സി ബി ഐ തലപ്പത്തു നിന്നും അലോക് വര്‍മയെ മാറ്റാന്‍ കാരണം റാഫേല്‍ കേസ് അന്വേഷണം
ദേശീയതലത്തില്‍ നരേന്ദ്ര മോദി സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയ വമ്പന്‍ ആരോപണവമായി മാറുകയാണ് റഫേല്‍ ആയുധ ഇടപാട്. ഈ ഇടപാടിലെ വിശദാംശങ്ങള്‍ പുറത്തുവരുന്നതിനെ ശക്തമായി എതിര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ കള്ളത്തരങ്ങള്‍ പുറത്തുവരുന്നത് ഒഴിവാക്കാനുള്ള തീവ്രശ്രമങ്ങളാണ് നടത്തിയത്. ഇപ്പോള്‍ വിഷയം കോടതിയില്‍ എത്തിയതോടെ മോദി സര്‍ക്കാര്‍ കടുത്ത ആശങ്കയിലാണ് താനും. അതിനിടെ റാഫേല്‍ ഇടപാടിലെ കള്ളത്തരങ്ങള്‍ പുറത്തുവരുമെന്ന ഭയം കൊണ്ടാണ് സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ തല്‍സ്ഥാനത്തു നിന്നും രാത്രിക്ക് രാത്രി നീക്കിയതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
റാഫേല്‍ ഇടപാടിലെ ക്രമക്കേടുകള്‍ ഒന്നൊന്നായി പുറത്തുവന്ന ഘട്ടത്തില്‍ ഈ വിഷയത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്താനുള്ള നീക്കമായിരുന്നു ഡിബിഐ ഡയറക്ടര്‍ അലോക വര്‍മ കൈക്കൊണ്ടത്. ഈ നീക്കം കൊണ്ടാണ് അദ്ദേഹത്തെ തല്‍സ്ഥാനത്തു നിന്നും തെറിപ്പിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതിലുപരിയായി ഈ സംഭവത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് കൃത്യമായ പങ്കുണ്ടെന്നും വ്യക്തമാക്കുന്ന വിവരങ്ങളും പുറത്തുവന്നു.
അലോക് വര്‍മ്മ റഫേല്‍ ഇടപാട് അന്വേഷിക്കാന്‍ തുടങ്ങിയതോടെ ഈ വിഷയത്തില്‍ അജിത് ഡോവല്‍ ഇടപെടുകയായിരുന്നു. സര്‍ക്കാറിനും മോദിക്കും തിരിച്ചടിയാകുന്ന വിധത്തില്‍ ഈ വിഷയത്തില്‍ ഇടപെടരുതെന്നും അന്വേഷണം വേണ്ടെന്നുമാണ് വര്‍മ്മയോട് ഡോവല്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍, അന്വേഷണം തുടരുമെന്ന സൂചയാണ് വര്‍മ്മ നല്‍കിയത്. ഡോവലിന്റെ നിര്‍ദ്ദേശം അനുസരിക്കാതിരുന്നതിന് പിന്നാലെയാണ് അദ്ദേഹത്തെ തല്‍സ്ഥാനത്തു നിന്നും നീക്കി കൊണ്ടുള്ള നടപടി വന്നത്.
ഇതിന് സ്പെഷ്യല്‍ ഡയറ്ക്ടര്‍ അസ്താനയെ മറയാക്കുക മാത്രമാണെന്ന വിധത്തിലാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പരസ്പരം പോരടിച്ച സിബിഐ. ഡയറക്ടറോടും സ്പെഷ്യല്‍ ഡയറക്ടറോടും കിടമത്സരം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍, അസ്താനയ്ക്കെതിരായ നടപടികള്‍ തുടര്‍ന്ന സിബിഐ ഡയറക്ടര്‍ അലോക് വര്‍മ, സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനു വഴങ്ങാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന സന്ദേശമാണ് നല്‍കിയത്. ഡെസോള്‍ട്ട് ഏവിയേഷനില്‍ നിന്ന് ഈ കരാര്‍ സംബന്ധിച്ച രേഖകള്‍ ശേഖരിക്കാനുള്ള നീക്കം സിബിഐ ആരംഭിച്ചിരുന്നു. ഇതാണ് അടിസ്ഥാനപരമായി മോദിയെ പ്രകോപിപ്പിച്ചത്.
കരാര്‍ സംബന്ധിച്ച രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് സിബിഐ വാങ്ങിയിരുന്നു. പ്രധാനമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുടെ ഇടപെടലുകളെ പറ്റിയുള്ള വിവരങ്ങളും സിബിഐയുടെ കൈവശമുണ്ടെന്നാണ് അറിയുന്നത്. ഇതോടെയാണ് അലോക് വര്‍മയുടെ സ്ഥാനമാറ്റം വിവാദമാവുന്നത്. ഇതോടൊപ്പം തന്നെ ആസ്താനക്കെതിരായ കേസ് കൈകാര്യം ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയതും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. അലോക് വര്‍മയുടെ ഓഫീസില്‍ ഇന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ റെയിഡ് നടത്തുകയും ചെയ്തത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതാണ്.
അതിനിടെ വിവാദമായ റഫേല്‍ ഇടപാട് നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചതോടെ കേന്ദ്രത്തിന് മേല്‍ സമ്മര്‍ദ്ദം മുറുകി. റഫേല്‍ ഇടപാടിനെ ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ പരിഗണിച്ച ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച്, ഇടപാടിലേക്ക് എത്തിച്ചേര്‍ന്ന നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ കൈമാറാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇടപാടിന്റെ സാങ്കേതിക വശങ്ങളും വിലനിര്‍ണയവും ഒഴിച്ചുള്ള വിവരങ്ങള്‍ കൈമാറാനാണ് ആവശ്യപ്പെട്ടിരുന്നത്. കോടതി വിഷയം വീണ്ടും പരിഗണിക്കാനിരിക്കെയാണ്, സര്‍ക്കാര്‍ വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചത്.
കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഫ്രാന്‍സില്‍ നിന്നും റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാറിന്റെ തീരുമാനിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ എച്ച്എഎലിനെ പങ്കാളിയാക്കാനായിരുന്നു യുപിഎ സര്‍ക്കാരിന്റെ കാലത്തെ നിര്‍ദ്ദേശം. എന്നാല്‍ 2015ല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കുകയായിരുന്നു എന്നാണ് ആരോപണം. കരാര്‍ ഒപ്പുവയ്ക്കുന്നതിന് ഏതാനും ദിവസങ്ങള്‍മാത്രം മുമ്പ് നിലവില്‍ വന്ന കമ്പനിയായിരുന്നു ഇത്. ഇതോടെ ഇടപാടില്‍ വലിയ അഴിമതി നടന്നുവെന്നാണ് കോണ്‍ഗ്രസിന്റെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും ആരോപണം.
2015 ല്‍ നരേന്ദ്ര മോദിയുടെ പാരീസ് യാത്രയോടെയാണ് റാഫേല്‍ ചര്‍ച്ചകള്‍ക്ക് വീണ്ടും ജീവന്‍വച്ചത്. യാതൊരു അറിയിപ്പും മുന്‍കൂട്ടി നല്‍കാതെ ഫ്രാന്‍സ് സന്ദര്‍ശനവേളയില്‍ ഇന്ത്യ 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിക്കുകയായിരുന്നു. യു.പി.എ സര്‍ക്കാരിന്റെ കാലത്തെ 126 വിമാനങ്ങള്‍ എന്ന കരാറല്ല, മറിച്ച് 36 വിമാനങ്ങള്‍ വാങ്ങുന്ന പുതിയ കരാറിലേക്കായിരുന്നു മോദി സര്‍ക്കാര്‍ നീങ്ങിയത്. പഴയ കരാറിന് നല്‍കേണ്ട പണം വളരെ കൂടുതലാണ് എന്ന കാരണത്താല്‍ കരാറില്‍നിന്ന് പിന്മാറുകയാണെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ പുതിയ കരാറില്‍ സാങ്കേതികവിദ്യയുടെ കൈമാറ്റം എന്ന മന്മോഹന്‍ സര്‍ക്കാരിന്റെ ആശയം പരിഗണിച്ചിട്ടില്ല. 58,000 കോടി രൂപയുടെ കരാറാണ് പ്രധാനമന്ത്രി 2016 സെപ്റ്റംബറില്‍ ഇതുമായി ബന്ധപ്പെട്ട് ഒപ്പുവെച്ചത്.
ഇന്ത്യയുടെ നേരിട്ടുള്ള ആവശ്യപ്രകാരമാണ് റാഫേല്‍ കരാറില്‍ അനില്‍ അംബാനിയുടെ കമ്പനിയെ ഉള്‍പ്പെടുത്തിയതെന്ന വിവരം പുറത്തുവന്നിരുന്നു. ഇതും വിവാദം ചൂടുപിടിപ്പിക്കാന്‍ കാരണമായി. താനോ തന്റെ കാമുകിയോ ഇടപെട്ടല്ല, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആവശ്യപ്രകാരമാണ് അനില്‍ അംബാനി കരാറില്‍ കയറിക്കൂടിയതെന്ന് സൂചിപ്പിച്ച് ഫ്രാന്‍സിന്റെ മുന്‍ പ്രസിഡണ്ട് ഫ്രാങ്കോയിസ് ഒളാന്തും രംഗത്തെത്തിയിരുന്നു.
ഡാസ്സോള്‍ട്ടിലെ തൊഴിലാളി സംഘടനകളിലൊന്നായ സിജിടി പ്രസിദ്ധീകരിച്ച മിനുട്സ് പറയുന്നത് ഡാസ്സോള്‍ട്ട് റിലയന്‍സ് ഏവിയേഷന്‍ എന്നൊരു കമ്പനി നാഗ്പൂരില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും റാഫേല്‍ ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കാനുള്ള കരാര്‍ കിട്ടാന്‍ ഇത് അത്യാവശ്യമാണെന്ന് ലോയിക് സീഗള്‍മാന്‍ തങ്ങളെ ബോധിപ്പിച്ചെന്നുമാണ്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് അനില്‍ അംബാനിയുടെ കമ്പനിയുമായുള്ള ഈ സഖ്യമെന്നും സീഗള്‍മാന്‍ പറഞ്ഞതായി രേഖയിലുണ്ട്. മറ്റൊരു ട്രേഡ് യൂണിയനായ സിഎഫ്ഡിടി പറയുന്നത് മെയ്ക്ക് ഇന്‍ ഇന്ത്യ കരാറിന്റെ ഭാഗമായി വന്നത് ഇന്ത്യയുടെ ആവശ്യപ്രകാരമാണെന്നും റിലയന്‍സുമായുള്ള ഓഫ് സെറ്റ് കരാര്‍ ഒഴിവാക്കാനാകാത്തതാണെന്നും ഇവര്‍ പുറത്തിറക്കിയ മിനുട്സ് രേഖ പറയുന്നുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല