Header Ads

മീശ'യിൽ സുപ്രീം കോടതിയിൽ നടന്നത്..

M Unni Krishnan writes..

സമയം : 11.02, ചീഫ് ജസ്റ്റിസ് കോടതി
ബെഞ്ചിൽ: ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എ.എം ഖൻവിൽക്കർ

(അഭിഭാഷക നിരയിൽ: ഹർജി നൽകിയ എൻ.രാധാകൃഷ്ണന് വേണ്ടി ഗോപാൽ ശങ്കര നാരായണൻ, ഉഷ നന്ദിനി, ബീന മാധവൻ. സംസ്ഥാന സർക്കാരിന് വേണ്ടി ജയ്ദീപ് ഗുപ്ത, ജി. പ്രകാശ്. കേന്ദ്രത്തിന് വേണ്ടി എ. എസ്.ജി പിങ്കി ആനന്ദ്. മാതൃഭൂമിക്ക് വേണ്ടി എം.ടി ജോർജ് )

ചീഫ് ജസ്റ്റിസ് : പുസ്തകത്തിലെ ഏതു പരാർശങ്ങൾ ആണ് നിങ്ങൾ ചൂണ്ടിക്കാട്ടുന്നത്?

ഗോപാൽ ശങ്കരനാരായണൻ, ഉഷാ നന്ദിനി (ഹർജി നൽകിയ രാധാകൃഷ്ണനു വേണ്ടി) : നോവലിലെ ചില ഭാഗങ്ങൾ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണ്.

ചീഫ് ജസ്റ്റിസ് : ഏതു ഭാഗമാണ്, എന്താണ് പരാമർശങ്ങൾ?

ഗോപാൽ : ക്ഷേത്രം പൂജാരിയെ അപമാനിക്കുന്നതാണ് ഒരു ഭാഗം. ..ഹർജിക്കൊപ്പമുള്ള വിവാദ ഭാഗങ്ങളുടെ പരിഭാഷയിലേക്ക് കോടതിയുടെ ശ്രദ്ധ ക്ഷണിക്കുന്നു...

ചീഫ് ജസ്റ്റിസ്: രണ്ടു സുഹൃത്തുക്കൾ തമ്മിൽ നടത്തുന്ന സംഭാഷണം മാത്രമല്ലേ ഇത്. സർക്കാസം ആയിക്കൂടെ.

ഗോപാൽ : ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളെയും പൂജാരിയെയും അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയുന്ന കാര്യങ്ങളാണ് നോവലിൽ..

ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് : നിങ്ങൾ ഇത്തരം കാര്യങ്ങൾക്ക് അനാവശ്യ പ്രാധാന്യം കല്പിക്കുകയാണ്. ഇന്റർനെറ്റിന്റെ ഈ കാലത്ത് നിങ്ങൾ ഇത് വിഷയമാക്കുകയാണോ? മറന്നു കളയുക എന്നതാണ് നല്ലത്.

ചീഫ് ജസ്റ്റിസ് : ക്ഷേത്രത്തിലെ പൂജാരി എന്നത് പ്രതീകമാണ്, ഏതെങ്കിലും ഒരു പ്രത്യേക ആളെ പരാമർശിക്കുന്നില്ല. ഇത് രണ്ടു പേർ തമ്മിലുള്ള സംഭാഷണം ആണ്. കഥാപാത്രങ്ങൾ ഭാവനയിൽ ഉള്ളത്. സാധ്യമായ സംഭാഷണമാകാം ഇത്. കൗമാര പ്രായക്കാർ നടത്തുന്ന സംഭാഷണം ഇങ്ങനെ ആയിക്കൂടെ? നോവലിലെ സാഹചര്യത്തിൽ ഒരു പക്ഷെ സംഭാഷണം വിമർശനപരമാകാം.

ഗോപാൽ : ഐ.പിസി 292 പ്രകാരം അശ്ളീല ഉള്ളടക്കമുള്ള പുസ്തകങ്ങൾ പറ്റില്ല. അതുകൊണ്ട് ഈ പുസ്തകവുമായി മുന്നോട്ട് പോകുന്നത് എങ്ങനെ?

ചീഫ് ജസ്റ്റിസ് : പുസ്തകങ്ങൾ നിരോധിക്കുന്ന സംസ്കാരത്തോട് യോജിക്കാൻ ആകില്ല. അത് സ്വതന്ത്രമായ ആശയങ്ങളുടെ ഒഴുക്കിനെ തടയുന്നതാണ്. അശ്ളീല ഉള്ളടക്കം തടയുന്നതിനുള്ള ഐപിസി 292 ബാധകമാകുമ്പോഴേ നിരോധനം പരിഗണിക്കാൻ കോടതിക്ക് കഴിയൂ. ഭാവനാ സൃഷ്ടിയിൽ ഉള്ള രണ്ടു കഥാപാത്രങ്ങൾ നടത്തുന്ന സംഭാഷണം ആകുമ്പോൾ അതിന് കഴിയില്ല.

ഗോപാൽ : ഇതിന് മുമ്പും വിവാദമായ പല പുസ്തകങ്ങളും നിരോധിച്ചിട്ടുണ്ട്. സൽമാൻ റുഷ്‌ദിയുടെ സാത്താന്റെ വചനങ്ങൾ നിരോധിച്ചതാണ്, അത് മികച്ച സൃഷ്ടിയായിട്ടുകൂടിയും.

ചീഫ് ജസ്റ്റിസ് : (കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷൻ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദിനോട്) എന്താണ് നിങ്ങളുടെ നിലപാട്?

പിങ്കി ആനന്ദ് : പുസ്തകം നിരോധിക്കുന്നത് ഭരണഘടന 19(1) (എ) പ്രകാരം ഉറപ്പ് നൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. ചില നിർദ്ദേശങ്ങൾ.. (വീണ്ടും സംസാരിക്കാൻ ശ്രമിക്കുമ്പോഴേക്കും കോടതി ഇടപെടുന്നു. ചീഫ് ജസ്റ്റിസ് ഇംഗ്ളണ്ടിലെ പ്യൂരിറ്റനിസത്തെപ്പറ്റി പറയുന്നു.)

ചീഫ് ജസ്റ്റിസ്: ബംഗാളി എഴുത്തുകാരനായ ശഷ്ടി ബ്രതയുടെ മൈ ഗോഡ് ഡൈഡ് യംഗ്, കൺഫെഷൻസ് ഓഫ് ആൻ ഇന്ത്യൻ വിമണ് ഈറ്റർ എന്നീ പുസ്തകങ്ങൾ വായിച്ചിട്ടുണ്ടോ? (പുസ്തകത്തിലെ ചില ഭാഗങ്ങൾ ചീഫ് ജസ്റ്റിസ് ഓർത്തെടുത്തു പങ്കുവയ്ക്കുന്നു) സെക്സിനെക്കുറിച്ച് വളരെ തുറന്നെഴുത്തുന്നുവെന്നു പലരും പറഞ്ഞിട്ടുണ്ട് ഈ പുസ്തകങ്ങളിൽ.

ജയ്ദീപ് ഗുപ്ത (സംസ്ഥാന സർക്കാർ): വായിച്ചിട്ടുണ്ട്. ശരിയാണ് ലൈംഗികത സെക്‌സ് എന്നിവയെ കുറിച്ചു ശഷ്ടി ബ്രത തുറന്നെഴുതിയിട്ടുണ്ട്. പക്ഷെ ആ പുസ്തകങ്ങൾ നിരോധിക്കപ്പെട്ടിട്ടില്ല. അല്ലെങ്കിലും അത് നിരോധനത്തിനുള്ള മതിയായ കാരണം അല്ല. ഈ പുസ്തകം തന്നെ നോക്കൂ. രണ്ടു പാരഗ്രാഫുകളുടെ പേരിലാണ് വിവാദം. അതിൽ പറയുന്ന കാര്യങ്ങൾക്കപ്പുറം ഹർജിയിൽ മുഴുവൻ രാഷ്ട്രീയം തിരുകി കയറ്റിയിരിക്കുയകയാണ്. രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള ഭാവനാപരമായ സംഭാഷണം മാത്രമാണിത്. ആവിഷ്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഈ വിഷയത്തിൽ ഇപ്പോൾ കോടതി ഇടപെടരുത്.

ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്: പുസ്തകത്തിലെ രണ്ടു പാരഗ്രാഫുകൾ ഉയർത്തിക്കാട്ടി പുസ്തകം തന്നെ ചവറ്റുകൊട്ടയിലേക്ക് എറിയണമെന്നാണ് നിങ്ങൾ പറയുന്നത്.

ഗോപാൽ : പുസ്തകത്തിൽ അശ്ലീലമാണ് ഉള്ളത്... ഇത്തരം ഉള്ളടക്കം എങ്ങനെ അനുവദിക്കാൻ ആകും?

പിങ്കി ആനന്ദ് : ഖുശ്ബു കേസിൽ..(എന്തോ പറയാൻ ശ്രമിക്കുന്നു) വ്യക്തമാകും മുൻപേ ചീഫ് ജസ്റ്റിസ് ഇടപെടുന്നു.

ചീഫ് ജസ്റ്റിസ് (ഹർജിക്കാരുടെ അഭിഭാഷകനോട്): കൃത്യമായ ഉള്ളടക്കവും ഈ സംഭാഷണത്തിന്റെ സാഹചര്യവും എന്താണ്?

(ഗോപാൽ സംഭാഷണത്തിന്റെ പൊതു സാഹചര്യം വിശദീകരിക്കാൻ ശ്രമിക്കുമ്പോൾ കോടതി കൂടുതൽ വ്യക്തത തേടുന്നു..)

എം.ടി ജോർജ് (മാതൃഭൂമി) : ഇത് രണ്ടു ഭാവനാപരമായ കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണമാണ്. അതിൽ ഒരാൾ പറയുന്നു. മറ്റൊരാൾ ആ കാര്യങ്ങളെ എതിർക്കുന്നു. പറയുന്ന കാര്യങ്ങൾ നോവലിലെ കഥാപാത്രം തന്നെ സമ്മതിക്കുന്നില്ല. സർക്കാസം ആകാം സംഭാഷണം. പുസ്തകം ഇന്നലെ പ്രസിദ്ധീകരിചിട്ടുണ്ട്..

സർക്കാർ അഭിഭാഷകൻ : ഡിസി ബുക്ക്‌സ്, മറ്റൊരു പ്രസാധകരാണ് പ്രസിദ്ധീകരിച്ചത്...

ഗോപാൽ : അതിലും അധിക്ഷേപാർഹമായ പരമാർശം ഉണ്ട്. ( മീശയിലെ പേജ് 294ന്റെ പരിഭാഷ ഉഷ നന്ദിനി കോർട്ട് മാസ്റ്റർക്ക് കൈമാറി) ഗോപാൽ തുടരുന്നു..

ചീഫ് ജസ്റ്റിസ് : ഒരു നിമിഷം. ഒന്നു കാത്തിരിക്കൂ.. പേജ് വായിക്കുന്നു.

ചീഫ് ജസ്റ്റിസ് മാതൃഭൂമി അഭിഭാഷകനോട് : എന്താണ് ഇതിലെ കൃത്യമായ ഉള്ളടക്കം? അത് പരിഭാഷപ്പെടുത്തി തരൂ. എത്ര സമയം വേണം, രണ്ടാഴ്ച?

എം.ടി. ജോർജ് : അഞ്ചു ദിവസം മതി. പരിഭാഷ തരാം..

ഗോപാൽ : ഹർജിയിലെ കാര്യങ്ങളോട് കോടതിക്ക് വിയോജിപ്പാണെങ്കിൽ ഹർജി ഞങ്ങൾ പിൻവലിക്കാൻ തയ്യാറാണ്.

ചീഫ് ജസ്റ്റിസ് : വേണ്ട. കേസ് വിശദമായ ഉത്തരവിനായി മാറ്റുന്നു..

.........................................................................................................................

Tags: Supreme court verdict on banning Meesha novel written by S Hareesh, No need to ban Meesha: SC, Malayalam news, Thamasoma

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.