Header Ads

ശബരിമലയിലെ രാഷ്ട്രീയം ഇനിയും മനസ്സിലാകാത്തവര്‍ക്കായി ...



Written by: Jathin Das  


സംഘപരിവാരം ശ്രമിക്കുന്നത് ഉത്തരേന്ത്യയില്‍ നടത്തി വിജയിപ്പിച്ച സോഷ്യല്‍ എഞ്ചിനീയറിംഗ് കേരളത്തിലും നടപ്പിലാക്കാനാണ്. അതിനപ്പുറം വിശ്വാസമോ വിശ്വാസികളോടുള്ള താല്പര്യമോ അവര്‍ക്കില്ല. അയോധ്യയില്‍ രണ്ടുപതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ പലഭാഗങ്ങളില്‍ നിന്നായി കൊണ്ടുപോയി കൂട്ടിയ കല്ലിന്റെ കൂനകളോട് ചോദിച്ചാല്‍ ആ കല്ലുകള്‍ കഥ പറയും. ശബരിമലയുടെ പേരില്‍ ബിജെപി ഇപ്പോള്‍ നടത്തുന്ന കാട്ടിക്കൂട്ടലുകള്‍ക്കും പറയാനുണ്ടാവുക മറ്റൊന്നാവില്ല..



ആര്‍ജ്ജവമുണ്ടെങ്കില്‍ ശ്രീധരന്‍ പിള്ള അടക്കമുള്ളവര്‍ ചെയ്യേണ്ടത് കേന്ദ്രസര്‍ക്കാറിനോട് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ പറയുകയാണ്.

രണ്ടുകാരണങ്ങള്‍ കൊണ്ടവര്‍ അത് ചെയ്യില്ല

1: ഒന്നാമതായി ഇവര്‍ക്കീ വിഷയത്തിലുള്ളത് രാഷ്ട്രീയം മാത്രമാണ്. ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ പറഞ്ഞാല്‍ കേന്ദ്രം അത് ചെവിക്കൊള്ളുക പോലുമില്ല. കാരണം RSS ഈ വിധിക്കൊപ്പമാണ് . കേരളത്തിലെ സംഘികള്‍ക്ക് പുല്ലുവില നാഗ്പൂരിലെ നേതൃത്വം കല്‍പ്പിക്കുന്നില്ല. വെറുതേ പോയി നാറാന്‍ മാത്രം വിഡ്ഢിയാണ് ശ്രീധരന്‍ പിള്ള എന്നെനിക്ക് തോന്നുന്നില്ല. മാത്രവുമല്ല അങ്ങനെ കേന്ദ്രത്തിലേക്ക് പോയാല്‍ വിഷയത്തിന്റെ ഗ്യാസവിടെ തീരുമെന്നും അദ്ദേഹത്തിനറിയാം. അയോദ്ധ്യ പോലെ ശബരിമല വിഷയവും ഇങ്ങനെ തീരാതെ നില്‍ക്കണം അതാണ് ലക്ഷ്യം ..

2: രണ്ടാമതായി ഈ വിഷയത്തില്‍ ഓര്‍ഡിനന്‍സ് നിലനില്‍ക്കില്ല എന്ന നിയമപരമായ വസ്തുത കേരള ഹൈക്കോടതിയിലെ പ്രഗത്ഭ വക്കീലായ ശ്രീധരന്‍ പിള്ളക്കറിയാം. കാരണം വിധിയില്‍ ഏറ്റവും കൃത്യമായി പറഞ്ഞിട്ടുണ്ട് ഇത് ആര്‍ട്ടിക്കിള്‍ 14 ന്റെ ലംഘനമാണെന്ന്. അതായത് കേരള നിയമസഭ പണ്ട് പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമാണ് എന്നാണ് കോടതി പറഞ്ഞത്. അതായത് തുല്യതക്കുള്ള അവകാശത്തെ ഹനിക്കുന്ന ഒരുനിയമവും ഭരണഘടനക്ക് നിരക്കുന്നതല്ല എന്നതാണ് കോടതിയുടെ പോയിന്റ്. പിന്നെങ്ങനെയാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരിക? സ്ത്രീകള്‍ക്കുള്ള പ്രവേശന നിരോധനം തന്നെയായിരിക്കണമല്ലോ ആ ഓര്‍ഡിനന്‍സിന്റെ കാതല്‍. ഭരണഘടനാ വിരുദ്ധമാണ് എന്ന് കോടതി പറഞ്ഞ ഒരു കാര്യം ഓര്‍ഡിനന്‍സ് ആക്കി പുറത്തിറക്കാന്‍ കേന്ദ്രം തയ്യാറാകും എന്ന് വിചാരിക്കുന്നവരുടെ തലയാണ് ആദ്യം പരിശോധിക്കേണ്ടത്.

മറ്റൊരു വാദം 'ജെല്ലിക്കെട്ട് മോഡല്‍' പിന്തുടരണം എന്നാണ്. ഈ പറയുന്നവരൊക്കെ ആരെയാണ് വിഡ്ഢികളാക്കാന്‍ നോക്കുന്നത്. ജെല്ലിക്കെട്ട് കോടതി നിരോധിച്ചത് ഭരണഘടന ചൂണ്ടിക്കാട്ടിയല്ല. ജെല്ലിക്കെട്ട് സുപ്രീം കോടതി നിരോധിച്ചത് Prevention of Cruelty to Animals Act, 1960 പ്രകാരം ആണ്. മൃഗസംരക്ഷണം Concurrent List-ല്‍ പെടുന്നതാണ്. അതായത് കേന്ദ്രത്തിനും കേരളത്തിനും ഒരുപോലെ ഇടപെടാന്‍ കഴിയുന്ന വകുപ്പുകള്‍. അവിടെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതും ജെല്ലിക്കെട്ട് ഒരു കായികവിനോദമാണെന്നും കായികം സംസ്ഥാന വിഷയമാണെന്നും പറഞ്ഞാണ് കേന്ദ്രം അതിനെ അംഗീകരിച്ചതും.

ഹിന്ദുക്കളുടെ വിശ്വാസ സംരക്ഷണമാണ് ആത്യന്തിക ലക്ഷ്യമെങ്കില്‍ ശ്രീധരന്‍ പിള്ള എന്തുകൊണ്ടാണ് കേന്ദ്രത്തിലെ സ്വന്തം സര്‍ക്കാരിനോട് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ പറയാത്തത് ? തുല്യത എന്നത് ഭരണഘടനയുടെ ഭാഗമാണെന്നും അത് ഒരു സര്‍ക്കാരിനും തിരുത്താന്‍ കഴിയില്ലെന്നും എന്തൊക്കെ പറഞ്ഞാലും ഇന്ത്യയിലെ ഇപ്പോഴത്തെ നിയമ സംവിധാനത്തില്‍ ശബരിമലയിലെ സ്ത്രീപ്രവേശനം തടഞ്ഞുകൊണ്ടൊരു ഓര്‍ഡിനന്‍സ് സാധ്യമല്ലെന്നും സ്ത്രീപ്രവേശനം അനിവാര്യമായ കാര്യമാണെന്നും വക്കീലായ ശ്രീധരന്‍പിള്ളക്ക് മറ്റാരേക്കാളും നന്നായി അറിയാം.

പക്ഷെ അതിലുപരി, മതവും വിശ്വാസവും തലക്കുപിടിച്ചാല്‍ പിന്നെ വസ്തുതകളോ ലോജിക്കോ അവര്‍ക്ക് ബാധകമല്ലാതാകുമെന്നും കുറേയേറെപ്പേരെ അങ്ങനെ പിരികയറ്റാമെന്നും തെരുവിലിറക്കി രാഷ്ട്രീയ മൈലേജ് ഉണ്ടാക്കാമെന്നും Sreedharan Pillai PSയിലെ വക്കീലിന്റെ കുറുക്കന്‍ ബുദ്ധിക്കറിയാം. ഇപ്പോള്‍ കാണുന്ന കോലാഹലത്തിന്റെ രത്‌നച്ചുരുക്കം അത് മാത്രമാണ്.

NB: കോണ്‍ഗ്രസ്സും സമരരംഗത്തുണ്ടല്ലോ അവരെ പറ്റിയെന്താ പറയാത്തത് എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ബിജെപി ചെയ്യുന്നത് അതേപോലെ കോപ്പിയാക്കി ചെയുന്ന CongRSS നെ പറ്റി എന്തു പറയാന്‍ ?

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.