Header Ads

ശബരിമല കോടതിവിധി കലാപമായി ആളിക്കത്തിച്ചതില്‍ പ്രധാനി രാഹുല്‍ ഈശ്വര്‍

വൈശാഖൻ തമ്പി എഴുതുന്നു...

ശബരിമല സംബന്ധിയായ ഒരു കോടതിവിധിയെ ഇത്രയും വലിയൊരു സാമൂഹ്യപ്രശ്നമായി മാറ്റിയെടുത്തത് രാഹുൽ ഈശ്വർ എന്ന ഒറ്റ മനുഷ്യജീവിയാണ്.
ആർ.എസ്.എസും ബി.ജെ.പി.യും അയ്യപ്പസേവാ സംഘവും ഒക്കെ ലഘുവായോ പോസിറ്റീവായോ വരെ കണ്ടിരുന്ന കാര്യമാണ് ശബരിമലയിലെ സ്ത്രീ പ്രവേശനം, കുറഞ്ഞത് പ്രത്യക്ഷത്തിലെങ്കിലും. അവിടെയാണ് തന്ത്രി കുടുംബാംഗം എന്ന ലേബലിൽ വന്ന് രാഹുൽ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നത്.
നെഞ്ചത്ത് കൊടികുത്തലും നെറ്റിയിൽ പോസ്റ്ററൊട്ടിപ്പും പോലുള്ള സ്ഥിരം ഡ്രാമാ ട്രിക്കുമായി വന്ന് ശബരിമല വിശ്വാസികളെ എന്തോ മഹാനാശം വരാൻ പോകുന്നുവെന്ന മട്ടിൽ ഇളക്കിവിട്ടത് അയാളാണ്. അത് കുറേയൊക്കെ ഫലിയ്ക്കുകയും ചെയ്തു. നോട്ട് നിരോധനത്തിലും ഇന്ധനവിലയിലും വലഞ്ഞിട്ടും കുലുങ്ങാത്ത കുറേ പേർ ദൈവത്തിനെ രക്ഷിയ്ക്കാൻ തെരുവിലിറങ്ങി. അതിലെ രാഷ്ട്രീയ സാധ്യതകൾ തിരിച്ചറിഞ്ഞ സംഘപരിവാർ അതുവരെയുള്ള നിലപാടൊക്കെ വിഴുങ്ങി മറുകണ്ടം ചാടി. കോൺഗ്രസ് പാർട്ടിയും അതിന്റെ തുമ്പിൽ കേറി പിടിച്ചു.
ഇനി ആരാണീ രാഹുലീശ്വർ?
യുക്തിവാദി സംവാദങ്ങളിൽ ദൈവത്തിന്റെ അസ്തിത്വത്തിന് വാദിക്കുന്ന ഒരു രാഹുലുണ്ട്.
എക്സ്ട്രീം അല്ലാത്ത 'മിഡിൽ റൈറ്റ്' നിലപാടും 'ഐൻസ്റ്റൈന്റെ ദൈവം, സ്പിനോസായുടെ ദൈവം' എന്ന വായ്ത്താരിയുമായി കടുത്ത പുരോഗമനവാദി ചമഞ്ഞ് പ്രത്യക്ഷപ്പെടുന്ന ആൾ.
അതേ ആളിനെ തന്നെയാണ് 'എന്റെ നെഞ്ചത്ത് ചവിട്ടിയേ സ്ത്രീകൾ മല ചവിട്ടൂ' എന്ന 'മിഡിൽ ഫിംഗർ' നിലപാടുമായി കാണുന്നതും.
മലയാളീ ഹൗസിൽ വെളിപ്പെട്ട രാഹുൽ തന്നെയായിരിക്കും സദാചാരസംരക്ഷനായ രാഹുലും.
'അയ്യപ്പനും വാവരും ചേർന്നാൽ മതേതരത്വ'മായി എന്ന ലോജിക്കുമായി സെക്കുലർ അവതാരമെടുക്കുന്ന രാഹുൽ തന്നെയാണ് 'ഞാൻ ബ്രാഹ്മണ രാഷ്ട്രീയത്തിന്റെ വക്താവാണ്' എന്നും പറയുന്നത്.
ഇതിൽ പ്രത്യേകിച്ച് വൈരുദ്ധ്യമൊന്നും തോന്നേണ്ടതില്ല. കാരണം നിലപാടില്ലായ്മയാണ് രാഹുലിന്റെ ഏക നിലപാട്. അതിൽ 'ഞാൻ, എന്റെ പ്രശസ്തി' എന്നൊരു പൊതുഘടകമേ കണ്ടിട്ടുള്ളൂ. ഇക്കാര്യത്തിൽ തന്നെ എത്ര പെട്ടെന്നാണ് തന്റെ വാക്കും കേട്ട് ചൂടുവെള്ളം കലക്കാനിറങ്ങിയ കുട്ടിക്കുരങ്ങൻമാരെ അയാൾ തള്ളിപ്പറഞ്ഞത്! അറിയാതെ പ്രയോഗിച്ച 'ഞങ്ങൾ' വരെ ഉടനെ തിരുത്തി 'അവർ' എന്നാക്കി ലോഡ് സ്വന്തം തോളിൽ നിന്ന് ഇറക്കി കളഞ്ഞു.

സുപ്രീം കോടതി വിധി നടപ്പാക്കാൻ തടസ്സം നിൽക്കുക, കലാപാഹ്വാനം നടത്തുക, അക്രമോദ്ദേശ്യത്തോടെ സംഘടിയ്ക്കുക, എന്നിങ്ങനെയുള്ള വകുപ്പുകളുടെ ബലമറിയണമെങ്കിൽ അങ്ങനൊരു കേസിൽ പെട്ടുനോക്കണം. ഹർത്താലിന് ബസിൽ കല്ലെറിയുന്നപോലെയല്ല അത്. പലർക്കും അത് പതിയെ മനസ്സിലായി വരുന്നുണ്ട്. അതാണ് ശ്രീധരൻപിള്ളജി തന്നെ രാഹുലിനെതിരേ കേസെടുക്കാൻ പറഞ്ഞത്.
ഇപ്പോ ദാ തന്ത്രികുടുംബവും അയാൾ തങ്ങളിൽ പെട്ടതല്ല എന്ന് കൈ കഴുകി. അമ്മ വഴിയുള്ള ബന്ധം പാരമ്പര്യം അവകാശപ്പെടാൻ പര്യാപ്തമല്ല എന്നാണ് അവർ പറയുന്നത്. ചുരുക്കത്തിൽ, ഫെമിനിസ്റ്റുകളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന രാഹുലിന് ഇനി ഫെമിനിസം പറയാതെ പാരമ്പര്യം അവകാശപ്പെടാനാവില്ല!!!
ഇതൊന്നും പോരാത്തതിന് ഇപ്പോളൊരു #മീറ്റൂ വെളിപ്പെടുത്തൽ കൂടി ആയിട്ടുണ്ട്. അതൊക്കെ എന്തായാലും അയാൾ ചാനലുകൾ വഴി വിളമ്പിയ വർഗീയവിഷം കേരള സമൂഹത്തിൽ ഉണ്ടാക്കിയ ഡാമേജ് ചെറുതല്ല. രാജാവാണോ മന്ത്രിയാണോ വലുത് എന്നൊക്കെ ചോദിക്കുന്ന, ജനാധിപത്യമോ നിയമവ്യവസ്ഥയോ എന്താണെന്നറിയാത്ത കുറേ വിവരദോഷികളെ അയാൾ ഇളക്കിവിട്ട് കേസിൽ പെടുത്തിയിട്ടുണ്ട്.
'അഭിലാഷേ മുപ്പത് സെക്കന്റ് തരൂ' വീഡിയോ ഒക്കെ കാണിച്ചാൽ മാനസിക സമനില തെറ്റിയതിന്റെ ആനുകൂല്യമോ മറ്റോ അയാൾക്ക് കോടതിയിൽ അവകാശപ്പെടാനായേക്കും. പക്ഷേ അയാൾ പറഞ്ഞ 'ഞങ്ങളല്ലാത്ത ആ അവർ' ഉണ്ടല്ലോ, ലുക്കൗട്ട് നോട്ടീസിൽ കാണപ്പെട്ട സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ. അവർ നൈസായിട്ട് *ഞ്ചും.

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.