Header Ads

ബി ജെ പി വെറുക്കപ്പെട്ടവരായതിനു പിന്നിലെ കാരണങ്ങള്‍


Written by: Rudra Shah


ഒരു സുഹൃത്ത് എന്നോട് ചോദിക്കുകയുണ്ടായി എന്തുകൊണ്ടാണ് എനിക്ക് ഇത്രക്ക് ബി ജെ പി വിരോധം എന്ന്.. ആദ്യമേ അതിനുത്തരം പറയട്ടെ.. 

ഇതിനുമുന്‍പുള്ള സര്‍ക്കാരുകള്‍ നയിചിരുന്ന എല്ലാവരും മഹാത്മാക്കളായതു കൊണ്ടല്ല..
മോദിയെപ്പോലെ മുഖം മൂടിയണിഞ്ഞ ഒരു മനുഷ്യന്‍ പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്നിട്ടില്ല എന്നതുകൊണ്ടാണ്....

ഓര്‍ക്കുന്നുണ്ടോ.. 2014 മെയ് 16 നു പാര്‍ലമെന്റിനെ നമസ്‌ക്കരിച്ച് അതിനുള്ളിലേക്ക് കയറിയത്...

ഓര്‍ക്കുന്നുണ്ടോ.. അന്ന് ബി ജെ പി നിര്‍വാഹകസമിതി യോഗത്തില്‍ മോദി വികാരാധീനനായി പ്രസംഗിച്ചത്. ഒരമ്മക്ക് വേണ്ടി ചെയ്ത കടമക്ക് അമ്മ മകനോട് നന്ദി പറയുമോ എന്ന് ചോദിച്ച് കരഞ്ഞത്..?

ഓര്‍ക്കുന്നുണ്ടോ.. ആദ്യത്തെ തന്റെ സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ഒരച്ഛന്റെ വാല്‍സല്യത്തോടെ മറ്റൊരു പ്രധാനമന്ത്രിയും നടത്താത്ത രീതിയിലുള്ള പ്രസംഗം നടത്തിയത്..?

ഓര്‍ക്കുന്നുണ്ടൊ.. 50 ദിവസത്തിനുള്ളില്‍ നോട്ട് നിരോധനത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ തന്നെ പച്ചക്ക് കത്തിച്ചോളൂ എന്ന് പറഞ്ഞത്. താന്‍ തന്റെ രാജ്യത്തിനു വേണ്ടി വീടും കുടുംബവും ഉപേക്ഷിച്ചവനാണ് എന്ന് പറഞ്ഞ് നിലവിളിച്ചത്..

ഏതാണ്ട് 2015 അവസാനം വരെയൊക്കെ ഞാന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നത് ഹിന്ദുത്വം എന്ന ചെറിയ അജണ്ട മാറ്റി നിര്‍ത്തിയാല്‍ ബി ജെ പിക്ക് വോട്ട് ചെയ്യുന്നതില്‍ തെറ്റില്ല എന്നു തന്നെയായിരുന്നു. പക്ഷേ നീലക്കുറുക്കന്റെ യഥാര്‍ഥനിറം രാജ്യത്തിനു വെളിപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഹിന്ദുത്വം എന്ന അജണ്ടയല്ല മറിച് തീവ്ര ഹിന്ദുത്വം നടിച്ച് നല്ലവരായ ഹിന്ദുക്കളുടെ കൂടി കണ്ണില്‍ പൊടിയിട്ട് , ഹിന്ദുത്വം കേവലം അവരുടെ രാഷ്ട്രീയ ലാഭത്തിനും, പണത്തിനും വേണ്ടി മാത്രാമായി സനാധന ധര്‍മ്മമായ, ഭാരത സംസ്‌കാരമായ ഹിന്ദുത്വത്തെ ഈ കൂട്ടര്‍ വ്യഭിചരിച്ചു കീറി മുറിച്ചു.

ചോദിക്കേണ്ട ചോദ്യങ്ങളുണ്ട്. ശബരിമലക്കും അയോധ്യക്കും ഇടയില്‍ മറന്നുപോവാന്‍ പാടില്ലാത്തത്..

ആദ്യത്തെ ചോദ്യം ധൈര്യമുണ്ടോ എന്നാണ്. 

അച്ചാദിന്‍ വന്നു എന്ന് പറഞ്ഞ് വോട്ട് ചോദിക്കാന്‍..... 

വിദേശത്തും സ്വദേശത്തും ഉള്ള കള്ളപ്പണം പിടിച്ചു എന്ന് പറഞ്ഞു വോട്ട് ചോദിക്കാന്‍.....

പെട്രോളിനും ഡീസലിനും 50 രൂപയാക്കി എന്നു പറഞ്ഞു വോട്ട് ചോദിക്കാന്‍...

അമേരിക്കക്കാര്‍ ഇന്ത്യയില്‍ ജോലിക്ക് വേണ്ടി ക്യൂ നില്‍ക്കുന്നു എന്ന് പറഞ്ഞ് വോട്ട് ചോദിക്കാന്‍.....

ധൈര്യത്തിന് ഒരു കുറവും ഉണ്ടാവില്ലെന്നറിയാം. 
കാരണം ഉളുപ്പില്ലായ്മ തരുന്ന ഒരു ധൈര്യമുണ്ട്. പക്ഷേ അതുകൊണ്ട് ചോദ്യങ്ങളുടെ വായ മൂടിക്കെട്ടാനാവില്ല.

നോട്ട് നിരോധനം എന്ന ഭൂലോക മണ്ടത്തരം നടത്തിയ ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ തുഗ്ലക്ക് രണ്ടാമതും വോട്ട് ചോദിച്ച് നമ്മുടെ മുന്നിലേക്കെത്താന്‍ പോവുന്നത് കൃത്യമായ ഹിന്ദുത്വ അജണ്ടയോടെയാണ്. നമ്മുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക എന്ന സമീപനം തീര്‍ച്ചയായും അവര്‍ സ്വീകരിക്കാനിടയില്ല. പകരം ശ്രീധരന്‍ പിള്ള പറഞ്ഞ പോലെ അവര്‍ മുന്നിലേക്ക് വച്ച അജണ്ടയിലേക്ക് നമ്മള്‍ ഓരോരുത്തരായി വീഴുക അല്ലെങ്കില്‍ വീഴ്ത്തുക എന്ന സമീപനം തന്നെയാണു അവര്‍ സ്വീകരിക്കുക.

എങ്കിലും ചില ചോദ്യങ്ങള്‍ മറക്കാതിരിക്കുക.
1. എവിടെയാണു 100 സ്മാര്‍ട്ട് സിറ്റികള്‍..?
2. എവിടെയാണു 500 അമൃത് നഗരങ്ങള്‍..?
3. എന്തുകൊണ്ടാണു സ്വച്ച് ഭാരതിലൂടെ കഴിഞ്ഞ യു പി എ സര്‍ക്കാരിനേക്കാള്‍ കുറവു കക്കൂസുകള്‍ മാത്രം നിങ്ങള്‍ നിര്‍മ്മിച്ചത്..?
4. ആസൂത്രണ കമ്മീഷന്‍ പിരിച്ച് വിട്ട് നീതി ആയോഗ് ഉണ്ടാക്കിയിട്ട് നിങ്ങള്‍ എന്ത് മാറ്റമാണു പദ്ധതി നടത്തിപ്പില്‍ ഉണ്ടാക്കിയിട്ടുള്ളത്..?
5. നീരവ് മോദി ഈ നാട് വിടുന്നതിനുമുന്‍പേ വിദേശത്ത് താങ്കളുടെ കൂടെ ഫോട്ടോക്ക് പോസ് ചെയ്തത് എങ്ങനെയാണ്?
6. ബാങ്കുകള്‍ ജനങ്ങളെ ഊറ്റുന്നത് നാഴികക്ക് നാല്പതുവട്ടം ട്വിറ്ററില്‍ കേറുന്ന താങ്കള്‍ അറിയുന്നില്ലേ.. 
7. വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുന്നത് താങ്കള്‍ അറിയുന്നില്ലേ..
8. പ്രധാനമന്ത്രി ഉജ്വല്‍ യോജന വഴി എത്ര സ്ത്രീകള്‍ രണ്ടാമത്തെ സിലിണ്ടര്‍ വാങ്ങിച്ചു.. (ആദ്യത്തെ സിലിണ്ടര്‍ അവര്‍ വാങ്ങിയിട്ടുണ്ടാകാം. പക്ഷേ അവര്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നു എന്നതിന്റെ തെളിവാണ് രണ്ടാമത്തെ സിലിണ്ടര്‍)
9. ഗംഗാ ശുചീകരണം എന്തായി...? 

10. മാധ്യമങ്ങളുടെ അല്ലെങ്കില്‍ ജനങളുടെ ചോദ്യത്തിന് ഉത്തരം തരാന്‍ ഈ ഭരണാധികാരിക്ക് ധൈര്യം ഉണ്ടോ.....?

11. പ്രതിപക്ഷ പാര്‍ട്ടികളുടെ ചോദ്യത്തിന് എതിരെ കൊഞ്ഞനം കുത്തുക അല്ലെങ്കില്‍ അവര്‍ക്കെതിരെ മിമിക്രി കാട്ടുന്ന ഒരു പ്രധാനമന്ത്രി നാളിതുവരെ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടോ.....? 

12. ഇന്നേവരെ രാജ്യത്തിന്റെ കരുതല്‍ ധനം എടുത്തു പുട്ടടിക്കാന്‍ റിസര്‍വ് ബാങ്കിനോട് ചോദിച്ച് നാണം കെട്ട ഒരു ഭരണാധിപന്‍ നമുക്ക് ഉണ്ടായിട്ടുണ്ടോ.....???

**********
നല്ല ഭാരതം പ്രതീക്ഷിച്ചു കൊണ്ട്
വിശ്വാസപൂര്‍വ്വം
ഒരു ഭാരതീയന്‍??

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.