Header Ads

ആഭിചാരവും അനുബന്ധ ചൂഷണവും തടയുന്ന നിയമനിര്‍മ്മാണം അത്യന്താപേക്ഷിതം


ടി. ഗംഗാധരന്‍, പ്രസിഡന്റ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കേരളത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത പല ആചാരങ്ങളും അന്ധവിശ്വാസങ്ങളും കഴിഞ്ഞ കുറച്ചു കാലമായി വലിയ തോതില്‍ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവില്‍ തൊടുപുഴക്കടുത്ത് കമ്പകക്കാനത്ത് നടന്ന കൂട്ടക്കൊലയും ഇതിന്റെ തുടര്‍ച്ചയാണെന്നാണ് മനസ്സിലാക്കേണ്ടത്. ഇത്തരം അന്ധവിശ്വാസങ്ങള്‍ ആഭിചാരത്തിന്റെയും സാമ്പത്തിക ഇടപാടുകളുടെയും തലങ്ങളിലേക്ക് വളരുന്ന പശ്ചാത്തലവും ഇതിനുണ്ട്. മതത്തിന്റെയും ജാതിയുടെയും മറപറ്റി വളര്‍ന്ന് പന്തലിക്കുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും, അസഹിഷ്ണുത വളരുന്ന സമകാലീന ഇന്ത്യന്‍ അവസ്ഥ കൂടുതല്‍ വളക്കൂറുള്ള മണ്ണായി മാറുന്നു. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളും സ്ത്രീകളും കുട്ടികളുമാണ് ഇതിന്റെ ഇരകളാകുന്നതില്‍ നല്ലൊരു പങ്കും.

കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങളും അതുമായി ബന്ധപ്പെട്ട ചൂഷണങ്ങളും തടയുന്നതിനായി നിയമനിര്‍മാണം നടത്തണമെന്ന് അവശ്യപ്പെട്ട് 2014 ആഗസ്റ്റ് 20ന് തിരുവനന്തപുരത്ത് വൈ.എം.സി.എ ഹാളിലും തുടര്‍ന്ന് 14 ജില്ലാ കേന്ദ്രങ്ങളിലും നിരവധി പഞ്ചായത്തുകളിലും വിപുലമായ ജനകീയ കണ്‍വെന്‍ഷനുകള്‍ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അഭിമുഖ്യത്തില്‍ നടന്നിരുന്നു. തുടര്‍ന്ന് നിയമനിര്‍മാണത്തിന് വേണ്ടി വലിയ തോതില്‍ ഒപ്പുശേഖരണം നടത്തുകയും ഒരു ലക്ഷത്തിലധികം പേര്‍ ഒപ്പിട്ട നിവേദനവും മാതൃകാ ബില്ലിന്റെ കരടും അന്നത്തെ സര്‍ക്കാരിന് കൈമാറുകയും ചെയ്തു. കേരളത്തിലെ 140 എം.എല്‍.എമാര്‍ക്കും ഈ നിവേദനം സമര്‍പ്പിച്ചിരുന്നു. അതേ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമനിര്‍മാണത്തിനുള്ള ശ്രമം ആരംഭിച്ചതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു.

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ 2017 സെപ്റ്റംബര്‍ 21ന് മുഖ്യമന്ത്രി പിണറായി വിജയനെ പരിഷത്ത് പ്രതിനിധി സംഘം നേരിട്ട് കണ്ടിരുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന നടപടികളെക്കുറിച്ച് അറിയിക്കുകയും നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം കൊടുക്കുകയും ചെയ്തിരുന്നു. പരിശോധിച്ച് വേണ്ടത് ചെയ്യാം എന്ന ഉറപ്പ് മുഖ്യമന്ത്രി നല്‍കുകയുണ്ടായി.

ഇപ്പോള്‍ കേരളത്തില്‍ അന്ധവിശ്വാസത്തിന്റെ പേരിലുള്ള കച്ചവടങ്ങളും കൊലപാതകങ്ങളും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. മഹാരാഷ്ട്രയിലും (Maharashtra Prevention and Eradication of Human Sacrifice and other inhuman, Evil practices and Black magic Act, 2013) കര്‍ണാടകയിലും (Karnataka Prevention and Eradication of Human Sacrifice and other inhuman, Evil practices and Black magic Act, 2017) ഇപ്പോള്‍ ഇതിനെതിരായ നിയമം നിലവിലുണ്ട്. ഈ മാതൃകയില്‍ കേരളത്തിലെ അന്ധവിശ്വാങ്ങളും അനാചാരങ്ങളും തടയുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള നിയമനിര്‍മാണം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത് കേരള സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.