ബലാത്സംഗി ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രവുമായി 2019 കലണ്ടര്‍

കത്തോലിക്കാസഭ പുറത്തിറക്കിയ 2019 വര്‍ഷത്തെ കലണ്ടറില്‍ പീഡനക്കേസില്‍ അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഫോട്ടോയും. തൃശൂര്‍ അതിരൂപതയില്‍ നിന്നാണ് ഈ കലണ്ടര്‍ പുറത്തിറക്കിയത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലാകുകയും പിന്നീട് ജയില്‍വാസം അനുഭവിക്കുകയും ചെയ്ത കുറ്റാരോപിതനാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ. ഒടുവില്‍ ഉപാധികളോടെയാണ് ബിഷപ്പിന് ജാമ്യം ലഭിച്ചത്. കേസ് ഇപ്പോഴും നടക്കുന്നു. ക്രിമിനല്‍ കുറ്റത്തിന് ജയിലിലായ ഇതുവരെയും കോടതി കുറ്റവിമുക്തനാക്കാത്ത ഫ്രാങ്കോ മുളയ്ക്കലിന്റെ ജന്മദിന ദിവസം ഫോട്ടോ സഹിതമാണ് കത്തോലിക്കാസഭ പത്രം പുറത്തിറക്കിയ കലണ്ടറില്‍ നല്‍കിയിരിക്കുന്നത്. 

കുറ്റാരോപിതനായ ഫ്രാങ്കോയെ സഭ ഇപ്പോഴും കൈവിട്ടിട്ടില്ല എന്നതിന്റെ തെളിവാണ് ഈ കലണ്ടര്‍. ബിഷപ്പല്ല, മറിച്ച് ബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീയാണ് സഭയെ നാണംകെടുത്തിയത് എന്നു വിശ്വാസിക്കുന്നവര്‍ ഈ സഭയില്‍ ഇപ്പോഴുമുണ്ട്. കുറ്റവിമുക്തനാകും വരെ ബിഷപ്പിനെ സഭയുടെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള സന്നദ്ധതയും സഭ ഇതുവരെ അറിയിച്ചിട്ടില്ല. മാത്രമല്ല, ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ബിഷപ്പിന് ജലന്ധര്‍ രൂപത വലിയ സ്വീകരണമൊരുക്കുകയും നന്ദി സൂചകമായി പ്രത്യേക ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തിരുന്നു. 


കന്യാസ്ത്രീയുടെ പീഡന പരാതിയില്‍, ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരെ മൊഴി നല്‍കിയ ഫാ കുര്യാക്കോസ് ജലന്ധറിലെ സെന്റ് മേരീസ് പള്ളിയില്‍ വച്ച് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു. ഫാ കുര്യാക്കോസിനെ ജാമ്യത്തിലിറങ്ങിയ ബിഷപ്പ് കൊലപ്പെടുത്തുകയായിരുന്നു എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ജാമ്യത്തില്‍ ജയില്‍ മോചിതമായ ബിഷപ്പിന് സഭാ വിശ്വാസികള്‍ വലിയ തോതിലുള്ള സ്വീകരണമാണ് നല്‍കിയത്. കഷ്ടപ്പെടുന്നവര്‍ക്കും പീഡിപ്പിക്കപ്പെടുന്നവര്‍ക്കും ഒപ്പം നില്‍ക്കേണ്ട സഭ, ഒരു കൊടുംകുറ്റവാളിക്ക് ഓശാന പാടുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. അധികം താമസിയാതെ, ബിഷപ്പിനെ വാഴ്ത്തപ്പെട്ടവനായി ഉയര്‍ത്തുന്ന ചടങ്ങിനും ഒരുപക്ഷേ, തങ്ങള്‍ സാക്ഷ്യം വഹിക്കേണ്ടതായി വന്നേക്കുമെന്ന് ബിഷപ്പിനെ എതിര്‍ക്കുന്നവര്‍ ആശങ്കപ്പെടുന്നു. 
Tags: Bishop Franco Mulackal, Catholic Church included the photo of Franco Mulackal in 2019 calendar, 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു