ഇന്ത്യയിലാദ്യമായി ‘ഹിന്ദു’ അപകടത്തിലായത് എപ്പോഴാണെന്ന് അറിയാമോ?
Written by: Kamarudheen Amayam
ശബരിമല സമരം കൊടുമ്പിരികൊണ്ടിരിക്കുന്ന ഈ സമയത്തു സംഘപരിവാർ നേതാക്കൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വാചകമാണ് ‘ഹിന്ദു അപകടത്തിലാണ്’ എന്നത്. ഇത് കേരളത്തിൽ ആദ്യമായാണ് കേൾക്കുന്നതെങ്കിലും ഉത്തരേന്ത്യയിൽ സ്ഥിരമായി പ്രസംഗിച്ചു കൊണ്ടിരിക്കുന്ന സംഘപരിവാർ വാചകമാണ്. ശരിക്കും ആദ്യമായി സ്വതന്ത്ര ഇന്ത്യയിൽ ഈ വാചകം ഒരു മുദ്രാവാക്യമായി ഉയർന്നു വന്നത് എപ്പോഴാണ് എന്ന് അറിയാമോ?
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ, അതായത് 1949ലാണ് അന്നത്തെ ഭരണഘടനാ നിർമ്മാണ സഭയിൽ നമ്മുടെ ഭരണഘടന ശില്പി ഡോക്ടർ ബി ആർ അംബേദ്കർ ഒരു പുതിയ ബില്ല് അവതരിപ്പിച്ചത്. അതിൻറെ പേരാണ് “ഹിന്ദുകോഡ് ബിൽ”. അതായത് വിവാഹവും പാരമ്പര്യ സ്വത്തവകാശവും ഉൾപ്പടെ ജനനം മുതൽ മരണംവരെ ഹിന്ദുക്കളുടെ എല്ലാ കാര്യങ്ങളും ഒരു നിയമം വഴി ഏകീകരിക്കാനും കൃത്യമായ നിയമ സംവിധാനത്തിന് കീഴിൽ കൊണ്ടുവരാനും ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു ബില്ലായിരുന്നു ഇത്. ഈ ബിൽ പ്രകാരം രണ്ടു വ്യത്യസ്ത ജാതികളിൽപ്പെട്ട ആണിനും പെണ്ണിനും പരസ്പരം വിവാഹം കഴിക്കുവാനുള്ള നിയപരമായ അധികാരവും ഉണ്ടായിരുന്നു.
എന്നാൽ അന്നുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും രൂക്ഷമായ കലാപത്തോടെയാണ് സംഘപരിവാർ ഈ പുതിയ നിയമത്തെ നേരിട്ടത്. എതിർപ്പ് രൂക്ഷമായിരുന്ന ഒരുഘട്ടത്തിൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു ഭരണഘടനാ നിർമ്മാണ സഭയിൽ തന്നെ ഒരുകാര്യം പ്രഖ്യാപിക്കുകയുണ്ടായി- ഒന്നുകിൽ ഈ ബിൽ പാസാക്കും അല്ലെങ്കിൽ ഞാൻ പ്രധാനമന്ത്രി പദം രാജിവയ്ക്കും. അത്രമാത്രമായിരുന്നു അംഗങ്ങളുടെയും ഹിന്ദു നേതാക്കളുടെയും സന്യാസിമാരുടേയും എതിർപ്പ്.
സ്വാമി കൃപത്രി മഹാരാജ്, ഹിന്ദു മഹാസഭയുടെ സ്ഥാപക നേതാവ് ശ്യാമപ്രസാദ് മുഖർജി, പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ, കോൺഗ്രസ് പ്രസിഡന്റ് പട്ടാഭി സീതാരമയ്യ തുടങ്ങി ഒട്ടേറെ പേർ ഈ ബില്ലിനെതിരെ അരയും തലയും മുറുക്കി രംഗത്തെത്തി. ഭരണഘടനാ നിർമ്മാണ സഭയിലും അതിനെ തുടർന്ന് വന്ന ആദ്യ പാരലമെൻറിലും. ദിവസങ്ങളോളം ചർച്ച നടന്നു. ബില്ലിനെ എതിർക്കുന്നവരുടെ ന്യായങ്ങളിൽ ഒട്ടനവധിയുണ്ടായിരുന്നു. എന്തിന് ഹിന്ദുക്കൾക്ക് മാത്രം ഇങ്ങനെ ഒരു നിയമം? എന്തുകൊണ്ട് യൂണിഫോം സിവിൽ കോഡ് ഉണ്ടാക്കിയില്ല? എന്തിന് ഹിന്ദുധർമ്മത്തെ മാത്രം സർക്കാർ ലക്ഷ്യംവയ്ക്കുന്നു? അങ്ങനെ നീളുന്നു സ്ഥിരം പട്ടിക.
ഹിന്ദുധർമ്മത്തെ തകർക്കാനും അതിന്റെ അസ്ഥിത്വത്തെത്തന്നെ ഇല്ലായ്മ ചെയ്യാനും വേണ്ടി മാത്രമാണ് ഇങ്ങനെ ഒരു ബിൽ എന്ന രൂപത്തിലായിരുന്നു സംഘപരിവാറിന്റെ വിലയിരുത്തൽ. സന്യാസിമാർ തുടങ്ങി ഹിന്ദുമഹാസഭയും ആർ എസ് എസ് നേതാക്കളും പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. ഉത്തരേന്ത്യ മുഴുവൻ നെഹ്‌റുവിൻറെ കോലങ്ങൾ കത്തിച്ചു. ആയിരക്കണക്കിന് ആൾക്കാർ പങ്കെടുത്തുകൊണ്ടുള്ള കൂറ്റൻ പ്രകടനങ്ങൾ നടന്നു. പക്ഷേ നെഹ്‌റുവിനെ ശരിക്കും അലട്ടിയിരുന്ന വിഷയം കോൺഗ്രസിന് പുറത്തുള്ള ശത്രുക്കളെ ആയിരുന്നില്ല, മറിച്ച് കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ ഈ ബില്ലിനെതിരെ ഉയർന്ന പ്രതിഷേധങ്ങളെ ആയിരുന്നു.
ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായ ഡോക്ടർ രാജേന്ദ്രപ്രസാദ് ഈ ബില്ലിൻറെ ശക്തനായ വിരോധിയായിരുന്നു. അദ്ദേഹം നെഹ്‌റുവിന് ആദ്യശാസനം നൽകി. ഈ ബിൽ പാസാക്കുകയാണെങ്കിൽ രാഷ്ട്രപതി എന്ന രൂപത്തിൽ തന്റെ വിശേഷ അധികാരമുപയോഗിച്ച് ഈ ബില്ലിനെ എതിർക്കും.
നെഹ്‌റു എത്ര ശക്തമായി ഈ ബില്ലിനെ പാസാക്കുവാൻ വേണ്ടി പരിശ്രമിച്ചിരുന്നുവോ അത്രയും തന്നെ എതിർപ്പുകൾ ഇതിനെതിരെയും ഉയർന്നുവന്നു. കോൺഗ്രസ് പാർട്ടിക്കുള്ളിൽനിന്നും പൊതുസമൂഹത്തിൽ നിന്നും അതിഭീകരമായി എതിർപ്പാണ് ആ കാലഘട്ടത്തിൽ നേരിടേണ്ടിവന്നത്. കാരണം ഈ ബിൽ അവതരിപ്പിച്ച അംബേദ്കർ അന്നത്തെ സവർണ വർഗീയവാദികളുടെ കണ്ണിലെ കരടായിരുന്നു. ഈ ബില്ലിലെ പല വ്യവസ്ഥകളും അവർക്ക് എതിരാണ് എന്നും, അതുവഴി ഹിന്ദു സമൂഹത്തിനു തന്നെ എതിരാണ് എന്നും അവർ പ്രചരിപ്പിച്ചു. ഒരു ഘട്ടത്തിൽ പ്രതിഷേധക്കാർ അംബേദ്കറോട് നിങ്ങളെന്തിനാണ് ഞങ്ങളുടെ ഹിന്ദുധർമ്മത്തിൽ ഇടപെടുന്നതെന്നുപോലും ചോദിച്ചു.
സെപ്റ്റംബർ 1951 ൽ നെഹ്‌റു ഏറ്റവും സുപ്രധാനമായ തീരുമാനം പാർലമെൻറിൽ പ്രഖ്യാപിച്ചു. ബിൽ പിൻവലിച്ചുവെന്നുള്ളതായിരുന്നു അത്. ഇത് അംബേദ്കർക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. ഈ തീരുമാനത്തിൽ പ്രതിഷേധിച്ച് അംബേദ്കർ ആദ്യ മന്ത്രിസഭയിൽ നിന്നും രാജിവെച്ചു. അവിടം കൊണ്ടും തീർന്നില്ല. ഇന്ത്യയുടെ ആദ്യ പൊതുതെരഞ്ഞെടുപ്പിൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെതിരെ ജനസംഘവും ഹിന്ദുമഹാസഭയും ഒരു സന്യാസിയെ മത്സരിപ്പിച്ചു. ബ്രഹ്മചാരി പ്രഭുദത്ത്.
അദ്ദേഹത്തിൻറെ തെരഞ്ഞെടുപ്പ് ശൈലി പ്രത്യേകതകളുള്ളതായിരുന്നു. അദ്ദേഹം തിരഞ്ഞെടുപ്പ് വേദികളിൽ ഗംഭീരമായ പ്രസംഗങ്ങൾ നടത്തിയില്ല. പകരം ഒരു വേദിയിൽ വന്ന് മൗനമായി മിണ്ടാതിരിക്കും. അദ്ദേഹത്തിന് അനുയായികൾ രാമനാമജപവും മറ്റ് മന്ത്രോച്ചാരണങ്ങളും ആയി അവിടെ കൂടും. ഇതിനുശേഷം ഹിന്ദു കോഡ് ബില്ലിനെതിരെ അച്ചടിച്ച പ്രസ്താവന വിശ്വാസികൾക്കിടയിൽ വിതരണം ചെയ്യും. ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണ രീതി. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബ്രഹ്മചാരി പ്രഭുദത്ത് അമ്പേ പരാജയപ്പെട്ടു. കെട്ടിവെച്ച കാശ് പോലും കിട്ടാത്ത രീതിയിയിലായിരുന്നു തെരഞ്ഞെടുപ്പ് പരാജയം. കോൺഗ്രസ് നാനൂറിലധികം സീറ്റ് നേടി അധികാരത്തിൽ തിരിച്ചെത്തി.
അധികാരത്തിൽ തിരിച്ചെത്തിയ ഉടൻ നെഹ്‌റു ഹിന്ദു കോഡ് ബിൽ നാല് വ്യത്യസ്ത ഭാഗങ്ങളായി തിരിച്ചു . Hindu Marriage Act, Hindu Succession Act, Hindu Minority and Guardianship Act, and Hindu Adoptions and Maintenance Act. എന്നിങ്ങനെ നാല് വ്യത്യസ്ത ഭാഗങ്ങളായി തിരിച്ച് നാലായി അവതരിപ്പിച്ചു പാർലമെൻറിൽ പാസാക്കി. ഇന്ത്യ കണ്ട ഏറ്റവും പുരോഗമനപരമായ നിയമമായിരുന്നു അത്. പക്ഷെ ഈ ബില്ല് പാസാക്കുന്നത് കാണാൻ അന്ന് ഡോക്ടർ ബി ആർ അംബേദ്കർ അവിടെ ഇല്ലായിരുന്നു. ആ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് വിജയിക്കാനായില്ല. പക്ഷേ ഭരണഘടനാ ശില്പിയുടെ സ്വപ്നമായിരുന്നു ഹിന്ദു കോഡ് ബിൽ.
നാല് വ്യത്യസ്ത ഭാഗങ്ങളായിട്ടായിരുന്നുവെങ്കിലും അത് ഇന്ന് ഇന്ത്യയുടെ നിയമമാണ്. നമ്മൾ ഇന്ന് കാണുന്ന മുഴുവൻ പുരോഗതിക്കും അടിസ്ഥാനമിട്ടത് ഈ ബില്ലാണ്. ഹിന്ദു മതം എന്നും പുരോഗതിയെ ഇരു കൈനീട്ടി സ്വീകരിച്ച മതമായിരുന്നു. പക്ഷെ ആ പ്രക്രിയ ഇതുപോലത്തെ പല പ്രതിസന്ധികളെയും തരണം ചെയ്തായിരുന്നു എന്ന് മാത്രം.
ചിലർ കാലാകാലങ്ങളായി ഉയർത്തി കൊണ്ടിരിക്കുന്നത് ഹിന്ദു അപകടത്തിലാണ്, ഹിന്ദുമതത്തിൽ മാത്രമാണ് എല്ലാ സർക്കാരുകളും നിയമസംവിധാനങ്ങളും കുതിരകയറുന്നത് എന്നൊക്കെയാണ്. വർഷങ്ങൾ കഴിഞ്ഞെങ്കിലും മുദ്രാവാക്യങ്ങൾക്ക് മാത്രം യാതൊരു വ്യത്യാസവുമില്ല. ഇവരൊക്കെ നിലനിൽക്കുന്നിടത്തോളം അന്നും ഇന്നും എന്നും നാട് അപകടത്തിലാണ് എന്നുള്ളതാണ് യാഥാർത്ഥ്യം.
അഭിപ്രായങ്ങളൊന്നുമില്ല