Header Ads

പാതിരാ അട്ടിമറി: ജനാധിപത്യ ശക്തികള്‍ക്കുള്ള മുന്നറിയിപ്പ്...

Written by: Raghu Kottikkal

ഒരു പാതിരാ അട്ടിമറിയിലൂടെ രാജ്യത്തെ മുഖ്യ കുറ്റാന്വേഷണ ഏജന്‍സി സിബിഐയുടെ തലവന്‍ അലോക് വര്‍മയെ മോഡി ഭരണകൂടം നീക്കം ചെയ്തു. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും (പിഎംഒ) ഉള്‍പ്പെട്ട റഫാല്‍ യുദ്ധവിമാന ഇടപാടും അഴിമതിയും അന്വേഷണ വിധേയമായിരിക്കെയാണ് സിബിഐ ഡയറക്ടറെ നിയമവിരുദ്ധമായി നീക്കം ചെയ്തത്. അഴിമതിക്ക് സിബിഐ കേസെടുത്ത സംഘടനയുടെ രണ്ടാമന്‍ രാകേഷ് അസ്താനക്കെതിരെയും റഫാല്‍ അഴിമതിക്കേസും അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥരെയും കേന്ദ്രസര്‍ക്കാര്‍ സ്ഥലം മാറ്റത്തിന്റെ പേരില്‍ അക്ഷരാര്‍ഥത്തില്‍ നാടുകടത്തി. അസ്താനക്കെതിരായ കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി എ കെ ബസിയെ ആന്‍ഡമാന്‍ നിക്കോബാറിലെ പോര്‍ട്ട് ബ്ലയറിലേക്കാണ് രായ്ക്കുരാമാനം മാറ്റിയത്. അസ്താനക്കെതിരായ കേസിന്റെ പേരില്‍ മാത്രമല്ല ഈ നടപടികളെന്നാണ് വെളിവാകുന്നത്. രാജ്യത്തിന്റെ വിദേശ ചാര സംഘടനയായ റോ, പിഎംഒ എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരിലേക്കും അതുവഴി പ്രധാനമന്ത്രി, ബിജെപി പ്രസിഡന്റ് അമിത് ഷാ തുടങ്ങിയവരിലേക്കുമാണ് അന്വേഷണം ചെന്നെത്തുക എന്ന പരിഭ്രാന്തിയാണ് നടപടിക്ക് നിദാനം. 

സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താന, റോയുടെ സ്‌പെഷല്‍ ഡയറക്ടര്‍ സാമന്ത് ഗോയല്‍, പ്രധാനമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറി ഭാസ്‌കര്‍ ഖുള്‍ബെ എന്നിവര്‍ ഉള്‍പ്പെട്ട ഉന്നതതല പിടിച്ചുപറി സംഘത്തിന്റെ പ്രവര്‍ത്തനം പുറത്തുവരുമെന്ന ഘട്ടത്തിലായിരുന്നു ഇത്. റോയുടെ ഡയറക്ടറായി നിയമിക്കാമെന്ന ഉറപ്പിലാണ് സാമന്ത് ഗോയല്‍ സംഘത്തിന്റെ ഭാഗമാകുന്നത്. കല്‍ക്കരി കുംഭകോണ കേസില്‍ പ്രതിപ്പട്ടികയില്‍ നിന്നും സാക്ഷിപ്പട്ടികയിലേക്ക് മാറ്റപ്പെട്ട ആളാണ് ബംഗാള്‍ കേഡറില്‍പെട്ട ഭാസ്‌കര്‍ ഖുള്‍ബെ. അസ്താന നരേന്ദ്രമോഡിയുടെയും അമിത്ഷായുടെയും വിശ്വസ്തനായാണ് അറിയപ്പെടുന്നത്.

ഈ വസ്തുതകള്‍ കൂട്ടിവായിക്കുമ്പോള്‍ രാജ്യത്തെ മുഖ്യ അന്വേഷണ ഏജന്‍സിയുടെ ദുരവസ്ഥ എന്തെന്ന് ആര്‍ക്കും ബോധ്യപ്പെടും.


നിലവിലുള്ള നിയമവ്യവസ്ഥകള്‍ അപ്പാടെ കാറ്റില്‍പറത്തിയാണ് നരേന്ദ്രമോഡി ഭരണകൂടം രാജ്യത്തെ ഞെട്ടിച്ച പാതിരാ അട്ടിമറി നടപ്പാക്കിയിരിക്കുന്നത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പുനടന്ന വിനീത് നാരായണ്‍ കേസില്‍ സിബിഐയുടെ പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയ ഇടപെടല്‍ അവസാനിപ്പിക്കാന്‍ സുപ്രിംകോടതി വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. അവയില്‍ സുപ്രധാനമാണ് പെന്‍ഷന്‍ പ്രായം കടന്നാലും സിബിഐ ഡയറക്ടറുടെ ഔദ്യോഗിക കാലാവധി രണ്ട് വര്‍ഷമായി നിജപ്പെടുത്തിക്കൊണ്ടുള്ള നിബന്ധന. അലോക് വര്‍മയെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച് ഐജി റാങ്കിലുള്ള ജോയിന്റ് ഡയറക്ടര്‍ എം നാഗേശ്വര്‍ റാവുവിന് ചുമതല നല്‍കുക വഴി ആ ഉത്തരവാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. സിബിഐയില്‍ നിന്നുള്ള എതിര്‍പ്പുകള്‍ ഭയന്ന് ഡല്‍ഹി പൊലീസിന്റെ അകമ്പടിയോടെയാണ് റാവുവിനെ ഡയറക്ടര്‍ പദവിയില്‍ അവരോധിച്ചത്.

ഇത് പൊലീസ് സേനകളെ പരസ്പര യുദ്ധത്തിലേക്കും നിയമപാലനത്തെ അരാജകത്വത്തിലേക്കും നയിക്കുന്ന നടപടിയാണ്. കാലാവധി തികയുന്നതിനു മുമ്പ് സിബിഐ ഡയറക്ടറെ തല്‍സ്ഥാനത്തുനിന്ന് മാറ്റുന്നതു സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളും സുപ്രിംകോടതി നിഷ്‌കര്‍ഷിച്ചിരുന്നു. ഇപ്പോള്‍ വഹിക്കുന്നതിനെക്കാള്‍ മികച്ച ഉത്തരവാദിത്തം ഏല്‍പിക്കാന്‍ മാത്രമെ അത്തരം നടപടികള്‍ സ്വീകരിക്കാവു.

കഴിഞ്ഞ ദിവസം അസ്താനയെ സ്‌പെഷല്‍ ഡയറക്ടര്‍ പദവിയില്‍ നിന്നും നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കാന്‍ നിയമന അധികാര കേന്ദ്രമായ കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. അതാവട്ടെ അയാള്‍ക്കെതിരെ സിബിഐ കേസ് തുടരാമെന്ന ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു. ഡയറക്ടര്‍ അലോക് വര്‍മയെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചുകൊണ്ടുള്ള സിവിസി ഉത്തരവ് നിയമന അധികാരിയുടെ മേല്‍ നടന്ന രാഷ്ട്രീയ ഇടപെടലല്ലാതെ മറ്റൊന്നുമല്ല. ഇത്തരത്തില്‍ വര്‍മയെ നീക്കം ചെയ്തത് നിയമന ചുമതലയുള്ള, പ്രധാനമന്ത്രിയും സുപ്രിംകോടതി ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും ഉള്‍പ്പെട്ട, കൊളീജിയത്തിന്റെ കൂട്ടായ തീരുമാനമല്ല എന്നതും സ്ഥിതിഗതികള്‍ രൂക്ഷമാക്കുന്നു.

നരേന്ദ്രമോഡി ഭരണകൂടം ഭരണഘടനയെയും ഭരണകൂട സ്ഥാപനങ്ങളെയും നിരന്തരം അട്ടിമറിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ ഞെട്ടിപ്പിക്കുന്ന ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോഴത്തേത്. കേന്ദ്രഭരണത്തിന്റെ രാഷ്ട്രീയ ഇടപെടലിനെതിരെ അലോക് വര്‍മ്മ ഇതിനകം സുപ്രിംകോടതിയെ സമീപിച്ചുകഴിഞ്ഞു. സുപ്രിംകോടതി ഈ കേസില്‍ കൈക്കൊള്ളുന്ന തീരുമാനം രാജ്യം ഉറ്റുനോക്കുകയാണ്. രാജ്യത്തെ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം തന്നെ മോഡി ഭരണകൂടത്തിന്റെ അട്ടിമറി നടപടിയില്‍ നടുക്കം രേഖപ്പെടുത്തി പരസ്യമായി രംഗത്ത് വന്നുകഴിഞ്ഞു. ജനാധിപത്യത്തെയും നിയമവാഴ്ചയെയും സുപ്രിംകോടതിയടക്കം ഭരണഘടനയുടെ കാവലാളുകളെയും വെല്ലുവിളിച്ചുകൊണ്ടുള്ള നീക്കം ഫാസിസ്റ്റ് പാതയിലേക്കാണ് രാജ്യത്തെ നയിക്കുന്നത്. രാജ്യത്തെയും ഭരണഘടനയെയും നിയമവാഴ്ചയേയും കരുതി ആശയപരവും രാഷ്ട്രീയവുമായ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് ജനാധിപത്യ മതേതര ശക്തികള്‍ കൈകോര്‍ക്കാനുള്ള അവസാന മുന്നറിയിപ്പുകളില്‍ ഒന്നാണ് ഈ പാതിരാ അട്ടിമറി.

ഇനി പറയൂ..
മോഡി ഒരു പാവം 'പിന്നോക്കക്കാരൻ'ചായക്കടക്കാരൻ സനാതനധർമ്മി തന്നെയാണോ..?

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.