Header Ads

തൊടുപുഴ കൂട്ടക്കൊല: ഒരാള്‍ പിടിയില്‍തൊടുപുഴ വണ്ണപ്പുറം മുണ്ടന്‍മുടി കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊന്നു കുഴിച്ചുമൂടിയ കേസില്‍ ഒരാള്‍ പിടിയില്‍. ഇയാളെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യുകയാണ്. സംഭവത്തില്‍ നിരീക്ഷണത്തിലുള്ള കൂടുതല്‍ പേര്‍ ഉടന്‍ തന്നെ പിടിയിലാകുമെന്നാണ് സൂചന. പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കാനാട്ട് കൃഷ്ണന്‍ (52) ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (18) എന്നിവരെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ കേസിലാണ് ഒരാള്‍ പിടിയിലായിരിക്കുന്നത്.

കൃഷ്്ണനും കുടുംബാംഗങ്ങളും ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളിലെ കോളുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. ഇവരുമായി അടുത്ത ബന്ധമുണ്ടായിരുന്നവരെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. കൃഷ്ണന്‍ നടത്തി വന്നിരുന്ന മന്ത്രവാദ ക്രിയകളുമായി ബന്ധപ്പെട്ടാണോ ക്രൂരമായ കൊല നടന്നതെന്ന് പോലീസ് സംശയിക്കുന്നതെങ്കിലും മോഷണ ശ്രമവും തള്ളിക്കളയാനാകില്ലെന്ന് അന്വേഷണം സംഘം പറഞ്ഞു.

ഇവരുടെ വീട്ടില്‍ നാല്‍പ്പതു പവനോളം സ്വര്‍ണം സൂക്ഷിച്ചിരുന്നതായും ഇവ കാണാനില്ലെന്നു സംശയിക്കുന്നതായും ബന്ധുക്കള്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. അതിനാല്‍ മോഷണ സംഘങ്ങളെ കേന്ദ്രീകരിച്ചും പോലീസ് പരിശോധന നടത്തുന്നുണ്ട്. സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പോലീസ്. അമ്പതോളം പേരെ പോലീസ് ചോദ്യം ചെയ്തു കഴിഞ്ഞു. കേസന്വേഷണത്തിനായി കൊല നടന്ന വീടിനു സമീപം പോലീസ് പ്രത്യേക ക്യാമ്പ് തുറന്നിട്ടുണ്ട്. മൃഗീയമായ രീതിയില്‍ ആക്രമിച്ചാണ് നാലുപേരെയും കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.

എല്ലാവരുടെയും തലക്കേറ്റ പരിക്കാണ് മരണകാരണമായത്. മരിച്ച അര്‍ജുന്റെ തലയില്‍ മാത്രം 17 വെട്ടുകളേറ്റിട്ടുണ്ട്. മാരകമായി തലക്കേല്‍പ്പിച്ച പ്രഹരത്തിനു പുറമെ മരണം ഉറപ്പാക്കുന്നതിനായി ശരീരത്തേല്‍പ്പിച്ച വെട്ടുകളും ആഴത്തിലുള്ളതാണ്. ക്രൂരമായ ആക്രമണമാണ് നടത്തിയതെങ്കിലും സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് പരിശോധനയില്‍ വ്യക്തമായത്.

സ്ത്രീകള്‍ക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായിട്ടുണ്ടോയെന്ന് കൃത്യമായി പരിശോധന നടത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഫോറന്‍സിക് സര്‍ജനോട് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ ബന്ധുക്കളും നാട്ടുകാരുമാണ് മോഷണമെന്ന സംശയം പോലീസിനു മുന്നില്‍ പ്രകടിപ്പിച്ചത്.

പതിവായി സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്ന കൂട്ടത്തിലായിരുന്നു കൊല്ലപ്പെട്ട സുശീലയും മകള്‍ ആര്‍ഷയും എന്ന് നാട്ടുകാര്‍ പറഞ്ഞു. വീട്ടില്‍ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുമ്പോള്‍ ശരീരത്ത് ആഭരണങ്ങളുണ്ടായിരുന്നില്ല.

പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയിലും ആഭരണങ്ങളോ പണമോ കണ്ടെത്താനായില്ല. ഇതാണ് മോഷണം ആയിരിക്കാമെന്ന സംശയം ബലപ്പെടാന്‍ കാരണം. പൂജയ്ക്കും മന്ത്രവാദത്തിനുമായി കൃഷ്ണന്റെ വീട്ടിലെത്തിയവരെ കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം എങ്കിലും ഇത്തരം കാര്യങ്ങള്‍ പുറത്ത് പറയുന്ന സ്വഭാവം ഇവര്‍ക്ക് ഇല്ലാതിരുന്നതിനാല്‍ ഇതിനെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസിനു ലഭിച്ചില്ല.

മുന്‍പ് മന്ത്രവാദവുമായി ബന്ധപ്പെട്ട് കൃഷ്ണനെതിരെ കാളിയാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി ഉണ്ടായിരുന്നുവെങ്കിലും കേസ് പിന്നീട് ഒത്തുതീര്‍പ്പാക്കിയിരുന്നു. കൃഷ്ണന്റെയും കുടുംബാംഗങ്ങളുടെയും മൊബൈല്‍ ഫോണുകളിലേക്ക് വന്നതും പോയതുമായ ഒരു വര്‍ഷത്തെ കോളുകളുടെ ലിസ്റ്റ് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫോണുകളില്‍ നിന്നും ലഭിച്ച നമ്പരുകളുമായി ബന്ധപ്പെട്ട് ഒട്ടേറെ പേരെ ഇതിനോടകം ചോദ്യം ചെയ്തു കഴിഞ്ഞു. ഇവരുടെ വീട്ടിലേക്ക് ആയുധം നിര്‍മിച്ചു നല്‍കിയവരെ ഉള്‍പ്പെടെയാണ് പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് ചോദ്യം ചെയ്യുന്നത്.

കൊല്ലപ്പെട്ട ആര്‍ഷ ഞായറാഴ്ച രാത്രി 10.35 വരെ സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നതായി പെണ്‍കുട്ടി പഠിക്കുന്ന കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും പോലീസിനു മൊഴി നല്‍കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇതിന്റെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.കൊലപാതകങ്ങള്‍ നടന്നത് വീട്ടിലാണെങ്കിലും ഇവിടെ നിന്നും മൃതദേഹങ്ങള്‍ കുഴിക്കരികിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയതായുള്ള തെളിവുകള്‍ ഒന്നും ഇവിടെ നടത്തിയ പരിശോധനയില്‍ ലഭിച്ചില്ല.

അതിനാല്‍ കൊലപ്പെടുത്തിയ കുഴിയുടെ സമീപത്തേക്ക് ഒന്നിലേറെ പേര്‍ ചേര്‍ന്ന് എടുത്തു കൊണ്ടു പോയതായാണ് പോലീസ് അനുമാനിക്കുന്നത്. എന്നാല്‍ ക്രൂരമായ കൊലപാതകം പുറത്തറിഞ്ഞ് രണ്ടു ദിവസമായിട്ടും പ്രതികളെക്കുറിച്ചുള്ള ഒരു സൂചന പോലും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് സിഐമാരും എസ്‌ഐമാരും അടങ്ങുന്ന പ്രത്യേക പോലീസ് സംഘം ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.

...........................................................................................................................................
Tags:Murder of 4 members in a family in Thodupuzha: One is in police custody, Police interrogates one person in connection with the murder of four members in a house in Vannappuram, Thodupuzha, Malayalam news, Thamasoma

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.