ഒടുവില്‍ ശാപമോക്ഷം; കട്ടച്ചിറ പള്ളിയില്‍ വൃദ്ധന്റെ മൃതദേഹം സംസ്ക്കരിച്ചു
പതിനൊന്നു ദിവസം നീണ്ട തര്‍ക്കത്തിനൊടുവില്‍ ആ 95കാരന് ശാപമോക്ഷം. യാക്കോബായ ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ പതിനൊന്നാം നാള് കട്ടച്ചിറ പള്ളിക്കലേത്ത് വര്‍ഗീസ് മാത്യു (95)ന്റെ സംസ്കാര ശുശ്രൂഷ കട്ടച്ചിറ പള്ളിയില്‍ നടന്നു. യാക്കോബായ വിഭാഗം ഉന്നയിച്ച ആവശ്യം ജില്ലാ ഭരണകൂടം അംഗീകരിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ കട്ടച്ചിറയില്‍ യാക്കോബായ വൈദികര്‍ പള്ളിയില്‍ കയറി സംസ്കാര ശുശ്രൂഷയ്ക്ക് നേതൃത്വം നല്കി.
ചൊവ്വാഴ്ച രാവിലെ 7.30നാണ് ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍ സംസ്ക്കാര ശുശ്രൂഷകള്‍ നടന്നത്. പ്രശ്ന സാധ്യത കണക്കിലെടുത്ത് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഇരുന്നൂറോളം വരുന്ന പൊലീസ് സംഘത്തെ പള്ളിയുടെ പരിസരത്ത് വിന്യസിച്ചിരുന്നു. ജില്ലാ കളക്ടര്‍ എസ്. സുഹാസും കട്ടച്ചിറയില്‍ എത്തിയിരുന്നു.
തിങ്കളാഴ്ച വൈകുന്നേരം ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും ഇരുവിഭാഗവുമായി അവസാനവട്ട ചര്‍ച്ച നടത്തിയിരുന്നു. പതിനൊന്നു ദിവസമായി മൃതദേഹം സംസ്കരിക്കാന്‍ കഴിയാതെ മൊബൈല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചു വച്ചിരിക്കുന്നത് ഏറെ വിവാദമാകുകയും സംസ്ഥാന, ദേശീയ മനുഷ്യാവകാശ കമ്മീഷനുകള്‍ വിഷയത്തില്‍ ഇടപെടുകയും ചെയിതിരുന്നു. കൂടാതെ മുഖ്യമന്ത്രിയും വിഷയത്തില്‍ ഉടന്‍ പരിഹാരം കാണണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ജില്ലാ ഭരണകൂടം ചൊവ്വാഴ്ച രാവിലെ തന്നെ സംസ്കാരം നടത്തണമെന്ന് അന്ത്യശാസന നല്‍കിയത്.
കട്ടച്ചിറ സെന്റ് മേരീസ് പള്ളി അംഗമാണ് വര്‍ഗീസ്. പള്ളിയുടെ അധികാരത്തിന്മേല് ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ വിശ്വാസികള്‍ തമ്മിലുള്ള തര്‍ക്കം മുറുകിയിരിക്കേയാണ് ഓര്‍ത്തഡോക്സ് വിഭാഗം ശവസംസ്കാരം നടത്താന്‍ അനുവദിക്കാതിരിക്കുന്നത്. ഒടുവില്‍ മൃതദ്ദേഹം സംസ്കരിക്കുന്നതിനായി സഭാ വിഭാഗങ്ങള്‍ തമ്മില്‍ രമ്യതയിലെത്താന്‍ കലക്ടര്‍ വെള്ളിയാഴ്ച്ച സമാവായ ചര്‍ച്ച വിളിച്ച് ചേര്‍ത്തിരുന്നു. എന്നാല്‍ ഇത് പരാജയപ്പെടുകയാണുണ്ടായത്. തങ്ങളുടെ നിലപാടില്‍ നിന്നും മാറാന്‍ ഇരു സഭകളും തയാറായില്ല. ഇതോടെ വൃദ്ധന്റെ ശവസംസ്ക്കാര ശുശ്രൂഷ അനിശ്ചിതമായി നീളുകയായിരുന്നു.
വൈദികരൊഴികെ മരിച്ചയാളിന്റെ ബന്ധുക്കള്‍ മാത്രമേ സെമിത്തേരിയില്‍ പ്രവേശിക്കാവൂ എന്നതായിരുന്നു വ്യവസ്ഥ. എന്നാല്‍, ഇപ്പോള്‍ മരിച്ചയാളിന്റെ ചെറുമകന് വൈദികനായതിനാല്‍ വൈദിക വേഷത്തില്‍ പ്രവേശിപ്പിക്കണമെന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആവശ്യം. ഇത് അംഗീകരിക്കാന്‍ ഓര്‍ത്തഡോക്സ് വിഭാഗം തയ്യാറായില്ല.
സുപ്രീം കോടതി വിധിയുള്ളതിനാല്‍ യാക്കോബായ വിഭാഗം വൈദികരെ പള്ളിയില്‍ പ്രവേശിപ്പിക്കാതെ ഓര്‍ത്തഡോക്സ് വിഭാഗം വൈദികരുടെ ശുശ്രൂഷയില്‍ സംസ്കാരം നടത്തണമെന്ന നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്നാണ് ഓര്‍ത്തഡോക്സ് വിഭാഗം വ്യക്തമാക്കിയത്. എന്നാല്‍ മരിച്ച വര്‍ഗീസ് മാത്യുവിന്റെ ചെറുമകനായ യാക്കോബായ വിഭാഗം വൈദികനും കൊല്ലം ഭദ്രാസന സെക്രട്ടറിയുമായ ഫാ. ജോര്‍ജി ജോണിനെ പള്ളിയില്‍ പ്രവേശിപ്പിച്ച് അന്ത്യ കര്‍മങ്ങള്‍ ചെയ്യാന്‍ അവസരം നല്‍കണമെന്നാണ് യാക്കോബായ വിഭാഗം തുടക്കം മുതല്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വൈദിക വേഷം ഒഴിവാക്കി ഫാ. ജോര്‍ജി ജോണിന് പള്ളിയില്‍ പ്രവേശിക്കുന്നതിന് തടസമില്ലായെന്ന് ഓര്‍ത്തഡോക്സ് വിഭാഗവും നിലപാടെടുത്തു.
സുപ്രീം കോടതി വിധി നടപ്പിലാകാത്തതു മൂലം തല്‍സ്ഥിതി നിലനില്‍ക്കുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം നിലപാടെടുത്തത്. വൈദിക വേഷത്തില്‍ തന്നെ ഫാ. ജോര്‍ജി ജോണിന് പള്ളിയില്‍ പ്രവേശിച്ച് അന്ത്യ ശുശ്രൂഷ നടത്താന്‍ അനുമതി നല്‍കുകയായിരുന്നു. കൂടാതെ കുരിശടിയില്‍ യാക്കോബായ വിഭാഗത്തിലെ അഞ്ചു വൈദികര്‍ക്കും അവസരം നല്കി. സ്ഥലത്ത് ഓര്‍ത്തഡോക്സ് പക്ഷത്തിന്റെ എതിര്‍പ്പുകളൊന്നും ഉണ്ടായില്ല. പ്രദേശത്ത് ഇപ്പോഴും നിരോധനാജ്ഞ നിലനില്‍ക്കുകയാണ്.
1976 മുതലാണ് കട്ടച്ചിറ സെന്റ് മേരീസ് പള്ളിയുടെ പേരില്‍ യാക്കോബായ- ഓര്‍ത്തഡോക്സ് സഭാ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം ആരംഭിച്ചത്. എന്നാല്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി കഴിഞ്ഞ ഓഗസ്റ്റ് 28-ന് സുപ്രീം കോടതി വിധി വന്നിരുന്നു. ഇതിന് പിന്നാലെ പള്ളിക്ക് പൊലീസ് സംരക്ഷണവും ഏര്‍പ്പെടുത്തി. രണ്ട് സഭകളിലും വിശ്വസിക്കുന്നവരുടേയും ശവസംസ്കാരം പള്ളി സെമിത്തേരിയില്‍ തന്നെ നടത്താന്‍ ധാരണയുണ്ടായിരുന്നു.
No comments