പ്രതിഷേധാഗ്നി കേരളത്തില്‍ മാത്രമല്ല, ഇന്ത്യയൊട്ടാകെ ആളിപ്പടരും: പി എന്‍ നാരായണ വര്‍മ്മ
പന്തളം രാജകുടുംബാംഗവും പാലസ് കോര്‍ഡിനേഷന്‍ സെക്രട്ടറിയുമായ പി എന്‍ നാരായണ വര്‍മ്മയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍
എന്തുകൊണ്ടാണ് യുവതികളായ സ്ത്രീകളെ ശബരിമല അമ്പലത്തില്‍ പ്രവേശിപ്പിക്കാന്‍ പാടില്ല എന്നു പറയുന്നത്?
ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനമില്ല എന്നു പറഞ്ഞിട്ടില്ല. പക്ഷേ, ഒരു നിയന്ത്രണം മാത്രമാണ് ഇപ്പോള്‍ ഉള്ളത്. പത്തുവയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ പാടില്ല എന്നതാണ് ആ നിയന്ത്രണം. കേരളത്തിലെ ഓരോരോ അമ്പലങ്ങളും പിന്തുടരുന്ന ചില നിയമങ്ങള്‍ ഉണ്ട്. കേരളത്തിലെ ക്ഷേത്രങ്ങളെ സംബന്ധിച്ച് അതിന്റെതായ പ്രതിഷ്ഠ സങ്കല്‍പ്പങ്ങളുണ്ട്. കേരളത്തിലെ താന്ത്രിക വൈദിക സങ്കല്പമനുസരിച്ചാണ് ഓരോ ക്ഷേത്രങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വളരെ വളരെ വ്യത്യസ്ഥമാണ് കേരളത്തിലെ ക്ഷേത്രങ്ങളില്‍ പിന്തുടരുന്ന താന്ത്രിക സങ്കല്‍പ്പങ്ങള്‍. പരശുരാമന്റെ നിര്‍ദ്ദേശവും അതുപോലെ തന്നെ ശങ്കരാചാര്യരുടെ നിര്‍ദ്ദേശവുമനുസരിച്ചുള്ള പ്രതിഷ്ഠാ സങ്കല്പമാണ് കേരളത്തിലെ ക്ഷേത്രങ്ങളില്‍ പിന്തുടരുന്നത്. ശബരിമലയെ സംബന്ധിച്ചിടത്തോളം നൈഷ്ഠിക ബ്രഹ്മചാരി സങ്കല്പമാണ്. ആദ്യം അതൊരു ശാസ്താ ക്ഷേത്രമായിരുന്നു. പരശുരാമ പ്രതിഷ്ഠിതമായ പഞ്ചശാസ്താക്കളില്‍ ശാസ്താ ക്ഷേത്രമായിരുന്നു പണ്ട് ശബരിമലയില്‍. അതും സദസില്‍ ഇരിക്കുന്ന ശാസ്താ സംഘല്‍പ്പത്തിലാണ്. എന്നാല്‍ അച്ചന്‍ കോവിലില്‍ ആണെങ്കില്‍ ഗൃഹസ്ഥാശ്രമിയായി പൂര്‍ണ്ണ പുഷ്പിതാ സമേതം രാജകീയമായ ചൈതന്യത്തിലിരിക്കുന്ന അയ്യപ്പ സങ്കല്‍പ്പമാണ്. പല ക്ഷേത്രങ്ങളിലും ഭഗവാന്‍ പല ഭാവത്തിലാണ് ഇരിക്കുന്നത്. ഭഗവാന്റെ യുടെ ഗൃഹമാണ് ശരിക്കും ക്ഷേത്രം. അതായത് മൂര്‍ത്തി താമസിക്കുന്ന ഗൃഹം. ആ മൂര്‍ത്തിയുടെ ഇഷ്ടപ്രകാരമാണ് അവിടെയുള്ള ആചാരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പന്‍, മൂര്‍ത്തിയുടെ എല്ലാ ഭാവങ്ങളും ആവാഹിച്ച് സ്വന്തം ഗൃഹത്തിലിരിക്കുന്ന ഒരു മൂര്‍ത്തി, യൗവനയുക്തകളായ സ്ത്രീകളെ കാണുന്ന മാത്രയില്‍ ബ്രഹ്മചര്യം ഉപേക്ഷിച്ച് ആ സ്ത്രീയെ പ്രാപിക്കുന്ന ഒരു ആഭാസനാണെന്നാണോ അതിന്റെ അര്‍ത്ഥം?
തെറ്റ്. അതു ശരിയല്ല. അടിസ്ഥാനമില്ലാതെ, യാതൊരു വിവരവുമില്ലാതെ പറയുന്ന കാര്യങ്ങളാണ് ഇതെല്ലാം. 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ പോകരുത് എന്നല്ല. ശബരിമലയില്‍ പോകുന്നത് ദര്‍ശനത്തിനല്ലേ? അതൊരു തീര്‍ത്ഥാടനമാണ്. ആ തീര്‍ത്ഥാടനത്തില്‍ ആചാരാനുഷ്ടാനങ്ങള്‍ പാലിക്കാന്‍ ഭക്തര്‍ എന്ന നിലയില്‍ തീര്‍ത്ഥയാത്ര നടത്തുന്നവര്‍ക്കു ബാധ്യതയുണ്ട്. ഭക്തര്‍ക്ക് ആ ഭഗവാന്‍ നിര്‍ദ്ദേശിച്ചതനുസരിച്ചു മാത്രമേ അവിടെ പോകാന്‍ അനുവാദമുള്ളു. ആ നിയമങ്ങള്‍ ആദരിക്കുക എന്നത് ഭക്തന്റെ കര്‍ത്തവ്യമാണ്.
ഈ നിയമങ്ങളെല്ലാം ഒരു ഭക്തന്‍ അനുസരിക്കേണ്ടത് എന്തെല്ലാം കാര്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടിയാണ്...?? അഥവാ ഇത്തരത്തില്‍ നിയമങ്ങള്‍ അനുസരിച്ച്, കഷ്ടതകള്‍ സഹിച്ച് ദര്‍ശനം നടത്തുന്ന ഒരു അയ്യപ്പന് ലഭിക്കുന്ന നേട്ടങ്ങള്‍ എന്തെല്ലാം...??
ഭക്തന്റെ മാനസികമായ കാര്യങ്ങള്‍, അതുപോലെ തന്നെ ഭൗതീകമായ നേട്ടങ്ങള്‍ കൈവരുന്നതിനും ഈ ദര്‍ശനം ഉപകരിക്കും. ഒരു ഭക്തന് പലതരം ആഗ്രഹങ്ങള്‍ ഉണ്ടാകും. ആ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുക എന്നതാണ് ശബരിമല തീര്‍ത്ഥാടനത്തിന്റെ ഉദ്ദേശവും ലക്ഷ്യവും.
സ്വന്തം വികാരങ്ങളെയും വിചാരങ്ങളെയും നിയന്ത്രിച്ച് 41 ദിവസം കഠിന വ്രതമെടുത്ത് ശബരിമലയില്‍ എത്തുന്ന ഒരു അയ്യപ്പ ഭക്തന്‍ സ്ത്രീകളെ കാണുന്ന മാത്രയില്‍ അവന്റെ വ്രതം നഷ്ടപ്പെടുത്തി അവളെ ബലാത്സംഗം ചെയ്തു കളയുമെന്ന് പന്തളം രാജകുടുംബം വിശ്വസിക്കുന്നുണ്ടോ?
ഒരിക്കലുമില്ല. അങ്ങനെ തെറ്റുന്ന വ്രതമുള്ളവരല്ല ശബരിമലയില്‍ പോകുന്നത്.
എങ്കില്‍പ്പിന്നെ ഇത്രയേറെ എതിര്‍പ്പ് എന്തിനാണ് യുവതികളായ സ്ത്രീകളോടു കാണിക്കുന്നത്?
സ്ത്രീകളോട് എതിര്‍പ്പില്ല. അത് നൂറ്റാണ്ടുകളായി അവിടെ നടക്കുന്ന ഒരു ആചാരത്തിന്റെ ഭാഗമാണ്.
നൂറ്റാണ്ടുകള്‍ മുമ്പ് സ്വീകരിച്ച ഒരാചാരം. അന്നത്തെ കാലഘട്ടത്തിന് അനുസരിച്ച് നടപ്പിലാക്കിയ ഒരു ആചാരം. ആ ആചാരം, ഇത്രയേറെ പുരോഗതി പ്രാപിച്ച ഈ കാലഘട്ടത്തിലും പന്തളം രാജകുടുംബം മുറുകെ പിടിക്കുന്നത് എന്തുകൊണ്ട്?
പന്തളം രാജകുടുംബത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്തതുകൊണ്ടാണ് നിങ്ങള്‍ ഇത്തരത്തില്‍ സംസാരിക്കുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പുരോഗമനപരമായി ചിന്തിക്കുന്ന ഒരു രാജകുടുംബമായിരുന്നു പന്തളം രാജകുടുംബം. കേരളത്തിലെ സാമൂഹിക പുരോഗതിയില്‍ പന്തളം രാജകുടുംബത്തിന് നിര്‍ണ്ണായകമായ സ്ഥാനമുണ്ട്. കേരളത്തിലെ മറ്റെല്ലാ വിഭാഗങ്ങളും തള്ളിക്കളഞ്ഞ അവസരത്തിലും പന്തളം രാജകുടുംബമാണ് അന്നത്തെ സാമൂഹിക പരിഷ്‌കര്‍ത്താക്കളും പുരോഗമനവാദികളുമായ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിച്ചത്. അന്നത്തെ കമ്മ്യൂണിസ്റ്റുകള്‍ക്ക് അഭയം നല്‍കി ഉപ്പും ചോറും കൊടുത്തവരാണ് പന്തളം രാജകുടുംബം.
ആരും പിന്തുണയ്ക്കാത്ത കമ്മ്യൂണിസത്തിന്റെ വളര്‍ച്ചാക്കാലത്ത് ഏറെ സഹായിച്ചിട്ടുള്ള പന്തളം രാജകുടുംബം ഇപ്പോള്‍ ഈ സ്ത്രീ മുന്നേറ്റത്തെ തള്ളിപ്പറയുന്നത് എന്തുകൊണ്ട്?
ആര്‍ത്തവകാലത്ത് സ്ത്രീകളെ ശബരിമലയില്‍ നിന്നും അകറ്റിനിര്‍ത്തുന്നത് പിന്നോക്കപരമായ ഒരു സമീപനമാണ് എന്ന് പന്തളം കൊട്ടാരം വിശ്വസിക്കുന്നില്ല. അത് ആചാരത്തിന്റെ ഭാഗമാണ്. അതിനെ ഞങ്ങള്‍ ആ രീതിയില്‍ മാത്രമേ കാണുന്നുള്ളു.
കാലങ്ങള്‍ മാറുന്നതിന് അനുസരിച്ച് മാറാനുള്ളതല്ലേ ആചാരങ്ങള്‍? ആചാരം ദുരാചാരമായിരുന്നു എന്നു തോന്നുന്ന നിമിഷം അതു മാറ്റാന്‍ ബന്ധപ്പെട്ടവര്‍ ബാധ്യസ്ഥരല്ലേ?
ഇത് വിവരവും വിദ്യാഭ്യാസവും ഉണ്ടാക്കിവച്ച ആചാരങ്ങളാണ്. ഇപ്പോഴത്തെ ആളുകളാകട്ടെ, വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത രീതിയില്‍ അതിനെ മാറ്റിമറിക്കുകയാണ്.
അപ്പോള്‍ കഴിഞ്ഞുപോയ തലമുറയ്ക്ക് വിവരവും വിദ്യാഭ്യാസവും ഉണ്ടായിരുന്നു എന്നും ഇപ്പോഴുള്ളവര്‍ക്ക് അതില്ല എന്നുമാണോ താങ്കള്‍ പറയുന്നത്?
അത് വളരെ കുറവാണ്. ഉണ്ടാകാം, നിങ്ങള്‍ക്ക് ബുക്കുകള്‍ വായിച്ചുള്ള അറിവുണ്ടാകാം. പുരോഗമനപരമായ ചിന്തകളുമുണ്ടാകാം. പക്ഷേ, പ്രാക്ടിക്കല്‍ തലത്തില്‍ ഇപ്പോഴും പഴയ ആളുകള്‍ തന്നെയാണ് ശരി. അവരെയാണ് അംഗീകരിക്കാന്‍ കഴിയുന്നത്.
അപ്പോള്‍, ശബരിമലയില്‍ പ്രായഭേതമന്യേ സ്ത്രീകള്‍ക്കു പ്രവേശനം നല്‍കിയ സുപ്രീം കോടതി ജഡ്ജിമാര്‍ക്കു വിവരമില്ലായിരുന്നു എന്നാണോ താങ്കള്‍ പറയുന്നത്?
ഇല്ല. അങ്ങനെ ഞാന്‍ പറഞ്ഞിട്ടേയില്ല. ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിധി ഞങ്ങള്‍ വായിച്ചു കഴിഞ്ഞു. അത് വിവരക്കേട് എന്നല്ല ഞാന്‍ പറഞ്ഞത്. ശബരിമലയിലെ കാര്യങ്ങളെക്കുറിച്ചോ കേരളത്തിലെ ക്ഷേത്രസംബന്ധിയായിട്ടോ യാതൊരു പഠനവും ഉണ്ടായിട്ടില്ല എന്നാണ് ഞാന്‍ പറഞ്ഞത്.
പക്ഷേ, ആലോചിച്ചു നോക്കൂ, വെറുമൊരു ആചാരത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റിനിര്‍ത്തുന്നത് ഇന്നത്തെ കാലത്തിനു യോജിച്ചതാണോ?
അത് വെറും ആചാരമല്ല, ഭഗവാന്റെ നിയമമാണ്. ഭഗവാന്‍ നിര്‍ദ്ദേശിച്ചത് അനുസരിച്ചിട്ടാണ് അങ്ങനെയൊരു നിയമമുണ്ടായത്. ഇത് ശബരിമലയിലെ കാര്യം മാത്രമല്ല, കേരളത്തിലെ മറ്റെല്ലാ ക്ഷേത്രങ്ങളിലും അതിന്റെതായ ആചാരങ്ങളും നിയമങ്ങളുമുണ്ട്. കേരളത്തിലെ ശിവക്ഷേത്രങ്ങളില്‍ പ്രദക്ഷിണം വയ്ക്കാന്‍ മുഴുവന്‍ ഭാഗത്തേക്കും നിങ്ങള്‍ക്കു പോകാന്‍ പറ്റില്ല. ഗംഗയെ മുറിച്ചു കടക്കരുത് എന്നത് ഒരു വിശ്വാസമാണ്. അത് വിശ്വാസികള്‍ക്കുള്ളതാണ്. എന്നുകരുതി നാളെ ഒരാള്‍ കൊണ്ടുപോയി കേസു കൊടുക്കുന്നു. നമുക്കു പൂര്‍ണ്ണമാക്കാം പ്രദക്ഷിണം. അതെല്ലാം ബാലിശമായ ചിന്താഗതിയാണ്. അപ്പോള്‍ ക്ഷേത്രപരമായ കാര്യങ്ങളിലെ അവസാന വാക്ക് തന്ത്രിയാണ്. തന്ത്രിയും അതുപോലെ ക്ഷേത്രേശനും. എന്നു പറഞ്ഞാല്‍ ക്ഷേത്രം നിര്‍മ്മിച്ച ആള്‍ അഥവാ ക്ഷേത്രത്തിന്റെ ഉടമസ്ഥന്‍. അവര്‍ ആ ക്ഷേത്രം നിര്‍മ്മിക്കുമ്പോള്‍ തന്നെ അതിനു ചില ആചാര പദ്ധതികള്‍ ഉണ്ടാക്കും. അതിനു ചില ക്രമങ്ങള്‍ ഉണ്ട്. അത് അനുസരിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ ആ ക്ഷേത്രത്തിന് ഐശ്വര്യവും ഭഗവാന്റെ ചൈതന്യവും കിട്ടുകയുള്ളു.
ഒരു ക്ഷേത്രത്തിന്റെ ഐശ്യര്യമാണോ അതോ ആ നാട്ടിലെ ജനങ്ങളുടെ മാനസികവും ശാരീരികവും സാമൂഹികവുമായ വികാസമാണോ ഒരു മതം ലക്ഷ്യം വയ്ക്കേണ്ടത്?
തീര്‍ച്ചയായും ഭക്തന്റെ വിശ്വാസമാണ് ഏറ്റവും പ്രധാനം. ഭക്തനാണ് എങ്കില്‍, വിശ്വാസിയാണ് എങ്കില്‍ ഏതു ക്ഷേത്രത്തില്‍ നിങ്ങള്‍ വിശ്വസിക്കുന്നുവോ അവിടെ വച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥനാണ്.
അങ്ങനെയെങ്കില്‍ വ്യഭിചാരിയും കള്ളനും ആഭാസനുമായ ഒരാള്‍ വിശ്വാസിയാണ് എന്ന ഒറ്റക്കാരണത്താല്‍, വ്രതം നോക്കാനും അനുസരിക്കാനും തയ്യാറാണ് എന്ന ഒറ്റക്കാരണത്താല്‍, ദര്‍ശനം സാധ്യമാകുമല്ലോ?
നിങ്ങള്‍ പഠിച്ചിട്ടുള്ള ഒരാളാണോ? രാമായണം നിങ്ങള്‍ വായിച്ചിട്ടുണ്ടോ..? വാല്‍മീകി എങ്ങനെയുള്ള ഒരാളായിരുന്നു? കാട്ടാളനായിരുന്നു വാല്‍മീകി. അദ്ദേഹം മഹാകാവ്യമെഴുതിയത് എങ്ങനെയാണ് എന്നു നിങ്ങള്‍ക്ക് അറിയാമോ? മാനസിക പരിവര്‍ത്തനം വന്നതിനാലാണ് അദ്ദേഹത്തിന് അത് സാധ്യമായത്. അങ്ങനെയൊരു മാനസിക പരിവര്‍ത്തനം ഉണ്ടാകാനാണ് വ്രതമെടുക്കുന്നത്. അയ്യപ്പനോടുള്ള ഭക്തികൊണ്ട് തെറ്റുകളില്‍ നിന്നും പിന്മാറി നല്ല മനുഷ്യനായി ജീവിക്കാനാണ് ഒരുവന്‍ വ്രതമെടുക്കുന്നത്.
ഇത്തരത്തില്‍, കള്ളനെയും കൊള്ളക്കാരനെയും ആഭാസനെയും മാനസിക പരിവര്‍ത്തനം വന്ന് മാറ്റിയെടുക്കാന്‍ 41 ദിവസം വ്രതമനുഷ്ഠിച്ച് മലചവിട്ടുന്ന ഭക്തരില്‍ ചിലര്‍ക്കെതിരെയാണ് ശബരിമലയില്‍ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. അത്തരത്തില്‍, 9 വയസുകാരിയായ ഒരു ബാലികയെ പീഡിപ്പിച്ച കേസ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ നിലവിലുണ്ട്.
ശബരിമലയിലാണോ അതു നടന്നത്? കേരളത്തില്‍ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല.
ഇത്തരത്തില്‍ വ്രതമനുഷ്ഠിച്ച്, നല്ലൊരു മനുഷ്യനായി തിരിച്ചെത്തുന്ന ഭക്തര്‍ തന്നെയാണു പറയുന്നത് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കില്ലെന്നും ഏതെങ്കിലുമൊരു സ്ത്രീ അതിനു തയ്യാറായാല്‍ അവളെ ബലാത്സംഗം ചെയ്യുമെന്നും. ഇതിനെക്കുറിച്ചു താങ്കള്‍ എന്തു പറയുന്നു?
അങ്ങനെയൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. ഇപ്പോഴും സ്ത്രീകള്‍ പമ്പവരെ വരുന്നുണ്ട്. അവര്‍ അവിടെ വന്നു ഭജിച്ചതിനു ശേഷം പന്തളത്ത് രാജമണ്ഡപത്തില്‍ വന്ന് അവര്‍ അനുഗ്രഹവും വാങ്ങിപ്പോകുന്നുണ്ട്.
1991 ലെ ഹൈക്കോടതി വിധിക്കു മുമ്പ് സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചിരുന്നു. തന്ത്രികുടുംബത്തിലെ സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നു. ചോറൂണ് പോലുള്ള ചടങ്ങുകള്‍ അവിടെവച്ചു നടത്തിയിരുന്നു. അന്ന് വ്രതം തെറ്റാതിരുന്ന അയ്യപ്പന്, ഇപ്പോള്‍ ഈ സുപ്രീം കോടതി വിധി വന്നതിനു ശേഷം വ്രതം തെറ്റുന്നത് എങ്ങനെയാണ്?
അയ്യപ്പന് വ്രതം തെറ്റുന്നില്ല. അങ്ങനെയല്ല പറഞ്ഞത്. അയ്യപ്പന്‍ തപസില്‍ ഇരിക്കുന്ന ആളാണ്. അവിടെ ചോറൂണുകളും സ്ത്രീ പ്രവേശനവും നടന്നതിനു ശേഷമാണ് ജസ്റ്റിസ് പരപൂര്‍ണ്ണന്‍ ഒരു സ്യൂവോ മോട്ടോ കേസ് എടുത്ത് യുവതികളായ സ്ത്രീകളെ പൂര്‍ണ്ണമായും വിലക്കിയത്. ആ കേസിന്റെ ആദ്യം മുതലുള്ള കാര്യങ്ങള്‍ എനിക്കറിയാം. ഞാനപ്പോള്‍ അഡ്വ ജനറലിന്റെ ഓഫീസിലായിരുന്നു ജോലി ചെയ്തിരുന്നത്. അക്കാലത്ത് അതിനെക്കുറിച്ചു ഞാന്‍ മനസിലാക്കിയിട്ടുണ്ട്. അതിന്റെ എല്ലാ സ്ഥിതികളും എനിക്കറിയാം. ആ കേസ് വന്നപ്പോള്‍ കേരളത്തിലെ തന്ത്രിമുഖ്യന്മാരെയും പന്തളം രാജാവിനെയും കേട്ട ശേഷം വിശദമായി പഠിച്ച ശേഷം മാത്രമാണ് അദ്ദേഹം വിധി പ്രസ്താവിച്ചത്.
അയ്യപ്പന്റെ തപസ് ക്ഷേത്ര സങ്കല്‍പ്പമാണ്. ഒരു നിയമമുണ്ടാക്കുന്നത് അത് തെറ്റിക്കാനല്ല. ആ നിയമം തെറ്റിക്കുന്നതല്ല നിയമം.
അപ്പോള്‍, ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമവും അനുസരിക്കാനുള്ളതല്ലേ? അതു ലംഘിക്കപ്പെടാനുള്ളതാണോ...? ആ നിയമം തെറ്റിക്കുന്നതാണോ വിശ്വാസികളുടെ നിയമം?
ഇന്ത്യയിലെ നിയമത്തിന് ബഹുസ്വരമായ വിശ്വാസങ്ങളും എല്ലാക്കാര്യങ്ങളിലും ആരാധന സംബ്രദായങ്ങളും നമുക്ക് അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യവും ഇന്ത്യന്‍ ഭരണഘടന ജനങ്ങള്‍ക്കു നല്‍കുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടന ഉണ്ടാകുന്നതിനു മുമ്പുതന്നെ, നൂറ്റാണ്ടുകളായി പല നിയമങ്ങളും ക്ഷേത്രങ്ങള്‍ വഴി ഉണ്ടായിട്ടുണ്ട്. അതെല്ലാം ആചരിച്ചു വരുന്നുമുണ്ട്. ആ മതങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന നിയമങ്ങള്‍ അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യങ്ങളും ഇന്ത്യന്‍ ഭരണഘടന ഒരു പൗരന് നല്‍കുന്നുണ്ട്. ആ നിയമങ്ങളെയെല്ലാം നമ്മുടെ ഭരണഘടന സംരക്ഷിക്കുന്നുമുണ്ട്.
ശരിതന്നെ, ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുന്നതിനും നൂറ്റാണ്ടുകള്‍ക്കു മുമ്പേ ക്ഷേത്രങ്ങളില്‍ നിയമമുണ്ടായിരുന്നു. അത്തരത്തിലുള്ള നിയമങ്ങളായിരുന്നു, കീഴ്ജാതിക്കാരെ ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കാതെ ഇരുന്നത്. തൊട്ടുകൂടയ്മയും തീണ്ടിക്കൂടായ്മയും എന്നുവേണ്ട ഒട്ടനവധി അനാചാരങ്ങള്‍ നിയമങ്ങള്‍ പോലെ ഇവിടെ നിലവിലുണ്ടായിരുന്നു. താങ്കള്‍ മുമ്പ് പറഞ്ഞതു പോലെ, ഈ നിയമങ്ങളെല്ലാം വിവരവും വിദ്യാഭ്യാസവും പാണ്ഡിത്യവുമുള്ള പൂര്‍വ്വികര്‍ ഉണ്ടാക്കി വച്ചിട്ടുള്ള നിയമങ്ങളാണ്. അതെല്ലാം തെറ്റാണ് എന്നു പറഞ്ഞ് എടുത്തുമാറ്റിയത് കേരളത്തിലെ നിരവധി സാമൂഹിക പരിഷ്‌കര്‍ത്താക്കളാണ്. അത്തരത്തില്‍, എടുത്തുമാറ്റേണ്ട ഒരു ദുരാചാരമല്ലേ ആര്‍ത്തവകാലത്തെ സ്ത്രീകളുടെ ഈ വിലക്ക്?
അന്നത്തെ സാമൂഹികമായ ചുറ്റുപാടില്‍ അത്തരത്തിലുള്ള നിയമങ്ങള്‍ ഉണ്ടാകും. അത്തരത്തിലുള്ള അനാചാരങ്ങള്‍ എല്ലാമതത്തിലുമുണ്ട്. അങ്ങനെയുള്ള ആചാരങ്ങളും അനാചാരങ്ങളും നോക്കൂ, ക്ഷേത്രപ്രവേശനവിളമ്പരമിറക്കിയത് മഹാരാജാവാണ്. അന്നത്തെ കാലഘട്ടത്തില്‍ എല്ലാവരും കൂടി ആലോചിച്ച്, ആചാര്യന്മാരും വിദ്യാഭ്യാസവിജക്ഷണരുമെല്ലാം ചേര്‍ന്ന്, അന്നത്തെ ആചാരത്തിന് അനുസൃതമായിട്ടാണ് അതെല്ലാം മാറ്റിയത്. വൈക്കം സത്യാഗ്രഹത്തില്‍ മന്നത്തു പത്മനാഭനും മറ്റും പങ്കെടുത്തതാണ്. ഇതെല്ലാം എല്ലാവര്‍ക്കും അറിയാം. ഇത്തരത്തിലുള്ള അനാചാരങ്ങള്‍ ഹിന്ദു സമൂഹത്തില്‍ ഉണ്ടെങ്കില്‍ അതു മാറ്റേണ്ടതാണ്. അന്നത്തെ ആചാര്യമാന്മാരും മതനേതാക്കന്മാരും ചേര്‍ന്ന് അത്തരം അനാചാരങ്ങള്‍ മാറ്റും. അല്ലാതെ ഒരു കോടതിയും ഇടപെട്ടിട്ടല്ല.
അങ്ങനെയൊരു മാറ്റത്തിന് ഈ 21 ാം നൂറ്റാണ്ടില്‍ പന്തളം രാജകുടുംബമല്ലേ മുന്‍കൈ എടുക്കേണ്ടത്?
ശബരിമലയില്‍ അങ്ങനെ അനാചാരങ്ങളുണ്ടെങ്കില്‍ പന്തളം രാജകുടുംബവും തന്ത്രിമാരും വിശ്വാസപ്രമുഖരും മറ്റെല്ലാവരും ചേര്‍ന്ന് ആലോചിച്ചതിനു ശേഷം വേണം ഒരു തീരുമാനമെടുക്കാന്‍. ഇത് ഒരു അനാചാരമല്ല, ഇത് ചെറിയൊരു നിയന്ത്രണം മാത്രമാണ്. അങ്ങനെയാണ് എങ്കില്‍ ശബരിമല ക്ഷേത്രം വേണ്ട, ക്ഷേത്രത്തിന്റെ പ്രതിഷ്ഠ സങ്കല്‍പ്പം മാറ്റണം. ബ്രഹ്മചാരി എന്ന സങ്കല്‍പ്പം വേണ്ട, നൈഷ്ഠിക ബ്രഹ്മചാരി എന്നത് മാറ്റി ഭഗവാന്‍ ഗ്രഹസ്ഥാശ്രമി ആയിട്ടു നില്‍ക്കട്ടെ. ഇപ്പോഴത്തെ പരിതസ്ഥിതിയില്‍ ആ ക്ഷേത്ര സങ്കല്‍പ്പത്തിന് അനുസൃതമായ നിയമങ്ങള്‍ പാലിക്കപ്പെട്ടേ തീരൂ. ആ വിശ്വാസത്തിലും ആചാരത്തിലും അടിസ്ഥാനമാക്കിയുള്ള രീതികള്‍ മാത്രമേ പാലിക്കാന്‍ പറ്റുകയുള്ളു. തന്ത്രിയാണ് അതിനെക്കുറിച്ച് ഫൈനലായി പറയേണ്ടത്.
ഇത്രയും കാലമായിട്ടും ബി ജെ പിക്ക് കേരളത്തില്‍ ഒരക്കൗണ്ട് തുടങ്ങാന്‍ പറ്റിയിട്ടില്ല. ജനങ്ങളുടെ വിശ്വാസങ്ങളില്‍ കൈകടത്തി, അവരില്‍ വിഭാഗീയത സൃഷ്ടിച്ച് കേരളത്തില്‍ ബിജെ പിക്ക് അവസരമൊരുക്കാനുള്ള ചിലരുടെ കൈയിലെ ഉപകരണമാവുകയല്ലേ പന്തളം രാജകുടുംബം?
ഇത് ബാലിശമായ ഒരു ചോദ്യമാണ്. ബി ജെ പി മാത്രമല്ല, ഇവിടെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ കോടതി വിധിയെ ആദ്യം സ്വാഗതം ചെയ്തിരുന്നു. വിധി നടപ്പാക്കണമെന്നാണ് അവര്‍ ആദ്യം പറഞ്ഞത്. രണ്ടാംതീയതി നടന്ന ഭക്തന്മാരുടെ നാമജപയജ്ഞത്തിനു ശേഷമാണ് ഈ നേതാക്കളെല്ലാം പന്തളം കൊട്ടാരത്തിലേക്കു വന്നിട്ടുള്ളത്. ഇപ്പോഴും അതിന്റെ പ്രവാഹം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഭക്തജനങ്ങളുടെ വികാരം മനസിലാക്കിക്കൊണ്ടാണ് പന്തളം കൊട്ടാരം തീരുമാനങ്ങള്‍ എടുക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും കൊടിയോ മുദ്രാവാക്യമോ ഇല്ലാതെയാണ് ഞങ്ങള്‍ പന്തളത്ത് നാമജപ പദയാത്ര സംഘടിപ്പിച്ചത്. അത് കേരളം മുഴുവനുമുള്ള ഭക്തജനങ്ങള്‍ ഏറ്റെടുത്തു. കേരളം മുഴുവനല്ല, ഭാരതം മുഴുവന്‍. വിശ്വാസങ്ങളെ സംരക്ഷിക്കുക എന്നത് വിശ്വാസികളുടെ അവകാശമാണ്. അതുനിഷേധിച്ചാല്‍ ഇവിടെയുള്ള ഭക്തജനങ്ങള്‍ രംഗത്തിറങ്ങും. ഇത്രയും മാത്രമാണ് എനിക്കു പറയാനുള്ളത്.
പന്തളം രാജാവിന്റെ മകനാണ് മണികണ്ഠന്‍. പന്തളം രാജകൊട്ടാരമാണ് ഈ ആചാരങ്ങളെല്ലാം ഉണ്ടാക്കിയത്. മകന്റെ ഇഷ്ടാനിഷ്ഠങ്ങള്‍ അറിയുന്നവരാണ് രാജകുടുംബം. അപ്പോള്‍ പന്തളം കൊട്ടാരം തീരുമാനിച്ചാല്‍, ഈ ഭക്തരുടെ കോപം അവസാനിക്കുകയില്ലേ? ഈ രീതിയില്‍ ആചാരങ്ങള്‍ മതി എന്നു പറഞ്ഞാന്‍ നിങ്ങളുടെ മകന്‍ അനുസരിക്കില്ലേ?
അതു പറയാന്‍ സാധിക്കില്ല. അങ്ങനെയാണ് എങ്കില്‍ ക്ഷേത്രം അവിടെനിന്നും മാറ്റണം. ശബരിമല മാറ്റി വേറെ പ്രതിഷ്ഠ വയ്ക്കണം. എങ്കില്‍ മാത്രമേ അതു നടക്കുകയുള്ളു.
അഭിപ്രായങ്ങളൊന്നുമില്ല