Header Ads

പഠനത്തോടൊപ്പം ജോലി: മഹത്വത്തിന് ഹനാന്‍ മാത്രം പോരാ: മുരളി തുമ്മാരുകുടികേരളത്തെ പിടിച്ചുകുലുക്കിയ ഹനാന്‍ വിഷയം കഴിഞ്ഞിട്ട് ഇപ്പോള്‍ ഒരാഴ്ചയേ ആയിട്ടുള്ളൂ എന്നത് അതിശയമായി തോന്നാം. കാരണം, രണ്ടു ദിവസം സമൂഹമാധ്യമത്തില്‍ കത്തിനിന്ന വിഷയത്തെക്കുറിച്ച് ഇപ്പോള്‍ നമ്മള്‍ ഒന്നും കേള്‍ക്കുന്നില്ല. നല്ല കാര്യം. ആ കുട്ടിയുടെ ബുദ്ധിമുട്ടുകളും സത്യസന്ധതയും എല്ലാവര്‍ക്കും ബോധ്യപ്പെട്ടു, കുട്ടിക്കെതിരെ അനാവശ്യം പറഞ്ഞവരെ അറസ്റ്റ് ചെയ്തു, കുട്ടിക്ക് പഠിക്കാനുള്ള ചിലവ് കോളേജ് വഹിക്കുമെന്ന് ഉറപ്പ് നല്‍കി, സ്ഥലവും വീടും കൊടുക്കാന്‍ ആളുകള്‍ മുന്നോട്ടു വന്നു, സിനിമയില്‍ അവസരങ്ങളായി, ഖാദിയുടെ മോഡലായി, സര്‍ക്കാരിന്റെ മകളായി, എല്ലാം നല്ലത്. ആ കുട്ടിക്ക് നല്ല ഭാവി ആശംസിക്കുന്നു. 

പക്ഷെ എനിക്ക് ശരിക്കും വിഷമമുള്ള ഒരു കാര്യമുണ്ട്. ഈ വിഷയം ഒരു കുട്ടിയിലേക്ക് മാത്രം ഒതുക്കി അവരെ സംരക്ഷിക്കുന്നതിലൂടെ, അവരെ അപമാനിക്കാന്‍ ശ്രമിച്ചവരെ അറസ്റ്റ് ചെയ്ത് പ്രശ്‌നം അവസാനിപ്പിക്കുന്നതിലൂടെ, നമ്മുടെ സമൂഹത്തിന് പ്രധാനമായ രണ്ടു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും അതിന് ശാശ്വതമായ പരിഹാരങ്ങള്‍ കാണാനുമുള്ള അവസരമാണ് നമ്മള്‍ നഷ്ടപ്പെടുത്തിയത്. നമ്മുടെ മാധ്യമങ്ങളോ സമൂഹമാധ്യമത്തിലെ ആളുകളോ ഇതൊന്നും ചിന്തിക്കുന്നില്ല, ചര്‍ച്ച ചെയ്യുന്നില്ല. അവര്‍ അണക്കെട്ടു തുറക്കുന്നതിന്റെ പുറകേ പോയി.

രണ്ടു വിഷയങ്ങളാണ് ഹനാന്‍ വിഷയം നമ്മുടെ സമൂഹത്തിന്റെ മുന്നിലെത്തിച്ചത് 

1. സമൂഹമാധ്യമത്തില്‍ സംഘടിതമായി ഉണ്ടാകുന്ന ആക്രമണം: ഈ വിഷയത്തെപ്പറ്റി ഞാന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്, ഹനാന്‍ വിഷയം ഇക്കാര്യത്തില്‍ കൂടുതല്‍ ഉള്‍ക്കാഴ്ച എനിക്ക് നല്‍കിയിട്ടുണ്ട്. ഇത്തവണ നാട്ടില്‍ ഓണ്‍ലൈന്‍ ലേഖകരുമായി ചര്‍ച്ച ചെയ്യാന്‍ അവസരം കിട്ടിയാല്‍ ഞാനത് പങ്കുവെക്കാം. അല്ലെങ്കില്‍ പിന്നീട് എഴുതാം.

2. പഠനസമയത്ത് ജോലി ചെയ്തു ജീവിക്കാന്‍ കേരളത്തില്‍ കുട്ടികള്‍ക്കുള്ള പരിമിതികള്‍ എന്താണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിനും സമൂഹത്തിനും അവരെ എങ്ങനെ സഹായിക്കാം?

കേരളത്തില്‍ പഠനകാലത്ത് സാമ്പത്തികമായി ബുദ്ധിമുട്ടുന്നത് ഒരാളല്ല, ലക്ഷം പേര്‍ കണ്ടേക്കാം. ആയിരക്കണക്കിന് കുട്ടികള്‍ കാറ്ററിങ്ങിന് പോയും, ഇവന്റ് മാനേജ്മെന്റില്‍ ജോലിയെടുത്തും, എന്തിന് മാല പറിക്കലും, ക്വൊട്ടേഷന്‍ ഗാങ്ങില്‍ കൂടിയും വരെ പണം സമ്പാദിക്കുന്നുണ്ട്. മറ്റനേകം പേര്‍ക്ക് ബുദ്ധിമുട്ടുണ്ടെങ്കിലും തൊഴില്‍ ചെയ്യാന്‍ പറ്റാത്ത സാഹചര്യത്തിലാണ്. ഇവരില്‍ മാന്യമായി തൊഴില്‍ ചെയ്തു പഠനത്തിന് പണം കണ്ടെത്തണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം ഈ സര്‍ക്കാരിന്റെ മക്കള്‍ തന്നെയാണ്. അവര്‍ക്ക് ഓരോരുത്തര്‍ക്കും ഹനാന്റെ പോലെയുള്ള സഹായ വാഗ്ദാനങ്ങള്‍ സമൂഹത്തില്‍ നിന്നും കിട്ടി എന്ന് വരില്ല. അവരെയൊക്കെ സര്‍ക്കാര്‍ ദത്തെടുക്കലും നടക്കുന്ന കാര്യമല്ല. (വാസ്തവത്തില്‍ സമൂഹത്തിലെ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കേണ്ടത് സര്‍ക്കാരിന്റെ - സമൂഹത്തിന്റെ മൊത്തം ഉത്തരവാദിത്തമാണെന്നും അതിന് ചിലവാക്കുന്ന തുക സുസ്ഥിരവികസനത്തിനുള്ള നിക്ഷേപമാണെന്നും വിശ്വസിക്കുന്ന ആളാണ് ഞാന്‍. തല്‍ക്കാലം എല്ലാവരെയും ദത്തെടുക്കാന്‍ സര്‍ക്കാരിന് കഴിയില്ല എന്നേ ഉദ്ദേശിച്ചുള്ളൂ).

ഹനാന്‍ വിഷയത്തിന്റെ വെളിച്ചത്തില്‍ സര്‍ക്കാരിന് ചെയ്യാവുന്ന പലതുമുണ്ട്. അതിന് ആദ്യം വേണ്ടത് ഈ വിഷയത്തെക്കുറിച്ച് ആധികാരികമായ വിവരം ശേഖരിക്കുക എന്നതാണ്.

1. കേരളത്തില്‍ പഠനത്തോടൊപ്പം തൊഴില്‍ ചെയ്യുന്നവരെക്കുറിച്ച് വ്യാപകമായി ഒരു സര്‍വേ നടത്തുക. ഏതു തൊഴിലുകളാണ് അവര്‍ ചെയ്യുന്നത്, എന്ത് ശമ്പളമാണ് കിട്ടുന്നത്, തൊഴില്‍ ഉടമകളോ തൊഴില്‍ സ്ഥലത്തുള്ളവരോ അവരെ ഏതെങ്കിലും തരത്തില്‍ പീഡിപ്പിക്കുന്നുണ്ടോ (ശാരീരികം, ലൈംഗികം, മാനസികം), അവരുടെ
മറ്റു പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ് (തൊഴില്‍ സമയം, രാത്രി യാത്ര, സുരക്ഷ, മിനിമം വേജ്, ഇന്‍ഷുറന്‍സ് പരിരക്ഷ).

2. കേരളത്തില്‍ തൊഴില്‍ ചെയ്യുന്ന കുട്ടികള്‍ക്ക് ചെയ്യാന്‍ പറ്റിയ ജോലികള്‍ ഏതൊക്കെയാണ്? ഇപ്പോള്‍ ആ തൊഴിലുകള്‍ ആരാണ് ചെയ്യുന്നത്, അവിടുത്തെ മിനിമം വേതനം എത്രയാണ്?

3. കേരളത്തിലെ ഏതെങ്കിലും തൊഴില്‍ നിയമങ്ങള്‍ വിദ്യാഭ്യാസ കാലത്ത് കുട്ടികള്‍ തൊഴില്‍ ചെയ്യുന്നതിനെ ദോഷകരമായി ബാധിക്കുന്നുണ്ടോ? (മിനിമം തൊഴില്‍ പ്രായം, മിനിമം വേതനം, തൊഴില്‍ സ്ഥലത്തെ തൊഴിലാളികളുടെ എണ്ണമനുസരിച്ചുള്ള ഇന്‍ഷുറന്‍സ്/പ്രോവിഡന്റ് ഫണ്ട് നിയമങ്ങള്‍).

4. കുട്ടികള്‍ പഠനകാലത്ത് തൊഴില്‍ ചെയ്യുന്നതിനെക്കുറിച്ചുള്ള സമൂഹത്തിന്റെ ചിന്ത എന്താണ്? ഇക്കാര്യത്തില്‍ സാമ്പത്തികമായോ സാമുദായികമായോ ലിംഗപരമായോ വ്യത്യാസങ്ങള്‍ ഉണ്ടോ?

5. പഠിക്കുന്ന കുട്ടികളെ തൊഴിലിനെടുക്കുന്നതിന് തൊഴിലുടമകള്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ എന്താണ്?

6. പഠിക്കുന്ന പെണ്‍കുട്ടികള്‍ ഏതു തൊഴിലുകള്‍ക്കാണ് പോകുന്നത്, അവരുടെ പ്രത്യേക പ്രശ്‌നങ്ങള്‍ എന്താണ്? (രാത്രി യാത്ര, തൊഴില്‍ സ്ഥലത്തെ ലൈംഗിക കടന്നുകയറ്റങ്ങള്‍, തൊഴില്‍ സ്ഥലത്തെ ടോയ്ലറ്റ് സൗകര്യം).

7. ഏതൊക്കെ തൊഴിലുകളിലാണ് കേരളത്തില്‍ വന്‍ തോതില്‍ മറുനാടന്‍ തൊഴിലാളികളുടെ സാന്നിധ്യമുളളത്? അവയില്‍ ഏതൊക്കെയാണ് ചെറിയ പരിശീലനത്തോടെ നമ്മുടെ കുട്ടികള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത്?

8. കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ തൊഴിലാളികളെ വേണ്ടിവരുന്ന സീസണ്‍ ഉണ്ടോ? (ടൂറിസം സീസണ്‍, കല്യാണ സീസണ്‍, ക്രിസ്തുമസ് - ഓണം - ന്യൂ ഇയര്‍ ഷോപ്പിംഗ് സീസണ്‍, ശബരിമല സീസണ്‍). 

9. പഠനത്തിനിടക്ക് തൊഴില്‍ ചെയ്യുന്നതിന്റെ നല്ല ലോക മാതൃകകള്‍ ഏതൊക്കെയാണ്? ഏതു നിയമങ്ങളും നയങ്ങളുമാണ് അവയെ സഹായിക്കുന്നത് ?

പഠനത്തിനിടക്ക് കുട്ടികള്‍ ജോലി ചെയ്യുന്നത് പുതിയ സംഭവമല്ല. കേരളത്തില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുള്ള ധാരാളം കുട്ടികള്‍ ഇപ്പോള്‍ തന്നെ ജോലി ചെയ്യുന്നണ്ട്. വികസിത രാജ്യങ്ങളില്‍ മാതാപിതാക്കളുടെ ധനസ്ഥിതിയോ പദവിയോ നോക്കാതെ മിക്കവാറും എല്ലാവരും തന്നെ തൊഴിലിന് പോകും. ഫിന്‍ലാന്‍ഡിലെ ഡിപ്ലോമാറ്റിന്റെ
മകനായിരുന്ന എന്റെ ബോസ്, അവധിക്കാലത്ത് ഫ്രാന്‍സില്‍ ഉരുളക്കിഴങ്ങു പാടത്ത് പണിയെടുത്താണ് പഠനകാലത്തേക്കുള്ള പോക്കറ്റ് മണി ഉണ്ടാക്കിയിരുന്നത്. ബ്രിട്ടനില്‍ അധ്യാപികയുടെ മകളായ എന്റെ സഹപ്രവര്‍ത്തക പതിമൂന്നു വയസ്സില്‍ തന്നെ തൊഴില്‍ ചെയ്തു പണമുണ്ടാക്കാന്‍ അവരുടെ പഞ്ചായത്തില്‍ നിന്നും
പ്രത്യേക അനുമതി വാങ്ങി. (അന്നവിടെ പതിനഞ്ചു വയസ്സാണ് പഠിക്കുന്ന കുട്ടികള്‍ക്ക് തൊഴില്‍ കൊടുക്കാനുള്ള നിയമപരമായ പ്രായം). അമേരിക്കന്‍ പ്രസിണ്ടന്റ് ആയിരുന്ന ഒബാമയുടെ മകള്‍ റെസ്റ്റോറന്റില്‍ ജോലി ചെയ്ത കാര്യം ഞാന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. ഇതില്‍ നിന്നൊക്കെ ധാരാളം മാതൃകകള്‍ നമുക്ക്
എടുക്കാം.

എന്റെ അഭിപ്രായത്തില്‍ കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന പല സാമൂഹ്യ - സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും പഠനകാലത്തേ കുട്ടികള്‍ തൊഴിലെടുക്കാന്‍ പോകുന്നത്. മലയാളി ചെയ്യുന്ന ജോലിയും മറുനാട്ടുകാര്‍ ചെയ്യുന്ന ജോലിയും എന്ന തരത്തില്‍ കേരളത്തിലെ ജോലികള്‍ ഇപ്പോള്‍ വേര്‍തിരിക്കപ്പെട്ടിരിക്കയാണ്. കേരളത്തില്‍ തൊഴില്‍ ചെയ്താല്‍ ദിവസം അഞ്ഞൂറ് രൂപ കിട്ടാന്‍ ഒരു ബുദ്ധിമുട്ടുമില്ല എന്ന് ആസാമിനപ്പുറം വരെ ആളുകള്‍ അറിഞ്ഞിരിക്കുമ്പോള്‍, മാസം അയ്യായിരം രൂപ കിട്ടാതെ കേരളത്തില്‍ ഡിഗ്രി കഴിഞ്ഞിറങ്ങിയവര്‍ കഷ്ടപ്പെടുന്നു. പഠനകാലത്തേ തൊഴില്‍ ചെയ്തു തുടങ്ങിയാല്‍ ചില തൊഴിലുകളോടുള്ള അയിത്തം പോകും, മറുനാട്ടുകാര്‍ അധികമായി കേരളത്തില്‍ വരേണ്ട ആവശ്യം കുറയും, ചെറുപ്പകാലത്തേ സ്വന്തം അദ്ധ്വാനം കൊണ്ട് പണം ഉണ്ടാക്കിത്തുടങ്ങുന്ന കുട്ടികള്‍ അച്ഛനും അമ്മയും പറയുന്ന കല്യാണം കഴിക്കേണ്ടി വരില്ല, ഇണകളെ കണ്ടെത്താന്‍ പഠനം കഴിയാന്‍ നോക്കിയിരിക്കേണ്ടതായും വരില്ല.

കേരളത്തില്‍ അടിസ്ഥാനമായ ചില മാറ്റങ്ങള്‍ ഇപ്പോഴേ വരുത്തണം.

1. പഠന സമയത്ത് ജോലി ചെയ്യുന്നവര്‍ക്ക് വേണമെങ്കില്‍ മൂന്നു വര്‍ഷത്തെ കോഴ്‌സ് നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനുള്ള സൗകര്യം കൊടുക്കണം.

2. കോളേജിലെ ക്ലാസ്സുകളില്‍ കൂടുതല്‍ സ്വാതന്ത്ര്യം കൊടുക്കുക, രാവിലെ ഒന്‍പത് മണിക്ക് എല്ലാവരും എത്തണമെന്നോ വൈകീട്ട് നാലു വരെ നില്‍ക്കണമെന്നോ ഉള്ള നിര്‍ബന്ധ ബുദ്ധി എടുത്തു കളയുക. അവര്‍ക്കാവശ്യമുള്ള വിഷയങ്ങളെടുക്കുന്ന സമയത്ത് കുട്ടികള്‍ ക്ലാസിലുണ്ടായാല്‍ മതി.

3. നീണ്ട അവധിക്കാലം നമ്മുടെ ടൂറിസം സീസണുമായി ബന്ധിപ്പിക്കുക. നമ്മുടെ കുട്ടികളെ ടൂറിസം രംഗത്തേക്ക് വലിയ തോതില്‍ കൊണ്ടുവരിക. കേരളത്തിലെ എല്ലാ കോളേജ് വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്താന്‍ ടൂറിസം രംഗത്തെ വികസനത്തിന് സാധിക്കും. പുതിയ ഭാഷകള്‍ പഠിക്കുക, മറ്റു നാട്ടുകാരുമായി ഇടപഴകുക, ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നിങ്ങനെ ഏറെയുണ്ട് ടൂറിസം രംഗത്തെ തൊഴിലിന്റെ ഗുണം.

4. ഏതു സര്‍ക്കാര്‍ ജോലിക്കും പഠനകാലത്തെ തൊഴില്‍ പരിചയം നിര്‍ബന്ധമാക്കുക. പണമില്ലാത്തവര്‍ മാത്രം ചെയ്യുന്ന ഒന്നാണെന്ന് വന്നാല്‍ ഇതിന് ഗ്ലാമര്‍ കുറയും. എന്നാല്‍ സര്‍ക്കാര്‍ ജോലി കിട്ടില്ല എന്ന് വന്നാല്‍ എല്ലാവരും ഈ പണിക്ക് ഇറങ്ങുകയും ചെയ്യും.

5. സാമ്പത്തികമായും തൊഴില്‍പരമായും ഉയര്‍ന്ന നിലയിലുള്ളവരും വിദേശമലയാളികളും അവരുടെ കുട്ടികളെ ജോലിക്ക് വിട്ട് ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുക. അപ്പോളാണ് ശരിക്കും പഠനകാലത്തെ തൊഴില്‍ ഗ്ലാമറസ് ആകുന്നത്.

ഇനിയും വൈകിയിട്ടില്ല. ഈ വിഷയം പഠിക്കാന്‍ സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയമിക്കണം. അതിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി ഹനാനെ നിയമിക്കണം. ഹനാന്‍ എന്ന ഒരു കുട്ടിക്ക് എല്ലാ സൗകര്യങ്ങളും ഉണ്ടാക്കി കൊടുക്കുന്നതല്ല, കേരളത്തിലെ എല്ലാ കുട്ടികള്‍ക്കും തൊഴില്‍ ചെയ്ത് അഭിമാനത്തോടെ ജീവിക്കാന്‍ അവസരം ഉണ്ടാക്കുന്നതായിരിക്കണം ഈ സംഭവത്തിന്റെ ബാക്കി പത്രം.
..............................................................................................................................
Tags: Hanan on Khadi ad, Murali Thummarukudi, Malayalam News, Thamasoma

No comments

Powered by Blogger.