എസ് ഡി പി ഐ: പാലും വെള്ളവും പോലെ; കണ്ടെത്തി നശിപ്പിക്കുക ശ്രമകരം
Written by: ഷഫീക്ക്
ഇങ്ങനെ ഒരു ചോദ്യം മുകളില്‍ കിടക്കുന്നതുകണ്ടു. എന്താണ് പ്രസ്തുത മെസ്സേജിന്റെ ഉദ്ദേശം എന്നൊന്നും മനസിലായില്ല. എന്നിരുന്നാലും എസ്.ഡി.പി.ഐ എന്ന രാഷ്ട്രീയപ്രസ്ഥാനത്തെ പറ്റി ചിലത് പറയാമെന്ന് തോന്നുന്നു.
എസ് ഡി പി ഐ (SDPI)യുടെ വേര് പത്തിരുപത് - ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വേരോടിയത്. വിശിഷ്യ തൊണ്ണൂറുകളുടെ രാഷ്ട്രീയ അസ്ഥിരതകളുടെ സന്തതിയാണ് ഇതിന്റെ ആദ്യപ്രസ്ഥാനമായ എന്‍.ഡി.എഫ് എന്ന സംഘടന. ദേശീയ ജനാധിപത്യ മുന്നണി എന്ന അര്‍ത്ഥം വരുന്ന നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് (National Democratic Front) എന്ന സംഘടനയാണ് ഇത്. കേരളത്തില്‍ ആരംഭിച്ച പ്രസ്ഥാനം. പോസ്റ്റ് ബാബറി മസ്ജിദും ഒപ്പം ഗുജറാത്ത് വംശഹത്യയയും മുസ്ലീം സമുദായത്തിനുള്ളില്‍ സൃഷ്ടിച്ച പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത അരക്ഷിതാവസ്ഥയും ഒപ്പം അവരനുഭവിച്ച, അനുഭവിച്ചുകൊണ്ടിരിക്കുന്ന അടിച്ചമര്‍ത്തലുളും അരികുവല്‍ക്കരണവും മുസ്ലീം സമുദായത്തിനുള്ളില്‍ വ്യത്യസ്തമായ വിധത്തിലുള്ള രാഷ്ട്രീയ പ്രതിഫലനങ്ങളിലേയ്ക്ക് മാറിയിട്ടുണ്ടായിരുന്നു. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണല്ലോ മഅ്ദനി ആരംഭിച്ച ഐ.എസ്.എസ് (ISS) എന്ന സംഘടന. അത് അന്ന് സായുദ്ധമായ മുന്നേറ്റങ്ങളെയും എക്സ്ട്രീമിസത്തെയും ഉള്‍ക്കൊണ്ടുകൊണ്ടാണ് ആരംഭിച്ചത് എന്ന് മഅ്ദനി തന്നെ സമ്മതിക്കുന്ന കാര്യമാണ്.
അന്നത്തെ മഅ്ദനിയുടെ പ്രഭാഷണങ്ങളില്‍ മറ്റുമതങ്ങളെ അവഹേളിക്കുന്ന വിധത്തിലുള്ള പരാമര്‍ശങ്ങളില്ലായിരുന്നു (നിരവധിപേര്‍ ആരോപിക്കുന്നുണ്ടെങ്കിലും) എങ്കിലും അവയില്‍ മുസ്ലീം യുവാക്കളോട് അഗ്രസീവായ നിലപാടുകള്‍ സ്വീകരിക്കാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. മുസ്ലീം മതത്തോടും മുസ്ലീം മതകീയ മനുഷ്യരോടും അവരുടെ ദയനീയ സ്ഥിയിയോടും അവരുടെ ആരാധനാലയങ്ങളുള്‍പ്പെടെ തകര്‍ത്തുകൊണ്ടിരിക്കുന്ന, അവരെ കൊന്നുകൊണ്ടിരിക്കുന്ന ഹിന്ദുത്വ ശക്തികളോട് ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും അന്ന് സ്വീകരിച്ച ഇരട്ടത്താപ്പും ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടും കണ്ട് നിരാശനായ ഒരു മൗലവിക്ക് അതിലപ്പുറം പോകാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍ മഅ്ദനി തന്റെ പിശകുകള്‍ വളരെ വേഗം തിരിച്ചറിയുകയും പ്രസ്തുത രാഷ്ട്രീയ ലൈനിനെ കയ്യൊഴിയുകയും ഐ.എസ്.എസ് എന്ന സംഘടന തന്നെ പിരിച്ചുവിടുകയും തുടര്‍ന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തോട് തന്നെ മാപ്പുപറയുകയും ചെയ്തിരുന്നു. (ഈ ഭാഗം ആരും അത്രക്ക് അങ്ങ് ശ്രദ്ധിക്കാതെ പോകുന്ന ഭാഗമാണ്.) തുടര്‍ന്നാണ് അദ്ദേഹം ജനാധിപത്യത്തിലൂന്നിക്കൊണ്ടുള്ള, ഇന്ത്യന്‍ ഭരണഘടനയുടെ തത്വങ്ങളില്‍ ഊന്നിക്കൊണ്ടുള്ള, അംബേദ്ക്കര്‍, ദലിത് രാഷ്ട്രീയത്തോട് ആഭിമുഖ്യം സ്വീകരിച്ചുകൊണ്ടുള്ള ഒരു രാഷ്ട്രീയ പദ്ധതിക്ക് പ്രാരംഭം കുറിക്കുന്നതും പി.ഡി.പി (പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി-Peoples Democratic Party) എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നതും. ഇവിടെ ശ്രദ്ധിക്കേണ്ടത് ഇസ്ലാമിക് സര്‍വ്വീസ് സൊസൈറ്റി (ഐ.എസ്.എസ്-Islamic Service Society) എന്നതില്‍ നിന്നും അദ്ദേഹം ജനകീയം എന്ന രാഷ്ട്രീയത്തിലേയ്ക്ക് മാറി എന്നതാണ്. മുസ്ലീങ്ങളിലേയ്ക്ക് മാത്രം ചുരുങ്ങി നിന്നിരുന്ന മുന്‍കാല മൗലവി രാഷ്ട്രീയത്തില്‍ നിന്ന് അദ്ദേഹം മുസ്ലീം-ദലിത്-പിന്നോക്ക ജനവിഭാഗങ്ങളുടെ ഐക്യം എന്ന ഏറ്റവും പ്രാധാന്യമേറിയ ബഹുജന്‍ രാഷ്ട്രീയമുദ്രാവാക്യത്തെ മുന്നോട്ട് കൊണ്ടുവന്നു എന്നതും ശ്രദ്ധേയമാണ്.
ഇത്രയും പറഞ്ഞത്, എസ്.ഡി.പി.ഐ.എ കുറിച്ച് പറഞ്ഞ് പിഡിപ്പിയിലേയ്ക്ക് കാടുകയറി എന്ന് ചിന്തിക്കരുത്. മറിച്ച് കഴിഞ്ഞ പത്തിരുപത്തഞ്ച് വര്‍ഷക്കാലത്തെ മുസ്ലീം രാഷ്ട്രീയത്തിലും സമുദായത്തിലും വന്ന ഒരു പ്രധാന മാറ്റത്തെ സൂചിപ്പിക്കാന്‍ വേണ്ടിമാത്രമാണ്.
മഅ്ദനി ഇത്തരമൊരു തുടക്കം കുറിച്ചതിലും ഒപ്പം മുസ്ലീം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നിസംഗമനോഭാവത്തില്‍ നിരാശ വന്നതിലും ഒപ്പം മേല്‍ വിവരിച്ച മുസ്ലീം വിരുദ്ധ ദേശീയ രാഷ്ട്രീയം സൃഷ്ടിച്ച ആശങ്കകളിലും അരക്ഷിതാവസ്ഥയിലും മുഴുകിയിരുന്ന മുസ്ലീം യുവാക്കളില്‍ പ്രത്യക്ഷപ്പെട്ട സവിശേഷ തീവ്രമുസ്ലീം രാഷ്ട്രീയ വിഭാഗമായിരുന്നു എന്‍.ഡി.എഫ്.
*
അവിഭക്ത ഇന്ത്യയില്‍ ജനിക്കുകയും പിന്നീട് പാകിസ്ഥാന്റെ മതരാഷ്ട്രീയത്തിലേയ്ക്ക് വലിയ ഇടപെടലുകള്‍ നടത്തുകയും ചെയ്തിരുന്ന അബ്ദുല്‍ അഅ്ല മഅ്ദൂതിയാണ് ജമാഅത്തെ ഇസ്ലാമി എന്ന മതരാഷ്ട്രീയ പ്രസ്താനത്തിന് തുടക്കം കുറിക്കുന്നത്. ഇതരമതസ്ഥരോടുള്ള വെറുപ്പും മുസ്ലീം രാഷ്ട്രീയം വിശിഷ്യ പാന്‍ മുസ്ലീം രാഷ്ട്രീയത്തില്‍ ഊന്നിക്കൊണ്ടുള്ള ഇസ്ലാമിക രാഷ്ട്രം എന്ന സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തിലുമായിരുന്നു പ്രസ്തുത പ്രസ്ഥാനം രംഗപ്രവേശം ചെയ്യുന്നത്. രാഷ്ട്രീയ ഇസ്ലാം (പൊളിടിക്കല്‍ ഇസ്ലാം-Political Islam) എന്ന തത്വമായിരുന്നു ഇത്. രാഷ്ട്രീയത്തില്‍ മതം ഇടപടാം എന്നതിനേക്കാള്‍ ഇസ്ലാമിന് രാഷ്ട്രീയത്തില്‍ സ്ഥാനമുണ്ട് എന്നും ഇസ്ലാമിക പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു ഇസ്ലാമിക രാഷ്ട്രീയം സാധ്യമാണ് എന്നുമുള്ളതാണ് അതിന്റെ ചുരുക്കം. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യയിലേയ്ക്കും ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയപരമായി കടന്നുവരുന്നുണ്ട് എങ്കിലും കേരളത്തിലാണ് അവര്‍ക്ക് മണ്ണുറപ്പിക്കാന്‍ സാധിച്ചത്.
കേരളത്തിലെ ജമാഅത്തെ ഇസ്ലാമി മഅ്ദൂദിസത്തിലാണ് തുടങ്ങുന്നതെങ്കിലും അതിന് അങ്ങനെ നിലനില്‍ക്കാന്‍ സാധിക്കുമായിരുന്നില്ല. ജമാഅത്തെ പ്രത്യയശാസ്ത്രത്തിലേയ്ക്കും അതിന്റെ കാര്‍ക്കശ്യത്തിലേയ്ക്കും കേരളത്തിലെ കീഴാള നവോത്ഥാനവും ഒപ്പം ജനാധിപത്യബോധവും തിരിച്ച് സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ രാഷ്ട്രീയ ഇസ്ലാം വക്താക്കള്‍ നിര്‍ബന്ധിക്കപ്പെട്ടുകൊണ്ടിരുന്നു. തുടര്‍ന്ന് ജമാഅത്ത് ഇസ്ലാമിക്കകത്ത് തന്നെ പിളര്‍പ്പുകളും മഅ്ദൂദി രാഷ്ട്രീയത്തിനെതിരായ പ്രവണതകളും വളരാന്‍ തുടങ്ങിയിരുന്നു. അതിനോട് കോണ്‍ഫ്രണ്ട് ചെയ്യുന്നതുകാരണം ജമാഅത്ത് ഇസ്ലാമി കേരളത്തിന് മഅ്ദൂദി രാഷ്ട്രീയത്തെ പരസ്യമായി അംഗീകരിക്കാന്‍ സാധിക്കാതെയായി. തള്ളിപ്പറഞ്ഞിട്ടുമില്ല, സ്ലീകരിച്ചിട്ടുമില്ല എന്ന സമദൂര സിദ്ധാന്തം അവര്‍ പാലിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു.
അന്നത്തെ അതിന്റെ വിദ്യാര്‍ത്ഥി സംഘടനയായിരുന്നു സിമി. (സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ-Student Islamic Movement of India-SIMI). ജമാഅത്തില്‍ ഉണ്ടാകാറുള്ള ആശയസമരങ്ങള്‍ അതിന്റെ വിദ്യാര്‍ത്ഥി സംഘടനയിലും നിഴലിച്ചു. സിമിയും ജമാഅത്ത് ഇസ്ലാമിയും തമ്മില്‍ അകലാന്‍ തുടങ്ങി. രാഷ്ട്രീയപരമായി തീവ്രസമീപനം സ്വീകരിച്ചിരുന്ന സിമിക്ക് ജമാഅത്തെ ഇസ്ലാമിയുടെ സമാധാനസമീപനങ്ങളും മറ്റും യോജിക്കാതായി. ജമാഅത്തെ ഇസ്ലാമിയും സിമിയും പ്രത്യക്ഷമായി തന്നെ അകന്നു. ഇക്കാലയളവില്‍ അവര്‍ പങ്കെടുക്കാത്ത ചില കുറ്റകൃത്യങ്ങളുടെ പേരില്‍ സിമിയെ കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുകയാണ് ഉണ്ടായത്. (തീര്‍ത്തും അനാവശ്യവും ഇസ്ലാമോഫോബിക് ആയ സമീപനവുമായിരുന്നു സിമിയുടെ നിരോധനം.)
സിമി പിരിച്ചുവിടപ്പെട്ടപ്പോള്‍ പുറത്തുവന്ന ചിലര്‍ നേതൃത്വം നല്‍കി രൂപീകരിച്ച സംഘടനയാണ് എന്‍.ഡി.എഫ്. എന്‍.ഡി.എഫ് അക്രമാസക്തമായ സമീപനമാണ് രാഷ്ട്രീയത്തില്‍ സ്വീകരിച്ചത് എന്ന് നേരത്തെ വിശദീകരിച്ചിരുന്നുവല്ലോ. മിലിറ്റന്‍സി എന്നതായിരുന്നു എന്‍.ഡി.എഫിന്റെ മുഖമുദ്ര. മുസ്ലീം ചെറുപ്പക്കാരെ തങ്ങളിലേയ്ക്ക് ആകര്‍ഷിച്ചതും ഇതേ മാര്‍ഗം ഉപയോഗിച്ച് തന്നെയാണ്. എന്റെ നാടായ നെടുമങ്ങാട് (തിരുവനന്തപുരം ജില്ല) ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടിട്ടുള്ള വ്യക്തിയെന്ന നിലയില്‍ തന്നെ, ഇതിനെ ചെറുത്തു നിന്ന രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട വ്യക്തിയെന്ന നിലയില്‍ തന്നെ എനിക്ക് വ്യക്തമായി പറയാനാകും അത്രക്കും അക്രമാസക്തമായിരുന്നു എന്‍.ഡി.എഫ് എന്ന്. ഇതര രാഷ്ട്രീയപ്രസ്ഥാനങ്ങളെ കവര്‍ സംഘടനയാക്കിക്കൊണ്ടായിരുന്നു അവര്‍ പ്രവര്‍ത്തിച്ചുവന്നത്. ഏതാണ് പത്തുവര്‍ഷക്കാലത്തോളം ഇത്തരം കവര്‍സംഘടനകള്‍ക്കുള്ളില്‍ പ്രവര്‍ത്തിച്ച് രഹസ്യമായി സംഘടന ബിള്‍ഡ് അപ്പ് ചെയ്തെടുക്കുകയായിരുന്നു അവര്‍. അതിനായി പരമതവെറി നിര്‍ലോഭം അവര്‍ ഉപയോഗിച്ചു. മുസ്ലീങ്ങള്‍ക്കിടയിലുള്ള അരക്ഷിതാവസ്ഥയെ അവര്‍ യുക്തിപൂര്‍വ്വം പ്രയോജനപ്പെടുത്തി. ഉദാഹരണങ്ങള്‍ക്കായി വടക്കേന്ത്യന്‍ സംഭവങ്ങളിലേയ്ക്ക് അവര്‍ വിരല്‍ചൂണ്ടി. അതിനനുസൃതമായ വിധം ഹിന്ദുത്വശക്തികള്‍ മുസ്ലീം വേട്ടകള്‍ ധാരാളമായി തന്നെ ചെയ്തുകൊണ്ടുമിരുന്നല്ലോ. കേരളത്തിലെ ഇടത് സംഘനടകളുടെ ഇരട്ടത്താപ്പിലേയ്ക്കും അതുപോലെ മുസ്ലീം അരക്ഷിതാവസ്ഥയെ പരിഗണിക്കാതെയുള്ള അവരുടെ പ്രവര്‍ത്തനങ്ങളെയും എന്‍.ഡി.എഫ് തങ്ങളുടെ വളര്‍ച്ചക്കായി ചൂണ്ടിക്കാട്ടി. ഇതൊക്കെ തന്നെയും അന്ന് മുസ്ലീം യുവാക്കള്‍ക്ക് പ്രധാനപ്പെട്ടവയായിരുന്നു. തങ്ങളുടെ സമുദായത്തെയും കുടുംബാംഗങ്ങളെയും സമുദായത്തിലെ സ്ത്രീകളെയും രക്ഷിക്കണമെങ്കില്‍ അഗ്രസീവ് ആയ എന്‍.ഡി.എഫ് അല്ലാതെ മറ്റൊരു രാഷ്ട്രീയത്തിന് സാധ്യതയില്ല എന്ന മട്ടിലായി കാര്യങ്ങള്‍. അവിടെ നിന്നാണ് എന്‍.ഡി.എഫ് രാഷ്ടീയം പച്ചപിടിക്കുന്നത്.
*
എന്‍.ഡി.എഫിനും ഇത്രക്കും തീവ്രമായ രാഷ്ട്രീയ സാന്നിദ്ധ്യമായി കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലത്തില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കുമായിരുന്നില്ല. ജനാധിപത്യപരമായ നിരവധി ഇടങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നത് തന്നെയാണ് അതിന് കാരണം. സ്വാഭാവികമായും അവര്‍ക്ക് ജനകീയ മുന്നേറ്റങ്ങളിലേയ്ക്കും ജനകീയ വിഷയങ്ങളിലേയ്ക്കും ഇറങ്ങാതെ മാറി നില്‍ക്കാന്‍ സാധിക്കില്ല എന്ന സ്ഥിതി പ്രത്യക്ഷപ്പെട്ടു. അന്ന് കേവലം ഒരു മാസിക മാത്രമായ തേജസ് എന്ന അവരുടെ ജിഹ്വയെ പത്രമായി രൂപം മാറ്റിക്കൊണ്ട് ജനകീയ വിഷയങ്ങളിലേയ്ക്ക് അവര്‍ ഇറങ്ങാന്‍ തുടങ്ങി. എന്‍.ഡി.എഫിനെതിരെ അതിശക്തമായ വിമര്‍ശനങ്ങള്‍ കടന്നുവരികയും കേന്ദ്രം എന്‍.ഡി.എഫിനെ നിരോദിക്കാനുള്ള നീക്കം തുടങ്ങുകയും ചെയ്തതോടെ ഒരു രാഷ്ട്രീയപ്രസ്ഥാനമില്ലാതെ (തിരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടി) നിലനില്‍ക്കാന്‍ സാധിക്കില്ല എന്ന സ്ഥിതി വിശേഷം എന്‍.ഡി.എഫിനെ സമ്മര്‍ദ്ദത്തിലാഴ്ത്തി. അവിടെ നിന്നാണ് എസ്.ഡി.പി.ഐ എന്ന രാഷ്ട്രീയപാര്‍ട്ടി ആരംഭം കുറിക്കുന്നതിന് എന്‍.ഡി.എഫ് തയ്യാറാകുന്നത്.
അതേ സമയം തന്നെ വിവിധ സംസ്ഥാനങ്ങളിലെ ദുര്‍ബ്ബല മുസ്ലീം സംഘടനകളുമായി രാഷ്ട്രീയപരമായ ഐക്യങ്ങള്‍ സ്ഥാപിക്കുകയും എന്‍.ഡി.എഫ് എന്ന സംഘടനയെ പിരിച്ചുവിട്ട് ഇതര സംഘടനകളുമായി ചേര്‍ന്ന് ദേശീയ തലത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (Popular Front of India) എന്ന സംഘടനയായി എന്‍.ഡി.എഫ് മാറുകയും ചെയ്തു. അതിന്റെ തലച്ചോറായി പ്രവര്‍ത്തിക്കുന്ന വിധത്തിലേയ്ക്ക് മാറാന്‍ അത്യാവശ്യം ആള്‍ബലമുള്ള കേരളത്തിലെ ഘടകത്തിന് (എന്‍.ഡി.എഫ് വിഭാഗത്തിന്) കഴിഞ്ഞു. (ഇതിനിടയ്ക്ക് എന്‍.ഡി.എഫ് നിരോധിക്കപ്പെടുകയും ചെയ്തു എന്നാണോര്‍മ്മ. നിരോധിച്ചാലും ഇല്ലെങ്കിലും അത് പോപ്പുലര്‍ ഫ്രണ്ട് ആയി മാറുമായിരുന്നു.) എന്‍.ഡി.എഫ് ആയിരുന്ന കാലത്ത് തന്നെ ആരംഭിച്ച അവരുടെ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ടിനെ പോപ്പുലര്‍ ഫ്രണ്ട് വിദ്യാര്‍ത്ഥി സംഘടനയായി സ്വീകരിച്ചു. എസ്.ഡി.പി.ഐ അവരുടെ രാഷ്ട്രീയ പാര്‍ട്ടിയായും. മാതൃസംഘടനയായി പോപ്പുലര്‍ ഫ്രണ്ടും.
*
ന്യൂമാന്‍ കോളേജ് പ്രഫസറെ പ്രവാചകന്‍ മുഹമ്മദിനെ ആക്ഷേപിച്ചുവെന്ന് പറഞ്ഞ് കൈവെട്ടിയ കുപ്രസിദ്ധമായ കൈവെട്ട് കേസുമായി ബന്ധപ്പെട്ടാണ് എസ്.ഡി.പി.ഐയും എന്‍.ഡി.എഫും കേരളരാഷ്ട്രീയത്തില്‍ പ്രതിലോമരാഷ്ട്രീയത്തിന്റെ വക്താക്കളായി അടയാളപ്പെടുത്തപ്പെടുന്നത്. വാസ്തവത്തില്‍ മഅ്ദൂദി രാഷ്ട്രീയത്തിന്റെ ഏറ്റവും ശരിയായ വക്താക്കളായി കേരളത്തില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു എന്‍.ഡി.എഫിന്റെ ഉദ്ദേശം. ജമാഅത്തെ ഇസ്ലാമിയും എന്‍.ഡി.എഫും (അഥവാ പോപ്പുലര്‍ ഫ്രണ്ടും) ഒരേ ആശയ സംഹിതകളാണ് മുന്നോട്ട് വെയ്ക്കുന്നത്. കാരണം അവരുടെ റൂട്ട് ഒരേ തത്വങ്ങളില്‍ നിന്നും രാഷ്ട്രീയ സംഘടനയില്‍ നിന്നുമാണ്. എന്നാല്‍ ജമാഅത്തെ ഇസ്ലാമി ഇന്ത്യന്‍/കേരള രാഷ്ട്രീയത്തിലെ മിതവാദ സമീപനത്തിലേയ്ക്ക് ജനാധിപത്യപരമായി ചുവടുമാറിയപ്പോള്‍ തീവ്രസമീപനത്തിന്റെ ശൂന്യത പൂരിപ്പിക്കപ്പെട്ടത് എന്‍.ഡി.എഫ് അഥവാ പോപ്പുലര്‍ഫ്രണ്ട്/എസ്.ഡി.പി.ഐ സംഘടകളിലൂടെയായിരുന്നു എന്ന് ചുരുക്കം.
ഹിന്ദുത്വ രാഷ്ട്രീയ സംഘടനകളെയും മുസ്ലീം രാഷ്ട്രീയ സംഘനകളെയും തുല്യമായി കാണുന്ന രാഷ്ട്രീയത്തോട് വിയോജിച്ചുകൊണ്ടുമാത്രമേ മുസ്ലീം സംഘടനകളെ സമീപിക്കാന്‍ സാധിക്കു, അതേതു സംഘടനയായാലും. രണ്ട് രാഷ്ട്രീയ സംഘാടനവും ഒരേപോലെയല്ല മനസിലാകപ്പെടേണ്ടതും അതുപോലെ തന്നെ രാഷ്ട്രീയപരമായി കൈകാര്യം ചെയ്യപ്പെടേണ്ടതും. മുകിളില്‍ വിവരിച്ചതുപോലെ മുസ്ീം തീവ്ര/മിതവാദ സംഘടനകള്‍ ഒരു സമുദായം ഒരു രാഷ്ട്രത്തില്‍ അഭിമുഖീകരിക്കുന്ന അരക്ഷിതത്വങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും അരികുവല്‍ക്കരണങ്ങളുടെയും സന്തതികളും പ്രതിനിധികളുമാകുമ്പോള്‍ ഹിന്ദുത്വ സംഘടനകള്‍ ആ നിലയിലല്ല രാഷ്ട്രീയപരമായും അധികാരപരമായും നിലകൊള്ളുന്നത്. മറിച്ച് അവ ഇന്ത്യന്‍ ഫാസിസ്റ്റ് ശക്തികളായാണ്. മുസ്ലീം തീവ്രസമീപന രാഷ്ട്രീയക്കാര്‍ പൊട്ടന്‍ഷ്യല്‍ ഫാസിസ്റ്റുകളാകുന്നേയില്ല. അവര്‍ക്ക് അതിന് സാധിക്കുകയില്ല. മുസ്ലീങ്ങള്‍ പെറ്റുപെരുകി ഇന്ത്യയില്‍ ഇസ്ലാമിക രാഷ്ട്രനിര്‍മ്മിതി സാധ്യമല്ല. അതുകൊണ്ട് തന്നെ മുസ്ലീം അരക്ഷിതത്വത്തിലേയ്ക്കോ, മുസ്ലീം അധികാരങ്ങളിലേയ്ക്കോ മുസ്ലീം രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ചുരുങ്ങേണ്ടിവരും. അതുകൊണ്ട് തന്നെ ചില മൗലികവാദ സമീപനങ്ങള്‍ക്കും ചിലപ്പോള്‍ അക്രമണോത്സുക സമീപനങ്ങളിലേയ്ക്കും ചില പ്രസ്ഥാനങ്ങള്‍ക്കും കടന്നുപോകേണ്ടിവരുമെങ്കിലും മുസ്ലീം സമുദായത്തിനോ രാഷ്ട്രീയ സംഘാനങ്ങള്‍ക്കോ ഫാസിസത്തിലേയ്ക്കോ അടിച്ചമര്‍ത്തു പ്രസ്ഥാനമായോ രൂപം പ്രാപിക്കുക സാധ്യമല്ല. അതുകൊണ്ട് തന്നെ ഹിന്ദുത്വ ഫാസിസം സമം മുസ്ലീം രാഷ്ട്രീയ സംഘടനകള്‍ എന്ന നിലയിലുള്ള സമീപനങ്ങള്‍ ശരിയല്ല എന്ന നിലപാടാണ് എനിക്കുള്ളത്.
എന്നാല്‍ അതിലെ അക്രമണോത്സുക സമീപന രാഷ്ട്രീയ ധാരകള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ വകവെക്കുന്നില്ല, ഇന്ത്യന്‍ ഭരണഘടനയെ വകവെക്കുന്നില്ല, അക്രമണോത്സുക രാഷ്ട്രീയം വെച്ചുപുലര്‍ത്തുന്നു എന്നതിനാല്‍ അതിശക്തമായി ചെറുത്തേ മതിയാകു. അതിനാല്‍ തന്നെ എന്‍.ഡി.എഫ് മുതല്‍ പോപ്പുലര്‍ഫ്രണ്ട് മുതല്‍ ഉള്ള രാഷ്ട്രീയ സംഘടനകളെ ഒറ്റപ്പെടുത്തുന്ന രാഷ്ട്രീയ സമീപനമാണ് ജനാധിപത്യ വിശ്വാസികള്‍ സൂക്ഷിക്കേണ്ടത്. മുസ്ലീം സമുദായത്തിനുള്ളില്‍ തന്നെ ഇത്തരം രാഷ്ട്രീയ സംഘനകള്‍ക്ക് സ്വാധീനമില്ലാ എന്ന് മനസിലാക്കുകയും വേണം. മുസ്ലീം ലീഗ് പോലുള്ള ജനാധിപത്യ രാഷ്ട്രീയത്തില്‍ നില്‍ക്കുന്ന പാര്‍ട്ടികള്‍ക്കും ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനുമൊക്കെയാണ് കേരളത്തിലെ മുസ്ലീങ്ങള്‍ക്കുള്ളില്‍ സ്വാധീനമുള്ളു. ജമാഅത്തെ ഇസ്ലാമിക്കുപോലും അത്തരം സ്വാധീനമില്ല, അവര്‍ക്ക് മാധ്യമങ്ങള്‍ സ്വന്തമായി ഉണ്ടെങ്കിലും.
മുസ്ലീം രാഷ്ട്രീയ സംഘാടനങ്ങളെയെല്ലാം ഭയപ്പെടുന്ന ഒരു മനസ്ഥിതിക്ക് പകരം ജനാധിപത്യത്തില്‍ ഊന്നിക്കൊണ്ടുള്ള മുസ്ലീം രാഷ്ട്രീയ സംഘാനങ്ങളെ ഭരണഘടനാപരമായും ജനാധിപത്യപരമായും അംഗീകരിക്കുകയും അവരുമായി രാഷ്ട്രീയ ഡയലോഗിന് ശ്രമിക്കുകയുമാണ് ജനാധിപത്യവാദികളെല്ലാം ചെയ്യേണ്ടത് എന്ന് തോന്നുന്നു. കാരണം ഇന്ത്യയിലെ ഏറ്റവും അടിത്തമര്‍ത്തപ്പെടുന്ന ഒരു സമുദായമാണ് മുസ്ലീം ജനവിഭാഗങ്ങള്‍. അവരുടെതുകൂടിയാണ് ഇന്ത്യ എന്ന് പ്രഖ്യാപിക്കുന്നതിന് അവരുമായി ഡയലോഗ് അത്യാവശ്യമാണ്. എന്നാലതേസമയം മുസ്ലീം സമുദായത്തിനുള്ളില്‍ നിന്നുള്ള ഹിംസാത്മക/അക്രണോത്സുക രാഷ്ട്രീയത്തോട് മുസ്ലീങ്ങളുമായി ചേര്‍ന്നുകൊണ്ടുതന്നെ അതിശക്തമായ സമരവും നയിക്കേണ്ടതുണ്ട്. ആ അര്‍ത്ഥത്തില്‍ പോപ്പുലര്‍ഫ്രണ്ട് എതിര്‍ക്കപ്പെടേണ്ടതുണ്ട്, എസ്.ഡി.പി.ഐ എതിര്‍ക്കപ്പെടേണ്ടതുണ്ട്. ഒറ്റപ്പെടുത്തപ്പെടേണ്ടതുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല