Header Ads

വീട്ടിലെ സ്ത്രീകള്‍ മറുവാ പറയാതെ വളര്‍ത്തി വിട്ട ആണ്‍കുട്ടികളാണ് ഇന്ന് കേരളത്തെ ഈയവസ്ഥയിലെത്തിച്ചത്....


ഹിന്ദു ഭവനങ്ങൾ ഏറിയ പങ്കും ഭീകരമായി വർഗ്ഗീയവത്കരിക്കപ്പെട്ടു കഴിഞ്ഞു. യുക്തിയുടെയോ ചിന്തയുടെയോ ഒരു ഭാഷയും അവിടെയിനി വിലപ്പോവുകയില്ല.ശബ്ദമില്ലാതിരുന്ന സ്ത്രീകളെല്ലാം, അതികഠിനമായ അസഹൃതയാൽ, പകയുടെ മുഖവുമായി ഏതോ ശിലായുഗത്തിലെ ഭാഷയാണ് സംസാരിക്കുന്നത്. ഒരുപാടു വിയർക്കേണ്ടി വരും യുക്തിയുടെ ആശയങ്ങളുമായി ഇനിയവിടങ്ങളിൽ കയറിപ്പറ്റാൻ.

പുരോഗമന മുഖം മൂടിയണിഞ്ഞിരുന്ന പുരുഷന്മാരും വൈകാരികമായി, ആചാരബദ്ധമായി മാത്രം കാര്യങ്ങളെ കാണുന്നു. ബന്ധുവീടുകളെല്ലാം നുണകളാൽ കെട്ടി വരിഞ്ഞതുപോലെ. അവർ മുൻപില്ലാത്തതു പോലെ ഏതോ ധർമ്മത്തെക്കുറിച്ചു വാചാലരാകുന്നു. ആക്രമണങ്ങളെ എതിർത്തിരുന്നവരും 'അതാണ് ശരി, .അതു വികാരമാണ്, വികാരമാണ് ന്യായം'എന്നു തർക്കിക്കുന്നു. ഇതൊന്നും പ്രകടമായ കമ്യൂണിസ്റ്റു വീടുകളോ സംഘപരിവാർ വീടുകളോ അല്ല താനും.

പുരോഗമന വാദികളായ ആണുങ്ങളുടെ വീടുപോലെയല്ല, വിമോചന വാദിയായ സ്ത്രീയുടെ വീട്. അവൾ അവിടെ ആ വീട്ടുകാർക്കിടയിൽ ബന്ധുക്കൾക്കിടയിൽ കൂട്ടുകാർക്കിടയിൽ ഒക്കെ അധികപ്പറ്റാണ്. ഒറ്റപ്പെട്ടവളാണ്. നാട്ടുകാരോട് സംസാരിക്കുന്ന ഊറ്റവും വീറും വീട് താങ്ങില്ല.എതിർക്കുന്ന സ്ത്രീ, പിഴച്ച സ്ത്രീയാണ്. വീടുകളെ രാഷ്ട്രീയവത്കരിക്കുന്നതിൽ, സാമൂഹ്യവത്കരിക്കുന്നതിൽ പുരോഗമന പ്രസ്ഥാനങ്ങൾ പരാജയപ്പെട്ടു പോയിടത്താണ് സംഘ പരിവാർ വീടുകളിലേക്ക് ആസൂത്രിതമായി തുരങ്കങ്ങൾ നിർമ്മിച്ചത്. ഇത്രയ്ക്കങ്ങു പ്രകടമായി ഹൈന്ദവവത്കരിക്കപ്പെട്ടവയായിരുന്നില്ല മുൻപ് ഈ വീടുകളൊന്നും.
വൈകുന്നേരങ്ങളിലെ ആൺ സാംസ്കാരിക കൂട്ടങ്ങളോടു സംസാരിച്ചിരുന്ന ഒരു നേതാവും അന്വേഷിച്ചിരുന്നില്ല നിങ്ങളുടെ സ്ത്രീകൾ എവിടെയെന്ന്. ഇന്നും നവോത്ഥാന സന്ദേശ യാത്രികർ ആൺകൂട്ടങ്ങളോടാണ് ചർവ്വിത ചർവ്വണം നടത്തുന്നത്. തങ്ങളുടെ മടുപ്പുകളുമായി മല്ലിടുന്ന സ്ത്രീകളെ സീരിയലുകളും ഭക്തിമാർഗ്ഗങ്ങളും കീഴ്പ്പെടുത്തുമ്പോൾ പരസ്യമായി അവരെ പരിഹസിച്ചു കൊണ്ടിരുന്നു. 'ഇന്ന് നീ സാംസ്കാരിക രാഷ്ട്രീയ സമ്മേളനത്തിലേക്കു പോകൂ, അല്ലെങ്കിൽ നമുക്കൊരുമിച്ചു പോകാം' എന്ന് പ്രചോദിപ്പിച്ചില്ല. അവർക്കതാഗ്രഹമില്ല എന്ന് സൗകര്യപൂർവ്വം നിങ്ങൾ അനുമാനിച്ചു.
വീട്ടിൽ രാഷ്ട്രീയമില്ല എന്നഭിമാനിച്ചതിന്റെ ശിക്ഷയാണ് കേരളമിന്നനുഭവിക്കുന്നത്. വീട്ടിലെ സ്ത്രീകൾ മറുവാ പറയാതെ വളർത്തി വിട്ട ആൺകുട്ടികളാണ് ഇന്ന് കേരളത്തെ ഈയവസ്ഥയിലെത്തിച്ചത്. വീട്ടിലെ സ്ത്രീകളുടെ പല തരം മടുപ്പുകളാണ് ഭ്രാന്തോളമെത്തുന്ന ഭക്തിയുടെ രൂപത്തിൽ ഇന്നു നാം നേരിടുന്നത്. വീടുണ്ടാക്കുന്ന മടുപ്പനുഭവിക്കാൻ കൂട്ടാക്കാതെ നിർഭയരായി പുറത്തിറങ്ങുവാനും സംസാരിക്കുവാനും തിരികെ തന്റേടത്തോടെ വേണ്ടപ്പോൾ മാത്രം കയറിച്ചെല്ലാനും ധൈര്യം കാണിച്ച വിരലിലെണ്ണാവുന്ന സ്ത്രീകളാണ് ഇന്ന് ശക്തമായി അനാചാരങ്ങളോട് പോരാടുന്നത്.
യുക്തിയുടെയോ ചിന്തയുടെയോ പുരോഗമനത്തിന്റെയോ ഭാഷയുമായി മറ്റു വീടുകളിലേക്ക് കയറിച്ചെല്ലുന്ന സ്ത്രീകൾക്ക് ആട്ടുകിട്ടുന്ന അവസ്ഥ കേരളത്തിലുണ്ടായതെങ്ങനെയെന്നാണ് വൈകിപ്പോയെങ്കിലും നാമിനി ആലോചിച്ചു തുടങ്ങേണ്ടത്..
കേരളത്തിന്റെ ഈ പോക്കിൽ എല്ലാവരും ഒരു പോലെ കുറ്റവാളികളാണ്. ഇടതും വലതും. രാഷ്ട്രീയ പ്രവേശമനുവദിക്കാതെ വീടുകളെ ഫാസിസ്റ്റു കൂടാരങ്ങളാക്കിയവരും അനുഗ്രഹീതമായ അജ്ഞതയിൽ ഞങ്ങൾ സംതൃപ്തരാണെന്നു ഭാവിച്ച കുടുംബിനികളും..
കേരളത്തിലെ രാഷട്രീയ സംഭവങ്ങൾ ശരീരത്തെയും അതിരുകവിഞ്ഞു ബാധിക്കുന്നു. തലചുറ്റലും മനം പിരട്ടലും ഓക്കാനവും വരുന്നു.
വന്മരങ്ങൾ വീഴുമ്പോളെന്ന കഥയിലെ സിസ്റ്റർ അഗത ഇന്ദിരാഗാന്ധിയുടെ മരണാനന്തര യാത്ര ടിവിയിൽ കാണുമ്പോൾ, ചരിത്രം ശരീരത്തെ ബാധിച്ചിട്ട് വാഷ്ബേസിനിലേക്ക് ശർദ്ദിക്കുന്നുണ്ട്. അതുപോലെയെന്തോ..

കുപ്രസിദ്ധ പയ്യനിലെ നിമിഷ സജയൻ അവതരിപ്പിക്കുന്ന ഹന്ന എന്ന വക്കീൽ കേസിലെ അന്തിമ വിധിയുടെ തലേന്ന് വയറ്റിൽ കുത്തിപ്പിടിച്ചു കട്ടിലിൽ കിടന്നു കറങ്ങുകയും ശർദ്ദിക്കുകയും ചെയ്യുന്നുണ്ട്. അതു പോലെ ഒരനുഭവം.
എസ്.ശാരദക്കുട്ടി
19.11.2018

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.