Header Ads

പെണ്‍കുട്ടി കൂറുമാറി, ഫാ റോബിന്‍ രക്ഷപ്പെടുന്നുപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഫാ റോബിന്‍ പെണ്‍കുട്ടിയെ വിലയ്‌ക്കെടുത്ത് രക്ഷപ്പെടുന്നു. ഇതോടെ, അതിക്രൂരനായ ഒരു കുറ്റവാളിയാണ് നിയമത്തിന്റെ വല പൊട്ടിച്ച് പുറത്തെത്തുന്നത്. കൊട്ടിയൂര്‍ പീഡനക്കേസില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി കൂറുമാറിയതായി കോടതി ഉത്തവിട്ടതോടെയാണ് കേസിന്റെ ഭാവി അനിശിചത്വത്തിലായത്. ഉഭയകക്ഷി സമ്മതത്തോടെയാണ് ഫാ. റോബിനുമായി ബന്ധത്തിലേര്‍പ്പെട്ടതെന്നും ആ സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിരുന്നുവെന്നുമാണ് പെണ്‍കുട്ടി കോടതിയില്‍ ഇപ്പോള്‍ മൊഴി നല്‍കിയിരിക്കുന്നത്. ഫാ. റോബിനുമായി കുടുംബജീവിതം ആഗ്രഹിക്കുന്നുവെന്നും തന്റെ കുഞ്ഞിന്റെ പിതാവ് ഫാ. റോബിനാണെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ ഫാ റോബിന്‍ പിടിയിലായപ്പോള്‍ മുതല്‍ തന്നെ ഒത്തൂതീര്‍പ്പിന് ശ്രമം നടക്കുന്നതായി സൂചനയുണ്ടായിരുന്നു. പെണ്‍കുട്ടിയെ ഒപ്പം നിര്‍ത്തി ജീവപര്യന്തം ഒഴിവാക്കാനായിരുന്നു ഈ വൈദികന്റെ ശ്രമം. ഈ പരിശ്രമങ്ങള്‍ വിജയം കാണുന്നതായിട്ടാണ് സൂചന. അങ്ങനെയാണെങ്കില്‍ ഫാ റോബിന്‍ ഉടന്‍ കുറ്റവിമുക്തനായേക്കും.

കേസിന്റെ വിചാരണ തുടങ്ങിയത് ബുധനാഴ്ച രാവിലെമുതലായിരുന്നു. പൊലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് വ്യത്യസ്തമായ മൊഴിയാണ് പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് നല്‍കിയത്. താനും റോബിനും ഒരുമിച്ച് വിനോദയാത്രവരെ നടത്തിയിരുന്നതായി പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നു. പൊലീസിന് നല്‍കിയതില്‍ നിന്ന് വ്യത്യസ്തമായ മൊഴി നല്‍കിയതിനാല്‍ പെണ്‍കുട്ടി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അത് കോടതി അംഗീകരിച്ചു. അതുകൊണ്ട് തന്നെ ശാസ്ത്രീയ തെളിവുകളുമായി അച്ചനെ പൂട്ടാന്‍ പ്രോസിക്യൂഷനാകും. ഈ കേസ് നാണക്കേടുണ്ടാക്കുന്നത് കത്തോലിക്കാ സഭയ്ക്കാണ്. കുമ്പസാര പീഡനവും കന്യസ്ത്രീയുടെ ബലാത്സംഗവുമെല്ലാം സഭയുടെ അന്തസിനു കളങ്കം ചാര്‍ത്തിയിരിക്കുകയാണ്. ഈ അവസരത്തിലാണ് പെണ്‍കുട്ടിയെ വിലയ്‌ക്കെടുത്ത് മുഖം രക്ഷിക്കാന്‍ അച്ചനും സഭയും ശ്രമിക്കുന്നത്.

പ്രായപൂര്‍ത്തിയായ രണ്ടു വ്യക്തികള്‍ പരസ്പര സമ്മതത്തോടെ നടത്തുന്ന ലൈംഗികബന്ധം കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരില്ല. ഇതിന് വേണ്ടിയാണ് തനിക്ക് 16 വയസ് തികഞ്ഞെന്നും തന്റെ സമ്മതത്തോടെയാണ് ലൈംഗിക വേഴ്ചയെന്നും പെണ്‍കുട്ടി പറയുന്നത്. ഇനി പതിനാറാം വയസ്സിലാണോ ബന്ധപ്പെടല്‍ നടന്നതെന്ന് തെളിയിക്കുകയാണ് മുഖ്യം. തനിക്ക് 16 കഴിഞ്ഞെന്ന് പെണ്‍കുട്ടി പറയുമ്പോഴും അങ്ങനെ അല്ലെന്ന് പൊലീസിന് തെളിയിക്കാനായാല്‍ റോബിന്‍ അച്ചന് ഇപ്പോഴും ശിക്ഷ കിട്ടാന്‍ സാധ്യതയുണ്ട്. ഇതിനുള്ള വഴികളാകും പ്രോസിക്യൂഷന്‍ തേടുക.

ഐ.പി.സി സെക്ഷന്‍ 375 പ്രകാരം ഒരു പുരുഷനും പതിനാറു വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീയും തമ്മില്‍, സ്ത്രീയുടെ സമ്മതമില്ലാതെയോ, അവരുടെ താല്പര്യങ്ങള്‍ക്കെതിരായോ, അല്ലെങ്കില്‍, ബലപ്രയോഗത്തിലൂടെയോ, ഭീഷണിയിലൂടെയോ, ചതിയിലൂടെയോ അവരുടെ സമ്മതം നേടിയെടുത്തോ, നടത്തുന്ന നിയമപരമായല്ലാത്ത ലൈംഗികബന്ധത്തിനെയാണ് ബലാത്സംഗം എന്ന് നിര്‍വചിച്ചിരിക്കുന്നത്. മാനസികരോഗമുള്ള സ്ത്രീയുമായോ, ലഹരിപദാര്‍ഥങ്ങളുടെ സ്വാധീനത്തിലുള്ള സ്ത്രീയുമായോ സമ്മതത്തോടുകൂടിയോ, അല്ലാതെയോ നടത്തുന്ന ലൈംഗികബന്ധങ്ങളും ഈ സെക്ഷന്‍ പ്രകാരം ബലാത്സംഗത്തിന്റെ പരിധിയില്‍ വരുന്നു. അതുകൊണ്ട് തന്നെ പരസ്പര സമ്മതത്തോടെ പതിനാറ് തികഞ്ഞ ഞാന്‍ വൈദികനുമായി ബന്ധപ്പെട്ടുവെന്ന് പെണ്‍കുട്ടി പറയുമ്പോള്‍ കൊട്ടിയൂര്‍ പീഡനക്കേസും ഇല്ലാതാകുകയാണ്. എന്നാല്‍ പെണ്‍കുട്ടിയുടെ പ്രായം പതിനാറില്‍ താഴെയാണെന്ന് ശാസ്ത്രീയമായി പൊലീസിന് തെളിയിക്കാനാകും. ഇതിന് കഴിഞ്ഞാല്‍ അത് കേസില്‍ വഴിത്തിരിവാകും. അല്ലാത്ത പക്ഷം ബാലപീഡനവും പോക്സോയുമെല്ലാം അപ്രസക്തമാകും.

പക്ഷേ, ലൈംഗിക പീഡനക്കേസ് അട്ടിമറിക്കാന്‍ റോബിന്‍ അച്ചന്‍ നടത്തിയ ഇടപെടലുകള്‍ കത്തോലിക്കാ സഭയെ വെട്ടിലാക്കുന്നുണ്ട്. ജയില്‍ മോചിതനായാലും സഭയുമായി സഹകരിക്കാന്‍ ഇയാള്‍ക്കു കഴിയില്ല. ഈ പെണ്‍കുട്ടിയെ വിവാഹം ചെയ്ത് ജീവിക്കുക എന്നതാണ് പോംവഴി. പീഡനക്കേസില്‍ കൂട്ടുപ്രതികളായ മൂന്നു പേരെ സുപ്രീം കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഫാ.തോമസ് ജോസഫ് തേരകം വിചാരണ നേരിടണമെന്ന് കോടതി വ്യക്തമാക്കി. സി.ടെസി, ആന്‍സി മാത്യൂ, ഡോ.ഹൈദരലി എന്നിവരെയാണ് വിചാരണയില്‍ നിന്ന് കോടതി ഒഴിവാക്കിയത്. ഇവര്‍ക്കെതിരെ തെളിവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മൂന്നു പ്രതികളെ ഒഴിവാക്കിയതോടെ ഏഴ് പേരാണ് ഇനി വിചാരണ നേരിടേണ്ടിവരുന്നത്. പ്രതി റോബിനെ രക്ഷപ്പെടാനും കേസ് അട്ടിമറിക്കാനും ശ്രമിച്ചതിനാണ് മറ്റു പ്രതികള്‍ വിചാരണ നേരിടുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ ഫാ. റോബിന്‍ വടക്കുഞ്ചേരിയുടെ കൂടുതല്‍ കഥകള്‍ പുറത്തു വന്നിരുന്നു. വടക്കുഞ്ചേരിക്കെതിരെ വിവിധയിടങ്ങളിലായി വ്യാപക പരാതികളാണുള്ളത്. ദീപിക പത്രത്തിന്റെ മാനേജിങ് ഡയറക്ടറായിരിക്കെ വഴിവിട്ട് പ്രവര്‍ത്തിക്കുകയും ഓഫീസില്‍ വച്ച് മര്‍ദനമേല്‍ക്കുകയും ചെയ്തു. ഇഷ്ടപ്പെട്ട വനിതാജീവനക്കാര്‍ക്ക് കൂടുതല്‍ വേതനം നല്‍കിയും അനിഷ്ടക്കാരെ ദ്രോഹിച്ചുമായിരുന്നു ഭരണം. ദീപികയില്‍നിന്നും ഒഴിവാക്കിയപ്പോള്‍ ഓഫീസിലെ കംപ്യൂട്ടര്‍ എടുത്തുകൊണ്ടുപോയതും വിവാദമായി. ഇന്‍ഫാം ഡയറക്ടറായിരിക്കെയാണ് ഫാ. റോബിന്‍ വടക്കുഞ്ചേരി വയനാട്ടില്‍ കൂടുതല്‍ അറിയപ്പെട്ടത്. അതിന് മുമ്പ് ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതലയുണ്ടായിരുന്നു. കല്‍പ്പറ്റയിലെ ഇംഗ്ളീഷ്മീഡിയം സ്‌കൂളിന്റെ അസി. മാനേജരായിരുന്നപ്പോഴാണ് ആദ്യ പരാതി ഉയര്‍ന്നത്. ഏഴാംക്ളാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ആദ്യ ഇര. ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥിനിയെ ഫാദര്‍ മടിയില്‍ പിടിച്ചിരുത്തുകയും മോശമായി പെരുമാറുകയും ചെയ്തു.

ഈ വിവരം പെണ്‍കുട്ടി തന്റെ വീട്ടുകാരോട് പറഞ്ഞു. രക്ഷിതാക്കള്‍ അടുത്ത ദിവസം സ്‌കൂളിലെത്തി ഫാ. റോബിന്‍ വടക്കുഞ്ചേരിയെ പരസ്യമായി അസഭ്യംപറഞ്ഞു. സഭയിലെ ഉന്നതര്‍ ഇടപെട്ട്് പ്രശ്നം ഒതുക്കി. ഇതിന് ശേഷം സ്‌കൂളിലെ അദ്ധ്യാപികയോടും മോശമായി പെരുമാറി. ഈ പരാതിയും ഇടപെടലിനെ തുടര്‍ന്ന് ഇല്ലാതായി. അതോടെ സ്‌കൂളിന്റെ ചുമതലയില്‍നിന്നും ഇടവക ചുമതലയിലേക്ക് മാറ്റിയ വടക്കുഞ്ചേരി അവിടെയും ഇത്തരം പ്രശ്നങ്ങള്‍ ആവര്‍ത്തിച്ചു. പലപ്പോഴും പിടിക്കപ്പെട്ടു. വിവാഹിതയായ സ്ത്രീയുമായി ഉണ്ടായ അവിഹിതബന്ധം നാട്ടുകാര്‍ പിടികൂടി. ഈ സ്ത്രീ പിന്നീട് വിവാഹമോചിതയായി. ഇവരില്‍ നിന്ന് വടക്കുഞ്ചേരിക്കെതിരെ സഭാ നേതൃത്വത്തിന് മൊഴി ലഭിച്ചെങ്കിലും നടപടി ഉണ്ടായില്ല. മാനന്തവാടി രൂപതയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധികാരിയായ കോര്‍പ്പറേറ്റ് മാനേജര്‍ പദവിയിലാണ് പിന്നീട് ഫാ. റോബിന്‍ വടക്കുഞ്ചേരി എത്തിയത്. ഇവിടെയും പരാതികളുടെ പ്രവാഹം തന്നെ. ഇഷ്ടക്കാരായ ബിഎഡ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഫീസിളവ് നല്‍കിയത് വിവാദമായി.

കൊട്ടിയൂരില്‍ 16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിലും അവസാനനിമിഷം വരെ എല്ലാവരേയും വടക്കാഞ്ചേരി നിശബ്ദനാക്കിയിരുന്നു. എന്നാല്‍ ചില സംശയങ്ങള്‍ കാരണം സത്യം പുറത്തുവന്നു. ഇതോടെയാണ് ഒത്തുതീര്‍പ്പ് ശ്രമം തുടങ്ങിയത്. ആദ്യ ഘട്ടത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം ഉറച്ച നിലപാട് എടുത്തു. ഇതോടെ ഫാദര്‍ അറസ്റ്റിലായി. എന്നാല്‍ സഭയിലെ ഉന്നത നേതൃത്വവുമായി വടക്കാഞ്ചേരിക്ക് അടുത്ത ബന്ധമുണ്ട്. ഇതുപയോഗിച്ചാണ് പെണ്‍കുട്ടിയുടെ അച്ഛനേയും അമ്മയേയും വടക്കാഞ്ചേരി സ്വാധീനിച്ചത്. സഭയ്ക്ക് നാണക്കേടുണ്ടാകുമെന്ന വാദമുയര്‍ത്തിയായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് പെന്‍കുട്ടിയുടെ മൊഴിമാറ്റമെന്നാണ് വിലയിരുത്തല്‍. കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയായിരുന്നു ഫാ. റോബിന്‍ വടക്കഞ്ചേരി.

.................................................................................................................................................

Tags: Fr Robin is escaping from rape case by purchasing the victim, the victim told the sexual relationship was with her consent and she was not minor then, Malayalam news, Kerala News, Thamasoma 

No comments

Powered by Blogger.