമാറിന്റെ മരണം: അഭിഭാഷകനായ ആര്‍ ജയദേവന്‍ പറയുന്നതു കേള്‍ക്കുക....

മണല്‍-ക്വാറി മാഫിയകള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുകയും നിരവധി ക്രിമിനലുകളെ അഴിക്കുള്ളിലാക്കുകയും ചെയ്ത സത്യസന്ധനായ ഒരു പോലീസ് ഓഫീസറായിരുന്നു ഡി വൈ എസ് പി ഹരികുമാര്‍. കൈക്കൂലി വാങ്ങുന്നവനായിട്ടല്ല, മറിച്ച് സത്യത്തിനൊപ്പം നിലകൊണ്ട കഴിവുറ്റ ഒരു പോലീസ് ഓഫീസറായിരുന്നു അദ്ദേഹം. വെള്ളപ്പൊക്കസമയത്ത് നാട്ടുകാരെ സഹായിക്കാനും രക്ഷപ്പെടുത്താനും മുന്‍പന്തിയില്‍ നിന്നയാളായിരുന്നു അദ്ദേഹം. കൈക്കൂലിക്കാരനാണ് എന്ന് മാധ്യമങ്ങള്‍ മുദ്രകുത്തിയ ഈ മനുഷ്യന് പാരമ്പര്യമായി കിട്ടിയ വസ്തുവകകളല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. ഇതെല്ലാം സമഗ്രമായ ഒരന്വേഷണത്തിലൂടെ പോലീസിനു കണ്ടെത്താവുന്നതാണ്. ഇദ്ദേഹത്തിന്റെ ബാങ്ക് ബാലന്‍സും ഏത് അന്വേഷണ ഏജന്‍സിക്കും പരിശോധിക്കാവുന്നതാണ്. 

രണ്ട് മക്കളില്‍ ഒരാള്‍ കാന്‍സര്‍ വന്നു മരിച്ചതോടു കൂടി, ഒട്ടൊരു അധോമുഖനായിരുന്നു ഇദ്ദേഹം. ആറുമാസം മുമ്പ് അവസാനമായി അദ്ദേഹത്തെ കാണുമ്പോഴും വേദനയിലും വ്യസനത്തിലുമായിരുന്നു ഹരികുമാര്‍. എങ്കിലും, കോടതിയിലും മേലധികാരികളിലും വിശ്വാസവും പ്രതീക്ഷയും അനുസരണയുമുള്ള ഒരു പോലീസ് ഓഫീസറായിരുന്നു ഹരികുമാര്‍. കോടതിയോടും അഭിഭാഷകരോടും പൊതുജനങ്ങളോടും വളരെയേറെ ബഹുമാനമുണ്ടായിരുന്നു ഇദ്ദേഹത്തിന്. പ്രകോപനപരമായ ചോദ്യങ്ങള്‍ക്കു പോലും സമാധാനപരമായി ഉത്തരം നല്‍കുമായിരുന്നു. നീതി നിര്‍വ്വഹണത്തില്‍ കര്‍ശനമായ നിലപാടെടുത്തിരുന്ന ഇദ്ദേഹം കുറ്റവാളികള്‍ക്ക് ഒരു പേടീസ്വപ്നമായിരുന്നു. 

ഒരിക്കല്‍, മണല്‍-മണ്ണ് മാഫിയകളെ ഒന്നാകെ, വണ്ടിയുള്‍പ്പടെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച വ്യക്തിയാണ് ഡി വൈ എസ് പി ഹരികുമാര്‍. മാഫിയകളുടെ നൂറുകണക്കിന് വണ്ടികളാണ് ഒറ്റ ദിവസം കൊണ്ട് പോലീസ് സ്റ്റേഷനില്‍ പിടിച്ചിട്ടത്. വന്‍ തുക ഫൈന്‍ അടിച്ച ശേഷമാണ് ഈ വണ്ടികളെല്ലാം വിട്ടുകൊടുത്തത്. ഇതിലുള്ള വൈരാഗ്യമാണ് പ്രധാനമായും ഹരികുമാറിനെതിരെ ഒരു വിഭാഗം ആളുകള്‍ തിരിയാന്‍ കാരണം. ഈ മാഫിയയ്‌ക്കെതിരെ ശക്തമായ നിയമ നടപടികളാണ് ഡി വൈ എസ് പി ഹരികുമാര്‍ സ്വീകരിച്ചിട്ടുള്ളത്. 

ബിനുവുമായുള്ള കൂടിക്കാഴ്ച രഹസ്യമായിരുന്നുവെങ്കില്‍, ഹരികുമാറിന് സ്വന്തം കാര്‍ ആരും കാണാതെ പാര്‍ക്കു ചെയ്യാന്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാമായിരുന്നു. പക്ഷേ, ഹരികുമാറിന്റെ കാര്‍ പാര്‍ക്കു ചെയ്തിരുന്നത് പരസ്യമായിട്ടായിരുന്നു. പരസ്യമായിതന്നെയാണ് ഹരികുമാര്‍ ബിനുവിന്റെ വീടിനകത്തേക്കു കയറിപ്പോയത്. തിരിച്ച് ഇറങ്ങിവന്നതും പരസ്യമായിട്ടാണ്. ഹരികുമാര്‍ മദ്യപിച്ചിരുന്നു എന്നത് പച്ചക്കള്ളമാണ്. മകന്റെ മരണശേഷം ആരോടും അധികം സംസാരിക്കാതെ, ജോലിയില്‍ മാത്രം ശ്രദ്ധിച്ചു ജീവിച്ചു പോന്ന ഒരു പോലീസ് ഓഫീസറായിരുന്നു അദ്ദേഹം. കുടുംബമായി താമസിക്കുന്ന ഒരാളുടെ വീട്ടില്‍ അയാളുടെ സുഹൃത്ത് എത്തിയാല്‍ അത് അയാളുടെ ഭാര്യയുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടാനാണ് എന്ന് വരുത്തിത്തീര്‍ക്കുന്നതിനു പിന്നിലെ ചേതോവികാരം എന്ത്്...?? അതിനു പിന്നില്‍ ഗൂഢാലോചനയല്ലാതെ മറ്റെന്താണ്...?

കൈക്കൂലിക്കാരനാണ് എന്നും കാമഭ്രാന്തനാണ് എന്നും വേശ്യാലയത്തിലെ നിത്യ സന്ദര്‍ശകനാണ് എന്നും മറ്റുമുള്ള അപസര്‍പ്പക നോവലിനെയും വെല്ലുന്ന തരത്തിലുള്ള കള്ളക്കഥകള്‍ പടച്ചു വിടുന്നതിനു മുമ്പ് വസ്തുതകള്‍ ഒന്നു പരിശോധിക്കാന്‍ തീര്‍ച്ചയായും മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്. മാധ്യമങ്ങള്‍ പടച്ചു വിടുന്ന നിറം പിടിപ്പിച്ച കഥകള്‍ ശരിയെന്നു വിശ്വസിക്കുന്നവരാണ് ജനങ്ങള്‍. കള്ളം പ്രചരിപ്പിച്ച ശേഷം ശരികളെ എത്രശക്തമായി നിരത്തിയാലും കള്ളങ്ങള്‍ മാഞ്ഞുപോകില്ല. 

സനലിന്റെയും ഹരികുമാറിന്റെയും മരണങ്ങളെക്കുറിച്ച് സത്യസന്ധമായ അന്വേഷണമാണ് വേണ്ടത്. പക മൂത്ത മണല്‍-മണ്ണ്-ക്വാറി മാഫിയകളുടെ പകയ്ക്ക് ഇരയായി സ്വയം അരങ്ങൊഴിഞ്ഞതോ അതോ വിലങ്ങുതടിയായി നിന്ന സത്യസന്ധനായ ഒരു ഉദ്യേഗസ്ഥനെതിരെ പൊതുജനരോക്ഷം അഴിച്ചു വിട്ട് കൊലചെയ്യപ്പെടുകയായിരുന്നോ എന്ന് അന്വേഷണം നടത്തണം. ആള്‍ക്കൂട്ട വിചാരണയും വിധി നടപ്പാക്കലും പോലെതന്നെ ഭീകരമാണ് മാധ്യമ വിചാരണയും. അതിനാല്‍, ഈ പാപക്കറ കഴുകിക്കളഞ്ഞേ തീരൂ. അതിന് സത്യസന്ധമായ അന്വേഷണം അനിവാര്യമാണ്. തമസോമ ആവശ്യപ്പെടുന്നതും അതുതന്നെ. 

Tags: DYSP Harikumar, Sanal, Neyyattinkara murder case, 

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.