Header Ads

തുല്യനീതിയും ജനാധിപത്യവും ഭരണഘടനയും ഉണ്ടെങ്കിലേ ഇക്കാണുന്ന നമ്മള്‍ ഉള്ളു: കെ ആര്‍ മീരശബരിമലയില്‍ യുവതികള്‍ കയറിയാല്‍ സ്ത്രീകളുടെ എല്ലാപ്രശ്‌നങ്ങളും തീരുമോ എന്ന ചോദ്യമാണ് ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിയെ അംഗീകരിക്കുന്നവര്‍ നേരിടുന്നതില്‍ ഏറ്റവും പ്രധാനം. ഇതുമായി ബന്ധപ്പെട്ട് കവി സുഗതകുമാരിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് എഴുത്തുകാരി കെ ആര്‍ മീര എഴുതുന്നു. ശബരിമലയില്‍ സ്ത്രീപ്രവേശനം സാധ്യമായാല്‍ ലിംഗനീതി ഉറപ്പാക്കാനാവില്ലെന്നായിരുന്നു സുഗതകുമാരി പ്രതികരിച്ചത്. ശബരിമല പ്രവേശനം സാധ്യമായാല്‍ ഇവിടുത്തെ സ്ത്രീകളുടെ പദവി ഉയരുമോ എന്നും കേരളത്തില്‍ സ്ത്രീകള്‍ക്ക് മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലേ എന്നും സുഗതകുമാരി പ്രതികരിച്ചിരുന്നു.

അതിന് ശേഷമാണ് ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സൂക്ഷ്മ രാഷ്ട്രീയ വശങ്ങള്‍ വ്യക്തമാക്കി സുഗതകുമാരിക്ക് കെആര്‍ മീര തുറന്ന കത്തെഴുതിരിക്കുന്നത്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ശബരിമല സ്ത്രീ പ്രവേശനത്തിന്റെ രാഷ്ട്രീയവും സംഘപരിവാര്‍, കോണ്‍ഗ്രസ് കൂട്ടുകെട്ടിന്റെ ഭീകരാവസ്ഥയും ലിംഗനീതിയുടെ രാഷ്ട്രീയവും വ്യക്തമാക്കിയിരിക്കുന്നത്.കെആര്‍ മീരയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:

അക്ഷരം കൊണ്ടും കവിത കൊണ്ടും എനിക്ക് അമ്മയാണു സുഗതകുമാരി ടീച്ചര്‍. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്നു വരെ ടീച്ചര്‍ എഴുതിയ എല്ലാ കവിതകളും മന:പാഠമായിരുന്നു. അതിനുശേഷം കവിത മന:പാഠം പഠിക്കാന്‍ സമയം കിട്ടിയില്ല. അതിനുള്ള കഴിവും നഷ്ടപ്പെട്ടു. എങ്കിലും അതു വരെ പഠിച്ച കവിതകളും ആ കവിതകളില്‍നിന്നു ലഭിച്ച പുരോഗമനാശയങ്ങളും അമ്മയുടെ മുലപ്പാല്‍ പോലെ രക്തത്തിലുണ്ട്. മരിക്കുന്നതുവരെയും അതുണ്ടാകും. പക്ഷേ, വര്‍ത്തമാനകാലത്തെ ഈ ദശാസന്ധിയില്‍ സങ്കുചിതമായി ചിന്തിക്കുകയും അത്തരം ചിന്തകള്‍ പ്രചരിപ്പിക്കുകയും ചെയ്താല്‍ അമ്മയായാലും ഗുരുവായാലും എതിര്‍ക്കേണ്ടി വരും. അത് ആദരവില്ലായ്മ കൊണ്ടല്ല. ഭാവി തലമുറകളെ കുറിച്ചുള്ള ഉല്‍ക്കണ്ഠയും കരുതലും കൊണ്ടാണ്.

ശബരിമല സ്ത്രീപ്രവേശനത്തെക്കുറിച്ചു സുഗതകുമാരി ടീച്ചറുടേതായി രണ്ടു പ്രസ്താവനകള്‍ കണ്ടു. വിശ്വാസികളായ സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണം എന്നായിരുന്നു ആദ്യത്തേത്. പുരുഷന്‍മാരെ പോലും പ്രവേശിപ്പിക്കരുതെന്നാണു തന്റെ അഭിപ്രായമെന്നും. തനിക്ക് ഉല്‍ക്കണ്ഠ ശബരിമലയുടെ പരിസ്ഥിതിയിലാണ് എന്നും രണ്ടാമത്തേത്. 'പത്തിരുപത്തിയയ്യായിരം പോലീസുകാര്‍ നാമജപം നടത്തിയിരുന്ന പാവപ്പെട്ട ഭക്തരെ തല്ലിയോടിച്ചെന്നും ടീച്ചര്‍ പ്രസ്താവിച്ചു. അനാരോഗ്യം കാരണം വ്യക്തമായി കാര്യങ്ങള്‍ പറയാന്‍ ബുദ്ധിമുട്ടുണ്ട് എന്നും ടീച്ചര്‍ പറഞ്ഞു. പക്ഷേ, ടീച്ചര്‍ ആഗ്രഹിച്ചിട്ടാണെങ്കിലും അല്ലെങ്കിലും ടീച്ചറുടെ അഭിപ്രായമായി മിക്കവാറും മാധ്യമങ്ങളില്‍ പ്രചരിച്ചത് ഒരു ചോദ്യമാണ്. കേരളത്തിലെ സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ശബരിമല പ്രവേശനമാണോ എന്ന ചോദ്യം. അതെക്കുറിച്ചാണ് എനിക്കു പറയാനുള്ളത്.

അതെ, ഇപ്പോള്‍ കേരളത്തിലെ സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഇതുതന്നെയാണ്, ടീച്ചര്‍. കാരണം ഇപ്പോള്‍ ഇതു കേവലം സ്ത്രീയുടെ പ്രശ്നമല്ല. ലിംഗനീതിയുടെ മാത്രം പ്രശ്നമല്ല. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനോടുള്ള പ്രതിഷേധവും അശാന്തിയും ഇന്ന് ഒരേ സമയം ഒരു ഭരണഘടനാ പ്രതിസന്ധിയും സാമൂഹിക സമത്വത്തിനുള്ള ഭീഷണിയും രാഷ്ട്രീയ ആര്‍ജവത്തിന്റെ നിഷേധവും യഥാര്‍ഥ ആത്മീയതയ്ക്കു നേരേയുള്ള ആക്രമണവുമാണ്. എല്ലാത്തിലുമേറെ അത് അജ്ഞതയുടെ ആഘോഷവും യുക്തിയുടെയും ശാസ്ത്രീയതയുടെയും പുരോഗമനാശയങ്ങളുടെയും തിരസ്‌കരണവുമാണ്. അങ്ങനെ അതു കേരളത്തിന്റെ സര്‍വതലസ്പര്‍ശിയായ ഒരു ഗുരുതരപ്രശ്നമാണ്.

കുറച്ചു സ്ത്രീകള്‍ മല കയറുന്നതോ കയറാതിരിക്കുന്നതോ കൊണ്ടു തീരുന്നതല്ല, ഈ പ്രശ്നം. കാരണം, ഈ പ്രശ്നത്തിന്റെ അടിസ്ഥാനം ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. രാജ്യത്തെ പരമോന്നത കോടതിയുടെ വിധി നടപ്പാക്കാന്‍ ഗവണ്‍മെന്റിനും പൗരന്‍മാര്‍ക്കുമുള്ള പ്രതിബദ്ധതയാണ്. ലളിതമാക്കിയാല്‍, ഒരു ജനാധിപത്യ പരമാധികാര രാഷ്ട്രത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ നിലനിര്‍ത്തണോ വേണ്ടയോ എന്നതാണു ചോദ്യം. സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് പന്ത്രണ്ടു വര്‍ഷം ഇഴകീറി പഠിച്ചു പരിശോധിച്ചു പ്രസ്താവിച്ച വിധിന്യായമാണോ ചരിത്രത്തിനും പൗരധര്‍മ്മത്തിനും അടിസ്ഥാന വിജ്ഞാനത്തിനും വില കല്‍പ്പിക്കാതെ സ്വന്തം മടിശീല മാത്രം പ്രധാനമായി കണക്കാക്കുന്നവരുടെ നിക്ഷിപ്തതാല്‍പര്യങ്ങളാണോ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഒരു സമൂഹവും മതവിശ്വാസികളും സ്വീകരിക്കേണ്ടത് എന്നതിലാണു തര്‍ക്കം. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ അനുവദിക്കുകയില്ല എന്നും അതു നടപ്പാക്കിയാല്‍ രക്തപ്പുഴ ഒഴുക്കും എന്നും രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി വെല്ലുവിളിക്കുന്നതു നഗ്നമായ അധികാരമോഹം കൊണ്ടാണോ വിശ്വാസികളോടുള്ള പ്രതിബദ്ധത കൊണ്ടാണോ എന്നതിലാണ് ഉല്‍ക്കണ്ഠ.

സുപ്രീംകോടതി അനുവദിച്ച സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നതു വഴി സാമൂഹിക സമത്വം എന്ന ആശയം അട്ടിമറിക്കപ്പെടുന്നത് എങ്ങനെയെന്നു വിവരിക്കേണ്ടതില്ല. വിധിയെ എതിര്‍ക്കുന്നവര്‍ അവരുടെ വാദങ്ങള്‍ക്കു ന്യായീകരണമായി ഉയര്‍ത്തിക്കാട്ടുന്ന നിയമാവലികള്‍ ഏതു കാലത്തേതാണ്, അവ ആരുടെ മേല്‍ക്കോയ്മയാണു നിലനിര്‍ത്തുന്നത്, അവ ആര്‍ക്കാണ് ആത്യന്തികമായി പ്രയോജനപ്പെടുന്നത്, അവ ഏതുവിധത്തിലാണു പുരോഗമനാശയങ്ങള്‍ക്ക് എതിരാകുന്നത് എന്നു പരിശോധിച്ചാല്‍ അതു വ്യക്തമാകും. ഈ പ്രശ്നം ആര്‍ത്തവത്തോടുള്ള എതിര്‍പ്പില്‍ തുടങ്ങി, ആര്‍ത്തവമുള്ള സ്ത്രീ ശരീരത്തോടുള്ള എതിര്‍പ്പായി വളര്‍ന്ന് ജാതിദ്വേഷവും മതഭ്രാന്തും അജ്ഞതയുടെയും അബദ്ധങ്ങളുടെയും ആഘോഷവും ആയി പരിണമിക്കുകയാണ്. മഹാപ്രതിഭയായ ടീച്ചറും ടീച്ചറുടെ കവിതകള്‍ ഉരുവിട്ടു വളര്‍ന്ന ഞാനും എനിക്കു പിന്നാലെ വന്ന തലമുറകളും ഇതിനു ദൃക്സാക്ഷികളും ഇരകളുമാകുകയാണ്. അങ്ങനെ ലിംഗനീതി എങ്ങനെ സമൂഹത്തെ അസ്വസ്ഥമാക്കുന്നു എന്ന് ഒരിക്കല്‍ക്കൂടി തെളിയുകയാണ്.

മൂന്നാമതായി, സ്ത്രീകള്‍ ശബരിമല കയറുന്നതിനെതിരെ സമരമുഖത്തുള്ള രാഷ്ട്രീയ കക്ഷികളെ പിന്തുണയ്ക്കുമ്പോള്‍ അതുവഴി രാഷ്ട്രീയക്കാര്‍ക്ക് ആര്‍ജവം ആവശ്യമില്ല എന്ന അപകടകരമായ പാഠത്തെ പ്രോല്‍സാഹിപ്പിക്കുകയാണ്. സ്ത്രീ പ്രവേശനത്തിനു വേണ്ടി ആദ്യം വാദിച്ചതും ഇപ്പോഴും പിന്തുണയ്ക്കുന്നതും കേരളത്തിനു പുറത്തുള്ള ഹിന്ദുത്വ സംഘടനകളായിരുന്നു എന്നത് മറച്ചു പിടിച്ച്, സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിക്കുന്നതു ഭരണഘടനാ ലംഘനമാണ് എന്നു ചൂണ്ടിക്കാട്ടി കേസു കൊടുത്തവര്‍ ഹിന്ദുത്വ സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് എന്ന സത്യത്തെക്കുറിച്ചു മൗനം പാലിച്ച്, തന്റെ കുടുംബത്തിന്റെ വരുമാനം നഷ്ടപ്പെടുമോ എന്ന ആധിയില്‍ ടെലിവിഷന്‍ ചാനലുകളില്‍ ഇരുന്നു വിഷം തുപ്പിയ ചെറുപ്പക്കാരന്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കുമെന്നു കണ്ട് അതുവരെ സ്വീകരിച്ച നിലപാട് പാടെ മറന്നു കളഞ്ഞു വിശ്വാസികളെ സ്നേഹിക്കാന്‍ തുടങ്ങിയ ബി.ജെ.പിയും ആര്‍.എസ്.എസും ഉള്‍പ്പെടെയുള്ള ഹിന്ദുത്വ സംഘടനകളും തങ്ങളുടെ നേതാവിനെ പപ്പു മോന്‍ എന്ന് അധിക്ഷേപിക്കുന്നവര്‍ക്ക് പിന്നില്‍ അണിനിരന്ന കോണ്‍ഗ്രസ് എന്ന മഹാസംഘടനയും റദ്ദാക്കുന്നത് രാഷ്ട്രീയത്തിലെ ആദര്‍ശത്തെയും ആര്‍ജവത്തെയുമാണ്.

അടുത്തതു മതപരവും ആത്മീയവുമായ പ്രതിസന്ധി: ഇനിമേല്‍ ഹിന്ദുമതത്തെ സനാതനമായ ഒറ്റ മതമായി കാണണോ ഓരോ ക്ഷേത്രത്തിലെ ഓരോ മൂര്‍ത്തിക്കും ഓരോ നിയമാവലിയുള്ള ഓരോ മതമായി കണക്കാക്കണോ?. ശബരിമലയില്‍ യഥാര്‍ഥ പ്രതിഷ്ഠ ആരുടേതാണെന്നതും അവിടെ നടത്തുന്ന പൂജാവിധികള്‍ ഏത് ആചാരപ്രകാരമാണ്, ഏതു ധ്യാനശ്ലോകമാണു ചൊല്ലുന്നത് എന്ന ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാന്‍ കോടതി വിധിയെ എതിര്‍ക്കുന്നവര്‍ മെനക്കെടുന്നില്ല. തത്വമസി എന്ന വാക്യം അമ്പലത്തിന്റെ നെറ്റിയില്‍ എഴുതി പ്രദര്‍ശിപ്പിക്കാനുള്ളതാണോ അതോ ഭക്തര്‍ക്ക് സ്വന്തം ജീവിതത്തിലും കാഴ്ചപ്പാടുകളിലും പകര്‍ത്താനുള്ളതാണോ എന്ന സംശയം ദൂരീകരിക്കുന്നില്ല. എല്ലാത്തിനുമുപരി, ദൈവത്തിന്റെ മുമ്പില്‍ സ്ത്രീയും പുരുഷനും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയും തമ്മില്‍ എന്തു വ്യത്യാസം എന്നു വ്യക്തമാക്കുന്നില്ല.

ശബരിമല പ്രവേശനം കേരളത്തിലെ സ്ത്രീകള്‍ ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായിത്തീരുന്നത്, സുഗത കുമാരി ടീച്ചര്‍, മേല്‍പ്പറഞ്ഞ കാരണങ്ങളെല്ലാം കൊണ്ടാണ്. ആ വിധിയെ എതിര്‍ക്കുന്നത്, ആനന്ദ് പറഞ്ഞതു പോലെ, ഇതു ചരിത്രത്തിലൂടെ വന്ന വഴി പിന്നോട്ടു നടക്കലാണ്. എം.ടി. വാസുദേവന്‍നായര്‍ പറഞ്ഞതുപോലെ കേരളത്തെ പിന്നോട്ടടിക്കലാണ്. എം.കെ. സാനു മാഷും എം ലീലാവതി ടീച്ചറും വളരെ കൃത്യമായി ഇതിന്റെ പുരോഗമനവിരുദ്ധത വിശകലനം ചെയ്തിട്ടുണ്ട്. സ്ത്രീകളെ പരിചയാക്കി ചിലര്‍ യുദ്ധം ചെയ്യുന്നത് കേവലം അധികാരം പിടിച്ചെടുക്കാന്‍ മാത്രമല്ല. ആ അധികാരം ഊട്ടിയുറപ്പിക്കുന്ന മൂല്യങ്ങളെ മടക്കിക്കൊണ്ടു വരാന്‍ കൂടിയാണ്. അവര്‍ നാട്ടില്‍ അരാജകത്വം പരത്തും. അവര്‍ ഭരണഘടന ചുട്ടെരിക്കുകയും അവരെ ചോദ്യം ചെയ്യുന്നവരെ കല്‍ബുര്‍ഗിയെയും ഗൗരി ലങ്കേഷിനെയും പോലെ നിഷ്‌കരുണം ഉന്‍മൂലനം ചെയ്യുകയും ചെയ്യും. അവര്‍ ഒരു ഉപാധ്യക്ഷ സ്ഥാനത്തിനു വേണ്ടി അന്നോളം രഘുപതി രാഘവ രാജാറാം പാടിയ നാവു കൊണ്ട് ഗോഡ്സെയെ വാഴ്ത്തും. അവര്‍ ശാസ്ത്രീയതയെയും പാണ്ഡിത്യത്തെയും തള്ളിപ്പറയും. ശബരിമലയുടെ നാല്‍പ്പത്തിമൂവായിരം വര്‍ഷത്തെ ചരിത്രത്തെപ്പറ്റി പറയാന്‍ റിട്ടയേഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഡെയിറ്റിയുടെ അവകാശങ്ങള്‍ക്കു വേണ്ടി വാദിക്കാന്‍ ഐടി പ്രഫഷനലുകളും സുപ്രീംകോടതി നിയമത്തെ എങ്ങനെ അനുസരിക്കാതിരിക്കാം എന്നു പഠിപ്പിക്കാന്‍ അഭിഭാഷകരും മുന്നോട്ടു വരും. പ്രളയത്തിനു ശേഷമുള്ള സാമ്പത്തിക കെടുതികളാല്‍ സ്‌കൂളുകളിലും കോളജുകളിലും കുട്ടികളുടെ കൊഴിഞ്ഞു പോക്കോ ഇടിഞ്ഞ വീടിന്റെയും നഷ്ടപ്പെട്ട സാധനങ്ങളുടെയും പോയ്പോയ ഉറ്റവരുടെയും ഓര്‍മ്മകളില്‍ മനുഷ്യരുടെ നെഞ്ചുരുക്കമോ കാണാന്‍ കണ്ണില്ലാതെ വിശ്വാസത്തിന്റെ പേരില്‍ അഭിമാനിക്കും. ഭഗവാന്റെ ബ്രഹ്മചര്യമാണു ലോകം നേരിടുന്ന വലിയ പ്രശ്നം എന്ന് ഊട്ടിയുറപ്പിക്കപ്പെടും.

അതുകൊണ്ട്, ഇതുതന്നെയാണ് ഇന്നു കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം, ടീച്ചര്‍. ലിംഗ നീതി എന്നത് ടീച്ചറിനെ സംബന്ധിച്ചിടത്തോളം സ്ത്രീധനം കൊടുക്കേണ്ടതില്ലാത്ത, മദ്യപനായ ഭര്‍ത്താവിന്റെ ഇടി കൊള്ളേണ്ടതില്ലാത്ത, സ്ത്രീകള്‍ക്കെതിരേ അതിക്രമങ്ങള്‍ സംഭവിക്കാത്ത ഒരു സാമൂഹികാവസ്ഥയാണെങ്കില്‍, അതിലേക്കുള്ള ആദ്യപടി ഇതു തന്നെയാണു ടീച്ചര്‍. സ്ത്രീ അവളുടെ ശരീരത്തിന്റെയും ശാരീരികപ്രക്രിയയുടെയും പേരില്‍ അശുദ്ധയോ തരംതാഴ്ന്നവളോ അല്ല എന്ന് ഓര്‍മ്മിപ്പിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് ഇത്. അവള്‍ ആരിലും താഴ്ന്നവളല്ല എന്നു രാജ്യത്തെ പരമോന്നത കോടതി വിധിച്ചത് ഈ രാജ്യത്ത് ജനിച്ചു വളരുന്ന സ്ത്രീകളും പുരുഷന്‍മാരും പഠിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നതു തന്നെയാണ് സ്ത്രീധന പ്രശ്നത്തിന്റെ പരിഹാരത്തിനുള്ള ആദ്യ ചുവടുവയ്പ്. സ്ത്രീധന നിരോധന നിയമം പതിറ്റാണ്ടുകളായി നിലവിലുണ്ടായിട്ടും ഇന്നും അത് ഒരു പ്രശ്നമായി അവശേഷിക്കുന്നത് തുല്യപൗരന്‍ എന്ന നിലയില്‍ സ്ത്രീ അവളെത്തന്നെ കാണാന്‍ പരിശീലിപ്പിക്കപ്പെടാത്ത്തു കൊണ്ടാണ്. കോടതികള്‍ തുല്യനീതിയെക്കുറിച്ച് നിരന്തരം പറയുകയും അതു ഗവണ്‍മെന്റുകള്‍ നടപ്പാക്കുമെന്ന് ഉറച്ചു പ്രഖ്യാപിക്കുകയും ഞങ്ങളുടെ അവകാശം ഞങ്ങള്‍ക്കു തന്നേ തീരു എന്നു സ്ത്രീകള്‍ നിര്‍ബന്ധം പിടിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ നീതി, സമത്വം, തുല്യപൗരത്വം എന്ന ആശയങ്ങള്‍ പതുക്കെയാണെങ്കിലും സ്ത്രീപുരുഷന്‍മാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുകയുള്ളൂ. മദ്യാസക്തിയുള്ള പുരുഷന്‍മാരുടെ എണ്ണം സമൂഹത്തില്‍ വര്‍ദ്ധിക്കുന്നതിന്റെ കാരണം ഇവിടെ വേണ്ടതിലേറെ ലിംഗനീതിയുള്ളതു കൊണ്ടല്ല. ആത്മവിശ്വാസവും ആത്മാഭിമാനവും നഷ്ടപ്പെടുംവിധം പൗരുഷം എന്ന സങ്കല്‍പ്പത്തെ അവരില്‍ അടിച്ചേല്‍പ്പിക്കുന്നതു കൊണ്ടാണ്. അതുകൊണ്ട്, തീര്‍ച്ചയായും ഇതൊരു നല്ല അവസരമാണ്. ഈ പ്രശ്നം പരിഹരിക്കുമ്പോള്‍ അതു സമൂഹത്തിനു വലിയൊരു സന്ദേശം നല്‍കും. ആ സന്ദേശം മറ്റു പ്രശ്നങ്ങളെ പരിഹരിക്കാന്‍ നമ്മെ സഹായിക്കും. അതു തീര്‍ച്ചയായും പരിസ്ഥിതി തകര്‍ച്ചയ്ക്കും പരിഹാരമുണ്ടാക്കും.

എഴുതുമ്പോഴുള്ള ഒഴുക്കും വ്യക്തതയും എനിക്കു സംസാരിക്കുമ്പോഴില്ല. ഏകാഗ്രത നഷ്ടപ്പെടും. വാക്കുകള്‍ പിശകും. അതുപോലെ, ടെലിവിഷന്‍ ക്യാമറയ്ക്കു മുമ്പിലിരിക്കെ, അനാരോഗ്യം മൂലം വേണ്ടവിധം കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ടീച്ചര്‍ക്കു കഴിയാതെ പോയതാകും എന്നു വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. കാരണം ആ വാക്കുകള്‍ അത്രയ്ക്കു വേദനിപ്പിക്കുന്നു. ടീച്ചറുടെ വാക്കുകള്‍ ഹിന്ദുത്വവാദികളുടെ വാക്കുകള്‍ പോലെ അവഗണിക്കാന്‍ സാധ്യമല്ല. ഹിന്ദുത്വവാദികളെ എനിക്കു മനസ്സിലാക്കാം. കാരണം അവരുടേത് എല്ലാ മതങ്ങളിലെയും തീവ്രവാദികളുടെ ശബ്ദമാണ്. അവര്‍ അവരായി തുടരുന്നത് അങ്ങനെ തുടരാന്‍ ഉറച്ച തീരുമാനമെടുത്തതുകൊണ്ടാണ്. അതാണ് അവര്‍ തിരഞ്ഞെടുത്ത വഴി. ആ വഴിയില്‍ അവര്‍ക്ക് ആരോടും അക്കൗണ്ടബിലിറ്റിയില്ല. എന്തുകൊണ്ട് നിങ്ങള്‍ ഞങ്ങളോടും രാജ്യത്തോടും ഇങ്ങനെ ചെയ്തു എന്ന് ഇന്നും നാളെയും ആരും അവരോടു ചോദിക്കുകയില്ല. അങ്ങനെ ചോദിച്ചാലും അവര്‍ക്ക് അതിന് ഉത്തരം നല്‍കാന്‍ ബാധ്യതയില്ല. കാരണം അവര്‍ നാളെയെ കുറിച്ചു ചിന്തിക്കുന്നവരല്ല. ദേഹമാണോ ദേഹിയാണോ സ്ത്രീ എന്നു ചോദിക്കാന്‍ മാത്രം ഈശ്വരവിശ്വാസികളല്ല. ഈ മണ്ണില്‍ വരും നൂറ്റാണ്ടില്‍ ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍ സ്വാതന്ത്ര്യവും സന്തോഷവും ആത്മാഭിമാനവും അനുഭവിച്ചു ജീവിക്കണം എന്ന നിര്‍ബന്ധമുള്ളവരല്ല.

പക്ഷേ, സുഗതകുമാരി എന്ന കവി മലയാളമുള്ള കാലത്തോളം കവിതയുള്ള കാലത്തോളം അമരയാണ്. വ്യക്തിജീവിതത്തില്‍ കവികളും എഴുത്തുകാരും ഉത്തമ മനുഷ്യര്‍ ആയിരിക്കണം എന്നും എല്ലാ വിജ്ഞാനശാഖകളും അറിഞ്ഞിരിക്കണം എന്നും ശഠിക്കാന്‍ സാധിക്കില്ലെങ്കിലും കഴിയുന്നത്ര തെറ്റു തിരുത്തിയും സ്വയം നവീകരിച്ചും മുന്നോട്ടു പോകാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് എഴുത്തിന്റെ, ധൈഷണികതയുടെ പരാജയമായി തീരും. ശബരിമല പ്രവേശനം സ്ത്രീകള്‍ മാത്രമല്ല, പുരുഷന്‍മാരും നേരിടുന്ന ജീവന്‍മരണ പ്രശ്നം തന്നെയാണ് ടീച്ചര്‍. കാരണം അതു നമ്മുടെ പൗരത്വത്തിന്റെയും മൗലികാവകാശങ്ങളുടെയും ഭരണഘടന അര്‍ഹിക്കുന്ന ആദരവിന്റെയും പ്രശ്നമാണ്. തുല്യനീതി ഉണ്ടെങ്കിലേ ജനാധിപത്യമുള്ളൂ. ജനാധിപത്യമുണ്ടെങ്കിലേ ഭരണഘടനയുള്ളൂ. ഭരണഘടനയുണ്ടെങ്കിലേ ഇക്കാണുന്ന നമ്മള്‍ ഉള്ളൂ.


Tags: Supreme Court verdict in Sabarimala, Political exploitation in Sabarimala issue 

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.