Header Ads

കേരളത്തിലെ മതേതരസമാധാനത്തിലേക്ക് സംഘപരിവാര്‍ വിഷവിത്തു പാകിക്കഴിഞ്ഞു: നേരിടാം, അതീവ ജാഗ്രതയോടെ


Written by: Manila C Mohan

ശബരിമല ഒരു ടൂളാണ്. എന്തൊക്കെത്തരം കുഴപ്പങ്ങളുണ്ടെങ്കിലും അത്ര പെട്ടെന്നൊന്നും കീറിക്കളയാൻ സാധിക്കില്ലെന്ന് കരുതിയിരുന്ന കേരളത്തിന്റെ സെക്യുലർ ഫാബ്രിക്കിനെ കുറച്ചു കാലത്തേക്കെങ്കിലും പല കഷ്ണങ്ങളായി കീറിയെറിയാൻ ശേഷിയുള്ള ഒരു ടൂൾ. ആ വിധ്വംസക ഉപകരണത്തിന്റെ, ആയുധത്തിന്റെ സാധ്യതയും സംഹാരശേഷിയും മുൻകൂട്ടിക്കണ്ട് തിരിച്ചറിഞ്ഞ സംഘപരിവാർ, അതിന്റെ നിർമിതി കഴിഞ്ഞ പത്തോ പതിനഞ്ചോ വർഷത്തിനുള്ളിൽ പരസ്യമായി, നമ്മുടെ മുന്നിൽ വെച്ചാണ് നടത്തിയത്. വലിയ കാത്തിരിപ്പുണ്ട് അതിന് പിന്നിൽ, വലിയ തയ്യാറെടുപ്പുകൾ നടന്നിട്ടുണ്ട് അതിന് പിന്നിൽ, അനുകൂലമായി വരുന്ന ഒരു സാഹചര്യത്തിലേക്ക്, വീണു കിട്ടിയേക്കാവുന്ന ഒരു സാഹചര്യത്തിലേക്ക് അത് ഒരുങ്ങിയിരിക്കുകയായിരുന്നു. ഇപ്പോൾ സാഹചര്യം അവർക്കനുകൂലമാണ്. അവരത് ഉപയോഗപ്പെടുത്തും പരമാവധി.

ആ ഒരുങ്ങലിന് ഏറ്റവും വലിയ സംഭാവന നൽകിയിട്ടുള്ളത് മാധ്യമങ്ങളാണ്. ഭക്തിയുടേയും മാർക്കറ്റിന്റേയും മിശ്രണത്തിന് മനോഹരമായ പാക്കിങ്ങ് നടത്തി വ്യാപകമായി വിതരണം ചെയ്തതിൽ മാധ്യമങ്ങൾക്ക് കുറ്റകരമായ പങ്കുണ്ട്. ആദ്യം ദൃശ്യമാധ്യമങ്ങളുടെ ഓരോ വാർത്താ ബുള്ളറ്റിനുകൾക്കൊടുവിലും മണ്ഡലകാലത്ത് എല്ലാ ദിവസവും ശബരിമലയിൽ ഇന്ന് എന്ന ‘വാർത്ത’ വായിക്കാൻ തുടങ്ങി. പിന്നെയതിന് ഗ്രാഫിക്സ് വന്നു. പിന്നെയതിനൊപ്പം ശരണം വിളി വന്നു. ‘ശബരിമലയിൽ ഇന്ന് നിങ്ങൾക്കായി അവതരിപ്പിക്കുന്നത്’ എന്ന് സ്പോൺസർഷിപ്പ് വന്നു. മകരവിളക്ക് ലൈവ് ചെയ്യാൻ തുടങ്ങി. സൂര്യ ടി.വി.യാണത് ആരംഭിച്ചത്. മകരവിളക്കിന്റെ തട്ടിപ്പ് ദൃശ്യങ്ങൾ സഹിതം പുറത്ത് കൊണ്ടുവന്ന അതേ കൈരളി ടി.വി. മകരവിളക്ക് ലൈവും ഗംഭീരമായി ഏറ്റെടുത്തു. ആദ്യകാലങ്ങളിൽ കമന്ററി പറഞ്ഞിരുന്നത് ഇപ്പോൾ കലാപത്തിന് മുൻപന്തിയിൽ നിൽക്കുന്ന തന്ത്രി കുടുംബാംഗം.

അച്ചടി മാധ്യമങ്ങളിലും ശബരിമല പല തരം വാർത്തകളായി. വാർത്താ പരസ്യങ്ങളായി. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാം വലിയ വാർത്തകളായി. ആളു കൂടി. വിശ്വാസം കൂടി. ഈയൊരു പ്രോഗ്രഷനെ മതേതര-പുരോഗമന കേരളത്തിന് സംശയിക്കാൻ തോന്നിയിട്ടില്ല. കാരണം ശബരിമലയുടെ ഐതീഹ്യത്തിന് പ്രത്യക്ഷത്തിൽ സവർണത്തിളക്കങ്ങൾ കുറവായിരുന്നു. ശബരിമലയ്ക്ക് പോകാൻ എല്ലാവർക്കും പല തരത്തിൽ ഇഷ്ടമായിരുന്നു. അതിൽ രാഷ്ട്രീയ ഭേദവുമില്ലായിരുന്നു. വാവരുടെ സാന്നിധ്യമുള്ളതിനാൽ മതേതരമെന്നും ആദിവാസികളുടെ സാന്നിധ്യമുള്ളതിനാൽ കീഴാളമെന്നുമുള്ള പരിവേഷങ്ങൾ. അയ്യപ്പ മിത്തിന്റെ കഥകളിലെ തത്ത്വമസിയും കാടും ബൗദ്ധ പാരമ്പര്യവും കറുപ്പു നിറവും ഒക്കെ ആ ആത്മീയതയ്ക്ക് മറ്റൊരു ആരാധനാലയ ആത്മീയതയ്ക്കും കിട്ടാത്ത ജനകീയ സ്വീകാര്യതയുണ്ടാക്കി. സ്ത്രീകളും സജീവമായിത്തന്നെയാണ് ശബരിമല വ്രതങ്ങളിൽ പങ്കെടുക്കാറുള്ളത്. മാലയിട്ട സ്വാമിയുള്ള വീട് ഒരു ആരാധനാലയം പോലെ പരിപാലിക്കപ്പെട്ടു. യുവതികൾ മലയ്ക്ക് പോകാറില്ലെന്നേയുളളായിരുന്നു, വ്രതാനുഷ്ഠാനങ്ങളിൽ സജീവം തന്നെയായിരുന്നു. ആർത്തവ കാലത്തെ മാറിയിരിക്കൽ അവർ ഭക്ത്യാദര വിശ്വാസപൂർവ്വം ചെയ്യുന്ന അനുഷ്ഠാനമായിരുന്നു.

ഇതിന് സമാന്തരമായി ഈ കാലഘട്ടത്തിൽ ശബരിമലയിൽ സംഘപരിവാരം കറുപ്പിന്റെ പല തരം പ്രതീകങ്ങളെ കാവിയിലേക്ക് നിറം മാറ്റുന്നുണ്ടായിരുന്നു. ശബരിമലയിലെ വോളണ്ടിയർമാരിലും എണ്ണത്തിലധികം സംഘപരിവാർ സംഘടനകളിൽ നിന്നുള്ളവരായി. സെലിബ്രിറ്റി ഭക്തരും ഇതര സംസ്ഥാന ഭക്തരും ജാതിഭേദവും മതദ്വേഷവുമില്ലാതെ മലയിലെത്തി. മണ്ഡലകാലത്ത് എല്ലായിടത്തും ഭക്തർ നിറഞ്ഞു.

ഹൈന്ദവ ആത്മീയതയ്ക്കും ഹിന്ദുത്വയ്ക്കും ഇടയിലുണ്ടായിരുന്ന വലിയ വിടവ് ചെറിയ വിടവായി മാറി. അവ തമ്മിലെ വ്യത്യാസം തിരിച്ചറിയാൻ ഭൂരിപക്ഷം വിശ്വാസികൾക്കും കഴിയാതായി. ആ വ്യത്യാസത്തെക്കുറിച്ചുള്ള തിരിച്ചറിവുണ്ടാക്കലാണ് പരമപ്രധാനമായ രാഷ്ട്രീയ പ്രവർത്തനമെന്നും സാമൂഹ്യ പ്രവർത്തനമെന്നും നിരന്തരം ഓർമിപ്പിക്കേണ്ടിയിരുന്ന ഇടതുപക്ഷം അതിൽ തീർത്തും പരാജയപ്പെട്ടു. പകരം അവർ മിത്തുകളുടെ, പ്രതീകങ്ങളുടെ വ്യാഖ്യാനങ്ങൾ നടത്തി. ചരിത്രം പറയേണ്ട സമയത്ത്, അമ്പലങ്ങളുടെ ഭരണ സമിതികളിലാണ് രാഷ്ട്രീയമെന്ന് കണ്ടെത്തി ഉത്സവ നടത്തിപ്പിന് മുന്നിൽ നിന്നു. പ്രത്യയശാസ്ത്ര പാഠങ്ങൾ ഐതിഹ്യകഥകളുടെ വ്യാഖ്യാന പാഠങ്ങൾ കൊണ്ട് പകരം വെക്കാൻ കഴില്ലെന്ന് മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടു. സംഘ പരിവാറിന്റെ പ്രതീകങ്ങൾക്ക് അവരുദ്ദേശിച്ചതിനേക്കാൾ വിപുലമായ പ്രചാരം നൽകി.

യുവതീ പ്രവേശനത്തിനുള്ള അനുമതിയ്ക്കായി സുപ്രീംകോടതിയെ സമീപിച്ചത് സംഘപരിവാർ സംഘടനകളോട് അടുത്ത ബന്ധമുള്ളവരെന്ന് സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. 12 വർഷത്തെ വ്യവഹാര കാലയളവിൽ ഒരിക്കൽപ്പോലും യുവതീപ്രവേശനത്തെ എതിർത്ത് ആർ.എസ്.എ സോ ബി.ജെ.പി.യോ കോടതിയിലെത്തിയില്ല. വിധിയെ ഒരേ സമയം സ്വാഗതം ചെയ്യുകയും എതിർക്കുകയും ചെയ്തു കൊണ്ട് വെള്ളം കലക്കുകയും മീൻ പിടിക്കുകയും ചെയ്യുകയെന്ന പയറ്റിത്തെളിഞ്ഞ അതേ തന്ത്രം പരിവാരം ഇവിടെയും പയറ്റി.

പാസ്സീവായി തന്ത്രപരമായി സമീപിക്കേണ്ടിയിരുന്ന ഒരു വിഷയത്തെ കൈകാര്യം ചെയ്യുന്നതിൽ സർക്കാരിനും പുരോഗമന ചിന്താഗതിയുള്ളവർക്കും തുടക്കത്തിൽ വീഴ്ച പറ്റി. ഹൈന്ദവ ക്ഷേത്രങ്ങൾക്ക് ചുറ്റും മുഖ്യധാരാ ചർച്ചകളെയും ശ്രദ്ധയേയും നില നിർത്തുകയെന്ന സംഘതന്ത്രത്തിൽ പുരോഗമന ഇടതുപക്ഷം സ്വമേധയാ പങ്കാളികളായി. എന്നിട്ട് ചർച്ച ചെയ്യുന്നതോ, അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തെക്കുറിച്ച്, ആചാരങ്ങളുടെ നൂലാമാലകളെക്കുറിച്ച്, തന്ത്രവിധികളെക്കുറിച്ച്. മനുഷ്യ വിരുദ്ധതയെന്ന മൂലധനം മാത്രം കയ്യിലുള്ള സംഘപരിവാരം അനുകൂലിച്ചും പ്രതികൂലിച്ചും ഒരു ക്ഷേത്രാചാരത്തെക്കുറിച്ച് ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളിൽ ശരണം വിളികളും കൊലവിളികളും മാത്രം നിറയുകയാണ്. സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ മുഴുവൻ ചർച്ച ഒരു ആചാരത്തിന്റെ നിലനിൽപ്പിനെ സംബന്ധിച്ചുള്ളതാണ്. ശബരിമലയുടെ സെക്യുലർ സ്വഭാവമൊക്കെ മാറി. ‘നമ്മൾ ഹിന്ദുക്കളുടെ ആചാരം’ എന്ന് വിശ്വാസികളെല്ലാം പറയാൻ തുടങ്ങിയിട്ടുണ്ട്.

ഒരു കലാപത്തെ ഉളളിൽ പേറുന്നുണ്ട് ശബരിമല വിവാദം. നേരിട്ടു നടത്താവുന്ന ഒരു രാഷ്ട്രീയ സംവാദങ്ങളും പരിവാരത്തിന്റെ ലക്ഷ്യമല്ല. അവരുടെ ഉന്നം കലാപം മാത്രമാണ്. അവർ സംഘടിച്ചിട്ടുണ്ട്.

ഈ ഘട്ടത്തിലും മാധ്യമങ്ങൾക്കും പുരോഗമന കേരളത്തിനും ചെയ്യാനേറെയുണ്ട്. സംഘപരിവാറിന്റെ ഒരു മുഖങ്ങൾക്കും വേദി കൊടുക്കാതിരിക്കാനുള്ള ധൈര്യം കാണിക്കണം മാധ്യമങ്ങൾ. അതെങ്ങനെയെന്ന് സംശയിക്കേണ്ടതില്ല. ശബരിമലയേക്കാൾ പ്രാധാന്യമുണ്ട് പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന്. പ്രകോപനപരമായ എല്ലാത്തരം നീക്കങ്ങളേയും അവഗണിക്കാനുള്ള ബോധപൂർവമായ ശ്രമം നടത്തണം. ശബരിമലയിലേക്ക് തത്കാലം പോകേണ്ടെന്ന് യുവതികൾ തീരുമാനിക്കണം. അതു കൊണ്ട് ഒരു തരത്തിലുള്ള ജന്റർ ജസ്റ്റിസും വയലേറ്റ് ചെയ്യപ്പെടുകയില്ല. കാരണം അവിടെയെത്തിക്കിട്ടുന്ന ഒരൊറ്റ യുവതിയിലാണവർക്ക് കലാപത്തിന്റെ പ്രതീക്ഷ. അവർ പ്രതീക്ഷിക്കുന്ന സാധ്യതയിലേക്ക് തല വെച്ച് കൊടുക്കേണ്ടതില്ല. മല കയറിയുണ്ടാകുന്ന ജന്റർ ജസ്റ്റിസിനേക്കാൾ എത്രയോ വലുതാണ് ഒരു സമൂഹമെന്ന നിലയിൽ രാഷ്ട്രീയ കേരളത്തിന്റെയും സമാധാനം. വിശ്വാസികളായ സ്ത്രീകൾ അത് ചെയ്യുമ്പോഴുണ്ടാകുന്ന ഇംപാക്റ്റല്ല സമരമാർഗ്ഗമായി മല കയറുമ്പോൾ. കാരണം നമ്മൾ സമരം ചെയ്യുന്നത് ബോധപൂർവ്വം വയലന്റായി നിൽക്കുന്ന ജനക്കൂട്ടത്തിന്റെ ഭ്രാന്തിനോടും അവരുടെ ഭ്രാന്തിനെ ആളിക്കത്തിക്കുന്ന നേതൃത്വത്തോടുമാണ്.

നൂറു ക്ഷേത്ര പ്രവേശന സമരത്തേക്കാൾ പ്രാധാന്യമുണ്ട് ശബരിമലയിലേക്ക് തത്കാലം പോകേണ്ടതില്ല എന്ന തീരുമാനത്തിന്. യുവതികളെ കയറ്റില്ല എന്ന് അവർ പറയുന്നത് കെണി വെച്ച് കാത്തിരിക്കുന്ന കൗശലത്തോടെയാണ്. ഗാന്ധിയൻ സമരം എന്ന് സംഘപരിവാർ ആവർത്തിച്ച് പറയുമ്പോൾ ഗാന്ധിയെ കൊന്ന ഗോഡ്സേയുടെ സമരം എന്ന് കേൾക്കാൻ പറ്റണം. ഒരു പുരോഗമന സമൂഹം അവഗണനയെ രാഷ്ട്രീയ ആയുധമാക്കേണ്ട ചരിത്ര സന്ദർഭമാണിത്. ഇടതു സർക്കാർ ആ അവഗണനയ്ക്ക് നേതൃത്വം നൽകുമെന്ന് പ്രതീക്ഷിക്കാം. കേരളത്തിലെ മതേതര ഭൂരിപക്ഷം അതിനൊപ്പം നിൽക്കുമെന്ന് ഉറപ്പ്.

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.