Header Ads

പുല തെറ്റിച്ചാൽ അടിയും വിലങ്ങും ജയിലുമായിരുന്നു കേരളത്തിൽ ശിക്ഷ

K G Biju

കഷ്ടിച്ചൊരു നൂറ്റാണ്ടു മുമ്പാണ്, പുല തെറ്റിച്ചാൽ അടിയും വിലങ്ങും ജയിലുമായിരുന്നു കേരളത്തിൽ ശിക്ഷ.
മരണം നടന്നു പത്തിനു പുല കുളിച്ച ഒരു തീയ കുടുംബംനേരിട്ട അനുഭവം 1919 ഡിസംബറിൽ മിതവാദി റിപ്പോർട്ടു ചെയ്തിട്ടുണ്ട്. സംഭവം നടന്നത് ഇരിങ്ങാലക്കുടയ്ക്കടുത്ത് താന്നിശേരിയിൽ. നാട്ടാചാരത്തിനു വിരുദ്ധമായി പത്തുദിവസത്തെ പുല ആചരിച്ച് പതിനൊന്നിന് പുലകുളിയടിയന്തരം നടത്താൻ പ്രദേശത്തെ ഒരു ഈഴവ കുടുംബം തീരുമാനിച്ചു. സദ്യ അലങ്കോലമാക്കാൻ ആചാരസംരക്ഷണ സമിതി വടിയും വെട്ടുകത്തിയുമായെത്തി. ചടങ്ങിനെത്തിയവരെ കല്ലെറിഞ്ഞോടിച്ചു.
തൊട്ടടുത്ത ലക്കം മിതവാദിയിൽ സംഭവത്തിന്റെ കുറേക്കൂടി വിശദമായ റിപ്പോർട്ടുണ്ട് (1920 ജനുവരി). പുല കുളിയടിയന്തരത്തിനു മുമ്പു തന്നെ അക്രമം തുടങ്ങി. ദേഹണ്ഡത്തിനും മറ്റുമായി മൂന്നും നാലും ദിവസം മുമ്പ് എത്തിയ വീട്ടുകാരന്റെ ബന്ധുക്കൾ റോഡിൽ വെച്ച് ആക്രമിക്കപ്പെട്ടു. ചടങ്ങിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അവർ ഇരിങ്ങാലക്കുട മജിസ്ട്രേറ്റിനെ സമീപിച്ചു. ആവശ്യം മജിസ്ട്രേറ്റ് അവഗണിച്ചു.
എന്നാൽ അക്രമം കഴിഞ്ഞയുടൻ മജിസ്ട്രേറ്റ് സ്ഥലത്തെത്തി. …. ശേഷം എന്തു സംഭവിച്ചുവെന്ന് മിതവാദി തന്നെ പറയട്ടെ….
“………… സദ്യയ്ക്കു വന്നിരുന്ന പല മാന്യന്‍മാരെയും കൈവിലങ്ങു വെപ്പിച്ചു കൊണ്ടുപോകുന്നതിന് അദ്ദേഹം ചെയ്ത ഉത്സാഹം വളരെ കേമം തന്നെയായിരുന്നു. വീട്ടുടമസ്ഥനായ അയ്യപ്പുണ്ണി എന്നയാളെ കൈവിലങ്ങു വെയ്ക്കുമ്പോൾ തീയരുടെ ജാതി പരിഷ്കരണങ്ങൾക്കുള്ള ശ്രമങ്ങളെപ്പറ്റിയും അവരുടെ സന്യാസിമാരെപ്പറ്റിയും വളരെ പരിഹാസമായി മജിസ്ട്രേറ്റു സംസാരിക്കുകയുണ്ടായി എന്ന് ദിവാൻജി അവർകൾക്കു സമർപ്പിച്ച ഹർജിയിൽ കാണുന്നു.................”.
കഷ്ടിച്ചൊരു നൂറു കൊല്ലം മുമ്പ് കേരളത്തിൽ നിലനിന്ന ഭരണസംവിധാനം ഇങ്ങനെയായിരുന്നു. പുലയാചാരം തെറ്റിച്ചാൽ മജിസ്ട്രേറ്റ് നേരിട്ടെത്തി അറസ്റ്റു ചെയ്യിച്ച് ജയിലിടച്ചിരുന്ന കാലം. നവോത്ഥാന പരിഷ്കരണപ്രവർത്തനങ്ങളെ ന്യായാധിപന്മാർ പോലും പരിഹസിച്ചിരുന്ന കാലം.
ഇന്നും ആചാര സംരക്ഷണ സമിതിയ്ക്കു മാറ്റമൊന്നുമില്ല. ആചാരം സംരക്ഷിക്കാൻ കല്ലും വെട്ടുകത്തിയും വടിവാളുമൊക്കെത്തന്നെയാണവരുടെ ആയുധങ്ങൾ. പക്ഷേ, പോലീസ് അവരുടെ പക്ഷത്തല്ല. ആചാരസംരക്ഷകർ കൈ ചൂണ്ടുന്നവരെ അറസ്റ്റു ചെയ്തു കൈയാമം വെയ്ക്കുന്നവരല്ല ഇന്നത്തെ പോലീസ്. മറിച്ച് ആചാരം സംരക്ഷിക്കാൻ അക്രമക്കൂത്തു നടത്തുന്നവരെ അടിച്ചോടിയ്ക്കാനും പോലീസുണ്ട്.
അതാണ് നവോത്ഥാനത്തിന്റെ മാറ്റം. പതിനൊന്നിനു പുല നടത്തിയ തീയന്റെ ദുരനുഭവത്തിന്റെ മിതവാദി റിപ്പോർട്ട് ഇങ്ങനെയാണ് അവസാനിക്കുന്നത്….
"കൊച്ചീരാജ്യത്തെ തീയർക്ക് പത്തുദിവസത്തെ പുല അല്ല, രണ്ടു ദിവസത്തെ പുല മാത്രമേ കുളിക്കാൻ മനസുള്ളൂ എന്നു വന്നാലും അവരുടെ ഹിതം പോലെ ചെയ്വാൻ കൊച്ചി മഹാരാജാവവർകൾ സമ്മതിക്കേണ്ടതാകുന്നു".
സ്വന്തം വിശ്വാസം സ്വന്തം ജീവിതത്തിൽ എങ്ങനെ വേണമെന്നു തീരുമാനിക്കാൻ ഓരോ വിശ്വാസിയ്ക്കും അവകാശം വേണമെന്നായിരുന്നു ആവശ്യം. ആ സ്വാതന്ത്ര്യബോധം ഉൾക്കൊള്ളാൻ ഒരിക്കലും യാഥാസ്ഥിതിക മനസുകൾക്കു കഴിയില്ല. ഇന്ന്, ഒരു തമ്പുരാന്‍റെയും അനുമതിയോ സമ്മതിയോ ആർക്കും ആവശ്യമില്ല. രാജകുടുംബവും തന്ത്രികുടുംബവും അവർക്കു പിന്നിൽ ചരടുവലിക്കുന്ന അജ്ഞാതശക്തികളും ഒരു സാമൂഹ്യാധികാരവും കൈയാളുന്നില്ല. അവരുടെ കൽപനകളെയോ ഇംഗിതങ്ങളെയോ വിശ്വാസങ്ങളെയോ ശാഠ്യങ്ങളെയോ വകവെച്ചു കൊടുക്കാൻ ആരും ബാധ്യസ്ഥരുമല്ല.

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.